ഒരു സുഹൃത്തിന്റെ മോളാണ്,അഞ്ചു വയസ്സ്.
രണ്ടു ആഴ്ചയായി ഇടയ്ക്കിടെ മൂത്രം ഒഴിക്കുന്നു.
മൂത്രം ഒഴിച്ച് കഴിഞ്ഞു പിന്നെയും ഇത്തിരി നേരം മൂത്രം ഇറ്റു വീണു ഷഡ്ഢി നനയുന്നു.
പനി ഇല്ല.
“മൂത്രം ഒഴിക്കുമ്പോ വേദന ഉണ്ടോ മോൾക്ക്"?
“ഇല്ല"
മൂത്രം പരിശോധിച്ചപ്പോ “പസ്സ് സെൽസ് “ ഉണ്ട് .മൂത്രപ്പഴുപ്പാവും എന്നും പറഞ്ഞു. ഒരു കോഴ്സ് മരുന്ന് കഴിച്ചു. ഒരു മാറ്റവും ഇല്ലാതെ കാര്യങ്ങൾ പോകുന്നു .വിശേഷിച്ചു മറ്റു കുഴപ്പങ്ങൾ ഇല്ല.
ആളെ കിടത്തി വയറൊക്കെ ഒന്ന് നോക്കി . ജനിറ്റൽസ് ഒന്ന് നോക്കാൻ സഹപ്രവർത്തകയെ ഏൽപ്പിച്ചു . അപ്പോഴാണ് പറഞ്ഞത്.
"വളരെ ചെറുപ്രായത്തിൽ ഇവിടെ കൊണ്ട് വന്നിരുന്നു . “ലേബിയൽ അഡ്ഹെഷൻ “ ആയിരുന്നു . അത് അന്ന് വേർപെടുത്തിയ ശേഷം ഇതുവരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. ഇത്രയും കാലത്തിനു ശേഷം അത് ഉണ്ടാവാൻ സാധ്യത ഇല്ലാലോ?"
കാര്യങ്ങൾ എളുപ്പമായി.
മനസ്സിൽ ഓരോരോ സാധ്യതകൾ ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ഈ പ്രായത്തിൽ പെൺകുട്ടികൾ ഇങ്ങനെ ഒരു പരാതിയുമായി വരുമ്പോ 


  1. ആദ്യം ആലോചിക്കേണ്ടത് മൂത്രത്തിൽ പഴുപ്പ് തന്നെ.മിക്കപ്പോഴും പനി ഉണ്ടാവും എങ്കിലും ചിലപ്പോ അതില്ലാതെയും വരാം . മൂത്രത്തിൽ പസ് സെല്ലുകൾ ഉണ്ടായി എന്നത് മാത്രം വെച്ച് അല്ല ചികിത്സ . ഇവളുടെ കാര്യത്തിൽ ആണെങ്കിൽ ഒരു കോഴ്സ് മരുന്ന് കൊടുത്തിട്ടും ഒരു വ്യത്യാസവും ഉണ്ടായില്ല . അത് കൊണ്ട് മറ്റെന്തെങ്കിലും ?
അതെ. മറ്റു ചില സാധ്യതകൾ കൂടി ഉണ്ട്.
  1. ചിലപ്പോ ചെറിയ വിരകൾ കൃമി (enterobius vermikularis ) കൊണ്ട് ഇവിടെ ചുവന്നു ചെറിയ ചൊറിച്ചിലും ഉണ്ടായി ഇങ്ങനെ ഉണ്ടാവാം.
  2. മറ്റു ചിലപ്പോ ഫങ്കസ് ഇൻഫെക്ഷൻ.
  3. ചിലപ്പോ ഇട്ടിരിക്കുന്ന അടിവസ്ത്രങ്ങൾ ,വിയർപ്പു പോകാത്തതോ അലർജി ഉണ്ടാക്കുന്നതോ ഒക്കെ.
  4. മറ്റു ചിലപ്പോ വൃത്തിഹീനമായ ടോയ്ലറ്റ് ഉപയോഗത്തിന് ശേഷം.
  5. മറ്റൊരു കാര്യം നമ്മൾ ചിലപ്പോ വിട്ടു പോവുന്നത്.“ 
  6. ലൈംഗികചൂഷണത്തിന് വിധേയ ആയേക്കാവുന്ന സാധ്യതകൾ.

ഈ ആലോചനകൾക്കു ഒന്നും സാംഗത്യം ഇല്ലാത്ത വിധം കാര്യങ്ങൾ വ്യക്തമായി,
എന്റെ സഹപ്രവർത്തക തിരിച്ചെത്തി റിപ്പോർട് ചെയ്തു . ലേബിയ മൈനോറയുടെ പുറകിൽ മാത്രം അഡ്ഹെഷൻ ഉണ്ട്.
ശിശു ശസ്ത്രക്രിയാ വിഭാഗത്തിലെ സഹപ്രവർത്തകരുടെ അഭിപ്ര്യായവും തേടി.
അവരും ശരി വെച്ചു 
രണ്ടാഴ്ച അവിടെ ഓയിന്റ്മെന്റ് അപ്ലൈ ചെയ്തു വരാൻ പറഞ്ഞു വിട്ടു.

എന്താണ് “ലേബിയൽ അഡ്ഹെഷൻ "


ഈസ്ട്രോജൻ എന്ന പെൺ ഹോർമോൺ തീരെ കുഞ്ഞായിരിക്കുമ്പോ വളരെ കുറവേ ഉണ്ടാവുള്ളൂ ഇതിന്റെ കുറവ് ഉള്ളപ്പോ ലേബിയ യിൽ വരുന്ന ചെറിയ പഴുപ്പോ മുറിവോ ഉണങ്ങുമ്പോ പരസ്പരം ഒട്ടിപ്പിടിക്കുന്നു .നവജാത ശിശുക്കളിൽ അമ്മയിൽ നിന്ന് പകർന്നു കിട്ടിയ ഈസ്ട്രജൻ ഉള്ളത് കൊണ്ട് ആദ്യത്തെ മൂന്നു മാസം ഇങ്ങനെ ഉണ്ടാവില്ല .
അത് കഴിഞ്ഞു വരുന്ന മൂന്നോ നാലോ വയസ്സ് വരെ ആണേറ്റവും കൂടുതൽ . അവിടെ ഇത്തിരി ശ്രദ്ധക്കുറവും കൂടി ആയാൽ ഇത് പതിവ്.
കൗമാരപ്രായം ആവുമ്പോഴേക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ മാത്രം ഹോർമോണുകൾ ഉണ്ടാവു.
ലേബിയകൾ ഏറ്റവും പുറകു ഭാഗങ്ങൾ ആണ് ആദ്യം ഒട്ടിപ്പിടിക്കുന്നത് . അത് മുന്നോട്ടു പോയി മുഴുവനായി അടഞ്ഞിരിക്കാം.
മിക്കപ്പോഴും ഒരു കുഴപ്പവും ഇല്ലാതെ ഇതറിയാതെ പോകാം.
ചിലപ്പോ മാത്രം ഇത് പോലെ ലക്ഷണങ്ങൾ ഉണ്ടാവാം.
മൂത്രം ഒഴിച്ച് കഴിഞ്ഞു അവിട ഇത്തിരി കെട്ടി നിൽക്കുന്ന മൂത്രം പിന്നെയും ഷഡി നനക്കും.
നേരത്തെ പറഞ്ഞ പോലെ ഇതിന്ത് തിരിച്ചറിയാതെ പോകുന്നു എന്നത് ,മൂത്രത്തിലെ പഴുപ്പ എന്ന് കരുതി മരുന്നുകൾ പല പ്രാവശ്യം കൊടുക്കുന്നു എന്നത് തന്നെ.

പഴയൊരോർമ്മ 

ഈ ചെറിയൊരു കാര്യം കഴിഞ്ഞപ്പോ വർഷങ്ങൾ മുൻപ് ഇതോടു ബന്ധപ്പെട്ട മറ്റൊരു കാര്യം ഓർമ്മയിൽ വന്നു.
ഒരു പതിനാലുകാരിയേയും കൊണ്ട് വന്നത് അച്ഛൻ .
അന്ന് വീട്ടിൽ പരിശോധന ഉണ്ട്.
വയറു വേദന . കലശൽ . മൂന്നു ദിവസം ആയി .വേദനക്കുള്ള മരുന്നുകൾ പലതും കഴിച്ചു ഒരു കുറവും ഇല്ല .പനി ഇല്ല .
ഈ പ്രായത്തിൽ ഉള്ള പെൺകുട്ടികൾ ഇല്ലാത്ത വേദന ഉണ്ടാക്കി വരാറുള്ളത് മനസ്സിൽ തോന്നി എങ്കിലും ഇത് അങ്ങനെ ആയി തോന്നിയില്ല.
"മൂത്രപ്പഴുപ്പാകും "
പൊക്കിളിനു താഴെ പരിശോധനയിൽ നല്ല വേദനയും ഉണ്ട്.
മൂത്രം പരിശോധനക്ക് വിട്ടു.
“പസ്സ് സെൽസ് ആൻഡ് ആർ ബി സി പ്ലസ് പ്ലസ് "
പിന്നെ എന്ത് സംശയം . കൽച്ചറിന് എടുക്കാൻ നേരം വൈകിയിരുന്നു . ലാബുകൾ ഒക്കെ അടച്ചു.
മരുന്നും കൊടുത്തു വീട്ടിൽ വിട്ടു.
നന്നേ കാലത്തു മെഡിക്കൽ കോളേജിൽ എത്തിയപ്പോ എന്നെ പ്രതീക്ഷിച്ചു അച്ഛൻ ഗേറ്റിൽ സെകുരിറ്റിക്കു മുൻപേ കാത്തിരിക്കുന്നു.
“ഇയാൾ എന്താ ഇവിടെ ?“ ചോദിച്ചില്ല .അപ്പോഴേക്കും മൂപ്പർ അടുത്തെത്തി വിഷയം മണിമണിയായി പറഞ്ഞു.
അന്നത്തെ കാലത്ത് ഇന്നത്തെ പോലെ "ഒന്നും പറഞ്ഞു രണ്ടാമത്തേതിന് " ഡോക്ടറുടെ കഴുത്തിന് പിടിക്കുന്ന പതിവില്ലായിരുന്നു.
“രാത്രി ആവുമ്പോഴേക്കും വേദന കലശൽ . സാറിനെ ബുദ്ധിമുട്ടിക്കണ്ടാന്നു കരുതി വണ്ടി പിടിച്ചു ഇവിടെ വന്നു . വന്നപ്പോ തന്നെ ഓപ്പറേഷനും കഴിഞ്ഞു . ഇപ്പൊ ഒരു കുഴപ്പവും ഇല്ല “
ഇപ്പൊ ശരിക്കും ഞാൻ ഞെട്ടി.
"ഓപ്പറേഷനോ ? മൂത്രത്തിൽ പഴുപ്പിനു എന്തൊപ്പറേഷൻ ?
.ഇയാൾക്ക് തെറ്റിയോ . എന്നെ കൊണ്ട് വന്നു കാണിച്ച കുട്ടിയെ കുറിച്ച് തന്നെയോ ഈ പറയുന്നത് ? ആകെ കണ്ഫയൂഷൻ.
എന്തായാലും അയാളുടെ പുറകെ പോയി
"ഏയ് . ഇയാളെന്താ കുട്ടികളുടെ വാർഡിൽ അല്ലാലോ പോകുന്നത് ". സ്ത്രീകളുടെ വാർഡിൽ ഒരു ബെഡിൽ കുട്ടി ഇരിക്കുന്നു ,
അവൾ തന്നെ .
വേദന മാറിയ അവള്എന്നെ നോക്കി ഒരു ചിരി പാസാക്കി .
എന്നെ ആസാക്കി ചിരിച്ചതൊന്നും അല്ല .ശരിക്കും ചിരിച്ചു .
കാര്യങ്ങളുടെ ഒരെത്തും പിടിയും കിട്ടാതെ പണ്ട് കുഞ്ചൻ നമ്പ്യാർ പാടിയ പോലെ : "പുരയുടെ ചുറ്റും മണ്ഡി നടന്നു “ അവളുട കേസ് ഷീറ്റ് കണ്ടു പിടിച്ചു.
ശരിയാണ് ആദ്യം അവള് ചെന്നത് പീഡിയാട്രിക് വാർഡിൽ .
എന്നേക്കാൾ അനുഭവ സമ്പത്തുള്ള സീനിയർ മേടത്തിനു കാര്യം പിടികിട്ടി . നേരെ താഴെ ഗൈനക്കോളജി വിഭാഗത്തിലേക്ക് കൊണ്ട് പോയി.
ഡ്യൂട്ടി ഗൈനക്കോളജിസ്റ് നോക്കി.
ഞാൻ നോക്കിയ പോലെ പൊക്കിളിനു താഴെ വേദന ഉണ്ടയിരുന്നു . ശരി
പക്ഷെ അതോടൊപ്പം ഒരു രണ്ടു മാസം ഗർഭം ഉള്ളത്ര ഒരു തടിപ്പും.
“യൂട്രസ്സ് .എൻലാർജ്ഡ് ആൻഡ് ടെണ്ടർ “
'അമ്മ കൂടെ ഉണ്ടയിരുന്നു.
“മാസമുറ ആയോ മോൾക്ക് ?
“ഇല്ല “
“ഇതിനു മുൻപ് വയറു വേദന ഉണ്ടാവാറുണ്ടോ ?
"എല്ലാ മാസവും ഇതൊരു ശല്യം ആണ് ഡോക്ടറെ “ ഒരു മൂന്നാലു ദിവസം കഴിഞ്ഞു മാറും"
ഇതിലപ്പുറം ഒന്നും വേണ്ട .
കാര്യം പകൽ പോലെ വ്യക്തം .
ഇഎംപെർ ഫോറേറ്റ് ഹൈമൻ .കന്യാചർമ്മം ഒരു വിടവും ഇല്ലാതെ അടഞ്ഞിരിക്കുന്നു അവസ്ഥ .
മാസമുറ ശരിയായ സമയത്തു വരുന്നു .പുറത്തേക്കു വരാതെ കെട്ടിനിൽക്കുന്ന . അത് പതിയെ ഗര്ഭപാത്രത്തിലേക്കു തിരിച്ചു കയറി വേദന ഉണ്ടാകുന്നു . ഓരോ മാസവും ഇത് ആവർത്തിക്കുന്നു.
ഇതൊന്നും അറിയാതെ ഇളിഭ്യൻ ഞാൻ തലതാഴ്ത്തി പുറത്തേക്കു കടന്നു . 
പുറകിൽ നിന്ന് ആരോ കൂവുന്നുണ്ടോ ?
 എനിക്ക് തോന്നിയതാവും . എന്നാലും നടത്തത്തിനു വേഗത കൂട്ടി ഞാൻ എന്റെ വാർഡിലേക്ക് കയറിപ്പോയി .

പഠിച്ച പാഠം.

കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾ ഇത് പോലെ വരുമ്പോൾ രണ്ടു കാര്യങ്ങൾ ഓർക്കുക.
അതിൽ ഒന്ന് ഇത് തന്നെ.
രണ്ടാമത്തേത് …..😉

Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി