പുതിയ തലമുറ

ഒരാൽബത്തിൽ നമ്മൾ കണ്ടിട്ടുള്ളത് പരസ്പര ബന്ധം ഉള്ള ചിത്രങ്ങൾ ആവും . ഒരൊറ്റ നോട്ടത്തിൽ അങ്ങനെ ഒരു പരസ്പര ബന്ധം ഇവിടെ കൊടുത്തിട്ടുള്ള ഫോട്ടോകൾ തമ്മിൽ കാണില്ല ഇതിൽ കൊടുത്തിട്ടുള്ള ഒരു ഫോട്ടോ ഭാരതീയ വിദ്യാ ഭവൻ തൃശൂരിലെ വിദ്യാർത്ഥികൾ . രണ്ടും മൂന്നും ഫോട്ടോകൾ ഞങ്ങളുടെ വാർഡിൽ കുഞ്ഞുങ്ങൾക്കും അമ്മമാർക്കും ഭക്ഷണം കൊടുക്കുന്നതിന്റെ , അതിലൊരു പങ്കു പറ്റി ആസ്വദിച്ചു കഴിക്കുന്ന എന്റെ . ഈ രണ്ടു പടങ്ങൾ ഇന്നോ ഇന്നലെയോ എടുത്തതല്ല . കുറെ ഏറെ വര്ഷങ്ങള്ക്കു മുൻപ് .
ഇങ്ങനത്തെ കാഴ്ച ഇവിടെ പതിവായിരുന്നു .ആരുടെ എങ്കിലും ഒക്കെ ഷഷ്ടിപൂർത്തിയും പിറന്നാളും കുഞ്ഞിന്റെ പേര് വിളിയും ഒക്കെ ഇവിടെ ഒരു നേരത്തെ ഭക്ഷണമായി മാറും . വിശ്വാസികൾ പതിയെ ജീവിക്കുന്ന ദൈവങ്ങളിലേക്കു മനസ്സ് മാറ്റിയത് കൊണ്ടാവും . ചില അവസരങ്ങളിൽ ബിരിയാണിയും പായസവും ഒക്കെയായി മൃഷ്ട്ടാണ്ഡം തന്നെ ആവും .
ഞാൻ ഇവിടെ ഇരുന്നു ഒപ്പം കഴിക്കുന്നതിനു രണ്ടു കാര്യം ഉണ്ട് . ഒന്ന് പലപ്പോഴും രുചിയറിഞ്ഞു ആസ്വദിച്ചു എനിക്കും വയറു നിറക്കാം എന്നത് രണ്ടു അതിന്റെ നിയമ വശം . കുഞ്ഞുങ്ങൾക്ക് പുറത്തു നിന്ന് കൊണ്ട് വരുന്ന ആഹാരം കഴിച്ചു എന്തെങ്കിലും ഒക്കെ ആയാൽ കളി കാര്യമാവും . ദിവസങ്ങളോളം മാധ്യമങ്ങൾ കൊട്ടിഘോഷിക്കും ,അധികാരികൾ കയ്യൊഴിയും . എല്ലാറ്റിനും ഉണ്ട് റൂളും വകുപ്പും. ആഹാരം കൊടുക്കും മുൻപ് മേലധികാരികളുടെ സമ്മതം വേണം .എല്ലായ്പ്പോഴും ഈ കടമ്പകൾ ഒന്നും നോക്കാതെ ആവും ഇത് ചെയ്യുന്നത് , ഇത്തിരി റിസ്ക് എടുത്തു കൊണ്ട് തന്നെ . ആഹരിക്കാവുന്നതാണോ എന്നത് അറിയാൻ മുന്നിലിരിക്കുന്ന പൂച്ചക്ക് ഒരു കഷ്ണം കൊടുത്തു പരിശോധിക്കുന്ന പതിവുണ്ട് പണ്ടുള്ളോർക്കു . അത് പോലെ ഞാൻ ഇവിടെ പൂച്ചയാവുന്നു .
ആറു മാസം മുൻപൊരു ദിവസം ഭാരതീയ വിദ്യ ഭവൻ സ്‌കൂളിലെ ഹെഡ് മിസ്ട്രസ് വിളിച്ചു ചോദിച്ചു .
“ ഞങ്ങളുടെ കുട്ടികൾ , പന്ത്രണ്ടാം ക്ലാസ്സിൽ ഉള്ളവർ ഇത്തിരി പൈസ സംഭരിച്ചിട്ടുണ്ട് , അവിടത്തെ കുട്ടികൾക്ക് ഇത്തിരി ഭക്ഷണം കൊടുക്കാൻ “
ആയിക്കോട്ടെ ടീച്ചറെ . ഒരു കണ്ടീഷൻ , ഇതൊരു ചടങ്ങായി നടത്തില്ല , ഇത് പത്രത്തിൽ വാർത്ത ആവില്ല . പടങ്ങൾ ഫേസ് ബുക്കിൽ ഇടരുത് .”
"എവിടെ നിന്നാണ് ഭക്ഷണം ?"
“ഞങ്ങൾ തന്നെ ഉണ്ടാക്കുന്നതാണ് സാർ . ഇവിടെ കാന്റീൻ ഉണ്ട് . അവിടേക്കു കൊണ്ട് വരാൻ ഞങ്ങൾ തന്നെ സൂപ്പർവൈസ് ചെയ്തു ഉണ്ടാക്കും “
“ആയിക്കോട്ടെ , വൃത്തിയും സുരക്ഷയും ഉറപ്പാക്കേണ്ട ചുമതല എനിക്കുണ്ട് ടീച്ചറെ . പിന്നെ ഇവിടെ വെസ്‌റ്റ് ഇടാതെ തിരിച്ചു കൊണ്ട് പോകാനും കുട്ടികൾ സഹായിക്കണം “
"ശരി സാർ"
അവർ വന്നു .
നിലത്തു പന്തിയായി ഇരുന്നു വെജിറ്റബിൾ ബിരിയാണിയും ,കോഴിമുട്ടയും നന്നായിരുന്നു .
Image may contain: 6 people, people smiling, people standing and indoor
അത് കഴിഞ്ഞു സെറിബ്രൽ പാൾസി കുഞ്ഞുങ്ങൾക്ക് വേണ്ടി ഉള്ള പ്‌ളേ തെറാപ്പി വിഭാഗം സന്ദർശിച്ചു എല്ലാരുമായി കുശലം പറഞ്ഞു അവര് പോയി . ഇത് വരെ അനുഭവിക്കാതെ എന്തൊക്കെയോ കണ്ടു അനുഭവിച്ചു മനസ്സിൽ ഏറ്റു വാങ്ങിയ അവരുടെ മനസ്സ് കണ്ണുകളിൽ വായിച്ചെടുത്തു .
അത് കഴിഞ്ഞു ഓരോ മാസവും തികയും മുൻപ് ടീച്ചർ വിളിക്കും ,
"ഇക്കുറി താഴത്തെ ക്ലാസ്സിലെ കുട്ടികൾ ആണ് . കുറച്ചു കൂടുതൽ കുട്ടികൾക്ക് അവിടെ വരണം എന്നുണ്ട് പറ്റുവോ സാർ ?"
“ വന്നോട്ടെ ടീച്ചറെ “
ഓരോ പ്രാവശ്യവും കുട്ടികളുടെ താൽപ്പര്യം കൂടി .
“ കുട്ടികൾക്ക് ഇങ്ങനത്തെ കാര്യങ്ങളിൽ പങ്കാളികൾ ആവാൻ ഒരു പാട് താൽപ്പര്യം . അവരുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല “
"നന്നായി "
കഴിഞ്ഞ മാസം ഇത് പോലൊരു ദിവസം എനിക്ക് പങ്കെടുക്കാൻ ആയില്ല . ടീച്ചർ ഫോണിൽ വിളിച്ചു .
"സാർ ഇന്നലെ ഭക്ഷണം കൊടുക്കുന്നതിനിടയിൽ ചെറിയൊരു പ്രശ്നം ഉണ്ടായി .
ആരുടെ സമ്മതം വാങ്ങിയാണ് നിങ്ങൾ ഇവിടെ ഭക്ഷണം കൊടുക്കുന്നത് എന്ന ചോദ്യം ഉണ്ടായി . എല്ലാ മാസവും സാർ കൂടെ ഉണ്ടായി ചെയ്തിരുന്ന കാര്യം ആയതു കൊണ്ട് അങ്ങനെ ഒരു ചോദ്യം അഭിമുഘീകരിക്കേണ്ടി വന്നില്ലായിരുന്നത് കൊണ്ട് പെട്ടെന്ന് ഉത്തരം നൽകാൻ ആയില്ല . അടുത്ത മാസം എന്ത് ചെയ്യണം സാർ “?
പെട്ടെന്നൊരുത്തരം മനസ്സിൽ വന്നില്ല
"ആലോചിക്കട്ടെ ടീച്ചറെ "
ശരിയാണ് , നിയമം അതാണ് . അതിനെതിരെ ഫൈറ്റ് ചെയ്താൽ പിടിച്ചു നില്ക്കാൻ ആവില്ല , ചിലപ്പോ അഴിക്കുള്ളിൽ പെടാം .
"ഒരു കാര്യം ചെയ്യാം ടീച്ചറെ . അടുത്ത മാസം ബിരിയാണിയും ചോറും ഒന്നും വേണ്ട . ബ്രെഡും ബിസ്ക്കറ്റും നേന്ത്രപ്പഴവും . അതിനാവുമ്പോ ആരുണ്ടാക്കി അതിന്റെ സുരക്ഷ എന്ന കാര്യങ്ങൾ പറഞ്ഞു പ്രശ്നം ഉണ്ടാവാൻ സാധ്യത കുറവ് ".
വെറുതെ ഇരുന്നാലോചിച്ചപ്പോ , തോന്നിയ സംശയം
--നിയമം നല്ലതു തന്നെ , നല്ലതു ചെയ്യാൻ വിഘാതമായി നിൽക്കുന്ന നിയമങ്ങൾക്കു മുൻപിൽ ചിലപ്പോ നമ്മൾ നിസ്സഹായരാവുന്നു
പുതിയ തലമുറയിലെ കുട്ടികൾ , പ്രത്യേകിച്ച് പട്ടണങ്ങളിലെ സ്‌കൂൾ കുട്ടികൾ വിശപ്പും ദാഹവും അറിയാതെ കുട്ടികൾ . സമൂഹത്തിലെ പല പ്രശ്നങ്ങളും അറിയാൻ ഇടയാവുന്നില്ല .ഇല്ലായ്മയും വിശപ്പും അറിയാനും അതൊക്കെ കാണാനും പ്രതികരിക്കാനും ഉള്ള മനസ്സ് അവർക്കില്ലാതെ പോവുന്നത് അവരുടെ കുഴപ്പമല്ല. അതിനുള്ള അവസരം സാഹചര്യം ഒന്നും നമ്മൾ ഉണ്ടാകുന്നില്ല
വിദ്യാഭ്യാസം എന്നാൽ കോട്ടും ടൈയ്യും ഇട്ടു ,കഴുത്തിൽ ഒരു വാട്ടർ ബോട്ടിലും തൂക്കി സ്‌കൂൾ വണ്ടിയിൽ ചെന്നിറങ്ങുന്നതിനും തിരിയെ വീട്ടിൽ എത്തുന്നതിനും ഇടയിലുള്ള ഇത്തിരി മണിക്കൂറുകൾ .
അഥവാ ഇങ്ങനെ ഒരാശയം ആർക്കെങ്കിലും ഒക്കെ തോന്നിയാൽ അത് തല്ലിക്കെടുത്താൻ ഉള്ള സാഹചര്യം മാത്രം ഉള്ള വ്യവസ്ഥ .
നല്ലതു ചെയ്യുമ്പോഴല്ല , അതിനിടയിൽ ചെറിയ പിഴവുകൾ പാര്വതീകരിച്ചു എല്ലാം കുട്ടിച്ചോറാക്കുന്ന മാധ്യമങ്ങൾ ,
നടന്നു പോവുന്ന വഴിയിൽ നിന്ന് ഇത്തിരി മാറി നടക്കാൻ സമ്മതിക്കാതെ അധികാരികൾ
ഈ വ്യവസ്ഥ മാറ്റാൻ ആരൊക്കെ വിചാരിക്കണം .
നമ്മുടെ വിദ്യാഭ്യാസ മന്ത്രി ഏറെ ഒക്കെ ആശയങ്ങൾ ഉള്ളയാൾ എന്ന് കേട്ടിട്ടുണ്ട് , ഇതിനൊരു വഴി ഉണ്ടാക്കുവോ , എങ്കിൽ നന്നായി

Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി