നിമിത്തം

ഒരിക്കലും നിയച്ചിരിയാതെ നടക്കുന്ന ഓരോ സംഭവങ്ങൾ സംഗതിയുടെ ഗതി അപ്പാടെ മാറ്റി മറിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഒരു നിമിഷ നേരം വൈകിയിരുന്നെങ്കിൽ !തീർത്തും മറ്റൊന്നാവുമായിരുന്നു കഥ .
അത്തരം ഒരു ഒരു കഥ.
കഥ നേരിട്ട് കണ്ടതല്ല ,പറഞ്ഞറിഞ്ഞത് , എങ്കിലും തരിമ്പും പതിരില്ല. അങ്ങനെ പറയാൻ കാര്യം എന്തെന്നല്ലേ ? കഥാ നായകൻ തന്നെ ആണ് കഥ പറഞ്ഞതു .
എൺപതുകളിൽ ഒരു പീജി വിദ്യാർത്ഥി ആയിരുന്ന കാലം . കോഴിക്കോട് ഐ എം സി എച്ചിൽ ഏറെ തിരക്കുള്ള നാളുകളിൽ ഒന്ന് . അവിടെ കഥകൾ പറയാനും കേൾക്കാനും ഒക്കെ എവിടെ നേരം ? ഒരുമിച്ചു ഡ്യൂട്ടി എടുക്കുന്നതിനിടയിൽ ഒരു പാതി രാത്രിയിൽ പിള്ളാരുടെ വായ് തോരാത്ത കരച്ചിൽ ഒന്നടങ്ങിയ നേരം ഒപ്പം ഡ്യൂട്ടി എടുക്കുകയായിരുന്നു സഹപീജി ആണ് കഥ പറഞ്ഞയാൾ ,കഥയിലെ നായകനും . സഹപീജി എന്ന് പറഞ്ഞു ചെറുതാക്കി എന്ന് കരുതരുത് . എന്നേക്കാൾ അഞ്ചാറ് ഓണം കൂടുതൽ ഉണ്ടയാൾ , നേരത്തെ എം ബി ബി എസ കഴിഞ്ഞു കുറച്ചു കാലം ഹെൽത്ത് സർവീസിൽ പയറ്റി സർവീസ് കോട്ടയിൽ പീജിക്കു ഒപ്പം ചേർന്നയാൾ , ആജാനബാഹു, ലോകത്തിലെ ഏതു കാര്യവും ചോദിച്ചാൽ രണ്ടു വാചകം എങ്കിലും തെറ്റാതെ പറയും . സഹപീജി അല്ല ജേഷ്ട്ട സഹോദരൻ . അഞ്ചു കൊല്ലം മുൻപൊരു നാൾ മരണത്തിലേക്കുള്ള വഴിയിലെ അവസാനത്തെ പടിയിൽ നിന്ന് ജീവിതത്തിലേക്ക് മലക്കം മറിഞ്ഞു വീണ ഒരു നിമിത്തം , ആ നിമിത്തത്തിന്റെ കഥ പറഞ്ഞു .
*******************************************************
മൂപ്പരുടെ വാക്കുകൾ .
“ ഇതേ വാർഡിൽ , ഇതേ പോലെ ഡ്യൂട്ടി എടുത്തു കൊണ്ടിരുന്ന നാൾ . പക്ഷെ അന്ന് വിദ്യാർത്ഥി ജീവിതം കഴിഞ്ഞു ഹൗസ് സർജൻ ആയിരുന്നു . ഏറെ ആസ്വദിച്ചു ചെയ്തൊരു പോസ്റ്റിങ്ങ് ആയിരുന്നു കുഞ്ഞുങ്ങൾക്കൊപ്പം .പണിയും കഴിഞ്ഞു ഒരു വൈകുന്നേരം തിരിച്ചു ഹോസ്റ്റലിലേക്ക് പോയപ്പോ ചെറിയ പനി ഉണ്ടായിരുന്നു. ഊണും കഴിച്ചു ഉറങ്ങാൻ കിടന്നയാൾ കാലത്തു ഉണർന്നില്ല . സുഹൃത്തുക്കൾ എടുത്തു കൊണ്ട് മെഡിസിൻ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. മെഡിസിനിൽ വിഭാഗത്തിലെ അന്നത്തെ അതികായൻമ്മാർ ജി കെ വാരിയർ , എം ജി എസ എല്ലാരും കണ്ടു . പരിശോധനകൾ ഒന്നൊന്നായി നടന്നു . എത്തും പിടിയും കിട്ടാതെ പലവഴി ചിന്തിച്ചു വലഞ്ഞു എന്ന് പറഞ്ഞാൽ മതിയല്ലോ .
സംഗതി കേട്ടറിഞ്ഞു , പീഡിയാട്രിക്സ് പ്രൊഫെസ്സർ കെ സി ആർ സാർ പാഞ്ഞെത്തി .
“ ഈ ചെക്കനെന്തു പറ്റി ? നല്ല സ്വഭാവം ഉള്ള ചെക്കൻ .( വല്ലതും എടുത്തു കഴിച്ചോ എന്നാരും സംശയിക്കണ്ട എന്നതാവും സാർ ഉദ്ദേശിച്ചത് )
“ഇരുപത്തി നാല് മണിക്കൂറും വാർഡിൽ തന്നെയാ . ഇപ്പൊ തെന്നെ ചൈൽഡ് സ്പെഷ്യലിസ്റ് ഡിഗ്രി അങ്ങ് കൊടുക്കാം , എല്ലാം കണ്ടറിഞ്ഞു ചെയ്യും. മിനിയാന്ന് ഒരു മെനിഞ്ചൈറ്റിസ് കുട്ടീന്റൊപ്പം ആയിരുന്നു രാത്രി മുഴുവൻ. പാവം അവന്റെ ഉറക്കം പോയത് മെച്ചം , അതിനെ രക്ഷിക്കാൻ പറ്റിയില്ല “
ഇതൊക്കെ കേട്ട് കൊണ്ട് നിന്നിരുന്ന മെഡിസിനിലെ അതികായർക്കു “എന്തോ കത്തി”. വല്ലഭനു പുല്ലും ആയുധം എന്നത് വെറുതെ പറയുന്നതല്ല. രാജഗോപാലൻ സാറിന്റെ വാക്കുകളിൽ നിന്ന് വീണൊരു പുൽക്കൊടി തുമ്പു മതി അവർക്കു , അറിവും അനുഭവവും അത്രക്കും ഉണ്ട്
ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ഈ ഇത്തിൾക്കണ്ണിയിൽ പിടിച്ചു കയറി അവർ . കെ സി ആർ സാർ ചെക്കനെ പൊക്കി പറഞ്ഞ ആ കഥ.. ഒരു നിമിത്തമായി, മരണത്തിലേക്കുള്ള അവസാനത്തെ പടിയിൽ നിന്ന് തിരിയെ ജീവിതത്തിലേക്ക് പിടിച്ചു വലിച്ചിഡാൻ ഒരു നിമിത്തം .
“ Dr. Rajagoplal what was that case , what way this boy was involved in the management ?”. എം ജി എസ സാർ നൂലിഴയിൽ പിടിച്ചു കയറിത്തുടങ്ങിയിരുന്നു
“There was a baby death two days back , baby was bought at night with seizure and coma. This boy received the baby , was in bad shape, He tried to resuscitate , but failed. I remember there were bluish patches on the babys limbs when i had a glance of the dead body in the morning .”
“Then it must be meningococcemia . “. ആർക്കമെഡീസ് കാട്ടിയ പോലെ ആർത്തു വിളിച്ചു പറഞ്ഞില്ല സാറൻമ്മാർ , അവരെ പക്വത ഉള്ളോരായിരുന്നു .
“ബോധമില്ലാതെ , നിർത്താതെ ഫിറ്റസ് ആയി കൊണ്ട് വന്നൊരു കൊച്ചു കുഞ്ഞിന്റെ അവസാന ശ്വാസം നിൽക്കുമെന്ന് കണ്ടപ്പോ ഇത്തിരി തുണി കൊണ്ട് വായ മൂടി കൃത്രിമ ശ്വാസം കൊടുത്തു രക്ഷിക്കാൻ അവസാന ശ്രമം നടത്തി, പരാജയപ്പെട്ട കഥ . കുഞ്ഞിന്റെ കൈകാലുകളിൽ മരണ ശേഷം കണ്ട നീലപ്പാടുകൾ .
“മെനിഞ്ചോകോക്കൽ മെനിഞ്ചൈറ്റിസ്” ക്ഷണ നേരം കൊണ്ട് ജീവൻ എടുക്കുന്ന രോഗാണു .
ഒരു നിമിത്തം പോലെ ഈയൊരു കഥ , കെ സിആർ സാറിന്റെ നാവിൽ നിന്ന് അറിയാതെ ഒഴുകി വീണതും , അതൊരു ഡയഗ്നോസിസ് ആയി മാറിയതും .
ഒരു നിമിഷം വൈകാതെ കൊടുത്ത പെനിസിലിൻ ..
ഉറക്കത്തിൽ നിന്ന് ഉണർച്ചയിലേക്കു . പതിയെ,ജീവിതത്തിലേക്ക് തന്നെ തിരിച്ചു
ഈ കഥ ഓർമ്മയിൽ വന്നത് ഇന്ന് , ഒരു കുഞ്ഞിനെ അത്യാഹിത വിഭാഗത്തിൽ കൊണ്ട് വന്നപ്പോ . (ആ കഥ ലിങ്ക് തുറന്നാൽ വായിക്കാം )
കഥകൾ ആവർത്തിക്കുന്നത് ഇത് പോലെ ചക്രം ചുറ്റി ആവും, ഒരു വട്ടമെത്തുമ്പോ. കാല ദേശങ്ങളുടെ വരമ്പുകൾ വകവെക്കാതെ

Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി