Hemophilia
എറണാകുളത്തു ഹീമോഫീലിയയെ കുറിച്ചൊരു ഏകദിന ശിൽപശാലയിൽ പങ്കെടുത്തു തിരിച്ചു പോരുന്ന വഴിയായിരുന്നു. പടിഞ്ഞാറു നിന്ന് ചാഞ്ഞു വീഴുന്ന മഞ്ഞവെയിലിൽ കാറ്റ് കൊണ്ട് കണ്ണടച്ചിരുന്നപ്പോ എഴുപതുകളിൽ എം ബി ബി എസ്സിന് പഠിക്കുന്ന കാലം മനസ്സിലെത്തി.ഏതു കാര്യം പഠിപ്പിക്കുമ്പോഴും നൂറ്റാണ്ടുകൾക്കു മുൻപത്തെ ചരിത്രത്തിലേക്ക് നമ്മളെ കൂട്ടി കൊണ്ട് പോവുമായിരുന്ന ഗുരുനാഥൻ, എം.ജി.സഹദേവൻ സാർ. സ്വതവേ വാക്കുകൾ കൊണ്ടമ്മാനമാടുന്ന സാർ ഹീമോഫീലിയ പോലൊരസുഖത്തെ കുറിച്ച് പറയുമ്പോൾ ഒന്നൂടി വാചാലനാകും. ഹീമോഫീലിയയുടെ ചരിത്രത്തിൽ തുടങ്ങി പതിയെ തെന്നി തെന്നി രക്ത ഗ്രൂപ്പുകളുടെ,രക്ത ദാനത്തിന്റെ പിന്നെ രക്തം കട്ടപിടിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങൾ ഓരോന്നും കണ്ടെത്തിയതിന്റെ ചരിത്രങ്ങൾ . ഒരു പാട് ശാസ്ത്രജ്ഞന്മാരുടെ ശ്രമങ്ങൾ പലവഴിയിലൂടെ ആയിരുന്നെങ്കിലും അതെല്ലാം ഹീമോഫീലിയ പോലൊരു അസുഖത്തിന്റെ ചികിത്സയെ സഹായിച്ചു. പല കണ്ടുപിടുത്തങ്ങളും നമ്മൾ അറിയുന്നത് ആ ശാസ്ത്രജ്ഞന്മാരുടെ പേരിലാവും. രക്തം കട്ട പിടിക്കുന്നതിനു സഹായിക്കുന്ന ഘടകങ്ങളുടെ (Coagulation Factors ) കാര്യത്തിൽ അങ്ങനെ അല്ല. ഫാക്ടർ ഒൻപതു അറിയപ്പെടുന്നത് സ്റ്റീഫൻ ക്രിസ്റ്മസ് എ...