സാമ്രാജ്യം വെട്ടിപ്പിടിക്കുന്ന നാവുകൾ




"സാറേ,ഇത് കണ്ടോ, മോൾടെ   നാവിലെ പുണ്ണ് ,
ഇത്  മാറുന്നേയില്ല.  ഇനി കാണിക്കാത്ത ഡോക്ടർമാരില്ല, പ്രയോഗിക്കാത്ത മരുന്നും. വിറ്റാമിനുകൾ എ മുതൽ ഇസഡ് വരെ ഉള്ളത് കഴിച്ചു മട്ടി" ( മടുത്തു എന്നത്തിന്റെ  തൃശൂർ പ്രയോഗം)
ആറു വയസ്സുകാരിയെ കാണിക്കാൻ കൊണ്ട് വന്നൊരമ്മയുടെ പരിവേദനം.
അവസാന അത്താണി ആയി മെഡിക്കൽ കോളേജിലെ പ്രൊഫെസ്സറെ കാട്ടിയാൽ ഇതിനൊരു തുമ്പുണ്ടാവും എന്ന വിശ്വാസം ആണിവിടെ എത്തിച്ചത്.




"ഇതല്ലാതെ അവൾക്കു മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ ?"
"ഏയ്, ഒരു എതക്കേടും ഇല്ല.സ്കൂളീ പോയിതുടങ്ങി" ( എതക്കേടു , കുഴപ്പം )
വായൊന്നു തുറന്നു നോക്കി,അത് കഴിഞ്ഞു മൊത്തം ഒരു തൊട്ടു തലോടലും.
"ഓ , ഇത്രേയുള്ളൂ ഇത് പേടിക്കാൻ ഒന്നുമില്ല. ഇത് കൊണ്ട് അവൾക്കൊരു കുഴപ്പവും ഉണ്ടാവില്ല.      കഴിക്കുന്ന മരുന്നുകൾ ഒന്ന് കാട്ടിയേ"
കഴിച്ച മരുന്നുകളുടെ ലിസ്റ്റും,കഴിക്കുന്ന മരുന്നുകളും എല്ലാം കണ്ടു.
"മ്മക്ക് ഇതെല്ലം നിർത്താം. ഇനിയങ്ങോട്ട് മരുന്നുകൾ ഒന്നും വേണ്ട."
"അപ്പോ വിറ്റാമിൻസോ ?    അതില്ലാണ്ടായാൽ ഇത് കൂടൂല്ലേ?. അല്ലാ സാറ് പറയുന്നത് നല്ല വിറ്റമിൻസ് അടങ്ങിയ ഭക്ഷണം കഴിച്ചാ മതീന്നാണോ ?"
ന്തായാലും ഇതിന്റെ പുറകിൽ വിറ്റാമിൻസ് ആണ് എന്ന കാര്യം അത്രയ്ക്ക് മനസ്സിൽ വേരുറച്ചിരിക്കുന്നൂന്ന് സാരം.
" അങ്ങനെയും വേണ്ട  .കുട്ടിക്ക് സാധാരണ കൊടുക്കുന്ന ഭക്ഷണം മതി. ഇത് മാറാൻ പ്രത്യേകിച്ച് ഒരു ഭക്ഷണവും വേണ്ട ,  മരുന്നുകളും വേണ്ട.
പക്ഷെ  ഒരു കാര്യം മാത്രം. ഇത് ഇപ്പോഴൊന്നും മാറിപോവില്ല. 
ഇതങ്ങനെ നിൽക്കും.     കുറെയേറെ കാലം.    മരുന്ന് കഴിച്ചാലും ഇല്ലെങ്കിലും.   ഇതേക്കുറിച്ചു വേവലാതിപ്പെടുകയേ വേണ്ട."
തിരക്കുള്ള ഒപി ആയതു കൊണ്ട് അധിക നേരം അവർക്കു പറയാൻ നേരം കിട്ടിയില്ല. എങ്കിലും മുഖത്തെ അസംതൃപ്തി പ്രകടം ആയിരുന്നു.
'ഇത്രയും ദൂരം വണ്ടി പിടിച്ചു ബുദ്ധി മുട്ടി വന്നിട്ടിപ്പോ എന്തായി? ഒരു മരുന്ന് പോലും കുറിച്ച് തന്നില്ല'.
അവര് പോയി. അവര് എന്തായാലും ഇത്തിരി കൂടി വിവരം ഉള്ളയാളിനെ തേടിപോകും എന്നുറപ്പ്.
ഇനി നമ്മൾക്ക് മേൽപ്പറഞ്ഞ കാര്യത്തിന്റെ അടിസ്ഥാനം എന്താണെന്നു നോക്കാം
അവളുടെ നാക്കിന്റെ പടം ഒന്ന് സൂക്ഷിച്ചു നോക്കൂ.
വിമാന യാത്രക്കിടയിൽ ആകാശത്തു നിന്ന് നോക്കുമ്പോ താഴേക്ക് കാണും പോലെ , ഏതൊക്കെയോ രാജ്യങ്ങളുടെ പടം വരച്ചു വെച്ച മാപ്പു പോലെ.
അല്ലേ?.
ഇതാണ് "geographic toungue" OR Benign migratory glossitis .
വമ്പൻ പേര് കേട്ട് ഞെട്ടണ്ട.   ഇയാൾ  വെറും സാധു.
പണ്ട് വെണ്ണ കട്ട ശ്രീകൃഷ്ണന്റെ വായ തുറന്നു നോക്കിയപ്പം യശോദ പതിനാലു ലോകവും കണ്ടത്രേ. ചെലപ്പോ ഇതാവും കണ്ടത് ,പതിനാലു ലോകവും അല്ലെങ്കിലും ലോകത്തിന്റെ ഒരു വശം.
ചെറുപ്പത്തിൽ ഞങ്ങൾ കണ്ണൂരുകാര് കേട്ട് വളർന്ന ഒരു വാക്കുണ്ട്.  
 "നാപ്പുണ്ണ് " (നാവിന്റെ പുണ്ണ്).  
ചുണ്ടുകളുടെ കോണുകൾ , വായ തുറന്നു നോക്കിയാൽ നാവിന്റെ തൊലി മുഴുവൻ പോയി ഒറ്റ നോട്ടത്തിൽ  നായുടെ നാവു പോലെ,          'ഇസ്തിരി വെച്ചെടുന്ന' പട്ടുകോണകം പോലെ.
മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലത്തു വീട്ടിൽ ചെല്ലുമ്പോ ആണ് പലരും ഇത്തരം പരാതികളുമായി വരാറ്. ഡോക്ടർ ആയിട്ടില്ല. എന്നാലും വീട്ടുകാർക്കും ഒരു 'പോരിശ ' ആണ് ,നാട്ടുകാരോട് നേരത്തെ പറഞ്ഞു വെക്കും
" ഓൻ വരുന്നുണ്ട്."
അങ്ങനെ ഡോക്ടർ ആവും മുൻപ് തന്നെ ചികിൽസിച്ചു തുടങ്ങിയ ഐറ്റംസിൽ ചിലത് ആണ് ഇതൊക്കെ.
" മോനേ ,എരിവുള്ളതൊന്നും നാവിനു തട്ടിച്ചൂടാ.എന്തിനാ പറേന്നു ചൂട് വെള്ളം പോലും .കുത്തലും പൊകച്ചിലും   "
ഇപ്പറഞ്ഞ കേസ് പലതും വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ് കൊണ്ട് ഉണ്ടാവുന്നതായിരുന്നു. ബി കോമ്പ്ലെക്സ്,അതിൽ എടുത്തു പറയേണ്ടത് ബി 12 . പിന്നെ ഇരുമ്പും. അന്നത്തെ ദാരിദ്ര്യത്തിൽ നാട്ടിൽ പതിനായിരത്തിനും ഇതിന്റെ ഒക്കെ കുറവ് ഏറെ ഉണ്ടായിരുന്നു.  നമ്മൾ തിരിച്ചറിയാതെ പോയ എത്രയോ കേസുകൾ വിളർച്ച കൊണ്ട് മാത്രം നേരത്തെ മരിച്ച പോയിരുന്നു
കഥ പറഞ്ഞു വഴി തെറ്റി.
പറഞ്ഞു വന്നത് ജിയോഗ്രഫിക് ടംഗ് എന്നത്.
മേലെ പറഞ്ഞ കേസല്ല കേട്ടോ.
ഇപ്പറഞ്ഞതിനു വിറ്റാമിനുകളുമായോ ധാതു ലാവണങ്ങളുമായോ പുലബന്ധം പോലും ഇല്ല

ഇതാർക്കാണ് കാണുന്നത് ? 

ഇതത്ര അപൂർവ്വ കാഴ്ച അല്ല.നമ്മളുടെ ഇടയിൽ 2 മുതൽ  3   ശതമാനം ആളുകളുടെ നാവ് ഇങ്ങനെ ആണ് . ചിലപ്പോ അതിൽ കൂടുതൽ.    പലരും നേരത്തെ പറഞ്ഞ പോലെ മാറാനായി  മരുന്ന് കഴിച്ചു ഊപ്പാട് വന്നവർ.
ഞാൻ കുട്ടികളെ ചികില്സിക്കുന്ന ആൾ ആണെങ്കിലും ഇത് കുട്ടികളുടെ ഇടയിൽ ഉള്ളതിനേക്കാൾ ഇത്തിരി കൂടി പ്രായം ആവുമ്പോഴാണ് കൂടുതൽ ,കൗമാരം തൊട്ടങ്ങോട്ട്.

കാരണം ?

കൈ മലർത്തി കാണിക്കേണ്ടി വരും." അറിയില്ല". ചെറിയൊരു ജനിതക പ്രവണത ഉണ്ടെന്ന കാര്യം അറിയാം.
കാരണം അറിയാത്ത ഇടങ്ങളിൽ എല്ലാം ഒരു പാട് 'സാധ്യതകൾ ' ഊഹാപോഹങ്ങൾ  പലരും കൊണ്ടുവരുമല്ലോ . കുരുടൻ ആനയെ കാണും പോലെ.


അതിൽ പ്രധാനമായവ 

  • വിറ്റാമിനുകളുടെ കുറവ് ?
  • സോറിയാസിസുമായി ഇതിനു നേരിയ ബന്ധം ഉണ്ടെന്നൊരു സംശയം ചിലർ പ്രകടിപ്പിച്ചിരുന്നു.  പക്ഷെ അതിനും തെളിവൊന്നും ഇല്ല .
  • ചില ഹോര്മോണുകളുടെ ഏറ്റക്കുറച്ചിലുകൾ കാരണം ആവുമോ എന്നൊരു സംശയം. അങ്ങനെ ചിന്തിക്കാൻ കാരണം ഗർഭ നിരോധന ഗുളികകൾ കഴിക്കുന്നവരിൽ ഇത്തിരി അധികം കാണാറുണ്ട് എന്ന് . 
  • മാനസിക സമ്മർദ്ദങ്ങൾ കാരണം ആവുന്നുണ്ടോ ? 
  • അലർജി ആണോ? 
  • പ്രമേഹം ഉള്ളവരിൽ കൂടുതൽ ഉണ്ടാവുമോ ?
ഇപ്പറഞ്ഞ ഏതെങ്കിലും ആണ് ഇതിനു കാരണം എന്നതിന് ഒരു തെളിവും ഇല്ല. വെറും ഊഹാപോഹങ്ങൾ മാത്രം.

ലക്ഷണങ്ങൾ? 

"സാറേ ,സാറ് പറഞ്ഞില്ലേ   ഇതോണ്ടൊരു  കൊഴപ്പം ഒന്നൂല്ലാന്നു .നാവിന്റെ കൊഴപ്പം സാരല്ലാന്നു വെക്കൂ , മറ്റെന്തെങ്കിലും ഉള്ളിൽ കൊഴപ്പം ഉണ്ടാവോ ? നേരത്തെ നോക്കാതിരുന്നോണ്ട് നാളെ കുഞ്ഞിന് കൊഴപ്പം ആയിപ്പോകരുത്".
ഒരമ്മയുടെ    ആകാംക്ഷ,  അത് നിസ്സാരമായി തള്ളിക്കളയരുത്.
പക്ഷെ ഈയൊരു കാര്യത്തിന് ഉള്ളിലുള്ള ഒരവയവത്തിനും ഇന്നെന്നല്ല നാളെയും ഉണ്ടാവില്ല. ഉറപ്പ്. കുറുപ്പിന്റെ ഉറപ്പ്. 
അപ്പൊ പേടി മാറിയില്ലേ. വെറുതെ മരുന്ന് കഴിച്ചു കൂട്ടണ്ട.
നമ്മുടെ നാവിന്റെ പുറം മുഴുവൻ നേരിയ കുഞ്ഞു കുരുക്കൾ , കാണാം 'സാൻഡ് പേപ്പർ' പോലെ.  രുചി മുകുളങ്ങൾ ആണ്.  
 നേരത്ത പറഞ്ഞ വിറ്റാമിനുകൾ ധാതുക്കൾ എന്നിവയുടെ കുറവ് ഉണ്ടാവുമ്പോഴും മറ്റു പല അസുഖ അവസ്ഥയിലും ഒക്കെ   ഈ  നാവിന്റെ   'തൊലി ' അപ്പാടെ പോവും. 
ചില മരുന്നുകൾ കഴിച്ചാൽ , ഉള്ളിലുള്ള ഗൗരവം ആയ ചില അസുഖങ്ങൾ ഉണ്ടാവുമ്പോൾ ഒക്കെ
പക്ഷെ ഇവിടെ അങ്ങനെ അല്ല.
നാവു മുഴുവനും അല്ല , നാവിൽ അവിടവിടെ ചെറുതും വലുതുമായി തൊലി പോയ പ്രദേശങ്ങൾ ഉണ്ടാവും.അതിനരികുകൾ ഇത്തിരി ഉയർന്നു വെളുത്ത നിറം.
രസകരം ആയ വസ്തുത ഇത് ഓരോ ദിവസവും ആകൃതിയും വലിപ്പവും  മാറിക്കൊണ്ടേയിരിക്കും. ഒരൊറ്റ നോട്ടത്തിൽ ഇന്ന് ആസ്‌ത്രേലിയ ആണെങ്കിൽ നാളെ അത് ആഫ്രിക്ക ആവും പിറ്റേന്ന് ശ്രീലങ്ക.
'wandering rash ' എന്ന പേര് തികച്ചും അന്വർത്ഥം.
നാക്കിന്റെ മേൽഭാഗത്തും വശങ്ങളിലും ആണ് പതിവെങ്കിലും അപൂർവ്വമായി കവിളിലും അണ്ണാക്കിലും മോണകളിലും ഉണ്ടാവാം.
സത്യം പറഞ്ഞാൽ കാണുമ്പോ ഒരു ഞെട്ടൽ ഉണ്ടാവും എങ്കിലും ഇത് കൊണ്ട് മാത്രം ഇയാൾക്ക് വലിയ പ്രശ്നങ്ങൾ തോന്നാറില്ല.
മിക്കവരിലും ഒരു പരാതിയും ഇല്ലാതെ അതങ്ങു മൈൻഡ് ചെയ്യാതെ പോവും.
ചിലർ സ്ഥിരം പരാതിക്കാർ ആണല്ലോ. ചൂടും എരിവും തട്ടുമ്പൊ ചുട്ടുകത്തുന്നു എന്ന് പറയും. പറയുന്നതിൽ കാര്യം ഉണ്ടെങ്കിലും ഇത് നേരിയ തോതിലെ ഉണ്ടാവൂ. 
അത്തരം കേസുകളിൽ ചിലർ വേദനക്കുള്ള മരുന്നുകളും പുറമെ പുരട്ടുന്ന ലേപനങ്ങളും ഒക്കെ ഒരു ശീലമാക്കും. അത്രയും വേണോന്നു ചോദിച്ചാൽ , വേണ്ട.

അപ്പൊ പേടിക്കാനേ ഇല്ലാലേ ?

തെന്നെ. 
പക്ഷെ ഡോക്ടറെ കാട്ടണം എന്നത് നേര്.
നാവിന്റെ പുണ്ണ് പല കാരണങ്ങൾ കൊണ്ട് ഉണ്ടാവും. അതെന്താന്നു ഒറപ്പാക്കണമല്ലോ.

അത് കൊണ്ട് തന്നെ പലർക്കും മനസ്സിൽ ഉണ്ടാവുന്ന ചില സംശയങ്ങൾ 

സാറേ ഇത് കാൻസറോ മറ്റോ ആണോ .ഡോക്ടറെ കാണിച്ചാൽ വ്യക്തമായ ഉത്തരം കിട്ടും. ഇത്തിരി പ്രായം ചെന്നവരിൽ ഇത് വരെ ഇല്ലാത്ത പുണ്ണുകൾ ,പ്രത്യേകിച്ച് വശങ്ങളിൽ ഉണ്ടാവുമ്പോ സംശയിക്കണം. 
സാറേ ഇത് പകരുവോ?  ഇല്ല, ഒരു സാധ്യതയും ഇല്ല 
























































Comments

  1. വളരെ ഉപകാരപ്രദമായ വിവരണം.എന്റെ മകനും ഇതേ അവസ്‌ഥ ആണ്.

    ReplyDelete
    Replies
    1. ഒരു പാട് നന്ദി

      Delete
    2. ഒരുപാട് നന്ദിയുണ്ട് കാരണം എനിക്കും ഭയങ്കര വേവലാതി ആയിരുന്നു എന്തുകൊണ്ടാണ് ഈ പ്രശ്നം മാറാത്തത് എന്ന് പക്ഷേ ഇപ്പോൾ എല്ലാം ക്ലിയർ ആയി



      Delete
  2. Enikkum idakkingane vararundu. Vayppunnu ( chundupottal ) aanu main. Vannal valiya kashttamanu.

    ReplyDelete
    Replies
    1. നന്ദി ഉണ്ണികൃഷ്ണൻ

      Delete
  3. It's a good informatin 👍 As mentioned, ടീസ് is something everyone is afraid of. This will surely be a comforting words for them 👆💐

    ReplyDelete
  4. നല്ല വാക്കുകൾക്കു നന്ദി.

    ReplyDelete
  5. നന്ദി ..

    ReplyDelete
  6. Excellent article from the stalwart in pediatrics

    ReplyDelete
    Replies
    1. thank you for your appreciation and kind words

      Delete
  7. വളരെ നന്ദി... ലിങ്ക് തന്നതിന് ഡോ. ജതിനും. 🙏

    ReplyDelete
  8. എനിക്ക് ഈ ലിങ്ക് അയച്ചു തന്ന ഡോക്ടർ അജ്മൽ സാറിനും പ്രത്യേകം നന്ദി

    ReplyDelete

Post a Comment

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി