vitamin D

എൺപതുകളുടെ ഒടുക്കത്തെ ഏതോ ദിവസം,
തൃശൂരിൽ ഡ്യൂട്ടി എടുക്കുമ്പോ ഒരുപത്തു മാസക്കാരനെ കൊണ്ട് വന്നു.
ഉച്ചമുതൽ നിർത്താത്ത കരച്ചിലും ചർദ്ധിയും.
“പനിയുണ്ടോ “
“ഏയ് ഇല്ല “
കുട്ടിയെ നിലത്താണോ കെടത്തി ഉറക്കിയത്?
വല്ലതും കടിച്ചതോ കുത്തിയതോ വല്ലോ ആവ്യോ എന്ന് ആസകലം തിരിച്ചും മറിച്ചും ഒന്ന് നോക്കി
“അതൊന്ന്വല്ല ഡോക്ടറേ “
“ നിങ്ങൾ അല്ലാതെ വല്ലോരും കുഞ്ഞിനെ എടുത്തോണ്ട് പോയിരുന്നോ ? പണ്ട് ഇത് പോലെ ഒരു അവസരത്തിൽ കുട്ടിയെ നോക്കുന്ന പെണ്ണിന്റെ കയ്യിൽ നിന്ന് കുഞ്ഞു വീണതും അവൾ പേടിച്ചു അക്കാര്യം മറച്ചു വെച്ചതും ഓർത്തു..തലയ്ക്കു ക്ഷതമേറ്റ കാര്യം അറിയാൻ വൈകിപ്പോയ ഒരോർമ്മ മനസ്സിൽ വെച്ചാണ് ചോദിച്ചത്
“ അതൊന്നും അല്ല .നിങ്ങൾ കുഞ്ഞിന് വല്ലോം മരുന്ന് കൊടുക്കൂ.ഈ കരച്ചിൽ ഒന്ന് നിൽക്കട്ടെ .”
കുഞ്ഞിനൊപ്പം അമ്മയും അമ്മൂമ്മയും നിലവിളിയും കണ്ണ് തുടക്കലും ശ്രദ്ധിച്ചിരുന്നു,
വാക്കുകളിൽ കലിപ്പ് പടരുന്നത് തിരിച്ചറിഞ്ഞു
സത്യം പറഞ്ഞാൽ ഒന്ന് നേരാം വണ്ണം പരിശോധിച്ച് നോക്കാൻ ആവണ്ടേ.
വയറും ചെവിയും, കാലും കയ്യും ഒക്കെ തിരിച്ചും മറിച്ചും നോക്കി, കല്യാണ യന്ത്രം പുറത്തെടുത്തു നോക്കി.ചിലപ്പോ അതിനു വല്ല നൂലും കുടുങ്ങി കിടക്കും.മണി തിരിഞ്ഞു കിടക്കും
ഒരു ഐഡിയയും കിട്ടിയില്ല
പനി ഉണ്ടെങ്കിൽ ആദ്യം ആലോചിക്കുക രണ്ടു കാര്യങ്ങൾ ആണ്
ഒന്ന് ചെവിയിലെ പഴുപ്പ്
രണ്ടു മെനിഞ്ചൈറ്റിസ്.
പക്ഷെ ഇവിടെ പനി ഇല്ലാലോ
മെനിഞ്ചൈറ്റിസ് ആണോന്നറിയാൻ പത്തു മാസക്കാരന്റെ മൂർദ്ധാവിൽ ഒന്ന് നോക്കും പതപ്പു പൊങ്ങി നിൽക്കുന്നുണ്ടാവും. അങ്ങനെ ഒരു സാധ്യത ഇവിടെ മനസ്സിലൂടെ പോയില്ല.
പനി ഇല്ലാതെ എന്ത് തലച്ചോറിന്റെ പഴുപ്പ്?. എങ്കിലും ശീലം കൊണ്ട് കൈകൾ മൂര്ധാവിലൂടെ ഒന്ന് തൊട്ടു തലോടി.
ഒരംഗുലം ഉയരത്തിൽ പൊങ്ങി നിൽക്കുന്ന പതപ്പു,മൂർദ്ധാവിൽ ഹൃദയ താളത്തിനൊത്തു പൊന്തി താഴുന്നു
ഇതെന്തു പൊല്ലാപ്പ് ?
"ഒന്നൂടി വ്യക്തമായി പറയു.ഇന്ന് കാലത്തു തൊട്ടുള്ള കഥകൾ
“ ഇന്ന് രാവിലെ കുഞ്ഞിന് അഞ്ചാം പനിയുടെ കുത്തി വെപ്പ് വെച്ചിരുന്നു “
അതെ ശരി. അത് കൊണ്ട് ഇങ്ങനെ ഒരു കാര്യം പതിവില്ല.
“ നിങ്ങൾ മറ്റെന്തെങ്കിലും മരുന്ന് കൊടുത്തോ “
“അതെന്തു ചോദ്യം ആണ് സാറേ,ഒപ്പം ഒരു ടീസ്പൂൺ മരുന്ന് വേറെയും കൊടുത്തു. ഇത്തിരി പുറത്തു പോയപ്പോ രണ്ടാമതും കൊടുത്തു
കാര്യം പിടി കിട്ടി
ഒപ്പം കൊടുത്ത വിറ്റാമിൻ എ ആണ് പ്രതി
വിറ്റാമിൻ എ ഏറെ ആവശ്യമുള്ള ഒന്നാണ്.ദേശീയ അന്ധത നിവാരണ പദ്ധതി പ്രകാരം ഈ മരുന്ന് കൊടുത്തു തുടങ്ങിയതിൽ ഇങ്ങോട്ടു വിറ്റാമിൻ എ കുറവ് കൊണ്ടുള്ള അന്ധത തീരെ ഇല്ലാതെ ആയി എന്നതോർക്കുക.
പക്ഷെ ചെറിയൊരു കാര്യം ഓർക്കണം
ഇത് ആറു മാസത്തിൽ ഒരിക്കൽ മതി.പത്തു മാസം പ്രായമാവുമ്പോ തൊട്ടു ഓരോ ആറു മാസവും കൂടുമ്പോ അഞ്ചു വയസ്സ് വരെ.
ആറു മാസത്തേക്കുള്ള ആവശ്യം നിറവേറ്റാൻ
വെറും രണ്ടു മില്ലി മതി.
ഓരോ മില്ലിയിലും ഒരു ലക്ഷം യൂണിറ്റ് വിറ്റാമിന് എ ഉണ്ട്.
ഒരു കുഞ്ഞിന് ഏകദേശം എഴുന്നൂറ്റി അമ്പതു യൂണിറ്റ് വിറ്റാമിൻ എ ദിവസത്തിൽ വേണ്ടിടത്തു ആണിതെന്നു ഓർക്കുക. ഈ കൊടുക്കുന്ന വിറ്റാമിൻ എ ശരീരത്തിൽ നിന്ന് നഷ്ട്ടപ്പെട്ടു പോവില്ല. അത് ശരീരത്തിൽ കൊഴുപ്പിൽ ഭദ്രമായി നിൽക്കും വരുന്ന ആര് മാസത്തേക്ക് കുറേശെ ഉപയോഗപ്പെടുത്താൻ.
നല്ലൊരു പദ്ധതി, വിജയകരമായ പദ്ധതി
അന്നൊക്കെ വിറ്റാമിൻ
ഈ രീതിയിൽ രണ്ടു മില്ലി മാത്രമായി കൊടുക്കാൻ ഒരു പ്രത്യേക സ്പൂൺ ഉണ്ടായിരുന്നു. സ്പൂണിന്റെ ഒരു വശം നമ്മളുടെ സാധാരണ ടീസ്പൂൺ അതായതു അഞ്ചു മില്ലി.മറ്റേ വശം വെറും ഒരു ചെപ്പിത്തൊണ്ടി പോലെ രണ്ടു മില്ലി മാത്രം.ശരിക്കും അതിൽ ആണ് വിറ്റാമിൻ എ കൊടുക്കേണ്ടത്.

അതിനു പകരം ചിലപ്പോ ചെറു തെറ്റുകൾ വരും. അഞ്ചു മില്ലി ഉള്ള വശം വെച്ച് കൊടുക്കും അതുമല്ലെങ്കിൽ ഇത്തിരി കൂടുതൽ ഇരുന്നോട്ടെ എന്ന് കരുതി രണ്ടു തവണ.അതുമല്ലെങ്കിൽ ചെക്കൻ തുപ്പിക്കളഞ്ഞാൽ വീണ്ടും കൊടുക്കും
അത്തരം ഒരു കേസാണ് മേൽ വിവരിച്ചത്
കാര്യം മനസ്സിൽ ആയാൽ മതി
മിക്കപ്പോഴും ഈ കരച്ചിലും നിലവിളിയും ഒരു രാത്രി കൊണ്ട് ഒതുങ്ങും
പിറ്റേന്ന് കളിയായി ചിരിയായി പഴയ കുസൃതിയിലേക്കു മടങ്ങും
അപൂർവ്വം കേസുകളിൽ ബോധം പോവാം, അപസ്മാര ലക്ഷണങ്ങൾകാണിക്കാം
ഇത്രയ്മ് പറഞ്ഞത് എൺപതുകളിലെ കാര്യം
ഇനി പറയാൻ പോവുന്നത് ഈ ആഴ്ച നടന്ന കാര്യം
അഞ്ചു മാസം പ്രായമുള്ളൊരു കുഞ്ഞു
മാസം തികഞ്ഞു നല്ല തൂക്കമുള്ളൊരു കുഞ്ഞു ,സാധാരണ പോലെ മുലപ്പാൽ കൊടുത്തു പോറ്റുന്ന കുഞ്ഞു.
'അമ്മ പ്രാഥമിക വിദ്യാഭ്യാസം ഉള്ളയാൾ.
ഏതാനും നാളുകൾ ആയി തൂക്കം കൂടുന്നില്ല
മൂത്രം ഒഴിക്കുമ്പോ വേദന ഉള്ള പോലെ കരയുന്നു കുഞ്ഞു
“ഓ മൂത്രം പഴുപ്പ് ആവും.അത് പതിവുള്ളൊരു കാര്യം ആണ്.ഇത് പതിവ് ലക്ഷണങ്ങൾ ആണ് താനും
പക്ഷെ ഒരു കാര്യം മാത്രം
കുഞ്ഞിന് പനി ഇല്ല.
മൂത്രം പരിശോധിച്ച് പല തവണ ആന്റിബയോട്ടിക് മരുന്നുകൾ കൊടുത്തു കഴിഞ്ഞു
ഒന്നും ഫലം ചെയ്യാതെ വന്നപ്പോ ആണിവിടെ എത്തിയത്
രണ്ടു ദിവസമായി മറ്റു ഒരു കാര്യം കൂടി,
കുഞ്ഞു മൂത്രം ഒഴിക്കുമ്പോ എന്തോ വെളുത്ത നിറത്തിൽ ഇടയ്ക്കു പോവുന്നു. മൂത്രം പരിശോധിച്ചപ്പോ
“plenty of RBC and Calcium oxalate crystals.”
മൂത്രത്തിൽ പഴുപ്പാവില്ല, മറ്റു സാധ്യതകൾ പലതും ആലോചിച്ചു പരിശോധനകൾ പലതും നടന്നു
Serum calcium on the higher side ,
USG showed medullary calcification.

അതിനു കാരണമായ പല പരിശോധനകളും കഴിഞ്ഞു.ഒന്നിനും വ്യക്തമായ ഉത്തരം കിട്ടിയില്ല.
“മുലപ്പാൽ അല്ലാതെ മറ്റെന്തെങ്കിലും കൊടുക്കുന്നുണ്ടോ “
"ഉണ്ട് സാർ , വിറ്റാമിൻ തുള്ളി മരുന്ന് കൊടുക്കുന്നുണ്ട്.”
അതൊന്നു കാണിക്കൂ.
കണ്ടു




കാര്യങ്ങൾ വ്യക്തമായി
വിറ്റാമിൻ ഡി യുടെ തുള്ളിമരുന്ന്
ഒരു തുള്ളിയിൽ ഇരുന്നൂറു യൂണിറ്റ്.
Vitamin D chronic toxicity
പടിഞ്ഞാറൻ രാജ്യങ്ങളിൽ നവജാതശിശുകാലഘട്ടംതൊട്ടുവിറ്റാമിൻഡികൊടുക്കുന്നത്പതിവാണ്.
മുലപ്പാലിൽ ഉള്ള വിറ്റാമിൻ ഡി മതിയാവില്ല എന്നതാണ് അവരുടെ വാദം.
അത് അപ്പാടെ നമ്മളിൽ പലരും അംഗീകരിച്ചു നടപ്പാക്കുന്നു
വിറ്റാമിൻ ഡി കൊടുക്കണം, പ്രായപൂർത്തി എത്താതെ പ്രസവിക്കുന്ന തൂക്കക്കുറവുള്ള കുഞ്ഞുങ്ങൾക്ക്,അമ്മപ്പാൽ കൊടുക്കാതെ കുഞ്ഞുങ്ങൾക്ക്.അല്ലാത്തവർക്ക് വേണോ ?
വേണമെന്ന് എനിക്ക് അഭിപ്രായം ഇല്ല.
ഇവിടെ വിഷയം അതല്ല
ഇത്തരത്തിൽ തുള്ളിമരുന്ന് മാർക്കറ്റിൽ ഇറങ്ങുമ്പോ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കു ആർക്കാണ് ഉത്തരവാദിത്വം.
ഇതേ മരുന്ന് പല ഡോസിൽ ഇറങ്ങുന്നു
ഒരു മില്ലിൽ നാനൂറു യൂണിറ്റ് എന്നതാണ് ഏറ്റവും പതിവ്. അതിനു കാരണം അമേരിക്കൻ അക്കാദമി നവജാത ശിശുക്കൾക്ക് തൊട്ടു ദിവസം നാനൂറു യൂണിറ്റ് വെച്ച് കൊടുക്കാൻ ആണ് നിർദ്ദേശിച്ചിട്ടുള്ളത്.( അത് നമ്മൾ അതെ പടി പകര്ത്തേണ്ട ഒന്നല്ല എന്ന് ഇവിടെ ഒരിക്കൽ കൂടി പറയട്ടെ.
ഇതേ മരുന്ന് ഒരു തുള്ളിയിൽ ഇരുന്നൂറ് യൂണിറ്റ് ഉള്ളതുണ്ട്. ഒരു തുള്ളിയിൽ നാനൂറു യൂണിറ്റ് ഉള്ളതുണ്ട്.ഒരു തുള്ളിയിൽ ആയിരം യൂണിറ്റ് ഉള്ളതും ഉണ്ട്
കൂടുതൽ സ്ട്രെങ്ത് ഉള്ളത് ഇത്തിരി പ്രായക്കൂടുതൽ ഉള്ളവരെ ഉദ്ദേശിച്ചു ആണത്രേ
പാവം ജനത്തിന് ഇത്രയും ഒക്കെ കാര്യങ്ങൾ അറിയുമോ
പലരും ഡോക്ടർമാരുടെ കുറിപ്പടിയും ഒന്നും ആയല്ല മെഡിക്കൽ ഷാപ്പിൽ പോവുന്നത്
“കമ്പോണ്ടറെ ഒരു തുള്ളിമരുന്ന് വേണം, ഇത്തിരി നല്ലതു തന്നെ ആയിക്കോട്ടെ “
“അതിനെന്താ , ഉള്ളതിൽ വെച്ച് ഏറ്റവും നല്ലതു തന്നെ തരാം.”
വീട്ടുകാരി ചിലപ്പോ ഇത്തിരി കൂടി കടന്നു പ്രവർത്തിക്കും
ഏതായാലും വിറ്റാമിൻ അല്ലെ,കുഞ്ഞുണ്ണി പെട്ടെന്ന് പുഷ്ടിപ്പെടട്ടെ. ഒരു അഞ്ചു തുള്ളി തികച്ചും ആയിക്കോട്ടെ. ദിവസം രണ്ടു നേരം ആയാൽ ഏറെ നന്നാവും.
നമ്മുടെ കുഞ്ഞിന്റെ കാര്യത്തിൽ എന്തായാലും കഥ ദുരന്ത പര്യവസായി ആയില്ല.
ഇപ്പൊ കുഞ്ഞിന് കുഴപ്പം ഇല്ല
തൂക്കം കൂടി വരുന്നു.

കുറിപ്പ് അവസാനിപ്പിക്കും മുൻപ് ഒരു വാക്കു

മരുന്ന് കുറിക്കുന്നവരോടും, കുഞ്ഞുങ്ങൾക്ക് മരുന്ന് കൊടുക്കുന്നവരോടും.
നവജാത ശിശുവിന് മുലപ്പാൽ മാത്രം ആണ് ശരി.
അതൊഴികെ മറ്റെന്തു കൊടുക്കുന്നു എങ്കിലും അതിനു വ്യക്തമായ കാരണം ഉണ്ടാവണം.,
ജീവിത ശൈലി മാറിയിട്ടുണ്ട്.പുറത്തിറങ്ങി ജോലി ചെയ്യുന്നില്ല.വസ്ത്രം കൊണ്ട് മൂടി കെട്ടി നടക്കുന്നു.ഫ്ലാറ്റിനകത്തു ഏതു നേരവും ചെലവഴിക്കുന്നു.അത് കൊണ്ട് വിറ്റാമിന് ഡി കുറവാകാൻ സാധ്യത ഉണ്ട്

പക്ഷെ

 ഒരു കുഴപ്പവും ഇല്ലാത്ത നാട്ടുകാരുടെ ആകെ ബ്ലഡ് ലെവൽ നോക്കി കുറവുണ്ടെങ്കിൽ അത് കൂട്ടണം എന്ന നിലപാട് ശരിയല്ല.
  1. അതും ഒരു പരിശോധനക്ക് ആയിരം രൂപ ഉള്ളപ്പോ.
  2. മറ്റൊന്ന്,ആവശ്യത്തിന് എത്ര വേണമെന്ന് അറിയാത്ത നാട്ടുകാർ ഇത് കൂടുതൽ കഴിച്ചാൽ ചിലപ്പോ പൊല്ലാപ്പ് ആകും എന്ന തിരിച്ചറിവ് ഇലാത്തപ്പോൾ
  3. മാർക്കറ്റിൽ ഇറങ്ങുന്ന ഗുളികകൾക്കും സിറപ്പുകൾക്കും ഒന്നും ഇത്ര സ്ട്രെങ്ത് എന്ന നിശ്ചയം ഇല്ലാത്തപ്പോൾ,
  4. ആര് ചെന്ന് ചോദിച്ചാലും മരുന്ന് എടുത്തു കൊടുക്കപ്പെടും എന്ന രീതി നടപ്പുള്ള നാടാവുമ്പോൾ.
  5. പരിശോധന വേണ്ടതെപ്പോൾ എന്ന നിശ്ചയം ഉണ്ടാവണം.
കൊടുക്കുന്ന മരുന്ന് എന്തിനെന്നും എത്രയെന്നും ഒക്കെ നല്ല ധാരണ ഉണ്ടാവണം
അല്ലാത്ത പക്ഷം വെളുക്കാൻ തേച്ചത് പാണ്ടാവും

Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി