chest deformity
നെഞ്ചുംകൂടിനെ കുറിച്ച്, അതിന്റെഇത്തിരി വൈകൃതങ്ങളെക്കുറിച്ചു ഇന്ന് പറയാം. കടുകട്ടി ശാസ്ത്രം പറയും മുൻപ് ഇത്തിരി കത്തിയടിക്കാം. പുരുഷ സൗന്ദര്യം എന്ന് പറയുമ്പോൾ മലയാളിയുടെ മനസ്സിൽ ഓടിയെത്തുന്നത് എന്താവും? ഈ പഴയ മലബാറുകാരന്റെ മനസ്സിൽ വരുന്നത് തോരാത്ത മഴയിൽ വയൽചെളിയിൽ പിരിയോലക്കുടക്കീഴിൽ നിരയായി കൂനി നിന്ന് അമ്മയും കൂട്ടരും ഞാറു നടുമ്പോ താളത്തിൽ പാടിക്കേട്ട വടക്കൻ പാട്ടുകൾ. പെരുമഴ പെയ്യുന്ന കർക്കടത്തിൽ സ്‌കൂൾ അവധി ആവുമ്പൊ വയലിറമ്പിൽ ഞണ്ടും ഞവിഞ്ഞിയും തെരയുമ്പോഴും ശ്രദ്ധ പാട്ടിലേക്കാവും. നാടൻ ശീലുകളിൽ വരച്ചു വെച്ച ആരോമൽ ചേകവരുടെ രൂപം. 'കുന്നത്ത് വെച്ച വിളക്ക് പോലെ, ചന്ദനക്കാതൽ കടഞ്ഞ പോലെ, ശംഖു കടഞ്ഞ കഴുത്തഴകും.... ആനയുടെ മസ്തകം പോലെ വിരിഞ്ഞനെഞ്ചും ' വേറെ ചിലർക്ക് ഗ്രീക്ക് മിത്തോളജിയിലെ കഥാപാത്രങ്ങളുടെ ശിൽപഭംഗി ആവും മനസ്സിലെത്തുക. രണ്ടായാലും മുഖ സൗന്ദര്യത്തിലും മുൻപ് മനസ്സിൽ വരുന്നത് മെയ്യഴക് ആണ്. തന്നെ ഗൗനിക്കാതെ നെഞ്ചും വിരിച്ചു നടന്നു മറഞ്ഞ പുരുഷ കേസരിയെ കാലിൽ ദർഭമുന കൊണ്ടെന്ന...