മുത്തുലക്ഷ്മി





( ഈ ചിത്രത്തിന് ഔർ കിഡ് മാസികക്കും ശ്രീ സലീഷിനോടും കടപ്പാട് )

ഇന്റെൻസീവ് കെയര്‍ യുനിറ്റിനു പുറത്തു ജനറല്‍ വാര്‍ഡിലെ കട്ടിലിനു ചുറ്റും കൂടി നിന്ന നാലഞ്ച് പെണ്ണുങ്ങളോട് ഹെഡ് സിസ്റ്റര്‍ മറിയക്കുട്ടി എന്തോ കയര്‍ത്തു സംസാരിക്കുന്നത് കേട്ടു . വാര്‍ഡിനു പുറത്തു ഗേറ്റില്‍ പാറാവ്‌ നിന്ന സെക്യൂരിറ്റി അങ്ങോട്ട്‌ പോകുന്നതും ചെറിയ കൂട്ടത്തെ തന്മയത്വത്തോടെ ഒതുക്കുന്നതും ശ്രദ്ധിച്ചു .ജനറല്‍ വാര്‍ഡിന്റെ ഇങ്ങേ അറ്റത്ത് ഫൈനല്‍ ഇയര്‍ വിദ്യാര്തികള്‍ക്ക് ബെഡ്- സൈഡ് ക്ലാസ് എടുക്കുകയായിരുന്നു ഞാന്‍ . കുറച്ചു വിദ്യാര്തികള്‍ക്ക് മാത്രമായി ' പരിശോധന രീതികളും രോഗ ലക്ഷണങ്ങളും കണ്ടും അനുഭവിപ്പിച്ചും മനസ്സിലാക്കി കൊടുക്കുന്ന പഠന രീതി . കടലാസില്‍ പഠിക്കുന്നതും യാധാര്ത്യവും പലപ്പോഴും വ്യതസ്തമായിരിക്കും എന്ന തിരിച്ചറിവ് ഉണ്ടാവുന്നതും ,ഒരു ഡോക്ടറുടെ ജീവിതത്തില്‍ എന്നേക്കും ഓര്‍ത്തിരിക്കുന്ന പല അനുഭവങ്ങളും നേടുന്നതും ഈ നേരങ്ങളില്‍ ആണ് . ക്ലാസ് എടുത്തു തീര്‍ത്തു റൂമിലേക്ക്‌ തിരിച്ചു നടക്കുമ്പോള്‍ ദൂരെ വെച്ചു തന്നെ അവിടെ എന്തോ പന്തി കേടു ഉണ്ടെന്നു തോന്നി , പക്ഷെ സിസ്റെര്മാരും രണ്ടു പീ ജീ വിദ്യാര്തികളും അവിടെ ഉണ്ടെന്നു കണ്ടു കൂടുതല്‍ ഗൌരവമായി എടുത്തില്ല . ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഐ സി യു വിനു മുന്‍പില്‍ എപ്പോഴും പതിവാണ് , ഇത്തിരി നേരം കൊണ്ടു മിക്കവയും താനേ കെട്ടടങ്ങും .
റൂമിലെത്തി ആപ്പീസില്‍ നിന്നു വന്ന കടലാസുകള്‍ മറിച്ച് നോക്കി തുടങ്ങിയപ്പോഴേക്കും വാതില്‍ക്കല്‍ എത്തി നോക്കി ,പിന്മാറി മടിച്ചു നില്‍ക്കുന്ന ഹെഡ് നേഴ്സ് .
" സാര്‍ ,കാലത്ത് റൌണ്ട്സ് കഴിഞ്ഞു ആ മുത്തുലക്ഷ്മിയെ ഐ സി യു വില്‍ നിന്നു വാര്‍ഡിലേക്ക് മാറ്റാന്‍ സാര്‍ പറഞ്ഞിരുന്നു . . ശ്വാസം മുട്ടലിനു കുറവുണ്ട് , ഓക്സിജന്‍ കൊടുക്കുന്നത് നിര്‍ത്തി . ആഹാരം കഴിച്ചു തുടങ്ങിയിട്ടുണ്ട്. , കാലത്ത് വേറെ രണ്ടു സീരിയസ് കേസുകളും കൂടി അഡ്മിഷന്‍ വന്നപ്പോഅവിടെ തന്നെ കിടത്താന്‍ ബെഡ് തികയില്ല . അവളെ വാര്‍ഡിലേക്ക് മാറ്റി കഴിഞ്ഞപ്പോ കൂടെ നില്‍ക്കാന്‍ ആരെയും കാണാനില്ല . കൂടെ ആരുമില്ലാതെ വാര്‍ഡില്‍ എങ്ങനെ കിടത്തും ,. തല്‍ക്കാലം രണ്ടു നഴ്സിംഗ് കുട്ടികളെ കൂടെ നിറുത്തിയിട്ടുണ്ട്‌, "
" ഇന്നലെഅഡ്മിഷന്‍ സമയത്ത് കുട്ടിയുടെ കൂടെ അച്ഛന്‍ ഉണ്ടായിരുന്നല്ലോ . അയാള്‍ അവിടെ എങ്ങാനും കാണും . നാല് മണി വരെ എന്തായാലും ആ നഴ്സിംഗ് കുട്ടികളെ കൂട്ടിനിരുത്ത് . ആഹാരം കൊണ്ടു കൊടുക്കാന്‍ എര്‍പ്പാടാക്കണം. പുറമേ നിന്നു മരുന്നുകള്‍ ഒന്നും വാങ്ങിക്കെന്ടതില്ലാലോ "
.
" ആരുമില്ലാത്തവര്‍ക്ക് ആഹാരം കൊടുക്കാനും മരുന്ന് വാങ്ങിക്കാനും ചെറിയ ഒരു ഫണ്ട് ഉണ്ട് , കണ്ടറിഞ്ഞു ചെയ്തില്ലെങ്കില്‍ ചിലപ്പോ പാലക്കാട് നിന്നു എത്തുന്ന അമ്മമാര്‍ പുറമേ നിന്നു മരുന്ന് വാങ്ങി കൊടുത്തു കഴിഞ്ഞു ഒഴിഞ്ഞ മടിശ്ശീലയും ആയി പട്ടിണി കിടക്കേണ്ടി വരും .
പതിവ് പോലെ ഇന്നലെയും മുത്ത്‌ ലക്ഷ്മിയെ അത്യാഹിത വിഭാഗത്തില്‍ കൊണ്ടു വന്നപ്പോ കടുത്ത നിയൂമോനിയ ആയിരുന്നു . നേരെ ഐ സി .യു. വിലേക്ക് കൊണ്ടു പോകാന്‍ പറഞ്ഞു . കൂടെ അച്ഛനെ കണ്ടു ,അയാളുടെ കപ്പടാ മീശയും ചുവന്ന കണ്ണുകളും പെട്ടെന്ന് ആരും ശ്രദ്ധിക്കും . കൂടെ സ്ത്രീകള്‍ ആരെങ്കിലും ഉണ്ടോ എന്ന് അപ്പോള്‍ ശ്രദ്ധിച്ചില്ല , എന്നും അവളെ കൊണ്ടു വരുമ്പോ അവളുടെ അമ്മൂമ്മ കൂടെ ഉണ്ടാവാറുണ്ട് . ഇപ്പോഴും ഉണ്ടാവും എന്ന് കരുതി . ഇരുപത്തി നാല് മണിക്കൂറും ഓക്സിജനും ട്രിപ്പും ആയിക്കിടക്കുമ്പോ ഐ സി യു വില്‍ കൂടെ ആളില്ലെങ്കിലും കാര്യങ്ങള്‍ നടക്കും . വാര്‍ഡിലേക്ക് മാറുമ്പോഴാണ് പുതിയ പ്രശ്നം ഉടലെടുത്തിരിക്കുന്നത് . ഇത്തവണ അമ്മൂമ്മ എവിടെ ആണാവോ ? ആണുങ്ങളെ വാര്‍ഡില്‍ കൂട്ടിരിപ്പിനു അനുവദിക്കാറില്ല , ഇപ്പൊ അങ്ങനെ ചെയ്യാമെന്ന് വെച്ചാല്‍ അയാളെ കണ്ടു കിട്ടണ്ടേ . കള്ള് ഷാപ്പില്‍ പോയതാവുമോ ? കപ്പടാ മീശയും മുഷിഞ്ഞ വസ്ത്രങ്ങളും , അടുത്ത് നില്‍ക്കുമ്പോ മണം അടിച്ചിരുന്നോ ? ചിലര്‍ അങ്ങനെ ആണ് , കുട്ടി സീരിയസ് ആയി കിടക്കുന്ന വിഷമം മറക്കാന്‍ ലേശം കഴിക്കും . എന്തായാലും വൈകും മുന്‍പ് എത്തുമായിരിക്കും .
മുത്ത്‌ ലക്ഷ്മിയും അമ്മൂമ്മയെയും കഴിഞ്ഞ ആറു മാസം കൊണ്ടു വാര്‍ഡിലെ "സ്ഥിരം കുറ്റികള്‍ " ആയി മാറിയിരുന്നു . മാസത്തില്‍ ഒരു അഡ്മിഷന്‍ ഉറപ്പാണ് .
ആറു മാസം മുന്പ് . ഒരു ചൊവ്വാഴ്ച ദിവസം. തിങ്കളാഴ്ച ഓ പി കഴിഞ്ഞു ,ചൊവ്വാഴ്ച സാധാരണ പുതിയതായി അഡ്മിറ്റ്‌ ചെയ്ത എല്ലാ കേസുകളും നേരിട്ട് കാണാറുണ്ട്‌ . അന്ന് പക്ഷെ "പ്രത്യേകിച്ച് വിശേഷങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കാണിച്ചാല്‍ മതി " എന്നും പറഞ്ഞു മറ്റെന്തോ തിരക്കുകളില്‍ മുഴുകി . മിടുക്കരായ അസ്സിസ്ടന്റ്സ് ഉള്ളത് പലപ്പോഴും ഒരനുഗ്രഹം , . അവര്‍ എല്ലാ കേസുകളും കണ്ട ശേഷം ഒരു പ്രോബ്ലം കേസ് മാത്രമേ എനിക്ക് കാണേണ്ടതായി ഉണ്ടായിരുന്നുള്ളൂ .
ഒരാറ് വയസ്സുകാരി , ഐ .സി യു വില്‍ . ദേഹമാസകലം കുഴലുകളും വയറുകളും . നിയൂമോനിയ ,എന്ന രീതിയില്‍ ചികിത്സിക്കുന്നു , പക്ഷെ പരിശോധനയും എക്സ് റെയും മറ്റെന്തോ ഉള്ളതായി സംശയം തോന്നി . കുട്ടിക്ക് കൂട്ട് നിന്നിരുന്നത് ഒരമ്മൂമ്മ മാത്രം . തൊലി ചുളുങ്ങി രണ്ടു കാതിലെ തോടയും തൂങ്ങിയാടുന്ന കാതുകളുള്ള ഒരമ്മൂമ്മ .
പീജിയോടെ ചോദിച്ചു
"where is her mother. "
"died two months back at age of 24. details not known . paternal grand mother is the only informant . Father was there at the time of admission , not seen now.
ഐ .സി .യു വില്‍ നിന്നു പുറത്തേക്കു ഇറങ്ങുമ്പോള്‍ പറഞ്ഞു ,
" send a sample for HIV test . "
സംശയം അസ്ഥാനത്തായിരുന്നില്ല. പിറ്റേന്ന് ടെസ്റ്റ്‌ പോസിറ്റീവ് ആയി വന്നു .
അടുത്ത ദിവസങ്ങളില്‍ കാര്യങ്ങള്‍ ഒന്ന് കൂടി വ്യക്തമായി . അമ്മൂമ്മയില്‍ നിന്നു കിട്ടിയ പൊട്ടും പൊടിയും മുഴുമിപ്പിച്ചത് മുത്ത്‌ ലക്ഷ്മി തന്നെ .
"മുനിചാമിയും, ഭാഗ്യവും " എ .ആര്‍ .ടി (ആന്റി റിട്രോ വൈറല്‍ തെറാപ്പി . എയിഡ്സ് രോഗ ചികിത്സാ വിഭാഗം ) .ക്ളിനികില്‍ നിന്നു മാസങ്ങളായി ചികിത്സയിലായിരുന്നെന്നും ,രണ്ടു മാസം മുന്‍പ് "ഭാഗ്യം " മരിച്ചത് ഇതോടൊപ്പം ടീബിയും കൂടി വന്നാണെന്നും .
ഭാര്യയും മകളും അമ്മയും അടങ്ങുന്ന കുടുംബത്തില്‍ , സന്തോഷം തല്ലി കെടുത്താനുള്ള വിഷ വിത്തുകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വിതക്കപ്പെട്ടിരുന്നു എന്ന സത്യം അറിഞ്ഞത വളരെ വൈകിയിട്ട്. മകളുടെ പിറവിക്കു ശേഷം . നീണ്ടു നിന്ന ചുമയുടെ രൂപത്തില്‍ . .
കളിയും ചിരിയും നിറഞ്ഞു നിന്ന കിളിക്കൂടിലേക്ക് മൌനം നിറഞ്ഞു . ജോലി കഴിഞ്ഞെത്തുന്ന അച്ഛന്റെ മടിയില്‍ കയറി മീശ വലിച്ചു വേദനിപ്പിച്ച , കുറ്റിത്താടി ഉരസി ഇക്കിളിപ്പെടുതിയിരുന്ന വൈകുന്നേരങ്ങള്‍ ഓര്‍മയായി . മൌനത്തിന്റെ , ആലസ്യത്തിന്റെ ' ഒടുവില്‍ അമ്മ അലിഞ്ഞില്ലാതായി . ആരും നിര്‍ബന്ധിക്കാന്‍ ഇല്ലാതായപ്പോ ചാമി ചികിത്സ സ്വയം നിറുത്തി. ദീര്‍ഘ നിശ്വാസത്തിന്റെ ഇടവേളകള്‍ ദൂരങ്ങളിലേക്ക് കണ്ണയച്ചു മൌനത്തിലേക്ക്‌ ഉള്‍വലിഞ്ഞു .


(ഈ വരക്കു ഔർ കിഡ് മാസികയോട് കടപ്പാട് )

മെല്ലെ മുത്തശ്ശിയുടെ കളിക്കൂട്ട് മാത്രമായി . മനുഷ്യായുസ്സിന്റെ രണ്ടറ്റത്തെ ബാല്യങ്ങള്‍ ഒരേ ബിന്ദുവില്‍ ഒത്തു ചേര്‍ന്നു കളിയും കാര്യവും പങ്കിട്ടു . കണ്ണെഴുതി പൊട്ടു തൊട്ടു , മുടി പിന്നിയിട്ടു റിബ്ബണ്‍ വെച്ചു കെട്ടി സ്കൂളില്‍ കൊണ്ടു പോകാനും , ഉച്ച മയക്കത്തില്‍ ഇല്ലാത്ത പേന് എടുത്തു നഖത്തില്‍ വെച്ചു ചതച്ചു ദേഷ്യം തീര്‍ക്കാനും . മുത്തുലക്ഷ്മി വൈകുന്നേരങ്ങളില്‍ ക്ലാസ്സില്‍ കേട്ടു പഠിച്ച പുതുമകള്‍ മുത്തശ്ശിയെ പഠിപ്പിക്കും , മുത്തശ്ശിയുടെ മണ്ടത്തരത്തെ തരം കിട്ടുമ്പോഴൊക്കെ കളിയാക്കും . രാവേറെ ചെല്ലുമ്പോ വേഷങ്ങള്‍ മാറുന്നു , മുത്തശ്ശിക്കഥകളുടെ മടിത്തട്ടിലേക്ക് മെല്ലെ തെന്നി ഇറങ്ങും . റൌണ്ട്സിനു ചെല്ലുമ്പോ മുത്തശ്ശി ആണോ മോള്‍ ആണോ മൂത്തത് എന്ന് തിരിച്ചറിയാത്ത അവസ്ഥ. .
രോഗ വിശേഷം ചോദിച്ചാല്‍ മണി മണി പോലെ ഉത്തരം പറയുന്ന മോളുടെ മുന്‍പില്‍ ഓര്‍മയില്‍ തപ്പി തോല്‍വി സമ്മതിച്ചു കുറ്റബോധത്തോടെ മുത്തി. മൂക്കത്ത് വിരല്‍ വെച്ചു ഒന്നും അറിയാത്ത മുത്തിയമ്മയെ കളിയാക്കി ജയിച്ച നില്‍ക്കുന്ന ആള്‍, രാചെല്ലുമ്പോ ഒരു കഥ പറഞ്ഞു കേള്ക്കാന്‍ മുത്തശ്ശിക്ക് മുന്‍പില്‍ അടിയറവു പറയും .
വീട്ടില്‍ കോണി ചോട്ടിലും കോഴിക്കൂട്ടിന്റെ പുറകിലും ഒളിച്ചു നില്‍ക്കുന്ന കള്ളനെ പിടിച്ചു ഓട്ട കാതിലില്‍ വിരലിട്ടു പിടിച്ചു വലിച്ചിഴച്ചു കൊണ്ടു വരുന്ന കൊച്ചു മോള്‍ പോലിസ് ഏമാനാവും 
No automatic alt text available.
. ഒരു പാട് നാളത്തെ ഒളിച്ചു കളികള്‍ക്കിടയില്‍ ഒരു ദിവസം ഒളിച്ചു നിന്ന മറ നീക്കി മുത്തശ്ശി പുറത്തേക്കു വന്നില്ല . നെയ്തിരിയുടെ നിലവിളക്കിന്റെ ആള്കൂടത്തിന്റെ അര്‍ത്ഥം മാത്രം മുത്തുലക്ഷ്മിക്ക് മനസ്സിലായില്ല .
അച്ഛന്റെ നെഞ്ചു പറ്റി , നെഞ്ചിലെ പ്രാവിന്റെ കുറുകലും കേട്ടു അലോസരപ്പെടുത്തുന്ന ചുമയുടെ ഇടയില്‍ ഉറക്കത്തിലേക്കു വീണതാണ് . ഉണര്ന്നതിവിടെ . ഐ സി യു വില്‍ . ഇന്നലെ .
ഇത്തിരി വൈകിയാലും ചാമി വരുമെന്നും വന്നാല്‍ അത്യാഹിത വിഭാഗത്തില്‍ പുരുഷന്മാരെ കൂടെ നിര്‍ത്താവുന്ന ഒരിടത്തേക്ക് മാറ്റാം എന്ന് കരുതി . കുട്ടിയുടെ കണ്ടിഷന്‍ കണ്ടു തിരിച്ചു വരുമ്പോള്‍ അടുത്ത ബെഡിലെ സ്ത്രീ എന്തോ പറയാനുള്ള പോലെ പമ്മി പമ്മി പുറകെ വന്നു .
" സാര്‍ , അയാള്‍ ഇന്ന് വരില്ല . അയാള്‍ എന്നോട് പറഞ്ഞാണ് പോയത് . അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . ഐ സി യു വില്‍ നിന്നു വാര്‍ഡിലേക്ക് ഇന്ന് മാറ്റും എന്ന് അയാള്‍ കരുതിയില്ല . ഇന്ന് അയാളുടെ വിവാഹം ആണ് . എന്നോട് മാത്രമേ പറഞ്ഞിട്ടുള്ളൂ . കുട്ടിക്ക് എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ എന്നോട് പറഞ്ഞാല്‍ മതി. എന്റെ മോളെ പോലെ ഞാന്‍ നോക്കിക്കോളാം . ".
കേട്ടത് വിശ്വസിക്കാനാവാതെ ഞെട്ടി . സ്വന്തം കുട്ടി മരണത്തോട് മല്ലിടുമ്പോ സ്വന്തം സുഖം നോക്കാന്‍ ഒരാള്‍ക്കെങ്ങനെ മനസ്സ് വന്നു ? ഓരോ കണികയിലും വിഷ ബീജങ്ങള്‍ വഹിക്കുന്ന ആള്‍ സ്വന്തം ജീവിതത്തിലേക്ക് കടന്നു വരുന്ന കുട്ടിയോടെ ആ വിവരം വെളിപ്പെടുത്തിയിട്ടുണ്ടാവുമോ ?. നിഷ്കളങ്കയായ ഒരു പാവം പെണ്‍കുട്ടി ചതിക്കപ്പെടുന്നു എന്ന അറിവ് ഒരു തീ പോലെ കത്തി പടര്‍ന്നു . ഇതെങ്ങനെയും തടയണം . ഒരാളുടെ രോഗാവസ്ഥ അയാളുടെ സമ്മതത്തോടെ അല്ലാതെ വെളിപ്പെടുത്തുന്നത് ശരിയോ , അധാര്മികാമോ എന്ന വാദം ഒരു വശത്ത് , ചതിക്കപ്പെട്ടു ജീവിതം എന്നേക്കും നശിച്ചു പോകുന്ന ഒരാളെ രക്ഷിക്കാന്‍ അത് ചെയ്യുന്നതല്ലേ ശരി .
രണ്ടാമത്തെ വാദത്തിനു മുന്‍‌തൂക്കം മനസ്സില്‍ തോന്നിയപ്പോ എങ്ങനെയും ആ കല്യാണം മുടക്കണം , അല്ലെങ്കില്‍ ആ കുട്ടിയെ വിവരം അറിയിക്കണം എന്ന് തീരുമാനിച്ചു . എങ്ങനെ ? പിറ്റേന്ന് കാലത്ത് നടക്കുമെന്ന് പറഞ്ഞ കല്യാണത്തിന് ഏതാനും മണിക്കൂറുകള്‍ ബാക്കി , അയാളെ പറ്റി , ആരാണ് വധു , എവിടെയാണ് കല്യാണം , ഒന്നും പിടിപാടില്ലാതെ . കേസ് ഷീറ്റില്‍ ‍ കണ്ട അഡ്രെസ്സ് വഴിയും അവിടത്തെ ഹെല്‍ത്ത്‌ സെന്ററിലെ ഡോക്ടര്‍ വഴിയും ഫോണ്‍ വഴി ബന്ധപ്പെട്ടു . അടച്ചു കിടക്കുന്ന വീടിനു മുന്‍പില്‍ അന്വേഷണം വഴി മുട്ടി . പിന്നീട് ആലോചിച്ചപ്പോ സ്വയം തോന്നി . പക്വമല്ലാത്ത വാശി , ഒരു തരത്തില്‍ അഹങ്കാരം ആയിരുന്നു അത് . തോല്‍വി സമ്മതിച്ചു പിന്മാറേണ്ടി വന്നു . പതഞ്ഞു പൊങ്ങിയ ധാര്‍മിക രോഷം മെല്ലെ കെട്ടടങ്ങി . "ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതാവും ബുദ്ധി " അനുഭവസ്ഥര്‍ തന്ന മുന്നറിയിപ്പിന് നിസ്സഹായതയോടെ , മനസ്സില്ലാ മനസ്സോടെ വഴിപ്പെട്ടു . ഒന്നുമറിയാത്ത ഒരു പെണ്‍കുട്ടിയുടെ രൂപം മനസ്സില്‍ , നാളുകള്‍ക്കു ശേഷം അവളുടെതല്ലാത്ത കുറ്റത്തിന് മഹാരോഗത്തിന് അടിപ്പെടുന്നതും ഓര്‍ത്തു ഉറക്കം നഷ്ടപ്പെട്ടു .
രണ്ടാം ദിവസം റൌണ്ട്സ് നേരത്ത് മുത്തുലക്ഷ്മി അവളുടെ പുതിയ കൂട്ടുകാരി ചെറിയമ്മയെ കാട്ടി തന്നു. സ്വതവേ വായാടി , ഒന്നുമേ അങ്ങോട്ട്‌ ചോദിക്കേണ്ടി വന്നില്ല . സന്തോഷം കൊണ്ടു നിലത്തൊന്നുമല്ല. മരുന്നാണോ സന്തോഷമാണോ അസുഖം മാറ്റിയതെന്ന് നിശ്ചയമില്ല . 

(വരക്കു ഔർ കിഡ് മാസികയോട് കടപ്പാട് )

മുത്തശ്ശി കോതി വെക്കുന്ന രീതിയില്‍ തന്നെ മുടി കെട്ടി , കഥാപുസ്തകത്തിലെ കഥകള്‍ ചെറിയമ്മക്കു പറഞ്ഞു കൊടുക്കുന്നു . എഴുത്തും വായനയും വശമില്ലാത്ത ചെറിയമ്മ മുത്തശ്ശിയെക്കാളും ഏറെ വേഗം കാര്യങ്ങള്‍ മനസ്സിലാക്കുന്നത് ‌ കണ്ടു കുട്ടിടീച്ചര്‍ക്ക് സന്തോഷം . ചെറിയമ്മക്കു എണ്ണ കറുപ്പ് , മുടിയില്‍ പൂവ് മുഖത്ത്‌ നിഷ്ക്കളങ്കമായ ചിരി . റൌണ്ട്സ് നു ഇടയില്‍ കളി ചിരിയുടെ നടുവിലൂടെ ആ കിടക്ക കടന്നു പോയപ്പോ മനസ്സിലെ സഹതാപം അലിഞ്ഞു പോയി . മൂന്നാം ദിവസം കപ്പടാ മീശക്കാരന്‍ അച്ഛന്റെ പുറകില്‍ ചെറിയമ്മയുടെ കൈ പിടിച്ചു ടാറ്റാ ബൈ ബൈ പറഞ്ഞു മുത്ത്‌ ലക്ഷ്മി പോയി

പതിവില്ലാത്ത ഒരിടവേളക്ക് ശേഷമാണ് പിന്നെ മുത്ത്‌ ലക്ഷ്മിയെ കാണുന്നത് . അന്ന് എന്തോ തിരക്ക് കുറവായിരുന്നു ഓ പി യില്‍ . ഒരു പാട് നാളത്തെ വിശേഷങ്ങള്‍ ഒരുമിച്ചു പറഞ്ഞു തീര്‍ക്കുന്നതിനിടയില്‍ വാക്കുകള്‍ തിക്കി തിരക്കി . കുസൃതിയും വാക്കുകളും ആസ്വദിച്ചിരിക്കെ ശ്രദ്ധിച്ചു . മുത്തുലക്ഷ്മി തൂക്കം കൂടിയിരിക്കുന്നു , ചന്തം വെച്ചു . പറഞ്ഞ വാക്കുകളിലാകെ ചെറിയമ്മയെ പറ്റി .ചെറിയമ്മ പറഞ്ഞു പറഞ്ഞു അച്ഛന്‍ ബീഡി വലി നിറുത്തി. കളികള്‍ക്കിടയില്‍ കള്ളക്കളി കളിക്കുന്ന ചെറിയമ്മ , , ചെറിയമ്മ പാടുന്ന തമിഴ് ചുവയുള്ള പാട്ടിനെ കളിയാക്കി ചുണ്ട് കോട്ടി പിടിച്ചു പാട്ട് പാടി . ചെറിയമ്മക്കു വയറുവേദനയും തല കറക്കവും . ഇടയ്ക്കിടെ വന്നു കളി മുടക്കുന്നു . എന്നെ നോക്കുന്ന ഡോട്ടര്‍ മാമന്‍ തന്നെ മാറ്റി കൊടുക്കണം എന്നാണ് അവളുടെ ആവശ്യം . ഒന്നാമത് പ്രായമായവരുടെ രോഗങ്ങളെ പറ്റി അറിവ് കുറഞ്ഞിരിക്കുന്നു . ഈ ആതുരാലയത്തില്‍ അതിന്റെ ആവശ്യവും ഇല്ല . തൊട്ടപ്പുറത്ത് സ്ത്രീ രോഗങ്ങളുടെ വിഭാഗം .
"may be pregnancy related . please take her to them gynec op " കൂടെ ഇരുന്നിരുന്ന ഡോക്ടറെ ഏല്‍പ്പിച്ചു .
കഴിഞ്ഞ തവണ ഡിസ്ചാര്‍ജ് ചെയ്ത്‌ പോകുമ്പോ എ . ആര്‍ . ടി. ക്ലിനികില്‍ ചെല്ലണം എന്ന് പറഞ്ഞിരുന്നു . ചാമിയോടു , കെട്ടിയ പെണ്ണിന്റെ മുന്‍പില്‍ വെച്ചു മരുന്ന് കഴിക്കേണ്ടതിന്റെയും ആവശ്യവും അടുത്ത കുഞ്ഞുണ്ടായാല്‍ അതിനും ഉണ്ടാവാനുള്ള രോഗ സാധ്യതയെ പറ്റിയും , അത് തടയാനുള്ള വഴികളും ഒന്നും പറയാന്‍ പറ്റില്ല . അവിടെ വെച്ചാകുമ്പോ കാര്യങ്ങള്‍ വിശദമായി പറഞ്ഞു കൊടുക്കാന്‍ ആള്‍ക്കാരുണ്ട് , അതിനുള്ള സൌകര്യങ്ങളും ഉണ്ട് . കാര്യങ്ങള്‍ ഒന്ന് കൂടി ഉറപ്പാക്കേണ്ടി ഇരുന്നു . ഒരു മഹാരോഗത്തിന് അടിപ്പെട്ടു ഒരു കുഞ്ഞു കൂടി !!!!, ഇത്തിരി കൂടി ശ്രദ്ധ വേണ്ടിയിരുന്നു .
ഓ .പി .തീര്‍ത്തു ഗൈനകോളജി ഓ .പി യുടെ വരാന്തയിലൂടെ പുറത്തേക്കു കടക്കെ പിന്‍വിളി . ഗൈനകോളജി അസിസ്റ്റന്റ്‌ പ്രോഫെസ്സര്‍ ആണ് .
"സാര്‍ ഒരു ഡോക്ടറുടെ കൂടെ വിട്ടിരുന്ന കേസ് ഞാന്‍ ഇപ്പൊ കണ്ടതെ ഉള്ളു . pregnancy related problem ആണ് ,മാഡം ഒന്ന് നോക്കണം എന്ന് പറഞ്ഞു എന്നെ ഏല്‍പ്പിച്ചു പോയി ,കുറച്ചു നേരമായി . ഇപ്പോഴേ നോക്കാന്‍ പറ്റിയുള്ളൂ . സാർ . that does nt seem to be gynec problem at all . she is virgin ."
കാപ്പി കുടിക്കാതെ തിരിച്ചു നടന്നു പോകുമ്പോ മുനിച്ചാമി കാത്തിരിക്കുന്നു . തിരിച്ചു പോകും മുന്‍പ് ഡോക്ടര്‍ പറഞ്ഞ വിവരം എന്നോട് പറയാന്‍ മാത്രം .
കഴിഞ്ഞ മൂന്നു മാസമായി അമ്മയായി , ഭാര്യയായി ജീവിതത്തിന്റെ സൌഭാഗ്യങ്ങള്‍ ആസ്വദിക്കുന്ന കന്യക .
ശാസ്ത്ര സത്യങ്ങള്‍ അപ്പാടെ നെഞ്ചില്‍ ഏറ്റി അതിനപ്പുറത്ത് ഒന്നുമേയില്ല എന്ന് കരുതുന്ന ഞാന്‍ . കേവല ശരീരത്തിന് അപ്പുറത്തേക്ക് ഉയരുന്ന സ്നേഹത്തിന്റെ തലങ്ങള്‍ എന്നെ കാട്ടിത്തരുന്ന മുനിച്ചാമി . ചുവന്ന കണ്ണുകളും കപ്പടാ മീശയും , മനസ്സില്‍ ഒരിക്കലും നല്ലത് തോന്നാതിരുന്ന ആ മനുഷ്യന്റെ മുന്‍പില്‍ നില്‍ക്കുമ്പോ ഏറെ ചെറുതായ പോലെ തോന്നി .
Head of Department എന്ന ബോര്‍ഡ്‌ എന്റെ തലയ്ക്കു മേലെ ഏറെ ഉയരത്തില്‍ തൂങ്ങി ആടി .

Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി