കുന്നിമണികൾ

കാണാൻ ഭംഗിയുള്ള എന്തും നമ്മളുടെ കണ്ണുകളിൽ ഉടക്കും .അതൊന്നു കൈകൊണ്ടു തൊട്ടു നോക്കാൻ , ഒന്ന് തലോടാൻ, കൈകളിൽ ഇട്ടമ്മാനമാടാൻ.
തീരെ ചെറിയ കുട്ടികൾ ആണെങ്കിൽ നേരെ വായിലേക്ക് കൊണ്ട് പോവും .
കാഴ്ചയിൽ നമ്മുടെ മനം കവരുന്ന വസ്തുക്കൾ ,ജീവൻ ഉള്ളവയും ഇല്ലാത്തവയും നമുക്ക് സമ്മാനിക്കുന്ന അനുഭവങ്ങൾ എല്ലായ്പ്പോഴും സുഖകരം ആയിക്കൊള്ളണം എന്നില്ല . എന്താണാവോ പ്രകൃതി ഇങ്ങനെ ഒരു പറ്റിപ്പ് നടത്തുന്നത് . സ്വഭാവം കൊള്ളാത്തതിനെയും ഇത്തിരി വിഷം ഉള്ളതിനേയും ഒക്കെ വികൃത രൂപത്തിൽ ഉണ്ടാക്കി വെച്ചിരുന്നു എങ്കിൽ നമ്മൾ തിരിഞ്ഞു നോക്കാതെ പോയേനെ.നമ്മളിൽ പലരും രക്ഷപ്പെട്ടേനെ .
എണ്ണി പറയാനും അടുക്കി പെറുക്കി പറയാനും ആണെങ്കിൽ ഒരു പാടുണ്ട്. അതൊന്നുമല്ല കടന്നു വന്ന വഴികളിൽ എപ്പോഴൊക്കെയോ കണ്ട കാഴ്ചകൾ ,അനുഭവങ്ങൾ അവ മനസ്സിനേൽപ്പിച്ച നോവുകൾ /സന്തോഷങ്ങളും .അവയിലെല്ലാം മേലെ അവയിൽ നിന്ന് പഠിച്ച പാഠങ്ങൾ ആണിവിടെ പങ്കു വെക്കുന്നത് .
കുട്ടിയായിരിക്കുമ്പോ വാരിക്കളിച്ച നിറങ്ങളിൽ ഓർമ്മയിൽ നിൽക്കുന്നത് മഞ്ചാടി മണികൾ ആണ്


.കൈയ്യിൽ ഒളിപ്പിച്ചു ഒറ്റയും ഇരട്ടയും കളിച്ച , കൈവെള്ളയിൽ വാരിയെടുത്തു നിലത്തു തൂവിയ ചോരത്തുള്ളികൾ .
കുട്ടിക്കാലത്തെ ഓർമ്മയിൽ ആദ്യം കുന്നിക്കുരു കണ്ടത് “ സറാപ്പ് കണ്ണേട്ടൻറെ “ പൊന്നുരുക്കുന്ന മൺചട്ടിക്കരികെ” . ( കണ്ണൂരുകാര് സ്വർണ്ണപ്പണിക്കാരെ തട്ടാൻ എന്നും സറാപ്പ് എന്നും വിളിച്ചിരുന്നു ).
ചാണകം മെഴുകിയ ഇറയത്തു മൺചട്ടിയിൽ നിറയെ ഉമിയിൽ ചിരട്ട കരി ഇട്ടു മുളം കുഴല് കൊണ്ട് ഊതുമ്പോ ചുമന്നു തുടിക്കുന്ന കനലിൽ ഇത്തിരി പൊന്മണികൾ ഉരുകും. ഇത്തിരി വെള്ളമെടുത്തു കുടഞ്ഞു തീ കെടുത്തി , പൊന്മണികൾ എടുത്തു തട്ടിയും മുട്ടിയും ഓരോ ഷേപ്പ് മാറുന്നത് നോക്കി നേരം കളയാറുണ്ട് .

(https://commons.wikimedia.org/w/index.php?)

ഉമിയും കരിയും പണി സാമഗ്രികളും വെക്കുന്ന ഇടത്തു ചെറിയൊരു പിച്ചള പാത്രത്തിൽ വെച്ച കുന്നിമണികൾക്കു ഒരു പാട് ഭംഗി തോന്നി എങ്കിലും അതെന്തിനാണെന്നറിഞ്ഞില്ല 
സ്കൂൾ വിട്ടു വീട്ടിൽ പോകുന്ന വഴിയിൽ മനസ്സ് ഉടക്കുന്ന പല കൗതുക കാഴ്ചകളിൽ ഒന്ന് ഇതായിരുന്നു
“അതിൽ ഒന്ന് തരുവോ” എന്ന് ചോദിയ്ക്കാൻ ധൈര്യം ഇല്ലായിരുന്നു .
വർഷങ്ൾ കഴിഞ്ഞു കുഞ്ഞുങ്ങളെ കുറിച്ച് ഇത്തിരി ഒക്കെ പഠിച്ചും അറിഞ്ഞും , ജോലിക്കു ചേർന്ന ആദ്യ നാളുകളിൽ എന്നോ ആണ് . ഒരു ഡ്യൂട്ടി ദിവസം രണ്ടു കുട്ടികളെ കൊണ്ട് വന്നു .ഒരാൾ ഛർദിച്ചു നന്നായി അവശ ആയിട്ടുണ്ട് . എവിടെ നിന്നോ കിട്ടിയ കുന്നിക്കുരു കൊണ്ട് കളിക്കുകയായിരുന്നു എന്ന കാര്യം 'അമ്മ അപ്പോഴാണ് ഓർത്തെടുത്തത് . ആയമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . ഇതൊരു വിഷം ഉള്ള വ സ്തു ആണെന്ന് അത് വരെ എനിക്കും അറിയില്ലായിരുന്നു . അന്ന് വിരൽ തുമ്പിൽ വിവരം കിട്ടുന്ന ഇന്റർനെറ്റും മൊബൈലും ഒന്നുമില്ല. വലിയ ജേര്ണലുകളും പുതിയ പുസ്തകങ്ങളും ഒക്കെ നോക്കാനും ലൈബ്രറി അകലെ . ഉള്ള പുസ്തകങ്ങൾ തപ്പി , ആരോടൊക്കെയോ ചോദിച്ചു ,ഇത്തിരി അറിഞ്ഞു
(https://en.wikipedia.org/wiki/Abrus_precatorius#/media/File:Abrus_precatorius_pods.jpg)

Abrus precatorius  

എന്ന് ശാസ്ത്രനാമം . സ്വർണം വിളക്കി ചേർക്കുന്നതിനാണോ ഉപയോഗിക്കുന്നത് എന്നറിയില്ല ,എന്തായാലും രസകരമായ വസ്തുത ഇതിന്റെ തൂക്കം ഓരോ മണിക്കും ഒരേ തൂക്കം ഒരു ഗ്രാമിന്റെ പത്തിലൊന്നു. അത് കൊണ്ട് സ്വർണ്ണം തൂക്കാനും ഈ മണികൾ ഉപയോഗിച്ചിരുന്നു . ഇതിന്റെ ഇലയും കായും നേരിയ അളവിൽ പല അസുഖങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നുണ്ടത്രേ . ശോധനക്കും ,ലൈംഗിക ഉത്തേജനത്തിനും ഒക്കെ.
ചവക്കാതെ പൊട്ടിക്കാതെ അതെ പടി വിഴുങ്ങിയാൽ അതപ്പാടെ മലത്തിൽ പോവും .പലപ്പോഴും അപകടം ഒന്നും സംഭവിക്കില്ല. 
ചവച്ചരച്ചു കഴിച്ചാൽ ഒരെണ്ണം മതി . കഥ തീരാൻ

ഇതിലെ അപകടകാരിയായ ഘടകം “അബ്രിൻ “ എന്ന വിഷം . ആദ്യം ഇത് ഛർദിയും വയറിളക്കവും ഒക്കെ ഉണ്ടാക്കും .അത് കഴിഞ്ഞു ഈ വിഷം ഹൃദയത്തെ ആണ് പ്രധാനമായി ബാധിക്കുന്നത് . ഹൃദയതാളം തെറ്റും. അതിന്റെ പ്രവർത്തനം ആകെ തകരാറിൽ ആവും. ചിലപ്പോ ഞരമ്പുകളെയും കിഡ്നിയെയും ബാധിക്കും .
എന്തിനു പറയുന്നു രണ്ടു പേരിൽ ഒരാൾ ഛർദിയും കഴിഞ്ഞു പതിയെ നോർമൽ ആയി. മറ്റെയാൾ താഴേക്കു തന്നെ പോയി . എന്ത് ചെയ്തിട്ടും മേലോട്ട് കയറി വരാൻ മടിച്ച രക്ത സമ്മർദ്ദം , ഹൃദയ മിടിപ്പ് പതിയെ കുറഞ്ഞ കുറഞ്ഞു വന്നു.

 പ്രതി മരുന്ന്?

ഈ വിഷത്തിനു പ്രതി മരുന്ന് ഉണ്ട് , “ആന്റി അബ്രിൻ “ ഇവിടെ നമ്മുടെ നാട്ടിൽ ഒന്നും കിട്ടില്ല.
ഒന്നും കിട്ടിയില്ല.    കുട്ടിയെ ഞങ്ങൾക്കും .
മൂന്നാം നാൾ എന്നേക്കുമായി പോയി
അത് കഴിഞ്ഞും ഇടക്കൊക്കെ "കുന്നിക്കുരു അറിയാതെ വിഴുങ്ങിപ്പോയി " എന്നും പറഞ്ഞു കുഞ്ഞുങ്ങളെ കൊണ്ട് വന്നിട്ടുണ്ട്
ഭാഗ്യം കൊണ്ട് ,മരണം സംഭവിച്ചത് കുറവ്
എന്താണെന്നറിയില്ല ഈയിടെയായി ഒരൊറ്റ കേസ് പോലും കാണാറില്ല
ഇതൊന്നും കണ്ടും അനുഭവിച്ചും വളരുന്ന ബാല്യം അല്ല ഇപ്പോഴത്തേത് ,ഇതൊന്നും "മരുന്നിനു പോലും "കിട്ടാത്ത രീതിയിലേക്ക് നഗരവൽക്കരിക്കപ്പെട്ടു
കളിക്കോപ്പുകൾ എല്ലാം കടയിൽ നിന്ന് കിട്ടുന്നത് മാത്രം
തുടരും ...

Comments

Popular posts from this blog

scarabiasis

നെമ്മാറ വല്ലങ്കി