അപ്പി പുരാണം




1.1 .2018

https://www.flickr.com/photos/90417577@N00/3081501093/
കൊല്ലം പിറക്കുന്ന ഒന്നാം തീയതി ആയിട്ട്. എല്ലാരും നല്ല വാക്കുകളും നല്ല കാര്യങ്ങളും പറയുമ്പോ ആരും ഒരിക്കലും നല്ലതു പറയാത്ത ഒരാളുടെ മനോവിഷമം ഞാൻ മനസ്സിലാക്കി.
പേര് കേൾക്കുമ്പോ നമ്മൾ അറപ്പോടെ തലത്തിരിക്കുന്ന , കണ്ടാൽ മൂക്ക് പൊത്തി മാറിപ്പോകുന്ന ഒരു പാവത്തിന്റെ സങ്കടം കാണാതെ പോവരുതല്ലോ.
അങ്ങനെ ഒരാളിന്റെ കഥ പറയാം ഈ പുതുവത്സര ദിനത്തിൽ .
അപ്പിപുരാണം.
“വല്ലഭനു പുല്ലും ആയുധം”
കൊച്ചുന്നാളിൽ സ്‌കൂളിൽ ചേർക്കും മുന്നേ തന്നെ ഒരു പാട് കടംകഥകളും പഴംചൊല്ലുകളും ആയിരുന്നു കേട്ടത് . .മൂത്തവർ ചേച്ചിമാർ സ്‌കൂളിൽ നിന്ന് വരുമ്പോ കൊണ്ട് വരുന്ന കൊച്ചറിവുകളും പാട്ടുകളും കഥകളും ഒക്കെ വൈകുന്നേരങ്ങളിൽ ഉറങ്ങുവോളം ആസ്വദിച്ചു കേൾക്കും . ഗുണകോഷ്ട്ടവും അതിലെ പെരുക്കപ്പട്ടികയും എല്ലാം കാണാപ്പാഠം . അന്ന് കേട്ടൊരു പഴംചൊല്ലാണ് ഇതും .കാലമങ്ങു പോയപ്പോ ഇമ്മിണി ബല്യ ആളായപ്പോ അതങ്ങു മറന്നു.
പഴഞ്ചൊല്ലിലെ പതിരില്ലായ്മ ബോധ്യം വന്നത് മെഡിക്കൽ കോളേജിലെ ചില അധ്യാപകരുടെ ഒപ്പം നേരം ചെലവഴിച്ചപ്പോ ..സായിപ്പിന്റെ നാട്ടിൽ പഠിച്ചു വലിയ കോട്ടും സൂട്ടും ഒക്കെ ഇട്ടവരുണ്ട് .ചിലര് വെറും നാടൻ ശൈലിയും. രണ്ടു കൂട്ടരിലും ഉണ്ടായിരുന്നു കേമന്മാർ .കാതുകൊണ്ടും കണ്ണുകൊണ്ടുംമാത്രം ഉള്ളിലുള്ളത് തിരിച്ചറിയുന്നവർ.
പുല്ലും ആയുധം ആക്കുന്ന വല്ലഭന്മാർ.
അല്ലെങ്കിൽ കുഞ്ഞൻ തൂറിയ അപ്പി എടുത്തോണ്ട് വരാൻ വല്ലോരും പറയുവോ ? 
അപ്പി തുടച്ച തുണി എടുത്തു കാട്ടിയാൽ ദൂരെ നിന്ന് നോക്കി മാറി നിൽക്കുകയും ഒന്നും അല്ല . രണ്ടു കൈ കൊണ്ടും അതേറ്റു വാങ്ങി തിരിച്ചും മറിച്ചും ചെരിച്ചും മണത്തും ഒക്കെ നോക്കും .“കേമം “ എന്ന് കൈയാംഗ്യം കാട്ടുന്നില്ല എന്നെ ഉള്ളൂ.” 
“ഇയാൾക്കെന്തിന്റെ സൂക്കേടാ” എന്ന് മനസ്സിൽ പിറുപിറുക്കും.
അപ്പി നോക്കി ,മണപ്പിച്ച ശേഷം മൊഴിയും “ നാല് ദിവസം ഇനി പാല് കൊടുക്കണ്ടാ പകരം കഞ്ഞി മതി മരുന്നൊന്നും വേണ്ട മാറും. “
“ സാറെന്താ ടെസ്റ്റ് ഒന്നും വേണ്ടാന്നു വെച്ചേ ? ഇന്ന് ടെസ്റ്റ് ചെയ്‌താ നാളത്തേക്കെങ്കിലും മരുന്ന് സ്റ്റാർട്ട് ചെയ്യാരുന്നു. “ 
പക്ഷെ പേടി കൊണ്ട് ഇതൊന്നു ഉച്ചത്തിൽ ചോദിക്കില്ല .ഈ സംശയം മനസ്സിൽ വെച്ചേ ഉള്ളൂ. തെളിച്ചങ്ങട് ചോദിക്കാൻ ആവില്ലായിരുന്നു അന്നൊക്കെ.
“ങാ എന്തായാലെന്താ ,നമ്മൾ എന്തിനു തല പുകക്കണം . ചെക്കനു മാറാണ്ടാവുമ്പോ മൂപ്പര് തന്നെ ഉത്തരം പറയട്ടെ" . അല്ലാതെന്തു ചെയ്യാൻ.
പക്ഷെ അനാഗത ശ്മശ്രു ആയ എനിക്കാണ് തെറ്റിയത്.
ആ കേസ് “ലാക്ടോസ് ഇൻട്രോളറെൻസ് “തന്നെ എന്ന് മൂപ്പർ പരിശോധന നടത്താതെ തിരിച്ചറിഞ്ഞത് രോഗ ചരിത്രവും മലവും ചന്തിയും കൂടി നോക്കി തന്നെ.
ചെമ്പരത്തി പൂ പോലെ ചുമന്ന മലദ്വാരം ,നുരയും പതയും ഉള്ള മലം ഇത്തിരി പുളി മണം.
അസിഡിക് സ്റ്റൂൾ.
കാർബോഹൈഡ്രേറ്റ് ദഹിക്കാതെ വരുമ്പോ അത് ഫെർമെൻറ് ചെയ്യപ്പെടും. മലം അസിഡിക് ആവും. മലദ്വാരം ചുമന്നു തുടുക്കും. കാർബൺ ഡയോക്സൈഡ് മലത്തിൽ ആകെ പതയും നുരയും.
നാല് ദിവസം പാലും മധുരവും നിർത്തിയാൽ എല്ലാം നേരെയാവും. ഒക്കെ മനസ്സിലാക്കാൻ ഇത്തിരി സെൻസും എല്ലാം കാണുന്ന കണ്ണുകളും മതി ,മൈക്രോസ്കോപ്പും വേണ്ട ലാബും വേണ്ട.
പ്രാക്ടീസ് തുടങ്ങിയ കാലത്തു എന്നെ കാട്ടാനൊരു കുഞ്ഞുണ്ണിയെ കൊണ്ട് വരുമായിരുന്നു അവന്റെ പേര് ഉണ്ടപ്പി.
ആ പേരിനൊരു കാരണം ഉണ്ട് . അപ്പിയിട്ടതിന്റെ വിവരണം അവൻ തന്നെ അമ്മയോട് പറയുന്നത് ഉണ്ടപ്പി എന്ന് .രണ്ടു തരം അപ്പി . ഉണ്ടപ്പിയും വെള്ളപ്പിയും. പറഞ്ഞു പറഞ്ഞു അവനു കുറ്റപ്പേരു കിട്ടി ഉണ്ടപ്പി.
നമ്മളിൽ പലർക്കും അപ്പിയെ കുറിച്ച് ഇത് തന്നെ ആണ് പറയാൻ ഉള്ളത്. 
"കട്ടിയോ വെള്ളമോ" . ആദ്യത്തേത് ഇത്തിരി കൂടി കടുകട്ടി ആവുന്നത് മലബന്ധം ഉള്ളോർക്കു. സത്യത്തിൽ ഇന്നത്തെ കുട്ടികളിൽ അമ്പതു ശതമാനത്തിനും കടുകട്ടി ഉണ്ടപ്പി . പഴവർഗവും പച്ചക്കറിയും ഒന്നും കൈ കൊണ്ട് തൊടാത്ത ഇക്കൂട്ടർക്ക് അത് തന്നെ ഒന്ന് പോയിക്കിട്ടാൻ പെടുന്ന പാട്.
പണ്ടത്തെ പോലെ ഇപ്പോളാരും വെളിയിൽ അപ്പിയിടാറില്ല. 
അത് നല്ല കാര്യം ,എന്നാൽ ചെറിയൊരു ദോഷം ഉണ്ട് . വെളിക്കു പോയതിനെ” ഒന്ന് കണ്ടാൽ ഒറ്റ നോട്ടത്തിൽ കണ്ടു മനസ്സിലാക്കാവുന്ന ചില കാര്യങ്ങൾ അറിയാതെ പോവുന്നു.
മലം പോയിക്കഴിഞ്ഞു അഞ്ചാറ് തുള്ളി ചോര ഇറ്റി ക്ളോസറ്റിൽ വീഴുന്നത് ചിലപ്പോ ഏറെ ദിവസങ്ങൾക്കു ശേഷം ആവും കാണുന്നത് . അത് കണ്ടു അമ്മമാരേ വിളിച്ചു കാട്ടുന്നത് പലപ്പോഴും. പേടിച്ചു വിറച്ചു ആവും .പിന്നെ കാര്യങ്ങൾ മണിമണിയായി പുറത്തു വരും. 
"അപ്പി പോകാൻ ഒരു പാട് ബുദ്ധിമുട്ടി മുക്കി മുക്കി വേദനയോടെ അപ്പി പോയതും അതിനു ശേഷം മഞ്ചാടി കുരു പോലെ ചോരത്തുള്ളികൾ ഇറ്റുവീണതും .മലദ്വാരത്തിനു ഒരു വശത്തു നല്ല നീറ്റലും."
നാല് ദിവസത്തെ കാത്തിരിപ്പ് കൊണ്ട് അപ്പിയുടെ അറ്റം ഉറച്ചു പാറപോലെയായതു പുറത്തേക്കു പോവുമ്പോൾ മലദ്വാരത്തിൽ മുറിവുണ്ടായതാണ്. മുറ്റത്തെ മണ്ണിൽ ആണീ അപ്പിഇടുന്നതെങ്കിൽ ഒരൊറ്റ നോട്ടത്തിൽ കാര്യം അറിയാം .അത് കണ്ടാലറിയാം ,നേരിയ നൂല് പോലെ ചോരയുടെ ഒരു നീണ്ട വര ഉണ്ടാവും ഒരു വശത്തു.
ഇതിനു നേരെ കടകവിരുദ്ധമായി മലത്തിൽ ചോര കാണുന്ന കാര്യം ആണ് ഡിസെന്ററി. കഫവും മലവും കൂടി .കക്കൂസിൽ ഇരുന്നിടത്തു നിന്ന് എണീറ്റ് പോരാൻ തോന്നില്ല. പോരാ പോരാ എന്നൊരു തോന്നൽ. “ കീഴ് വയറ്റിൽ പരുങ്ങി പരുങ്ങി ഒരു വേദനയും.കുഞ്ഞുങ്ങളിൽ ഇത് പലപ്പോഴും അണുബാധ കൊണ്ടാണ്. നല്ല പനിയും കാണും. വലിയവരിൽ പലരുടെയും കാര്യം വ്യത്യസ്തം .സ്ഥിരമായി പുറത്തു നിന്ന് ആഹാരം കഴിക്കുന്നവരിൽ വരുന്ന അമീബിയാസിസ്.
മഞ്ഞപ്പിത്തം എന്ന് കേൾക്കുമ്പോഴേ ഓർമ്മയിൽ എത്തുന്നത് മഞ്ഞക്കണ്ണും മഞ്ഞനിറത്തിൽ ഉള്ള മൂത്രവും ആവും. പണ്ടൊക്കെ മഞ്ഞപ്പിത്തം ഉണ്ടോന്നറിയാൻ മൂത്രത്തിൽ വറ്റിട്ടു നോക്കും .മഞ്ഞപ്പിത്തം ഉള്ളോരുടെ മലത്തിൽ വരുന്നൊരു മാറ്റം രോഗകാരണത്തെ കുറിച്ചും രോഗാവസ്ഥയുടെ നിലയെ കുറിച്ചും അറിവ് പകരും എന്നധികം പേർക്കറിയില്ല. 
മലത്തിന്റെ മഞ്ഞനിറം ഇല്ലാതെ വെറും കളിമണ്ണ് പോലെ ആവുന്ന അവസ്ഥ. 
സത്യത്തിൽ മൂത്രത്തിലൂടെ പോവുന്ന മഞ്ഞ നിറം മലത്തിലൂടെ പുറത്തേക്കു പോവേണ്ടതാണ്. അത് പോകുന്ന വഴിയിൽ തടസ്സം ഉണ്ടായി മൂത്രത്തിലൂടെ പോവുന്നതാണ് നമ്മളീ കാണുന്ന മഞ്ഞമൂത്രം. മലം പതിയെ സായിപ്പിന്റെ വെളുവെളുത്ത നിറമായി മാറുന്നു. ഈ കാലഘട്ടത്തിൽ ദേഹമാസകലം ചൊറിച്ചിലും പതിവാണ് . നീണ്ടു നിൽക്കുന്ന മഞ്ഞപ്പിത്തത്തോടൊപ്പം ഇത് പോലെ കളിമണ്ണ് അപ്പി പോവുന്നത് നന്നേ ചെറിയ കുട്ടികളിൽ ഗൗരവം ഉള്ള കരൾ രോഗത്തിന്റെ ലക്ഷണം ആണ്.
പാശ്ചാത്യ നാടുകളിലെ പേര് കേട്ട ഭിഷഗ്വരന്മാർക്കു ഒരു വീക്നെസ് ഉണ്ട് . രോഗലക്ഷണങ്ങൾ ആയി കാണുന്നതിനെ ഒക്കെ എന്തെങ്കിലും ഒരു ഭക്ഷണ പദാർത്ഥവുമായി സാമ്യം കാണുക അതിന്റെ പേരിടുക . ഒരു പാടുണ്ട് ഉദാഹരണങ്ങൾ . കേൾക്കുമ്പോ ഇത്തിരി അറപ്പു തോന്നും ചിലപ്പോ.
കരളിൽ പഴുപ്പ് വന്നു കുത്തിയെടുക്കുന്ന ചലത്തിനു “അഞ്ചവി സോസ് “നിറമാണ്.
ഒരുതരം ന്യുമോണിയ ബാധിച്ചാൽ തുപ്പുന്ന കഫത്തിന് "റെഡ് കറന്റ് ജെല്ലി"യുടെ നിറമാണ്.
അത് പോലെ കുടലുമാലകൾ പിരിഞ്ഞു തടസ്സപെടുന്ന ഒരു കണ്ടീഷനിൽ പുറത്തേക്കു പോവുന്ന മലത്തിനു "റെഡ് കറന്റ് ജെല്ലി"യുടെ നിറമാണ് . ഭക്ഷണപ്രിയന്മാർ ആയതു കൊണ്ടാവും.
ഈ അപ്പിയുടെ നിറവും കഫത്തിന്റെയും പഴുപ്പിന്റെയും ഒക്കെ നിറം ഇതൊക്കെ കണ്ടാലറിയാം ഉള്ളിലെ കുഴപ്പം ,എന്നാണ് സായിപ്പിന്റെ ഭാഷ്യം. 
പാരാസൈറ്റോളജി പുസ്തകത്തിൽ പണ്ട് പഠിച്ചിട്ടുള്ള ഒരു വിധപ്പെട്ട വിരകളെ ഒക്കെ നമ്മൾ പണ്ട് നാട്ടുമ്പുറത്തൂടെ ഒന്ന് നടന്നാൽ കണ്ടു കിട്ടുമായിരുന്നു.
മുറ്റത്തപ്പിയിടുമ്പോൾ ഇത്തിരി നൂല് പോലെ ഇഴയുന്ന ത്രെഡ് വേം , സാധാരണയിൽ സാധാരണം ആയ റൌണ്ട് വേം.
ഹൂക് വേം ഇതിലും ചെറുതായതു കൊണ്ട് നമ്മൾക്ക് നോക്കിയാൽ കാണാൻ ആകില്ല.
ഇവരുടെ ഒക്കെ വല്യേട്ടൻ ഉണ്ട് . മൂപ്പരുടെ നീളം സെന്റിമീറ്ററിൽ ഒന്നുമല്ല. മീറ്റർ കണക്കു. ടേപ്പ് വേം . ഇവർക്കൊരു പ്രത്യെകത ഉണ്ട്. അവരുടെ വാലറ്റം മാത്രം ഇത്തിരി ഇടയ്ക്കിടയ്ക്ക് പൊഴിക്കും. പാമ്പിന്റെ ഉപ്പിലി പോലെ ഇത്തിരി കഷണങ്ങൾ മലത്തിലൂടെ പോവും. തലഭാഗം ഉള്ളിൽ തന്നെ.
ചിലർക്ക് മറ്റൊരു പ്രശനം ഉണ്ട് തിന്ന വസ്തു ദഹിക്കാതെ അതെ പോലെ മലത്തിലൂടെ അങ്ങ് പോവും. 
നമ്മൾക്കൊക്കെ ഓർമ്മയുണ്ടാവും അമ്പതു പൈസയും ഇരുപത്തി അഞ്ചു പൈസയും ഒക്കെ വായിലിട്ടു കളിച്ചു അറിയാതെ മിണുങ്ങി പോയ കാര്യം. അതിനടുത്ത രണ്ടു ദിവസങ്ങളിൽ പാളയിൽ അപ്പിയിടീച് വെള്ളമൊഴിച്ചു നോക്കും ,കാശ് പുറത്തു ചാടിയോന്നു. ഈ അക്കിടി ഇപ്പോഴും കുറവല്ല.
അത് പോലെ ചിലർക്ക് കടലയും പുളിങ്കുരുവും ഒക്കെ അപ്പാടെ പോവും മലത്തിൽ.
ഇതിൽ ഏറ്റവും ഗൗരവം ഉള്ളൊരു അവസ്ഥ . നമ്മൾ കഴിക്കുന്ന ഫാറ്റ് . കൊഴുപ്പേ ..അത് ദഹിക്കാതെ മലത്തിൽ പോവും. അതിത്തിരി കുഴപ്പം പിടിച്ച കാര്യമാണ് കേട്ടോ . ദേഹം പുഷ്ടിപ്പെടുകയേ ഇല്ല.
ഈ കാര്യം മലം കണ്ടാലറിയാം. തിന്നതിനേക്കാൾ “തൂറിപ്പോവും “.പോയ അപ്പി വെള്ളത്തിന് മേൽ പൊങ്ങിക്കിടക്കും. “അസാധ്യ “നാറ്റവും.( ഈ വാക്കുകൾ എന്റെ തൃശൂർ സുഹൃത്തിന്റെ ).
ഇത്രയും പറഞ്ഞത്. നമ്മൾ പാളയിൽ കോരിക്കളയുന്ന അപ്പിയുടെ മൂല്യം നമ്മൾ അറിയുന്നില്ല , അതോർമ്മിപ്പിക്കാൻ.
വന്ദിച്ചില്ല എങ്കിലും നിന്ദിക്കരുത്.
സത്യം പറഞ്ഞാൽ ചില രോഗാവസ്ഥകൾ അപ്പി കൊണ്ട് ചികില്സിക്കുന്ന കാര്യം കൂടി കേൾക്കുമ്പോ മനസ്സിലാവും ഇതിന്റെ മഹത്വം എത്രയെന്നു. അക്കാര്യം മറ്റൊരവസരത്തിൽ

Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി