ഈ ക്ടാവിന്റെ നെലോളി കൊണ്ടൊരു തൊയിരം ഇല്ലാലോ

ഞങ്ങളുടെ ഇൻഫോക്ലിനിക്ക് കൂട്ടായ്മയിൽ ഏറ്റവും ഊർജ്ജസ്വലമായ ചെറുപ്പക്കാരൻ നെൽസൺ ജോസഫ് " ഡൊമിനിക്കിന്റെ "അച്ഛൻ ആയ ആദ്യ നാളുകളിൽ ഞാൻ എഴുതി വെച്ചൊരു ഒരു പോസ്റ്റ് ആണിത്. പോസ്റ്റ് ചെയ്യാൻ ഇത്തിരി വൈകി.ഇൻഫോക്ലിനിക്കിലെ ആയാലും സാമൂഹ്യ കാര്യങ്ങളിൽ ആയാലും ഫേസ് ബുക്കിൽ രാവും പകലും ചെലവഴിച്ചിരുന്ന ഒരാൾ ദിവസങ്ങളോളം മുങ്ങി. കുറെ ഏറെ ദിവസങ്ങൾ മഷിയിട്ടു നോക്കിയിട്ടും കാണാതായപ്പോഴാണ് കാര്യം തിരക്കിയത.ആദ്യ ദിവസം അച്ഛനായതിന്റെ സന്തോഷം . ഉണ്ണിയുടെ ആദ്യത്തെ സന്തോഷക്കരച്ചിൽ കേട്ട് പുളകം കൊണ്ടു. പിറ്റേന്ന് പാതിയുറക്കത്തിൽ ഒന്ന് വിതുമ്പിയതും അതും കഴിഞ്ഞു ചുണ്ടിന്റെ കോണിൽ ഒരു കുഞ്ഞിച്ചിരി വിരിഞ്ഞതും നോക്കി ആസ്വദിച്ചു .പുതുമഴക്കൊടുവിൽ വെയിൽ ഉദിച്ച പോലെ .അതും കഴിഞ്ഞു വന്ന ദിവസങ്ങളിൽ പതിയെ പതിയെ കൊച്ചു കള്ളൻ ഉറങ്ങാത്ത രാത്രികൾ സമ്മാനിച്ച് തുടങ്ങി. രാവും പകലും ഉറക്കമില്ലാതൊരച്ഛന്റെ പെടാപ്പാടിൽ ഇൻഫോക്ലിനിക്കു മറന്നു. ഫേസ് ബുക്കിൽ അനവരതം പോസ്റ്റിയിരുന്ന ആൾ ദിവസങ്ങളോളം അപ്രത്യക്ഷമായി. എന്നും കൃത്യ സമയത്തു ജോലിക്കെത്തിയിരുന്ന ആളെ കാണാതെ ആവുമ്പൊ ജോലി സ്ഥലത്തു മുതലാളി തോളിൽ തട്ടി ചോദിക്കു...