പോളിയോ നിർമ്മാർജ്ജനം , പൾസ് പോളിയോയുടെ പ്രസക്തി ,വേറിട്ടൊരു ചിന്ത

ഒരു വർഷം മുൻപ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ ഞാൻ മുതിരില്ലായിരുന്നു. എഴുതുന്ന ഓരോ വാക്കും തപ്പിയെടുത്തു രോഗപ്രതിരോധ പദ്ധതികൾക്കെതിരെ വീശാൻ വാളുമായി കുറെ ഏറെ പേർ കച്ചകെട്ടി ഇവിടെ ഉണ്ടായിരുന്നു. വായിൽ തോന്നിയ വിഡ്ഢിത്തങ്ങൾ വെറുതെ വിളിച്ചു പറയുന്നവർ തൊട്ടു അധികാരത്തിന്റെ ഉന്നതങ്ങളിൽ വിലസുന്നവർ വരെ. ഇത്തിരി അഭിമാനത്തോടെ പറയാം എം. ആർ വാക്സിൻ കാമ്പയിൻ വിജയപ്രദമായി നടപ്പിലാക്കി കഴിഞ്ഞപ്പോഴേക്കും നമ്മൾ നേടിയെടുത്തത് ലക്ഷ്യമിട്ട എഴുപത്തി അഞ്ചു ലക്ഷത്തിൽ തൊണ്ണൂറ്റി ഒന്ന് ശതമാനത്തിനും വാക്സിനേഷൻ നൽകി എന്നത് മാത്രമല്ല. അതിലും വലിയ മറ്റൊരു കാര്യം കൂടിയാണ്. എന്ത് മണ്ടത്തരവും ഇവിടെ ചിലവാകും എന്ന് കരുതിയിരുന്നവരെ ജനം പുറംകാലു കൊണ്ട് തട്ടിയെറിഞ്ഞിരിക്കുന്നു. ശാസ്ത്രാവബോധം ഉള്ള ,ശരി തിരിച്ചറിയുന്ന കേരളം നമുക്ക് തിരിയെ കിട്ടിയിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ രീതിയിൽ ഏതൊന്നിന്റെയും ശരി തെറ്റുകൾ വിശകലനം ചെയ്തു തെറ്റ് തിരുത്തി / ശരികൾ മെച്ചപ്പെടുത്തി മുന്നോട്ടു പോവുന്ന രീതി. അതിനാണ് മുതിരുന്നത്.ഇത് വരെ ചെയ്തതെല്ലാം തെറ്റായിരുന്നു എന്ന ഏറ്റുപറച്ചിലായി വ്യാഖ്യാനിക്കപ്പെടില്ല...