ഹാലൂസിനേഷൻ

കാൽ നൂറ്റാണ്ടു മുൻപ് രാമായണം സീരിയൽ കഴിഞ്ഞും അതിലെ സീതയെ ടീവി സ്ക്രീനിനു പുറത്തും ജനം സീതയായി തന്നെ കണ്ടിരുന്നു കുറെ ഏറെ നാൾ. മലയാളത്തിൽ ആ പതിവ് എത്ര ഉണ്ടെന്നറിയില്ല , ദേവിയും ദേവനും ആയി വേഷം കെട്ടിയ അഭിനേത്രികൾക്കു പുറത്തിറങ്ങി മാർക്കറ്റിൽ ഒക്കെ വിഷമം കൂടാതെ പോവാൻ ആവുന്നുണ്ടോ അതോ അവിടെ അവരുടെ കാലു തൊട്ടു വന്ദിക്കുന്നുണ്ടോ എന്നും . ഇത് സിനിമാ താരങ്ങളുടെ കാര്യം . ഇങ്ങനെ ഒരു കാര്യത്തിൽ താരങ്ങൾ പാവം . അവരെ തെറ്റ് പറഞ്ഞു കൂടാ .
ഞാൻ പറയുന്നത് എന്റെ കാര്യം .ഇവിടെ കാര്യം നേരെ തിരിച്ചാണ്
എന്നെ പോലുള്ളവർ ആശുപത്രിക്കകത്തും ക്ലാസ് മുറികളിലും ഒക്കെ ഡോക്ടർ ആയും അദ്ധ്യാപകൻ ആയും സ്വയം തിരിച്ചറിയുകയും അതിനൊത്ത വിധം പെരുമാറുകയും വേണം എന്നത് ശരി . ആശുപത്രിയുടെ മതിലും ഗേറ്റും കടന്നു പുറത്തു പോയാൽ കഴുത്തിലെ സ്‌റ്റെതസ്കോപ്പ് അവിടെ തന്നെ ഉണ്ടെന്ന ഒരു ബോധം അറിയാതെ മനസ്സിൽ ഉറച്ചു പോവുന്ന ഒരവസ്ഥ ആരോഗ്യത്തിനു അത്ര നന്നാവുമോ ? കിരീടവും ചെങ്കോലും പരിവാരങ്ങളും സമേതം രാജവീഥികളിലൂടെ എഴുന്നള്ളുകയാണ് എന്നൊരു ബോധം ...തെരുവീഥികളിൽ എത്തുമ്പോഴെങ്കിലും ബോധം ഉണ്ടാവണം , അതുണ്ടാവാതെ പോവുന്നു ചിലപ്പോഴെങ്കിലും അത് കൊണ്ട് തന്നെ പലപ്പോഴും ഈ “സങ്കൽപ്പ രാജവീഥികളിൽ” വെച്ച് രാജ കൽപനകളും പുറപ്പെടുവിക്കും .രാജവീഥികൾക്കരികിലെ ഇരിപ്പിടങ്ങളിൽ കുഞ്ഞിനെ കുപ്പിപ്പാൽ കുടിപ്പിക്കുന്ന അമ്മമാരേ കണ്ട പാടെ രാജാവിന് കലി കയറും
“ ആരവിടെ . അമ്മിഞ്ഞ പാലിന്റെ മധുരം പിഞ്ചു കുഞ്ഞിന് നിഷേധിക്കുന്ന ഈ കശ്‌മലയുടെ കൈകളിൽ നിന്ന് ആ കുപ്പികൾ പിടിച്ചു വാങ്ങി വലിച്ചെറിയൂ , ഒപ്പം ഇത് നോക്കി നിൽക്കുന്ന അച്ഛൻ കശ്മലനെ മുക്കാലിയിൽ ഇട്ടു നൂറ്റി ഒന്നടി പാസ്സാക്കൂ “ ആശുപത്രി പരിസരങ്ങളിൽ എവിടെ എങ്കിലും ഒക്കെ ആണെങ്കിൽ .ജനകൂട്ടത്തിൽ ആരെങ്കിലും ഒക്കെ രാജാവിന്റെ ഈ ഹാലൂസിനേഷൻ തിരിച്ചറിയും . രാജാവിന്റെ ശരീരം കേടാവില്ല .എന്നാൽ പട്ടണത്തിൽ എവിടെ എങ്കിലുമോ മറ്റേതെങ്കിലും നാട്ടിൽ വെച്ചോ ഒക്കെ ഇതേ ഹാലൂസിനേഷന് വിധേയനായി ഈ കൽപ്പന പുറപ്പെടുവിച്ചു കുപ്പി പിടിച്ചെടുത്തു ,അടി വീഴും എന്ന അവസ്ഥ ആവുമ്പൊ രാജാവിന് സ്വയം വെളിവ് വന്ന അവസരങ്ങൾ ഏറെ . മാപ്പു പറഞ്ഞു കാലു പിടിക്കേണ്ടി വന്ന അവസരങ്ങൾ ഉണ്ടായില്ല ഇത് വരെ .
കുടുംബവും ആയി കടപ്പുറത്തു ചെന്നിരിക്കുമ്പോഴോ , അല്ലെങ്കിൽ വടക്കുന്നാഥന്റെ തേക്കിൻ കാടു മൈതാനിയിൽ കപ്പലണ്ടി കൊറിച്ചിരിക്കുമ്പോഴോ ഒക്കെ ഈ ഹാലൂസിനേഷന് വിധേയനായി അടി വീഴും എന്ന അവസ്ഥ ഉണ്ടായ ചില അവസരങ്ങൾ ഈയിടെ ഉണ്ടായി
ഈയിടെ കടപ്പുറത്തു ,കുടുംബം തിരയും നുരയും ആസ്വദിച്ചു കുത്തി മറിയുമ്പോ ഇത്തിരി അകലെ ഒരു കുഞ്ഞന്റെ നടപ്പിൽ ഒരു പന്തി കേടു തോന്നി . ഒരൊറ്റ വിരൽ പിടിച്ചു തിരയുടെ നനവ് കാലിൽ ഏറ്റു വാങ്ങി നടക്കുന്ന നടപ്പിൽ കാലിൽ ആവശ്യത്തിന് കൂടുതൽ വളവു തോന്നി . കണ്ടില്ലെന്നു നടിച്ചു കടലിലേക്കും അസ്തമന സൂര്യൻ പടിഞ്ഞാറു വരച്ചു വെച്ച പെയിന്റിങ്ങിലേക്കോ മനസ്സ് തിരിച്ചാൽ മതി
എന്ത് പറയാൻ . രാജാവിന് പ്രജകളുടെ കാര്യത്തിൽ അങ്ങനെ ഒരു നിലപാട് എടുക്കാൻ ആവുമോ . പൂഴി മണ്ണിൽ നിന്നെണീറ്റു പതിയെ അടുത്ത് കൂടി .അവരുടെ അടുത്തൂടെ അച്ചാലും മുച്ചാലും മൂന്നു നടത്തം . പിൻമാറുന്ന തിരകൾ ബാക്കിയാകുന്ന നുരകളും കുഴികളിലേക്കു ഒളിച്ചു പോവുന്ന ചെമ്പൻ ഞണ്ടു കുട്ടികളെയും നോക്കി , ഇടയിൽ ഒളി കണ്ണിട്ടു കുഞ്ഞിന്റെ കാലുകളും നടത്തവും . കാര്യം മനസ്സിലായി . കുഞ്ഞിന് റിക്കെറ്റ്സ് ആണ് . വിറ്റാമിൻ ഡി യുടെ കുറവ് കൊണ്ട് എല്ലുകൾ വളയുന്നു . നേരത്തെ തിരിച്ചറിഞ്ഞാൽ മുഴുവൻമാറ്റി എടുക്കാം . വൈകിയാൽ വൈകല്യം ആയി ഒരു ജീവിതം മുഴുവൻ .
അടുത്ത നാളുകളിൽ അട്ടപ്പാടിയിൽ നിന്ന് കൊണ്ട് വന്നൊരു കുഞ്ഞിന്റെ കാര്യം മനസ്സിൽ വന്നു . പോഷകങ്ങളുടെ കുറവ് എന്ന് നമ്മൾ പുസ്തകത്തിൽ പഠിച്ചിട്ടേ ഉള്ളൂ . അതൊക്കെ നേരിൽ കാണാനും അനുഭവിക്കാനും അട്ടപ്പാടിയിലെ ഊരുകളിലേക്കു ഊഴ്ന്നു ചെല്ലണം . കാലുകൾ വളഞ്ഞു എഴുന്നേറ്റു നില്ക്കാൻ ആവാത്തൊരു നാല് വയസ്സുകാരൻ
ഇവിടെ ഇടുന്ന പടങ്ങൾ എല്ലാം അവന്റെ ആണ് .പകൽ പോലെ സത്യം .




കാലുകൾക്കു വളവു , കൂടിയാൽ നിൽക്കാൻ ആവില്ല

വാരിയെല്ലുകൾക്കു വളവുണ്ടാവാം.നെഞ്ചും കൂടു കൂർത്തു വരാം കുഴിഞ്ഞു പോവാം
ഇങ്ങനെ ഒന്നും ഇവിടെ ഉണ്ടാവരുത് .രാജാവിന് പ്രജയുടെ കാര്യം അങ്ങനെ വിട്ടു കൊടുക്കാൻ മനസ്സ് സമ്മതിച്ചില്ല കയറി ഹെഡ് ചെയ്തു
‘ ഈ കുഞ്ഞിനെ ഇത് വരെ ആരെയും കാട്ടിയില്ലേ “?
ഉത്തരം ഒന്നും പറയാതെ ആയമ്മ ഇത്തിരി നേരം മുഖത്ത് നോക്കി നിന്ന് . ‘ഇയാൾക്ക് എന്ത് കുഴപ്പം ആണാവോ , ചേട്ടനെ വിളിക്കണോ ? ഏയ് കണ്ടാൽ ആൾ അത്ര കുഴപ്പക്കാരൻ ആണെന്ന് തോന്നുന്നില്ലാലോ , എന്തായാലും നോക്കാം “ സാറെന്താണ് ചോദിച്ചത് എന്ന് മനസ്സിലായില്ല “ ഡോക്ടർമാരെ ആരെയെങ്കിലും കാട്ടിയോ ?
ഇക്കുറി അവരുടെ മുഖത്തു വിടർന്ന ഭാവം , പുച്ഛം ആണോ അതോ അത്ഭുതമോ , എന്തായാലും കാര്യമാക്കാതെ തുടർ ന്നു .
“ കുഞ്ഞിന്റെ കാലിന്റെ വളവു ശ്രദ്ധിച്ചിരുന്നോ ? അത് ആരെയെങ്കിലും കാട്ടിയോ എന്നാണ് ചോദിച്ചത് ?”
"ഏയ് , അതവർക്ക് പാരമ്പര്യമായി ഉള്ളതാണ് , അച്ഛനും ഉണ്ടായിരുന്നു എന്ന് പറഞ്ഞു ഇവന്റെ അച്ഛമ്മ , അത് കൊണ്ട് കാര്യമാക്കിയില്ല “
ഇത്രയും വരെ സ്വയം ആരെന്നു വെളിപ്പെടുത്താതെ കുഞ്ഞിന്റെ കുറ്റം പറയുന്ന ഒരാൾക്ക് നേരെ മോശമായി ഒന്നും പറയാത്ത ആയമ്മയോടു ബഹുമാനം തോന്നി .
“ അങ്ങനെ അല്ല. ഇത് ചികിത്സ ആവശ്യമുള്ളതും മുഴുവനായി ചികിൽസിച്ചു മാറ്റാവുന്നതും ആണ് അടുത്ത ദിവസം ആശുപത്രിയിൽ കൊണ്ട് വരണം “
കഥ സന്തോഷ പര്യവസായി ആയി .ഇപ്പോഴും ഫോള്ളോ അപ്പിൽ ഉണ്ട് .
തല്ലു വീണു വീണില്ല എന്ന അവസ്ഥയിൽ കഷ്ടിച്ചു രക്ഷപ്പെട്ട ഒരനുഭവം ഒരാറു മാസം മുൻപ് .
നെഹ്‌റു പാർക്കിൽ മാധവനും ഒപ്പം പോയതാണ് . അവൻ സ്ലൈഡുകളിൽ നിന്ന് ഊഴ്ന്നിറങ്ങുന്നു ഇടയ്ക്കു മീനിന്റെ വായിലൂടെ കയറുന്നു വാലിലൂടെ ഇറങ്ങുന്നു , ബഹളങ്ങൾ ആസ്വദിച്ചു സിമന്റു ബെഞ്ചിൽ ഇരിക്കുമ്പോ കണ്ണിൽ പെട്ടൊരു പെൺകുട്ടിയും അമ്മയും ,കളികളിൽ ഒന്നും പങ്കെടുക്കാതെ എല്ലാം നോക്കിയിരിക്കുന്നു . ഒൻപതു വയസ്സ് കാണും ( കുഞ്ഞുങ്ങളെ കണ്ടു കണ്ടു വയസ്സും തൂക്കവും ഒക്കെ ഗ്രാം കണക്കിന് നോക്കി പറയാൻ ആവുന്നു എന്നത് ചില്ലറ കാര്യം അല്ല . പിള്ളാർക്ക് അത്ഭുതം തോന്നും , അത്ഭുതപ്പെടാൻ ഒന്നുമില്ല പുലരും മുതൽ അന്തിയാവും വരെ “ ചെരുപ്പ് കുത്തിക്കൊണ്ടിരിക്കുന്ന ചെരുപ്പ് കുത്തിക്കു ചെരിപ്പിന്റെ കുറ്റവും കുറവും അറിയാതിരിക്കുവോ ? കുഞ്ഞിന് എന്തോ ഒരു കുഴപ്പം ഉണ്ടോ ? സിമന്റു ബെഞ്ചിൽ ഇരിപ്പുറച്ചില്ല . എണീറ്റ് നടത്തം ആ വഴിയാക്കി , നാല് തവണ ചാല് വെച്ചപ്പോ മനസ്സിലായി . ഡൌൺ സിൻഡ്രോം കുഞ്ഞു .

എന്നെയും ഒപ്പം കൂട്ടുവോ കളിയ്ക്കാൻ, പഠിക്കാനും
ഇങ്ങനെ അച്ചാലും മുക്കാലും മുൻപിലൂടെ നടക്കുമ്പോ തന്നെ അമ്മയുടെ മുഖത്ത് ഈർഷ്യ ഉണ്ടായോ , കാര്യമാക്കിയില്ല
സ്ഥിരം നമ്പർ തന്നെ അവിടെയും പ്രയോഗിച്ചു
“കുഞ്ഞിനെ ആരെയാണ് കാട്ടുന്നത് “?
“ നിങ്ങൾ എന്താണ് പറയുന്നത് ?
മുഖത്തു ഇഷ്ടക്കേട് വായിച്ചു
“ ഡോക്ടറെ കാണിക്കുന്നതിനെ കുറിച്ചാണ് .”
“-----” ആശുപത്രിയിലെ ഡോക്ടറെ കാട്ടുന്നുണ്ട് കുഞ്ഞിന്റെ ഹാർട്ടിന് വേണ്ടി “
അതും പറഞ്ഞു അവര് വശത്തേക്ക് കണ്ണുകൾ പായിച്ചു , ദൂരെ നിൽക്കുന്ന കുഞ്ഞിന്റെ അച്ഛനെ കൈ കാട്ടി വിളിച്ചു
“ കുഞ്ഞിന് മറ്റെന്തെങ്കിലും പ്രശ്നം ഉള്ളതായി ഡോക്ടർ പറഞ്ഞിരുന്നോ , ഏതു സ്‌കൂളിൽ ആണ് ഇപ്പൊ പഠിപ്പിക്കുന്നത് ?
“ കുഞ്ഞിന് എന്ത് പ്രശ്നം ഉണ്ടെന്നാണ് നിങ്ങൾ പറയുന്നത് . കുഞ്ഞു നാലാം ക്ലാസ്സിൽ പഠിക്കുന്നു , ചേട്ടാ ഇയാൾ വെറുതെ എന്തൊക്കെയോ വന്നു ചോദിക്കുന്നു .
ചേട്ടൻ ശരിക്കും കണ്ണ് തുറിച്ചൊന്നു ഉഴിഞ്ഞു നോക്കി എന്നെ .നിന്ന നിൽപ്പിൽ പെടുത്തു പോയില്ല ഭാഗ്യത്തിന് . എന്തായാലും എന്റെ നേരെ കൈ ഉയർത്താതെ കുഞ്ഞിന്റെ കയ്യും പിടിച്ചു ….” വാടീ പോവാം “.. ഓരോരോ അലവലാതികൾ, ശല്യങ്ങൾ എന്ന് കൂടി കൂട്ടി ചേർത്തോ ?
മാർച്ച് ഇരുപത്തി ഒന്നിന് നമ്മൾ ഡൌൺ സിൻഡ്രോം ദിനം ആയി ആചരിക്കുന്നു . ഈ അനുഭവത്തിനു ഏറെ പ്രസക്തി ഉണ്ട് .
മേലെ പറഞ്ഞ അനുഭവത്തിൽ ആ രക്ഷിതാക്കളോട് എനിക്ക് വിരോധം തോന്നിയില്ല , അവരെ അറിയുന്ന ആരെങ്കിലും ഇക്കാര്യത്തിന്റെ സത്യം അവർക്കു പറഞ്ഞു കൊടുത്തിരുന്നെങ്കിൽ .
കുഞ്ഞിന് ഹൃദയത്തിന്റെ അസുഖം ഉണ്ടെന്നും അവരുടെ കാര്ഡിയോളജിസ്റ് ഡോക്ടർ എക്കോ ടെസ്റ്റ് ചെയ്തു മനസ്സിലാക്കി . അദ്ദേഹത്തെ മാത്രം കാണിച്ചു കൊണ്ടിരിക്കുന്നു , മറ്റാരെയും കാട്ടാതെ , മറ്റാരിലും വിശ്വാസം അർപ്പിക്കാതെ . ഇവിടെ ഞാൻ കുറ്റം പറയുന്നത് നമ്മുടെ ഇന്നത്തെ രീതികളെ ആണ് . എല്ലാം സ്പെഷ്യലിസ്റ്റുകൾ കാണണം , സ്പെഷ്യലിസ്റ്റുകൾ ആകെ കാണുന്നത് രോഗിയുടെ അവയവങ്ങൾ , അതിനപ്പുറം കാണുന്ന കണ്ണുകൾ അവർക്കു നഷ്ട്ടപ്പെട്ടു പോവുന്നു ഒരു മേഖലയിൽ കൂടുതൽ വൈദഗ്ദ്യം നേടുമ്പോ . മുന്നിലിരിക്കുന്ന കുഞ്ഞിന്റെ ഡൌൺ സിൻഡ്രോം കാണാതെ അതോടൊപ്പം ഉള്ള ഹൃദയ വൈകല്യത്തെ മാത്രം കണ്ടു , അതിന്റെ ചികിത്സ മാത്രം നടത്തി എന്തെ ഉത്തരവാദിത്വം കഴിഞ്ഞു എന്ന നിലപാടെടുക്കുന്ന സ്പെഷ്യലിസ്റ്റുകൾ ഇവിടെ വേണ്ട .( ഇത്രയും കാലം കൊണ്ട് ഏതെങ്കിലും ഒരു കാര്യത്തിൽ സ്പെഷ്യലിസ്റ് ആയില്ല എന്ന അപകർഷത ഉള്ളത് കൊണ്ടോ, വിദഗ്ധരോടുള്ള അസൂയ കൊണ്ടോ അല്ല ഇപ്പറഞ്ഞത് .ഈ കുഞ്ഞിന്റെ ജനന സമയം തൊട്ടു ഇങ്ങനെ ഒരു കാര്യം തിരിച്ചറിഞ്ഞു ആ അവസ്ഥ അപ്പാടെ അംഗീകരിക്കാനും രക്ഷിതാക്കളെ സജ്ജമാക്കേണ്ട ഉത്തരവാദിത്വം എന്നെ പോലെ ഉള്ള ഡോക്ടര്മാര്ക്കാണ് . അവിടെ പിഴച്ചു
പിന്നീട അങ്ങോട്ട് കുട്ടിക്ക് ഒപ്പം കാണുന്ന ശാരീരിക പ്രശ്നങ്ങൾ ഒന്നൊന്നായി കണ്ടു പരിഹരിക്കണം . അവിടന്നങ്ങോട്ട് കൂട്ടായ ശ്രമങ്ങളിലൂടെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് അവരെയും കൂട്ടണം നമ്മൾ .
വിദഗ്ദ്ധർക്കും പിഴച്ചു പോവുന്നു

Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി