പ്രതിരോധം . ഹെപ്പറ്റൈറ്റിസ് ബി

ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് പറയാൻ ആർക്കാണ് ധാർമികമായ അവകാശം ? ഒരു പാട് കാലം ആ വിഷയത്തിന്റെ പുറകെ നേരവും മനസ്സും അർപ്പിച്ച ഒരാൾ? അതെ . അക്കാര്യത്തിൽ സംശയം ഇല്ല.
അപ്പൊ ആ വിഷയത്തിന് പാത്രീഭൂതൻ ആയ ഒരാളോ ? മനസ്സും ശരീരവും കൊണ്ട് ആ വിഷയം ഉൾക്കൊണ്ടു അനുഭവിച്ച അനുഭവസ്ഥൻ ? അയാൾക്കും ഒരു പക്ഷെ ഇങ്ങനെ ഒരു അവകാശ വാദം ഉന്നയിക്കാം എന്ന് തോന്നുന്നു .
എൺപതുകളുടെ അവസാനം .തൃശൂർ മെഡിക്കൽ കോളേജിൽ അദ്ധ്യാപനം തുടങ്ങിയ നാളുകൾ .മനസ്സിനും ശരീരത്തിനും ഒരു പോലെ ചെറുപ്പം . ഇവിടത്തെ ആദ്യ ബാച്ച് വിദ്യാർത്ഥികൾ ഹൌസ് സർജൻ ആയ നാളുകൾ . സാറാര് കുട്ടികൾ ആര് എന്ന് തിരിച്ചറിയാത്ത വിധം സൗഹൃദം പങ്കിട്ട നാളുകൾ . ഉള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കാര്യങ്ങൾ ഓരോന്നും ചെയ്യാൻ എല്ലാരും ഒപ്പത്തിനൊപ്പം .
ആയിടക്ക് നേരിയ പനിയും വിശപ്പില്ലായ്മയും അനുഭവപ്പെട്ടു .കുറെ ഏറെ നാൾ അതത്ര കാര്യമായി എടുത്തില്ല. ഭക്ഷണം പുറത്തു ഹോട്ടൽ നിന്നായതു കൊണ്ടാവും എന്ന് കരുതി .ഒരു ദിവസം റൗണ്ടസ് എടുത്തു കൊണ്ടിരിക്കുമ്പോ Ramdas Pozhath,
“സാർ ഒന്ന് വെളിച്ചത്തിലേയ്ക്കു നീങ്ങി നില്ക്കു , കണ്ണൊന്നു നോക്കട്ടെ “. ഇവിടെ വിദ്യാർത്ഥിയും അദ്ധ്യാപകനും പരസ്പരം സ്ഥാനം വെച്ച് മാറി . കണ്ണുകളിലെ മഞ്ഞപ്പു അപ്പോഴാണ് അറിയുന്നത് .
രക്ത പരിശോധനകൾ ഒരു സംശയവും ഇല്ലാതെ പറഞ്ഞു . “ഹെപ്പറ്റൈറ്റിസ് ബി “. ഇതെങ്ങനെ കിട്ടി എന്നതിന് ഏറെ ഒന്നും ആലോചിക്കേണ്ടി വന്നില്ല. ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവ് കുട്ടികൾ ഒന്നും രണ്ടും മാസം കൂടുമ്പോ ഒരെണ്ണം ഉണ്ടാവും . അന്ന് ഇന്നത്തെ പോലെ ഡിസ്പോസിബിൾ സിറിഞ്ചു ഒന്നും ഇല്ല. സ്റ്റീലിന്റെ സ്റ്റെറിലൈസറിൽ വെള്ളം തിളക്കും അതിൽ കുറെ ഗ്ലാസ് സിറിഞ്ചും, കുറെ സൂചികളും. അതിൽ പലതും മൂർച്ച പോയത് . അതെടുക്കുമ്പോൾ പലപ്പോഴും കൈകളിൽ കയറും . എന്റെ മാത്രം അശ്രദ്ധ കൊണ്ടല്ല . സിസ്റ്റർമാരിൽ പലരുടെയും കൈകളിൽ ഒരു കുത്തെങ്കിലും കൊള്ളാതെ ഡ്യൂട്ടി കഴിഞ്ഞു പോവുന്നവർ കുറവ് . അന്നത്തെ പ്രൊഫെസ്സർ കുര്യൻ തോമസ് സാർ സഹപ്രവർത്തകൻ നാരായണദാസിനെ ഒപ്പം കൂട്ടി പറഞ്ഞയച്ചു കോഴിക്കോട്ടേക്ക് . അവിടെ അലൂമ്നി വാർഡിൽ ഒന്നര മാസം . വെറും രോഗി എന്ന് പറഞ്ഞു കൂടാ . ഏതു നിമിഷവും ചിലപ്പോ തട്ടിപ്പോവാൻ സാധ്യത ഏറെ ഉള്ള ഒരു രോഗി . ആ നാളുകളിൽ മറ്റൊരു വാർത്ത അവിടെ കൂടിയിരുന്നവർ ഞാൻ കേൾക്കാതെ പറയുന്നത് എന്റെ ചെവിയിൽ എത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു ഡോക്ടർ ഹെപ്പറ്റൈറ്റിസ് ബി ക്കു അടിയറവു പറഞ്ഞു . പിന്നീട് എത്രയോ (വര്ഷങ്ങള്ക്കു ശേഷം ഞാൻ അറിഞ്ഞു എന്റെ സുഹൃത്തു GR Santhosh Kumar ൻറെ സഹപാഠി ആയിരുന്നു എന്നത് ). എന്ത് കൊണ്ടോ ഹെപ്പറ്റൈറ്റിസ് അത്തവണ എന്നെ ഒഴിവാക്കി തിരിയെ പോയി . മൂന്നു മാസം കഴിഞ്ഞു പരിശോധനയിൽ ഹെപ്പറ്റൈറ്റിസ് ആന്റിജൻ നെഗറ്റീവ് ആയി . അതായത് കാരിയർ സ്റ്റേറ്റ് /സ്ഥിര വാഹകൻ ആയില്ല

വാക്സിനുകളെ കുറിച്ച് .

അ ന്ന് വാക്സിൻ ഉണ്ടോ , എവിടെ കിട്ടും എന്ന തിരച്ചിൽ ഒരു പാട് നടത്തി .ഏറെ പണിപ്പെട്ടു തിരുവനന്തപുരത്തു നിന്നും ആണ് കിട്ടിയത് , എൻജെറിക്സ് ബി , ഒരു ഡോസിന് അഞ്ഞൂറ് രൂപക്കടുത്തു ആയി എന്നാണോർമ്മ .

റികോമ്പിനൻറ് ഡി .എൻ. എ ടെക്‌നോളജി
എൺപതുകളുടെ തുടക്കത്തിൽ ഹെപറ്റൈറ്റിസിനെതിരെ കുത്തിവെപ്പുകൾ ഉണ്ടായി തുടങ്ങിയ നാളുകളിൽ പ്ലാസ്മയിൽ നിന്ന് ഉണ്ടാക്കിയ കുത്തിവെപ്പുകൾ ആയിരുന്നു . എൺപതുകളുടെ അവസാനം ആവുമ്പോഴേക്കും തികച്ചും വ്യത്യസ്തം ആയൊരു രീതിയിൽ വാക്സിനുകൾ ഉണ്ടാക്കാൻ തുടങ്ങി. അന്ന് എയ്ഡ്സ് രോഗത്തെ കുറിച്ച് ആളുകൾ പേടിച്ചു തുടങ്ങിയ നാളുകൾ ആയതു കൊണ്ട് പ്രത്യേകിച്ചും പ്ലാസ്മയിൽ നിന്ന് ഉണ്ടാക്കിയ വാക്സിനുകൾ അങ്ങനെ തന്നെ നാമാവശേഷം ആയി
  • ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധത്തെ കുറിച്ച് പറയും മുൻപ് അതിനു വേണ്ടി നമ്മൾ ഉപയോഗിക്കുന്ന പ്രധാന വസ്തുക്കളെ പരിചയപ്പെടേണ്ടതുണ്ട്
ഹെപ്പറ്റൈറ്റിസ് ബി അഡൽറ്റ് വാക്സിൻ ,മൾട്ടി ഡോസ്
ഇത് പത്തു വയസ്സിനു മേലെ ഉള്ളവരിൽ ഉപയോഗിക്കുന്ന വാക്സിൻ. ഒരു മില്ലി അഥവാ ഇരുപതു മൈക്രോ ഗ്രാമ ആന്റിജൻ ആണ് ഒരു ഡോസ്. ഈ കാണുന്നത് മൾട്ടി ഡോസ് വയൽ . പത്തു പേർക്ക് ഒരുമിച്ചു കൊടുക്കാൻ ഇറക്കുമ്പോൾ സ്വാഭാവികമായി വില കുറയും . ഒരു മെഡിക്കൽ കാമ്പിൽ വെച്ചോ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ചോ കുറെ ഏറെ പേർക്ക് കൊടുക്കുന്നു എങ്കിൽ ഇതാവും നല്ലത് . ഒരു കാര്യം എടുത്തു പറയട്ടെ. ഈ വാക്സിനിൽ ഹെപ്പറ്റൈറ്റിസ് വൈറസ് ഇല്ല. വൈറസിന്റെ പുറം തോടിൽ കാണുന്ന ഒരു ആന്റിജൻ , അത് തന്നെ മേലെ പറഞ്ഞ ടെക്‌നോളജി ഉപയോഗിച്ച് ഉണ്ടാക്കിയപ്പോ രക്തത്തിലൂടെ പകർന്നേക്കാവുന്ന ഒരു രോഗവും നമ്മൾക്ക് പകർന്നു കിട്ടില്ല . തികച്ചും സുരക്ഷിതം . “യീസ്റ്റിൽ “വളർത്തി എടുക്കുന്നത് കൊണ്ട് വല്ലപ്പോഴും യീസ്റ് അലർജി ഉള്ളവർക്ക് മാത്രം റിയാക്ഷൻ ഉണ്ടായേക്കാം. അതാണെങ്കിൽ അപൂർവ്വങ്ങളിൽ അപൂർവ്വ സാധ്യത
മാത്രം ഹെപ്പറ്റൈറ്റിസ്
ഇതേ വാക്സിൻ സിംഗിൾ ഡോസ് .
നമ്മൾ ഒരാൾ മാത്രം കുത്തി വെപ്പടുക്കേണ്ടപ്പോ പത്തു പേർക്കുള്ള കുപ്പി പൊട്ടിക്കേണ്ട എന്ന സൗകര്യം . വാക്സിൻ അത് തന്നെ .
പത്തു വയസ്സിനു മേലെ ഉള്ള കുട്ടികളിൽ ഇതേ വാക്സിൻ തന്നെ ഉപയോഗിക്കാം പക്ഷെ പാതി , അതായത് പത്തു മൈക്രോഗ്രാമം ,ഒരു ഡോസ് അര മില്ലി. ഇത് തന്നെ എടുത്തു ഉപയോഗിക്കണം എന്നില്ല . “പീഡിയാട്രിക്” എന്ന പേരിട്ടു തന്നെ ഇറങ്ങുന്നു
ഇത് വരെ പലരും പറഞ്ഞും പേടിച്ചും പേടിപ്പിച്ചും ഒക്കെ കുത്തിവെപ്പിനെതിരെ വന്ന കഥകളിൽ പറഞ്ഞു കേട്ട വില്ലനെ കുറിച്ച് കൂടി സൂചിപ്പിക്കട്ടെ. “മെർക്കുറി &അലുമിനിയം . നമ്മളുടെ ചുറ്റുപാടുകളിൽ നിന്നും നമ്മളിൽ എത്തുന്നതിന്റെ എത്രയോ കുറവ്. മെർക്കുറി ഉള്ളതും ഇല്ലാത്തതും ആയ വാക്സിനുകൾ ഉണ്ട് . മെർക്കുറി ഉള്ളത് ഒരു തരത്തിലും ആരോഗ്യ പ്രശ്നം ഉണ്ടാക്കാൻ സാധ്യത ഇല്ലാത്ത അളവിൽ ,ഈതൈൽ മെർക്കുറി ആണ് .
ഇത്രയും നേരം പറഞ്ഞ വാക്സിൻ നമ്മളുടെ കുത്തിവെപ്പുകളിൽ എവിടെ ഒക്കെ ഉപയോഗിക്കുന്നു , ഉപയോഗിക്കുന്നില്ല ?

പെന്റാവാലെൻറ് വാക്സിൻ

ഹെപ്പറ്റൈറ്റിസ് വാക്സിൻ മറ്റു വാക്സിനുകളോട് കൂടി യോജിപ്പിച്ചു കൊണ്ട് ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഏകദേശം രണ്ടു പതിറ്റാണ്ടുപതിറ്റാണ്ടു ആയി .നമ്മൾ എഴുപത്തി എട്ടു മുതൽ ദേശീയ പ്രതിരോധ പട്ടികയിൽ ഉപയോഗിക്കുന്ന ട്രിപ്പിൾ വാക്സിൻ ( ഡിഫ്തീരിയ, ടെറ്റനസ് , കൊക്കക്കൊര എന്നിവക്കെതിരെ ഉള്ള വാക്‌സിനോടൊപ്പം ) മറ്റു രണ്ടെണ്ണം കൂടി ചേർത്ത് പെന്റാവാലനാട് വാക്സിൻ . ഈ രണ്ടെണ്ണം ഒന്ന് ഹെപ്പറ്റൈറ്റിസ് ബി , രണ്ടാമത്തേത് ഹീമോഫിലസ് ഇൻഫ്ലുൻസ വാക്സിൻ ,ഹിബ്ബ്‌ .. എന്ന് ചുരുക്കി പറയുന്ന വാക്സിൻ . ഇത്രയും കാലം ആ വില കൂടിയ വാക്സിൻ ദേശീയ പട്ടികയിൽ പെട്ടിട്ടുണ്ടായിരുന്നില്ല. രണ്ടായിരത്തി പതിനൊന്നു ഡിസംബർ പതിനാലു മുതൽ നമ്മുടെ നാട്ടിൽ അത് സൗജന്യമായി കിട്ടി തുടങ്ങി . നമ്മൾ ഇപ്പൊ പ്രതിരോധ പട്ടികയിൽ ഹെപ്പറ്റൈറ്റിസ് ബി കൊടുക്കുന്നത് ഈ രീതിയിൽ ആണ്
പ്രസവിച്ചു ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ ( എത്രയും നേരത്തെ, കഴിയുമെങ്കിൽ പന്ത്രണ്ടു മണിക്കൂറിനുള്ളിൽ ) ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ . ഒപ്പം നമ്മൾ രണ്ടു വാക്സിൻ കൂടി കൊടുക്കുന്ന കാര്യം അറിയാമല്ലോ , ബി സി ജി യും സീറോ ഡോസ് ഓറൽ പോളിയോ വാക്സിനും
ഇത് കഴിഞ്ഞു പ്രതിരോധ പട്ടിക ആറും ,പത്തും പതിനാലും ആഴ്ചകളിൽ ആണ് . ഇവിടെ മൂന്നു തവണ നമ്മൾ പെന്റാവാലന്റ് വാക്സിൻ , ഓറൽ പോളിയോ എന്നിവ നൽകുന്നു . നമ്മൾ ഈയിടെ ആയി ആറാം ആഴ്ചയിലും പതിനാലാം ആഴ്ചയിലും ഒരു ഡോസ് ഇന്ജെക്റ്റബിൾ പോളിയോ കൊടുക്കുന്ന കാര്യം അറിയാമല്ലോ . പറഞ്ഞു വന്നത് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ നമ്മൾ കൊടുക്കുന്നത്. നമ്മൾ ആകെ എത്ര ഡോസ് ഹെപ്പറ്റൈറ്റിസ് ബി കൊടുത്തു ? നാല് തവണ . ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം . പ്രസവിച്ചു ഉടനെ ഒരു തവണ , പിന്നീട് മൂന്ന് തവണ കൊടുത്തു , മൂന്നാം തവണ കഴിഞ്ഞത് പതിനാലുപതിനാലു ആഴ്ചയിൽ .
  • ഇവിടെ ഇത്തിരി കൂടി ശാസ്ത്രം പറയാനുണ്ട് . ഹെപ്പറ്റൈറ്റിസ് ബി ഏറ്റവും ഫലം ചെയ്യുന്ന ഷെഡ്യൂൾ ഏതാണ്?
ആദ്യ തവണ , ഒരു മാസം കഴിഞ്ഞു പിന്നെ അഞ്ചു മാസം കൂടി കഴിഞ്ഞു മൂന്നാമത് . അതായത് , സീറോ , ഒന്നു ആൻഡ് സിക്സ് . രണ്ടാമത്തെ ഡോസിനും മൂന്നാമത്തേതിനും ഇടയിൽ അൽപ്പം ഇടവേള ഉണ്ടാവുന്നത് ആണ് ഏറ്റവും കൂടുതൽ ഫലം ചെയ്യുക എന്ന് അറിയാം
നമ്മൾ എന്ത് കൊണ്ട് ഈ ഷെഡ്യൂൾ തെരഞ്ഞെടുത്തു ? ഓർക്കുക നമ്മുടെ നാട്ടിൽ മൂന്നു കോടിയോളം കുഞ്ഞുങ്ങൾ ഒരു വര്ഷം പിറന്നു വീഴുന്നു . അവരിൽ തൊണ്ണൂറു ശതമാനം പേരും ദേശീയ രോഗ പ്രതിരോധ പട്ടിക പ്രകാരം സൗജന്യ കുത്തി വെപ്പ് സ്വീകരിക്കുന്നവർ ആണ് . അവർ ഡോക്ടർമാരെ കാണാൻ വരുന്നതോ അവർ ആരോഗ്യ പ്രവർത്തകരിലേക്കു എത്തിച്ചേരുകയോ ചെയ്യുന്നത് ഇങ്ങനെ ഉള്ള ദിവസങ്ങളി മാത്രം ആയിരിക്കും . അപ്പൊ അവരിലേക്ക്‌ ഒരു കുത്തിവെപ്പ് എത്തിക്കാൻ ആവുക ദേശീയ പ്രതിരോധ പട്ടിക പ്രകാരം നമ്മൾ പ്ലാൻ ചെയ്താൽ ആയിരിക്കും . എന്നത് കൊണ്ട് നമ്മൾ ഈ പട്ടിക പ്രകാരം നീങ്ങുന്നു . ഏറ്റവും മെച്ചപ്പെട്ട രീതിയല്ല എന്നാൽ ഏറ്റവും ഫലപ്രദം എല്ലാവരിലേക്കും അതിന്റെ ഗുണങ്ങൾ എത്താൻ .

ഹെപ്പറ്റൈറ്റിസ് ഇമ്മ്യൂണോഗ്ലോബുലിൻ


വാക്സിൻ ഫലിച്ചു എന്ന് പറയുന്നത് എപ്പോഴാണ് ? കുത്തിവെപ്പ് എടുത്ത ആളിൽ പ്രതിരോധ ശേഷി നൽകുന്ന അളവിൽ ആന്റിബഡി ഉണ്ടാവുമ്പോൾ Anti HBsAg ലെവൽ ) കുത്തി വെപ്പെടുത്തു രോഗ പ്രതിരോധ ശേഷി കൈ വരിക്കാൻ ഏതാനും മാസങ്ങൾ എടുക്കും . ചില ഘട്ടങ്ങളിൽ ഇങ്ങനെ ഒരു കാത്തിരിപ്പിന് നമ്മൾക്ക് പറ്റാതെ വരും ,ഉദാഹരണത്തിന് വാക്സിൻ എടുക്കാത്ത ഒരാൾക്ക് ഹെപ്പറ്റൈറ്റിസ് അണുബാധ ഉള്ള ഒരാളെ കുത്തിയ സൂചിസൂചി കൊണ്ടൊരു കുത്തേറ്റു . ഏകദേശം നൂറു ശതമാനം സാധ്യത അയാൾക്ക് ഇത് പകർന്നു കിട്ടാൻ . വാക്സിൻ കൊടുത്തു പ്രതിരോധിക്കാൻ ആവോ ? ഇല്ല , ഇത്തരം ഘട്ടങ്ങളിൽ ഒരു റെഡി മെയ്ഡ് പ്രതിരോധം ...ഉണ്ടാക്കി വെച്ച ആന്റിബഡി . അത് പക്ഷെ ഒരു പാട് കാലത്തേക്കൊന്നും ഫലം ചെയ്യില്ല. ഇത്തിരി ആഴ്ചകൾ . എന്നാലും ഇത്തരം ഘട്ടങ്ങളിൽ ഇത് ഒരു അറ്റകൈ പ്രയോഗം ആയി ചെയ്യാം . ഇതിന്റെ വില ഇത്തിരി അധികം ആണെന്ന് മറക്കണ്ട .
ഇത് നമ്മൾ സാധാരണ ഉപയോഗിക്കുന്ന മറ്റൊരവസരം കൂടി ഉണ്ട് . ഹെപ്പറ്റൈറ്റിസ് ബി അസുഖം ബാധിച്ചതോ വാഹകയോ ( carrier) ആയ അമ്മമാർക്ക് കുഞ്ഞുങ്ങൾ പിറക്കുമ്പോൾ . ആ കുഞ്ഞുങ്ങൾക്ക് ഇത് പകർന്നു കിട്ടുന്നത് ഗർഭാവസ്ഥയിൽ അല്ല പലപ്പോഴും പിറക്കുമ്പോഴോ അത് കഴിഞ്ഞ നാളുകളിലോ ആണ് . പ്രസവിച്ച കുഞ്ഞുങ്ങൾക്ക് ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ ഹെപ്പറ്റൈറ്റിസ് ബി കുത്തിവെപ്പ് എടുക്കണം എന്ന് നമ്മൾ നേരത്തെ പറഞ്ഞു . ഈ കുഞ്ഞുങ്ങൾക്ക് കുത്തിവെപ്പിന് പുറമെ ഹെപ്പറ്റൈറ്റിസ് ഇമ്മ്യുണോഗ്ലോബുലിൻ കൂടി കൊടുക്കണം .
മറ്റു കുത്തിവെപ്പുകളുമായി കൂട്ടി യോജിപ്പിച്ചു കൊണ്ട് ഈ വാക്സിൻ .ഇറങ്ങുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് എ ( Twinrix ), ഹെക്‌സാവലന്റ് വാക്സിൻ എന്നതൊക്കെ . അതൊന്നും നമ്മളുടെ നാട്ടിൽ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയിട്ടില്ല .
വാക്സിൻ എപ്പോൾ ?എത്ര തവണ ?
കുഞ്ഞുങ്ങൾക്ക് ദേശീയ രോഗപ്രതിരോധ പട്ടിക പ്രകാരം വാക്സിൻ എടുക്കുന്നത് നമ്മൾ പറഞ്ഞു . ഇത് വരെ കുത്തിവെപ്പ് എടുക്കാത്ത ആളുകൾക്കോ ?
ഒന്നാം ഡോസ് , രണ്ടാമത്തേത് ഒരു മാസത്തിനു ശേഷം മൂന്നാമത്തേത് ആറു മാസം കഴിഞ്ഞു . പത്തു വയസ്സിനു താഴെ ഉള്ളവർക്ക് അര മില്ലി ,അതായതു പത്തു മില്ലിഗ്രാംമില്ലിഗ്രാം , പത്തു വയസ്സിനു ശേഷം ഉള്ളവർക്ക് അഡൾട് ഡോസ് ഇരുപതു മില്ലിഗ്രാം അഥവാ ഒരു മില്ലി .
  • എത്ര മാത്രം ഫലപ്രദം ആണ് ഈ കുത്തി വെപ്പ് ?
മൂന്നു ഡോസുകളും എടുത്താൽ തൊണ്ണൂറ്റി അഞ്ചു മുതൽ തൊണ്ണൂറ്റി എട്ടു ശതമാനം ആളുകൾക്കും പ്രതിരോധം കിട്ടും
  • ആർക്കൊക്കെ ആണ് പ്രതിരോധം വേണ്ടത്ര ഉണ്ടാവാതെ പോവുന്നത് ? വാക്സിൻ ഫലിക്കാതെ പോവുന്നത് ?
നാൽപ്പ,തു വയസ്സിനു മേലെ പ്രായം ഉള്ളവർ ,എന്തെങ്കിലും തരത്തിൽ രോഗ പ്രതിരോധ ശേഷി കുറഞ്ഞവർ , ഉദാഹരണത്തിന് അർബുദത്തിന് കീമോതെറാപ്പി എടുക്കുന്നവർ , ഡയാലിസിസ് ചെയ്യുന്നവർ . ഇത് കൂടാതെ രസകരമായ മറ്റൊരു കാര്യം കുത്തി വെപ്പ് ചന്തിയിൽ എടുത്ത കൂട്ടർക്ക് രോഗ പ്രതിരോധ ഘടകങ്ങൾ അളവിൽ കുറവ് ആണെന്ന് കണ്ടിട്ടുണ്ട് . കുഞ്ഞുങ്ങൾക്ക് തുടയിലും വലിയവർക്കു ചുമലിലെ മസിലിലും ആണ് കുത്തി വെപ്പ് എടുക്കുന്നത് നല്ലത്
കുത്തിവെപ്പിന്റെ സുരക്ഷ ?
ഒരു സംശയവും വേണ്ട , തികച്ചും സുരക്ഷിതം . റിയാക്ഷൻ അത്യപൂർവം .
  • കുത്തിവെപ്പിൽ മൂന്നാമത്തേത് താമസിച്ചു , എന്ത് ചെയ്യും , ഇനി “ആതീം പൂതീം “ ചെയ്യണോ ?
വേണ്ട . രണ്ടാമത്തെയും മൂന്നാമത്തെയും ഡോസ് തമ്മിൽ ഇത്തിരി അകലം കൂടുന്നതാണ് നല്ലതു , പക്ഷെ ഇതിനിടയിൽ സുരക്ഷ ഉണ്ടാവില്ല എന്ന കുറവ് ഉണ്ടല്ലോ .
  • മാസം തികയുന്നതിനു മുൻപ് പ്രസവിച്ച കുഞ്ഞു , അമ്മക്ക് ഹെപ്പറ്റൈറ്റിസ് കുത്തിവെപ്പ് എടുത്തതാണ് . എല്ലാ കുഞ്ഞുങ്ങൾക്കും ചെയ്യും പോലെ ആദ്യത്തെ ഇരുപത്തി നാലു മണിക്കൂറിനകം തന്നെ ചെയ്യണോ ? ഇത്തിരി കാലം കാത്തിരുന്നു പോരെ ?
മാസം തികയാത്ത കുഞ്ഞുങ്ങൾക്കും കുത്തി വെപ്പ് എടുക്കാം . തീരെ തൂക്ക കുറവ് ഉള്ള കുട്ടികൾ ആണെങ്കിൽ ഒരു മാസം ആവുമ്പൊ എടുക്കാം . മാസക്കുറവ് ഉണ്ടെങ്കിലും തൂക്കം ഉള്ള കുട്ടികൾക്ക് പ്രസവിച്ച ദിവസം തന്നെ എടുക്കാം .
  • മാസക്കുറവോ തൂക്കക്കുറവോ ഉള്ള കുഞ്ഞുങ്ങളുടെ അമ്മക്ക് ഹെപ്പറ്റൈറ്റിസ് വൈറസ് ബാധ ഉണ്ടെങ്കിലോ ?
ആ കുഞ്ഞുങ്ങൾക്ക് കുത്തിവെപ്പും ഹെപ്പറ്റൈറ്റിസ് ബി ഇമ്മ്യുണോഗ്ലോഗുലിനും ഒരേ സമയം എടുക്കണം , ഒരേ സ്ഥലത്തു അല്ല രണ്ടിടത്തും ആയി ചെയ്യണം
എനിക്ക് പണ്ട് കുത്തി വെപ്പ് എടുത്തോ ഇല്ലയോ എന്ന് ഉറപ്പില്ല .പഴയ കുത്തിവെപ്പ് കാർഡുകൾ ഒന്നും കാണാനില്ല , ഞാൻ ഇപ്പൊ ഈ വൈറസ് ബാധ ഉണ്ടാവാൻ സാധ്യത ഉള്ള ,ഇത്തിരി റിസ്ക് ഉള്ള ഒരു ജോലി ചെയ്യുന്നു , ലാബറട്ടറിയിൽ ,
രണ്ടു വഴികൾ , ശരിയായ വഴി , നിങ്ങളുടെ രോഗ പ്രതിരോധ ശക്തി എത്ര ഉണ്ട് എന്നറിയാൻ ഇമ്മ്യുണോഗ്ലോബുലിൻ ലെവൽ എത്ര എന്ന പരിശോധന ചെയ്തു നോക്കാം. അതിത്തിരി ചെലവുള്ള കാര്യം , അറുന്നൂറു രൂപ വരും . ഒരു മില്ലി ലിറ്ററിൽ പത്തു മില്ലി ഇന്റർനാഷണൽ യൂണിറ്റ് എന്ന അളവിലോ എംഎൽഎയോ ആന്റിബഡി ഉണ്ടെങ്കിൽ നിങ്ങൾ സുരക്ഷിതൻ , കുത്തി വെപ്പ് എടുക്കേണ്ട
അത് പറ്റില്ല എങ്കിൽ നിങ്ങൾ സാധാരണ പോലെ മൂന്നു കുത്തിവെപ്പുകൾ എടുക്കുക. മുൻപ് കുത്തിവെപ്പ് എടുത്ത് ആളാണെങ്കിലും ദോഷം ഒന്നും വരില്ല
ഈ ചോദ്യം പലപ്പോഴും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ ചോദിക്കുന്നത് . ചികില്സിക്കുന്ന ഒരു രോഗിയെ കുത്തിയ സൂചി കയ്യിൽ കയറി . എന്ത് ചെയ്യണം ?

Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി