'അമ്മ

Image result for mother AND kerala AND painting

ഇന്ന് അമ്മദിനം
പണ്ടൊന്നും ഇങ്ങനെ ദിനാചരണങ്ങൾ ഇല്ലായിരുന്നു .
ജീവിതത്തിനു തിരക്ക് കൂടുമ്പോ എപ്പോഴെങ്കിലും ഒക്കെ ഈ ഓർമ്മകളിലേക്ക് ഒരു തിരിച്ചു പോക്ക് നല്ലത് തന്നെ '
കണ്ണടച്ച് ,കാലത്തെ പുറകോട്ടു തിരിച്ചു ചെന്നെത്തുന്നതൊരു തുണിത്തൊട്ടിലിൽ .ആട്ടലിന്റെ താളമോ പതിഞ്ഞ താരാട്ടിന്റെ ഈണമോ വിരലുറിഞ്ചി പാതി മയക്കത്തിലേക്ക് വീണ സ്വപ്നമോ ഏതാണ് കൂടുതൽ മധുരം ?
ഇപ്പൊ ഓർക്കുമ്പോ എല്ലാറ്റിനും മധുരം .
നിങ്ങൾ എല്ലാരേയും പോലെ , ആ മധുരം ഞാനും പങ്കു വെക്കുന്നു
അറിവുകൾ നേടി നേട്ടത്തിന്റെ പടികൾ എണ്ണിയെണ്ണി ഓരോരോ മേഖലയിലേക്ക് കയറിപ്പോയാൽ പിന്നെ മിക്കവരും ഈ 'അമ്മ മനസ്സ് ഓർക്കുന്നതും കാണുന്നതും തീരെകുറവു
എന്നെ സംബന്ധിച്ച് ബാല്യ കൗമാരങ്ങളും കഴിഞ്ഞു ചവിട്ടി കയറി പോയ പടികൾ വീണ്ടും അതെ വഴിയിലേക്ക് തന്നെ ചക്രം തിരിഞ്ഞു വരും എന്ന് അറിഞ്ഞിരുന്നില്ല
.ഏതോ നിയോഗം പോലെ വന്നെത്തിയത് വീണ്ടും തൊട്ടിലുകളുടെ ഇടയിലേക്ക് താരാട്ടുകളുടെ ഇടയിലേക്ക് പാൽപ്പല്ലുകൾ കാട്ടിയുള്ള ചിരിയുടെ ഇടയിലേക്ക് .
അന്ന് തൊട്ടിങ്ങോട്ട് തൊട്ടറിഞ്ഞ 'അമ്മമനസ്സുകൾ ഒരു പാട്
അതിൽ വേറിട്ട ഒരു പാടനുഭവങ്ങൾ
അതിൽ ചിലതു ഓർമ്മയിൽ തങ്ങി നിൽക്കുന്നവ ഓർത്തെടുക്കുകയാണ് .
തൃശൂരുകാർക്കു പൂരവും പുത്തൻപള്ളിയും പോലെ മനസ്സിൽ നിൽക്കുന്ന ചില രൂപങ്ങൾ ഉണ്ട് .
അതിലൊന്ന് തീറ്റ റപ്പായിയുടെ ,
പിന്നെ തോളിൽ ഒരു മാറാപ്പും സോഡാക്കുപ്പി കണ്ണടയും വെച്ച് താടിയും തടവി നടന്നു പോവുന്ന നവാബ് രാജേന്ദ്രനെ .
മൂന്നാമതൊരു അമ്മയും മകനും .
റൗണ്ടിന് ചുറ്റിൽ എവിടെ എങ്കിലും ഇരുന്നോ നടന്നോ കാണുന്ന തല നരച്ച രണ്ടു ആൾക്കാർ . രണ്ടു പേർക്കും വയസ്സ് കൂടുതൽ ആയതു കൊണ്ട് തമ്മിൽ ഉള്ള ബന്ധം അറിയില്ലായിരുന്നു . പിന്നെ ആണറിഞ്ഞത് ബുദ്ധിമാന്ന്യം ഉള്ളൊരു മകനും അവനൊപ്പം വീട് വിട്ടിറങ്ങിയ ഒരു പട്ടമ്മാളും . നല്ല നിലയിൽ ഏറെ വിദ്യാഭ്യാസം ഉള്ളവർ ആയിരുന്നു എന്നൊക്കെ . തൃശൂരിന്റെ സ്ഥിരം കാഴ്ച എപ്പോഴോ ഇല്ലാതെ ആയി.
ബുദ്ധിമാന്ന്യവും ചുഴലിയും ഉള്ള മകൻ പോകുന്നിടത്തെല്ലാം നിഴല് പോലെ പോയി ,മറഞ്ഞു പോയൊരു ജന്മം .

*************************************************
തൊണ്ണൂറ്റി ആറിന്റെ അവസാന നാളുകളിൽ . അന്ന് തിരുവനന്തപുരം എസ എ ടി യിൽ ( മെഡിക്കൽ കോളേജിന്റെ 'അമ്മ കുഞ്ഞു വിഭാഗം ) .
രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മിക്കപ്പോഴും ആസ്പത്രിയിൽ തന്നെ .കാര്യം കുഞ്ഞു കുട്ടി പരാധീനങ്ങൾ ഒക്കെ തൃശൂരിൽ ,ഉറങ്ങാൻ മാത്രമായി ആവും ഹോസ്റ്റലിൽ പോവുന്നത് . പഠിപ്പിക്കുന്നതിലേറെ പഠിക്കാൻ ചിലവഴിച്ചു .
ആയിടക്കൊരമ്മ , മുപ്പത്തഞ്ച് വയസ്സ് കാണും . മൂന്നു മാസം പ്രായമുള്ളൊരു കുഞ്ഞിനേയും കൊണ്ട് വന്നു .ന്യുമോണിയ ആയിരുന്നു എന്നാണോർമ്മ .കിടത്തി നാല് നേരം ഇൻജെക്ഷൻ .
. മിക്കപ്പോഴും കാലത്തു മാത്രമല്ല വൈകുന്നേരങ്ങളിലും കാണും .
കാലത്തു ധൃതി പിടിച്ചു പെട്ടെന്ന് കാര്യങ്ങൾ തീർക്കുന്നതിനിടയിൽ അറിയുന്നതിനെക്കാൾ വൈകുന്നേരത്തെ വഴിയിൽ വെച്ചുള്ള കണ്ടുമുട്ടലിനും കുശലത്തിനിടയിലും ഒക്കെ ആണ് മനസ്സ് തുറന്നു വരുന്നത്.
അടുത്ത് ചെന്നൊരു ചിരിയിൽ, കുഞ്ഞിന്റെ തലയിൽ തൊട്ടൊരു ചോദ്യം കഴിയുമ്പോ കാലത്തു പറയാൻ വിട്ടു പോയതൊക്കെ അണമുറിയാത്ത ഒഴുകി വരും . ചെവി കൊടുത്തു ഒപ്പം നില്ക്കാൻ ഇത്തിരി നേരം വേണമെന്ന് മാത്രം .
പരിശോധിച്ച് നോക്കിയപ്പോ ന്യുമോണിയ മാത്രമല്ല തല ഇത്തിരി വലിപ്പക്കൂടുതൽ ,ബുദ്ധി വികാസം വേണ്ടത്ര ഇല്ല എന്ന് കണ്ടപ്പോ രോഗ വിവരം ഇത്തിരി കൂടി ചുഴിഞ്ഞറിയണമായിരുന്നു .
Image result for hydranencephaly
“ എപ്പോഴാണ് പ്രസവിച്ചത് ?”
“പ്രസവിച്ച ഉടനെ കരഞ്ഞോ ?”
“തൂക്കം എത്ര ഉണ്ടായിരുന്നു ?” ഓരോ ചോദ്യത്തിനും ഉത്തരം വേണം , എന്ത് കൊണ്ടിങ്ങനെ എന്നറിയാൻ.
പറഞ്ഞ ഉത്തരങ്ങൾ എങ്ങും തൊടാതെ . ഒന്നിനും ശരിയായ ഉത്തരം കിട്ടിയില്ല .
ഒരു പാട് നേരം മുഖത്തേക്ക് നോക്കിയാ ശേഷം , പറഞ്ഞു
“ സാറിനോട് കള്ളം പറയാൻ ആവുന്നില്ല . ഈ കൊച്ചിന് കുഴപ്പം മാറാനും കൂടിയല്ലേ .ഇതെന്റെ കൊച്ചല്ല സാറേ .
നല്ല ആരോഗ്യമുള്ള ഞങ്ങള് രണ്ടാളും ഒപ്പം ആയിട്ടു പതിനാലു വര്ഷം . . രാവന്തിയോളം കൂലിപ്പണിയും ചെയ്തു കിട്ടുന്നത് വെച്ച് കുടിച്ചു പുറമ്പോക്കിൽ മറ്റുള്ളോരെക്കാളും സന്തോഷമായി കഴിഞ്ഞു. നാലഞ്ചു വര്ഷം വരെ കാത്തു ഒരുണ്ണി ഉണ്ടാവുന്നില്ല , കാണിച്ചപ്പോ ആണറിഞ്ഞത് കുഞ്ഞുങ്ങൾ ഉണ്ടാവാൻ പാടാണെന്നു . ആർക്കാണ് കുഴപ്പം എന്നത് ചോദിച്ചില്ല. അങ്ങനെ ഒന്നില്ലാതെ കുറവ് ഇല്ലാതെ എന്നെ നോക്കി , ഞാൻ അങ്ങോട്ടും
(“ നീയെനിക്കു മോനായി , ഞാൻ നിനക്ക് മോളായി “ എന്ന ശ്രീകുമാരൻ തമ്പിയുടെ വരികൾ ആണോർത്തത് )
നാല് മാസം മുൻപൊരു കൊച്ചിനെ കിട്ടി , കൊണ്ട് കളയാൻ പോകുവാരുന്നു. ആരാ എന്താന്ന് സാറ് ചോദിക്കരുത് "
.
ഒന്നും ചോദിച്ചില്ല.
പിന്നീടുള്ള ദിവസങ്ങളിൽ പരിശോധനകൾ ഒന്നൊന്നായി നടന്നു . തലയുടെ വലിപ്പം വെറുതെ അല്ലായിരുന്നു . തലച്ചോറിന്റെ മേലെത്തെ ഭാഗം അപ്പാടെ വെള്ളം .ഹൈഡ്രാണെൻസെഫാലി എന്ന് പറയും. തലച്ചോറിന്റെ കുട ആയ സെറിബ്രം ഒട്ടുമേ വികസിച്ചിട്ടില്ല. ഈ കൊച്ചു ഒരിക്കലും നോർമൽ ആവില്ല . ജീവിതം മുഴുവൻ ബുദ്ധിമാന്ന്യം , ചിലപ്പോ ഇരിക്കാനോ നടക്കാനോ പോലും സാധ്യത ഇല്ല .
എല്ലാം സാവകാശം പറയാൻ ഒരു വൈകുന്നേരം ആണ് കിട്ടിയത്
ആറ്റു നോറ്റു കാത്തിരുന്നു കിട്ടിയ കനിയാണ് . ഇതിനു ചുറ്റും ഒരു പാട് സ്വപ്നം നെയ്തു കൂട്ടുന്ന രണ്ടു പാവങ്ങൾ .
എല്ലാം പറഞ്ഞു . പതിയെ , ആദ്യത്തെ ഞെട്ടലിനു ശേഷം നീണ്ട മൗനം .ന്യുമോണിയ മാറി പിറ്റേന്ന് പോവുമ്പോ ഒരു നോട്ടം മാത്രം .
ദിവസത്തിന്റെ പേജൊന്നു മറിയുമ്പോ പുതിയ കഥകൾ . ഒരു പാട് പേജ് മറഞ്ഞു പോയി , ഈ കഥയും
ഒരാറു മാസം കഴിഞ്ഞൊരു ഒപിയിൽ , എവിടെയോ കണ്ടു മറന്നൊരു മുഖം. കയ്യിൽ വില്ലു പോലെ വളഞ്ഞൊരു കുഞ്ഞിനേയും പിടിച്ചു . കുഞ്ഞിന്റെ കാലിലും കയ്യിലും ആകെ നീര് വന്നു വീർത്തിരിക്കുന്നു . എന്നെ കണ്ട സന്തോഷം കൊണ്ട് ആ നിമിഷത്തിലും അവർ ചിരിച്ചു .
അഡ്മിറ്റ് ആയി വീണ്ടും.
ഒരു കാര്യം മനസ്സിലായി, കൂനിന്മേൽ കുരു എന്ന് കേട്ടിട്ടേ ഉള്ളൂ. ഈ കുഞ്ഞിന് കിഡ്നിയുടെ തകരാറു കലശൽ .ബുദ്ധി വികസിച്ചില്ല എന്ന് മാത്രമല്ല അതോടൊപ്പം ഉള്ള മിക്ക കോമ്പ്ലികേഷനുകളും ഒപ്പം.
കണ്ട സ്വപ്‌നങ്ങൾ പൂവണിഞ്ഞില്ല എന്ന് മാത്രമല്ല , കഷ്ടപ്പാട് മാത്രം ചോദിച്ചു വാങ്ങിയ പോലെ .
രണ്ടു പേരെയും കണ്ടു സംസാരിച്ചു.
“ എങ്ങനെ ആണ് ജീവിതം “
"സാർ , രണ്ടു പേരും ജോലിക്കു പോയിരുന്നിടത് ഇപ്പൊ ഞാൻ പോകുന്നു. മരുന്നുകൾ വാങ്ങാനും ജീവിക്കാനും അത് മതി “
കുഞ്ഞു ഇല്ലാതെ ആയിട്ടുണ്ടാവും അല്ലെങ്കിൽ ചിലപ്പോ ഗതി കേടു കൊണ്ട് അവര് ഉപേക്ഷിച്ചു കാണും എന്നൊക്കെ കരുതിയ എനിക്ക് തെറ്റി .
ഇതിനെ കുളിപ്പിച്ച് പൊട്ടു തൊട്ടു മുടി ചീകി വെച്ച് പൊന്നു പോലെ നോക്കുന്നു. ഒരു ദിവസം ജോലിക്കു പോയില്ലെങ്കിൽ എല്ലാരും പട്ടിണി .എന്നിട്ടും
ഇനി അങ്ങോട്ട് ബുദ്ധി വികാസത്തിന്റെ സാധ്യത തീരെ കുറവായ കുഞ്ഞിന് ഇപ്പൊ ഉണ്ടായിരിക്കുന്നത് അതിലേറെ വലിയ പ്രശ്നം. ഭാരം ചുമന്നു ചുമന്നു തളർന്നവർക്കു ഇനി ?
ഇപ്പോഴത്തെ കാര്യം പറഞ്ഞു. "
ഇത് ചികിൽസിക്കാനും ഇത്തിരി ബുദ്ധിമുട്ടാണ്. വേണോ ? "
“വേണം സാർ എങ്ങനെ എങ്കിലും “ കടം തന്നു സഹായിക്കാൻ ആരെങ്കിലും ഉണ്ടാവും
വേണ്ടി വന്നില്ല ,
അധിക നാൾ കഴിയും മുൻപ് കിഡ്നിയുടെ അസുഖത്തിന് കുഞ്ഞു അടിപ്പെട്ടു
നിസ്സാരനായ ഞാൻ മനസ്സിൽ പറഞ്ഞു .
“ നന്നായി “
ആ 'അമ്മ ഒരിക്കൽ പോലും മനസ്സിൽ ഒരു നിമിഷം പോലും അങ്ങനെ കരുതിയിട്ടുണ്ടാവില്ല .
*************************************************************************
രണ്ടായിരത്തി പതിനഞ്ച് , ഒരു ഔദ്യോഗിക ആവശ്യത്തിന് സ്റ്റേറ്റിന് പുറത്തായിരുന്നു . മെഡിക്കൽ കോളേജിൽ നിന്നൊരു ഫോൺ.
“ ഇവിടെ ആകെ പ്രശ്നങ്ങൾ ആണ്. നവജാത ശിശു വിഭാഗത്തിൽ അമ്മക്കൊപ്പം കിടന്നിരുന്ന ഒരു കുഞ്ഞു മിസ്സിംഗ് . ആകെ പോലീസും പട്ടാളവും . മാധ്യമങ്ങളും കാമറയും രാഷ്ട്രീയക്കാരുടെ വിളിയും.
വലിയ പേര് ദോഷം ഒന്നും കേൾപ്പിക്കാതെ പോകുകയായിരുന്നു ഇവിടം.
അത് ആകെ കുളമാവുമല്ലോ എന്നോർത്ത് .
രണ്ടു ദിവസം കഴിഞ്ഞേ തിരിയെ എത്തിയുള്ളൂ.
അപ്പോഴേക്കും കാറ്റും കോളും അടങ്ങിയിരുന്നു .
കള്ളനെ / കള്ളത്തിയെ കയ്യോടെ പിടികൂടിയിരുന്നു .
വേറെ എവിടയേയും അല്ല , നവജാത ശിശുക്കളെ കിടത്തിയിരുന്നിടത്തല്ല . അമ്മമാർ കിടക്കുന്നിടത്ത് .
ഒരു പാട് നാൾ കുഞ്ഞില്ലാതെ കിട്ടിയ കുഞ്ഞു . കുഞ്ഞിന് മഞ്ഞപ്പിത്തവും തലച്ചോറിന് പ്രശ്നവും ആയി ഒരു പാട് നാൾ കിടക്കുന്നു. ഒരു ചലനവും ഇല്ലാതെ .
ഡോക്ടർമാർ ചർച്ച ചെയ്യുന്നതിനിടയിൽ ആണ് കേട്ടത്. രക്ഷപെടാൻ സാധ്യത തീരെ കുറവ്. കിട്ടിയാലും നോർമൽ ആവില്ല “
അന്ന് അഡ്മിറ്റ് ആയ മറ്റൊരു കുഞ്ഞിനെ എടുത്തു ആരും കാണാതെ പുറത്തേക്കു . വരാന്തയിൽ നെഞ്ചോട് ചേർത്ത് മുലയൂട്ടി കിടന്നു. ഇത്രയും കോലാഹലം ഉണ്ടായപ്പോഴും അവര് രണ്ടു പേരും ഒന്നും അറിയാതെ അമ്മയും ഉണ്ണിയും ആയി .
അന്വേഷണവും , കുറ്റവാളിയെ കണ്ടെത്തലും ഒക്കെ ശാസ്ത്രീയമായി തന്നെ നടന്നു.
കുഞ്ഞിനെ തിരിയെ ഏൽപ്പിക്കുമ്പോഴും അമ്മയുടെ മുഖത്തു കുറ്റം ചെയ്തയാൾ എന്ന ഭാവം അല്ലായിരുന്നു .
മനസ്സില്ല മനസ്സോടെ കുഞ്ഞിന്റെ മുഖത്തേക്ക് ഉറ്റു നോക്കി തിരിയെ ഏൽപ്പിക്കുമ്പോഴും അവരിൽ അമ്മയുടെ ഭാവം മാത്രം നിറഞ്ഞു നിന്നു

Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി