ചിക്കൻ പോക്സ്
ചിക്കൻപോക്സിനെ കുറിച്ച് ഇത്തിരി കാര്യങ്ങൾ
.ഇത്തിരി പ്രസക്തി ഉള്ളൊരു കാര്യം .അധികം പേരറിയാത്ത കാര്യം
ശാസ്‌ത്രം പറയും മുൻപ്പിത്തിരി കഥകൾ ആവാം
. ആകെ അറിയുന്ന തൊഴിൽ പഠിപ്പിക്കൽ ആണ് . അതാണെങ്കിൽ ആധുനിക കാലത്തെ ശാസ്ത്രീയ രീതികളിൽ ഒന്നുമല്ല .
മോഹൻലാലിൻറെ വാക്കുകൾ കടമെടുത്താൽ
“ തനി നാടൻ തല്ല് ,അതിനു ഗപ്പൊന്നും ഇല്ല ,എന്നാലും “
എൻറെ വിദ്യാർത്ഥികൾക്ക് അവര് കോളേജിൽ പഠിച്ച കാലഘട്ടത്തിൽ "ഇത്തിരി അല്ലാത്ത വിധം "പീഡനാനുഭവങ്ങളെ കുറിച്ചാവും ,പറയാൻ ഉണ്ടാവുക
എങ്കിലും നാളുകൾ നീണ്ടു നിൽക്കുന്നൊരു വിരോധം പതിവില്ല ,
എന്നല്ല ഓർമ്മയിൽ നിൽക്കുന്നൊരു സ്നേഹം ബാക്കി നിൽക്കാറുണ്ട്
.അതിങ്ങോട്ടു മാത്രമല്ല അങ്ങോട്ടും .
എന്തെങ്കിലും ഏടാകൂടങ്ങളിൽ എവിടെ എങ്കിലും പെട്ടു പോവുമ്പോ ഏതെങ്കിലും കാട്ടു മൂലയിൽ നിന്നാവും , ഒരു വിളി എത്തും .
വിളി കേട്ടാൽ ശബ്ദത്തിലെ വിറയലിൽ അറിയാം മനസ്സ്
അങ്ങനെ ഒരു വിളി ..
അത് ഒരു എട്ടു വർഷം മുൻപാണ്
അതിനും രണ്ടു വർഷം മുൻപ് പഠിത്തവും കഴിഞ്ഞു പോയൊരു കുട്ടി. ,പഠിക്കുന്ന കാലത്തു നല്ല മിടുക്കി , പീജി എടുക്കാതെ ഹെൽത്ത് സർവീസിൽ കയറി എന്നാണോർമ്മ
“ സാർ പ്രെഗ്നന്റ് ആണ് ,ഇപ്പൊ നാല് മാസം .
കഴിഞ്ഞ മാസം ഒപിയിൽ ഇരിക്കുമ്പോ ഒരു ചിക്കൻപോക്സ് കേസ് നോക്കേണ്ടി വന്നു .നന്നായി തന്നെ എക്സ്പോഷർ ഉണ്ടായി .അന്ന് ഞാൻ അതത്ര കാര്യമാക്കിയില്ല .രണ്ടാഴ്ച കഴിഞ്ഞു ചെറിയ പനിയും അവിടവിടെ പൊളങ്ങളും വന്നു .അസൈക്ലൊവിർ കഴിച്ചു . പിന്നെയാണ് കാര്യങ്ങൾ വായിച്ചു നോക്കിയത് .
പേടിയാകുന്നു സാർ .എന്റെ കുഞ്ഞു "
. പിന്നെ പതം പറച്ചിലും നിലവിളിയും പുറകെ വന്നു .
ഇത് പോലെ ഒന്നല്ല പിന്നെയും ഉണ്ടായി
മനസ്സിനെ മഥിക്കുന്ന ചോദ്യങ്ങൾ ഒരു പാട്
കുഞ്ഞിനെ ബാധിക്കാനുള്ള സാധ്യത ഉണ്ടോ ? എങ്കിൽ അതെത്ര ?എന്ത് ചെയ്യണം
ബാധിച്ചോ ഇല്ലയോ എന്നുറപ്പു വരുത്താൻ ഏതു പരിശോധനക്ക് കഴിയും ?
പരിശോധന നോർമൽ ആയാൽ ഗ്യാരന്റി പറയാൻ ആവുമോ ?
കൂടുതൽ പേടി കൊണ്ട് കുഞ്ഞു വേണ്ട എന്ന് വെച്ചാൽ ,ആ കുഞ്ഞിന് ബാധിച്ചില്ല എങ്കിൽ ,തീരുമാനം മണ്ടത്തരം ആവില്ലേ ?
ഊണും ഉറക്കവും നഷ്ട്ടപ്പെട്ടു ഭയപ്പെടുന്ന ദിവസങ്ങൾ ആണ് പിന്നെ
അതിൽ പിന്നീട് ക്ലാസ്സിൽ വരുന്ന കുട്ടികളോട് എടുത്തു ചോദിക്കാറുണ്ട് .
വാക്സിനുകളെക്കുറിച്ചു പഠിച്ചു ,പരീക്ഷ എഴുതി , നിങ്ങളിൽ എത്ര പേര് എല്ലാ വാക്സിനുകളും എടുത്തു ?.
ദേശീയ പ്രതിരോധ പട്ടികയിൽ ഉള്ള വാക്സിനുകൾ എടുക്കാത്തവർ എത്ര പേര് ?റൂബെല്ല വാക്സിൻ എടുക്കാത്ത എത്ര പേര് ?
ഇതിനൊന്നും ഒരു ചിലവും ഇല്ല .
ഈ കാലഘട്ടത്തിലെ മെഡിക്കൽ വിദ്യാർത്ഥികളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ കുറവ് .
അത് കൊണ്ട് തന്നെ ചിക്കൻപോക്സ് വാക്സിനും എടുക്കണം എന്ന് ഞാൻ പറയാറുണ്ട് , ഒരു ഡോസിന് രണ്ടായിരത്തിൽ താഴെ ,രണ്ടു ഡോസ് വേണം . നേരത്തെ പറഞ്ഞ ഒരു സാഹചര്യം ഉണ്ടാവാതിരിക്കാൻ
ഇനി അൽപ്പം ശാസ്ത്രം
നമ്മുടെ നാട്ടുകാർക്ക് വസൂരിയും ചിക്കൻ പോക്‌സും വെവ്വേറെ അസുഖങ്ങൾ ആണെന്ന അറിവ് മിക്കവർക്കും ഇല്ല . ആദ്യത്തേത് രാജവെമ്പാല ആണെങ്കിൽ രണ്ടാമൻ അത്താഴം മുടക്കുന്ന നീർക്കോലി . എന്നാലും തീരെ മോശക്കാരൻ അല്ല ,അത്താഴം മുടക്കും ചിലപ്പോഴെങ്കിലും ഇത്തിരി പേടിപ്പിക്കും .തൊള്ളായിരത്തി എഴുപത്തി ഏഴിന് ശേഷം നമ്മുടെ രാജ്യത്തു വസൂരി ഉണ്ടായിട്ടില്ല ,എന്നാൽ “അപരൻ “ചിക്കൻപോക്സ് ഒരു പാട് ഇപ്പോഴും
കുട്ടികളിൽ ചിക്കൻ പോക്സ് മിക്കപ്പോഴും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല ( ഒരിക്കലും ഇല്ല എന്നല്ല പറഞ്ഞത് ) എന്നാൽ പ്രായം കൂടി വരുന്നതിനനുസരിച്ചു ഇത് കൂടുതൽ കൂടുതൽ ഗൗരവം ഉള്ള പ്രശ്നങ്ങൾ ചിലപ്പോഴൊക്കെ മരണവും ഉണ്ടാക്കും
അങ്ങനെ ഇത്തിരി അല്ല നല്ലോണം ഭയക്കേണ്ട ഒരു അവസ്ഥ ആണ് ഗര്ഭാവസ്ഥ .ഗർഭാവസ്ഥയിൽ ആദ്യത്തെ മാസങ്ങളിൽ ആയാലും അവസാനം ആയാലും ചിക്കൻ പോക്സ് ഇത്തിരി ഭയപ്പെടേണ്ട ഒന്ന് തന്നെ ആണ് . കാര്യം ഇത് കുഞ്ഞിന്റെ ജീവന് ഭീഷണി ആവും ,അംഗ വൈകല്യം ഉണ്ടാക്കാം പിന്നെ അമ്മയുടെ ജീവനും ഭീഷണി ആവാം പ്രത്യേകിച്ചും പൂർണ്ണ ഗർഭിണി ആയിരിക്കുമ്പോ . അവസാന നാളുകളിൽ ആണിത് വരുന്നതെങ്കിലോ പ്രസവിച്ച കുഞ്ഞിനും ഗൗരവമായി ബാധിക്കാം
1 ഗർഭാവസ്ഥയിലെ ആദ്യത്തെ ഇരുപത്തി എട്ടു ആഴ്ചകളിൽ ചിക്കൻപോക്സ് വൈറസ് കുഞ്ഞിന് ജന്മ വൈകല്യം ഉണ്ടാക്കാം
2 ഗർഭാവസ്ഥയിലെ ചിക്കൻ പോക്സ് ഗൗരവമായ തരത്തിൽ ന്യുമോണിയ ഉണ്ടാക്കാം അമ്മക്ക്
3 പ്രസവത്തിനു അഞ്ചു ദിവസം മുൻപോ രണ്ടു ദിവസം കഴിഞ്ഞോ ആണെങ്കിൽ നവജാത ശിശുവിന് ഇത് ബാധിക്കാം
ജന്മ വൈകല്യം ഏതൊക്കെ
1 തലച്ചോറിനെയും ഞരമ്പുകളെയും ആണ് സാരമായി ബാധിക്കുന്നത്
2 കണ്ണുകളിലെ കൃഷ്ണമണി റെറ്റിന എന്നിവക്ക് തകരാറു ഉണ്ടാക്കാം
3 കൈകാലുകൾക്ക് വൈകല്യം ഉണ്ടാവാം
4 തൊലിയിൽ വലിയ മുറിവുകളോ പാടുകളോ ഉണ്ടാവാം
ബുദ്ധിമാന്ന്യം വിട്ടുമാറാത്ത അപസ്മാരം
ചിക്കൻ പോക്സ് നമ്മുടെ ഇടയിൽ പതിവാണെങ്കിലും ഗർഭാവസ്ഥയിൽ പലപ്പോഴും ഉണ്ടാവാറില്ല എന്നത് ഭാഗ്യം . പടിഞ്ഞാറൻ രാജ്യങ്ങളിൽ കുഞ്ഞു വേണം എന്ന് തീരുമാനിക്കും മുൻപ് ശരിയായ തയ്യാറെടുപ്പു ചെയ്യും . അത് വേണം .
ജാതകം നോക്കുന്നതിന് പകരം രക്ത ഗ്രൂപ്പ് , ദമ്പതികളുടെ പകർച്ച വ്യാധികൾ കുറിച്ചുള്ള അറിവ് , അവരുടെ ജനിതക പ്രശ്ങ്ങൾ എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ അത് . അത് കൂടാതെ തടയാവുന്ന എല്ലാ വൈകല്യങ്ങളെ കുറിച്ചും നന്നായി ചിന്തിച്ചു മേലെ പറഞ്ഞ വാക്സിനുകൾ എടുത്തു ഒക്കെ ആവും ആ തയ്യാറെടുപ്പ്
ഇവിടെ അതൊക്കെ എന്നാണാവോ ?
ഒന്നും ശ്രദ്ധിക്കാതെ നിർഭാഗ്യത്തിന് ഗർഭാവസ്ഥയിൽ ചിക്കൻ പോക്സ് വന്നാലോ ?
കുഞ്ഞിന് പകർന്നു കിട്ടാനുള്ള സാധ്യത ഇരുപത്തി അഞ്ചു ശതമാനം
വൈറസ് പകർന്നു കിട്ടിയവർക്കു എല്ലാര്ക്കും വൈകല്യം ഉണ്ടാവണം എന്നില്ല .
ഒരു പത്തു ശതമാനത്തിനു എന്തെങ്കിലും ഒരു വൈകല്യം പതിവാണ്
മേലെ പറഞ്ഞ രീതിയിൽ എല്ലാ വൈകല്യങ്ങളും ഒരുമിച്ചു ഉണ്ടാവുന്ന അവസ്ഥക്ക് ( വെരിസെല്ല എംബ്രിയോപതി )സാധ്യത രണ്ടു ശതമാനം .
അമ്മയുടെ ജീവൻ രക്ഷിക്കാൻ “ വെരിസെല്ല സോസ്റ്റർ ഇമ്മ്യുണോഗ്ലോബുലിൻ “എന്നമരുന്നോ അല്ലെങ്കിൽ അസൈക്ലൊവിർ മറന്നോ ഒക്കെ ഉപയോഗിക്കാം .
ഇതിൽ ആദ്യം പറഞ്ഞത് നേരത്തെ കൊടുക്കുന്നത് കൊണ്ട് അസുഖം വരാതെയും താൽക്കാലിക സുരക്ഷ കിട്ടും എന്നാൽ ഒരു പാട് വിലയുണ്ട് ഇതിനു .എന്ന് മാത്രമല്ല ഇന്ത്യയിൽ ഇപ്പൊ കിട്ടാൻ പ്രയാസം
ഒരു കാര്യം അപ്പോഴും ഓർക്കുക .
അമ്മക്ക് ഗൗരവതരമായ രീതിയിൽ ഇത് വരുന്നത് തടയാൻ ആവും
ഗർഭാവസ്ഥയോടൊപ്പം മറ്റെന്തെങ്കിലും കൂടി പ്രശ്നങ്ങൾ ഉള്ള അമ്മയുടെ ജീവൻ രക്ഷപ്പെടുത്താൻ ഇത് ഉപയോഗപ്പെടുത്താം
എന്നാൽ ഉള്ളിൽ കിടക്കുന്ന കുഞ്ഞിന് വൈറസ് ബാധിക്കുന്നതു തടയാൻ ഈ മരുന്നുകൾ ഫലപ്രദം അല്ല
അപ്പൊ പറഞ്ഞു വെക്കുന്നത് ഇതാണ്
ജന്മ വൈകല്യങ്ങൾ തടയണം എങ്കിൽ ഒരിത്തിരി ശ്രദ്ധയും മുൻകരുതലും വേണം
മുൻകരുതലുകളിൽ മിക്കവയും ഒരു ചിലവും ഇല്ലാതെ പറ്റും ,
എടുത്തു പറയേണ്ടുന്നത് റൂബെല്ല വാക്സിനെ കുറിച്ച് തന്നെ
എന്നാൽ ഇത്തിരി എങ്കിലും സാമ്പത്തിക ശേഷി ഉള്ളവർ കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾക്ക് ചിക്കൻ പോക്‌സിനെതിരെ പ്രതിരോധം നല്കാൻ ശ്രമിക്കണം
ഇത്രയ്മ് ചിലവുള്ള കുത്തിവെപ്പ് നമ്മുടെ സർക്കാരിന്റെ കൊക്കിൽ ഒതുങ്ങുന്നതല്ല
( വാക്സിൻ നിർമ്മാണ കമ്പനിക്കാരന് ലാഭം ഉണ്ടാക്കാൻ എഴുതിയ പോസ്റ്റ് ആണെന്ന് പറയുന്നോരു ഉണ്ടാവും .അവര് പറഞ്ഞോട്ടെ)
Comments
Post a Comment