പതനം
നേരിയ നൂലിഴയിൽ തൂങ്ങിയാടുകയായിരുന്നു. ഇളം കാറ്റ് ഒരു കുട്ടിയുടെ കുസൃതിയോടെ ആ നൂലിഴ പൊട്ടിച്ചു. അവനെല്ലാം കളിയായിരുന്നു, പൂവിനെ വീഴ്‌ത്തി പൂമ്പാറ്റയെ തൊട്ടു മാമ്പൂക്കളെ തൊട്ടിലാട്ടി. തൂങ്ങിയാടുന്ന നൂലിഴയെ ഒരു വീണയുടെ തന്ത്രിയായി അവനു തോന്നിക്കാണും. ഒന്ന് തൊട്ടു മീട്ടി കടന്നു പോകാൻ മാത്രം. നിലവിളി മനസ്സിൽ നിന്നോ, തൊണ്ടയിൽ നിന്നോ പുറപ്പെട്ടത് എന്നറിയില്ല, താഴേക്കുള്ള പതനം, ഒരു നിമിഷം മാത്രം, ഒരു ജീവിതം മുഴുവൻ ഒരു ചിമിഴായി അതിൽ ഒതുങ്ങിയിരിക്കുന്നു. ശാസ്‌ത്രം പറയുന്നു, ഒരു ജീവിയുടെ ഓരോ സെല്ലിലും അവനവൻ മുഴുവനായി ഒളിഞ്ഞു കിടക്കുന്നു എന്ന്, ഒരു ജന്മം മുഴുവൻ ആ ഒരു നിമിഷ ബിന്ദുവിലേക്ക്, ഒരു ചിമിഴിലേക്ക് ഒതുങ്ങി ആരോ ഒരു തൊട്ടിലിലേക്ക് എന്ന പോലെ എന്നെ ഏറ്റുവാങ്ങിയിരിക്കുന്നു. ചുറ്റും നീല പരപ്പുള്ള പുഴയാണ്, നേരിയ അലകൾ എന്നെ നോക്കി ചിരിക്കുന്നു. എന്റെ മേലെ തൊട്ടുഴിഞ്ഞു ഇക്കിളിയാക്കുന്നു. പുഴയിൽ മുങ്ങിപ്പോകില്ലേ എന്ന ആശങ്ക ഒരു നിമിഷം മാത്രം, എന്നെ സ്വന്തം ആഴങ്ങളിലേക്ക് ഏറ്റുവാങ്ങാനല്ല, ഇരു കൈകൾ കൊണ്ടു കുമ്പിൾ കൊട്ടി എന്നെ അലകളിൽ നീന്തിക്കുകയാണ്. അച്‌ഛന്റെ കൈകൾ പോലെ. എന്നെ നീന്തൽ പഠിപ്പിക്ക...