വിഷക്കായകൾ

കാണാൻ ഭംഗിയുള്ള എന്തും നമ്മളുടെ കണ്ണുകളിൽ ഉടക്കും.അതൊന്നു കൈകൊണ്ടു തൊട്ടു നോക്കാൻ , ഒന്ന് തലോടാൻ, കൈകളിൽ ഇട്ടമ്മാനമാടാൻ കൊതിക്കും.തീരെ ചെറിയ കുട്ടികൾ ആണെങ്കിൽ അതെടുത്തു നേരെ വായിലേക്ക് കൊണ്ട് പോവും.കാഴ്ചയിൽ നമ്മുടെ മനം കവരുന്ന വസ്തുക്കൾ , നമുക്ക് സമ്മാനിക്കുന്ന അനുഭവങ്ങൾ എല്ലായ്പ്പോഴും സുഖകരം ആയിക്കൊള്ളണം എന്നില്ല.ജീവൻ ഉള്ളവയായാലും ഇല്ലാത്തവയായാലും.എന്താണാവോ പ്രകൃതി ഇങ്ങനെ ഒരു പറ്റിപ്പ് നടത്തുന്നത്. സ്വഭാവം കൊള്ളാത്തതിനെയും ഇത്തിരി വിഷം ഉള്ളതിനേയും ഒക്കെ വികൃത രൂപത്തിൽ ഉണ്ടാക്കി വെച്ചിരുന്നു എങ്കിൽ നമ്മൾ തിരിഞ്ഞു നോക്കാതെ പോയേനെ.നമ്മളിൽ പലരും രക്ഷപ്പെട്ടേനെ.കാണാൻ ഏറെ ഭംഗിയുള്ള കടൽജീവികളും കരജീവികളും ഉണ്ട്.അവയുടെ ദംശനം പോലും വേണ്ട വെറും സ്പർശനമോ സാമീപ്യമോ പോലും അപകടകരം ആയവ.അത് പോലെ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട് ചെടികളിലും മരങ്ങളിലും.നമ്മുടെ ഇന്ദ്രിയങ്ങളെ അങ്ങോട്ടേക്ക് ക്ഷണിച്ചു കെണിയിൽ പെടുത്തുന്നവ. അങ്ങനെ ഉള്ള സസ്യജാലങ്ങളിലെ ഇത്തിരി ഉദാഹരണങ്ങൾ പറയാം. മനുഷ്യൻ ഉണ്ടാവുന്നതിനു ദശലക്ഷം വർഷങ്ങൾക്കു മുൻപ് ഈ ഭൂമുഖത്തു മരങ്ങളും ചെടികളും പൂവും കായും ഉണ്ടായിരുന്നു.ചലിക്കുന്നവരും ചലിക്കാത്തവരുമാ...