ചിത




കാലത്തു ആസ്പത്രിയുടെ ഗേറ്റും കടന്നു കാറൊതുക്കി കോണിപ്പടികൾ കയറിയാൽ നേരെ മുറിയിലേക്ക് ചെല്ലും. ഒതുക്കം ഇല്ലാതെ വാരി വലിച്ചിട്ട കടലാസുകളുടെയും പുസ്തകങ്ങളുടെയും ഇടയിൽ നിന്ന് ഹാജർ ബുക്ക് തപ്പിയെടുത്തു ഒപ്പിട്ടു വഴിയേ എത്തുന്നോർക്കു ഒപ്പിടാനായി തുറന്നു വെച്ച് പുറത്തേക്കു വരും .
വാർഡിൽ ആകെ കൂടി ഒന്ന് കണ്ണോടിച്ചു ദിവസം തുടങ്ങുന്നത് ഐ സി യുവിൽ .
ഇന്ന് പതിവാകെ തെറ്റി .
കോണിപ്പടി കയറി ചെല്ലുമ്പോ ചെറിയൊരാൾക്കൂട്ടം വരവേറ്റു.
എന്താണ് സംഗതി എന്ന് ഒരെത്തി നോട്ടം കാഷ്യാലിറ്റിയിലേക്കു .
ഒൻപതു വയസ്സുകാരി പെൺകുട്ടി മൂക്കിൽ നീളൻ ഒരു കുഴലും ആയി കെഞ്ചുന്നു . "എന്നെ കുത്തണ്ട ." ഞാൻ അടുത്ത് ചെന്നപ്പോ നിലവിളി ഒന്ന് കൂടി ഉച്ചത്തിൽ ആയി . മൂക്കിൽ ട്യൂബിട്ടു വയറു കഴുകി സാമ്പിൾ കുപ്പിയിൽ എടുക്കുന്നത് നോക്കിയപ്പോ മനസ്സിലായി . എന്തോ അകത്തേക്കു പോയതാണ് . അറിയാതെ എടുത്തു കഴിച്ചതോ ആരെങ്കിലും കൊടുത്തതോ ആയിരിക്കും. എന്തായാലും ഇരുന്നു ബഹളം വെക്കുന്ന പരുവം ആണല്ലോ , ബോധം ഇല്ലാതെയോ ശ്വാസമില്ലാതെയോ ഒന്നും അല്ലാലോ .സമാധാനം
ഒപ്പം നിൽക്കുന്ന ഡോക്ടറോടോ സിസ്റ്ററോടോ അല്ല ആദ്യം ചോദിച്ചത് . കൂടെ നിൽക്കുന്ന രണ്ടു സ്ത്രീകളിൽ ഒരാളോട് . അമ്മയായിരിക്കും . കാരണം അവൾ എന്നെ കണ്ടപ്പോ കെട്ടി പിടിച്ചത് അവരെ ആയിരുന്നു .
“ ങ്ങൾ എവിടെയാ ? ഇവളുടെ അമ്മയല്ലേ , എന്തെങ്കിലും കഴിച്ചു പോയതാണോ ?
ഇത്തിരി നേരം അവരൊന്നും പറയാതെ എന്നെ നോക്കി നിന്നു , കുട്ടിയുടെ മുഖത്തേക്കും .
“ അമ്മയില്ല . ഞങ്ങൾ അയൽവാസികൾ ആണ് “
അപ്പോഴേക്കും വയറു കഴുകി കഴിഞ്ഞു , കുപ്പിയിൽ സാമ്പിൾ എടുത്തു ഡോക്ടർ ഒപ്പം .എത്തി . അവളുടെ കണ്ണും മുന്നിൽ നിന്ന് എന്നെ ഇത്തിരി മാറ്റി നിർത്തി
“ ഇന്ന് കാലത്തു മൂന്നു മണിക്ക് ഇളയ രണ്ടു കിടാങ്ങളെ കിണറ്റിൽ എടുത്തിട്ട് അമ്മയും ചാടി മൂന്നു പേരും മരിച്ചു , ആഴമുള്ള കിണർ ആയിരുന്ന ു . അച്ഛൻ ഇവളെ നിർബന്ധിച്ചു , ഇവൾ അനുസരിക്കാതെ വന്നപ്പോ ബലമായി അവളെ പിടിച്ചു കിണറ്റിൽ എടുത്തിട്ടു.താഴെ വീണു എന്ന് കരുതി തിരിച്ച പോയി കെട്ടി തൂങ്ങി . കുട്ടി കിണറ്റിലെ മോട്ടോറിൽ ഘടിപ്പിച്ച പൈപ്പ് പിടിച്ചു രക്ഷപ്പെട്ടു . കുട്ടി മാത്രം ആണ് ബാക്കി . എല്ലാ സത്യവും അവൾ അറിയില്ല .
“ എനിക്ക് വീട്ടിൽ പോണം “
വാക്കുകൾ ഒതുങ്ങി പോയി. ചെയ്യേണ്ട ഡ്യൂട്ടി മാത്രം ഓർത്തു .
ആകെ മൊത്തം നോക്കി. പരിക്കൊന്നും ഇല്ല . കിടത്തണം . പുറത്തു പരിക്കൊന്നും ഇല്ലെങ്കിലും ഒരു ദിവസം നോക്കണം . ലീഗൽ ഫോര്മാലിറ്റികൾ ഒക്കെ അതിന്റെ മുറക്ക്
മൂക്കിൽ ട്യൂബിടുമ്പോഴേക്കും ഛർദിച്ചു ആകെ ഉള്ള കുപ്പായം അഴുക്കായി.
ഒന്ന് കൊണ്ട് പോയി മേല് കഴുകു . ഉടുപ്പ് മാറ്റാൻ ഇവിടെ ഉണ്ടാവും നോക്കട്ടെ
ആരെങ്കിലും ഒക്കെ കൊണ്ട് തരുന്ന ഉടുപ്പുകൾ കാണും ഇവിടെ ഡ്രസ്സ് ബാങ്കിൽ.
ലേഡി ഡോക്ടർ പറഞ്ഞു .
“സാർ എന്റെ കയ്യിൽ ഉണ്ട് , ഇവൾക്ക് പാകമാകുന്നത് , ഏതായാലും മേല് കഴുകി വരട്ടെ “
സ്വന്തം കുട്ടിക്ക് വാങ്ങി വെച്ചതാവും .
ഇത്തിരി കഴിഞ്ഞു ഒന്ന് കൂടി വന്നപ്പോഴേക്കും മേല് കഴുകി , ഇത്തിരി എന്തോ കഴിച്ചു അവൾ ഉറക്കമായിരുന്നു . കാഷ്യാലിറ്റിക്കരികെ ഉള്ള ഒബ്‌സർവേഷൻ മുറിയിൽ
ആർക്കും ഒന്നും പറയാനില്ല
വെറുതെ കൂട്ടത്തിൽ ഒരാൾ ആയി നോക്കി നിൽക്കെ കൂടെ അമ്മയെ പോലെ തോന്നിച്ചിരുന്ന ആൾ മനസ്സ് തുറന്നു
“ കൽപ്പണിയും ,വീട് പണി മേൽനോട്ടവും ഒക്കെ ആയി നല്ല സ്ഥിതിയിൽ ആയിരുന്നു . നല്ല വീട് വെച്ചു പറമ്പും. കുറി നടത്തി കൊണ്ട് പോവുകയായിരുന്നു . വലിയ തുകക്കുള്ള കുറി . കുറി പൊളിഞ്ഞു , ആൾക്കാർ ചോദിച്ചു വന്നപ്പോ എല്ലാം പണയം വെച്ച് കടം വീട്ടാൻ ശ്രമിച്ചു ഒടുക്കം ഒന്നും ശരിയായില്ല
എനിക്കും ഉണ്ട് സാർ ഒരു ലക്ഷത്തി പതിനായിരം തരാൻ
നാളെ പോലീസ് വരും വീട് പൂട്ടും എന്ന് കുട്ടി പറഞ്ഞു . ജപ്തി നോടീസ് ആയിരിക്കും “
രാത്രി കിടക്കാൻ നേരത്തു ഐസ് ക്രീമും ഗുളികകളും എല്ലാർക്കും കൊടുത്തു . ഇവൾ കഴിച്ചില്ല . കാലത്തു മൂന്നു മണിക്ക് ആണിങ്ങനെ ഒക്കെ നടന്നത് എന്ന് കുട്ടി പറഞ്ഞു . അച്ഛന്റെ കാലു പിടിച്ചു കരഞ്ഞു , ഒടുക്കം “
അത് വരെ പുറത്തു നിന്ന ഒരാൾ ചോദിച്ചു
“സാർ വൈകീട്ട് ദഹിപ്പിക്കാൻ എടുക്കുമ്പോ കുട്ടിയെ കാണിക്കണ്ടേ ? “
ബന്ധുക്കൾ ആരും എത്തിയില്ല , വലിയച്ഛൻ ഇത്തിരി കഴിഞ്ഞെത്തും
“ എത്തട്ടെ , പോവാതിരിക്കാൻ പറ്റില്ലാലോ , എഴുതി ഒപ്പിട്ടു കൊണ്ട് പോവാം , അത് കഴിഞ്ഞു കൊണ്ട് വരണം. ഇന്ന് ഞങ്ങളുടെ നിരീക്ഷണത്തിൽ ആയിരിക്കണം , വീഴ്ചയിൽ നമ്മൾ കാണാത്ത എന്തെങ്കിലും ഉണ്ടായാൽ നേരത്തെ അറിയണം "
ഒന്നും പറയാനില്ലാതെ പണികളിൽ മുഴുകി .
ഇടയ്ക്കു മനസ്സിൽ വന്നത് ..
ഒപ്പം കുസൃതി കളിച്ചിരുന്ന ഇടയത്തുകളെ , അമ്മയെ അച്ഛനെ ഓരോന്നായി എണ്ണിയെണ്ണി കുഴിയിലേക്ക് എടുത്തു വെക്കുന്ന കാഴ്ച നോക്കിയിരിക്കുന്ന പെൺകുട്ടി ..
അതിന്റെ നാളെകൾ ...???

Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി