vitamin D

എൺപതുകളുടെ ഒടുക്കത്തെ ഏതോ ദിവസം, തൃശൂരിൽ ഡ്യൂട്ടി എടുക്കുമ്പോ ഒരുപത്തു മാസക്കാരനെ കൊണ്ട് വന്നു. ഉച്ചമുതൽ നിർത്താത്ത കരച്ചിലും ചർദ്ധിയും. “പനിയുണ്ടോ “ “ഏയ് ഇല്ല “ കുട്ടിയെ നിലത്താണോ കെടത്തി ഉറക്കിയത്? വല്ലതും കടിച്ചതോ കുത്തിയതോ വല്ലോ ആവ്യോ എന്ന് ആസകലം തിരിച്ചും മറിച്ചും ഒന്ന് നോക്കി “അതൊന്ന്വല്ല ഡോക്ടറേ “ “ നിങ്ങൾ അല്ലാതെ വല്ലോരും കുഞ്ഞിനെ എടുത്തോണ്ട് പോയിരുന്നോ ? പണ്ട് ഇത് പോലെ ഒരു അവസരത്തിൽ കുട്ടിയെ നോക്കുന്ന പെണ്ണിന്റെ കയ്യിൽ നിന്ന് കുഞ്ഞു വീണതും അവൾ പേടിച്ചു അക്കാര്യം മറച്ചു വെച്ചതും ഓർത്തു..തലയ്ക്കു ക്ഷതമേറ്റ കാര്യം അറിയാൻ വൈകിപ്പോയ ഒരോർമ്മ മനസ്സിൽ വെച്ചാണ് ചോദിച്ചത് “ അതൊന്നും അല്ല .നിങ്ങൾ കുഞ്ഞിന് വല്ലോം മരുന്ന് കൊടുക്കൂ.ഈ കരച്ചിൽ ഒന്ന് നിൽക്കട്ടെ .” കുഞ്ഞിനൊപ്പം അമ്മയും അമ്മൂമ്മയും നിലവിളിയും കണ്ണ് തുടക്കലും ശ്രദ്ധിച്ചിരുന്നു, വാക്കുകളിൽ കലിപ്പ് പടരുന്നത് തിരിച്ചറിഞ്ഞു സത്യം പറഞ്ഞാൽ ഒന്ന് നേരാം വണ്ണം പരിശോധിച്ച് നോക്കാൻ ആവണ്ടേ. വയറും ചെവിയും, കാലും കയ്യും ഒക്കെ തിരിച്ചും മറിച്ചും നോക്കി, കല്യാണ യന്ത്രം പുറത്തെടുത്തു നോക്കി.ചിലപ്പോ അതിനു വല്ല നൂലും കുടുങ്ങി കിടക്കും...