തുള്ളിമരുന്ന്

https://upload.wikimedia.org/wikipedia/commons/6/63/A_country_boat_sailing_acroos_kaithapuzha_kayal_-_panoramio.jpg

തുഴകൾ താഴെയിട്ടു തോണിയിൽ ഇളംകാറ്റ് കൊണ്ട് വെറുതെ മലർന്നു കിടന്നു കാറ്റിൽ ഇളകിയാടി തെന്നിപോവും പോലെയാണ് ഞായറാഴ്ചകളിൽ ഫേസ് ബുക്കിലൂടെ ഉള്ള തെന്നിപ്പോക്കു.
പുറത്തേക്കു വെള്ളത്തിൽ കൈവിരലുകൾ കൊണ്ട് വരച്ചു,കൊച്ചുകുമിളകളുടെ സംഗീതം ആസ്വദിക്കും പോലെ എഴുത്തിലെ വാക്കുകൾ ആസ്വദിച്ചങ്ങനെ ഒഴുകി നീങ്ങും.
പരിചയമുള്ളവരുടെ പേജുകളിലൂടെ തെന്നി പോയി ആരുടെയൊക്കെയോ പേജുകളിലൂടെ ഊളിയിട്ടപ്പോ വായിച്ചൊരു കുറിപ്പ് എന്റെ മനസ്സിൽ തോന്നിച്ച കാര്യം ആണ് ഈയൊരു കൊച്ചു കുറിപ്പെഴുതാൻ ഇടയാക്കിയത്.
“ കുഞ്ഞുങ്ങൾക്ക് വിറ്റാമിൻ തുള്ളിമരുന്നുകൾ വേണ്ടേ ? ബ്രമ്മി വേണ്ടേ ? എന്ന് പലരും ചോദിക്കുന്ന ചോദ്യത്തിന് കൂടുതൽ വിശദീകരണം നൽകാതെ ഒരു തുള്ളിമരുന്ന് കുറിച്ച് കൊടുക്കുകയാണല്ലോ പതിവ് നമ്മളിൽ പലരും .തിരക്കുള്ള ഒപികളിൽ പലപ്പോഴും ഒരു പാട് വിശദീകരണങ്ങൾക്കു നേരം കിട്ടാത്തത് കൊണ്ടാണ്.
“ രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതും പാല് “ രണ്ടു കൂട്ടർക്കും ഒരു പോലെ സമാധാനം.
ആ രീതിയുടെ ശരിയും ശരികേടും പറയാൻ ആണീ കുറിപ്പ്.
വീട്ടിൽ ഒരുണ്ണി പിറക്കുമ്പോ അതിന്റെ ആയുസ്സും ആരോഗ്യവും ആവും കുടുംബത്തിലെ ഓരോരുത്തരുടെയും ചിന്തകളിൽ നിറഞ്ഞു നിൽക്കുന്നത്.
"അതിനു എന്തൊക്കെ കൊടുക്കണം എങ്ങനെ നോക്കണം "എന്ന കാര്യങ്ങളിൽ ശരി ഏതെന്നു അറിയാതെ പലപ്പോഴും തെറ്റുകൾ വരുത്തുന്നുണ്ട്.
നമ്മൾ ഡോക്ടർമാർ അവരെ കേൾക്കണം ,തെറ്റുകൾ തിരുത്തിക്കൊടുക്കണം ശരി പറഞ്ഞു കൊടുക്കണം. ഇത്തിരി കൂടുതൽ നേരം ഒപ്പം ചെലവഴിക്കണം. പ്രത്യേകിച്ചും പ്രസവം നടന്ന ആദ്യ ദിവസങ്ങളിൽ.
കുഞ്ഞിന് മുലപ്പാൽ മാത്രം മതി എന്ന് ഒരു വാക്കു പറഞ്ഞു പോയാൽ പോരാ. അമ്മമാർക്ക് ആൽമ വിശ്വാസം കൊടുത്തു കൊണ്ട് ഉണ്ണിയെ മുലയൂട്ടുന്ന ശരിയായ രീതി കാട്ടി കൊടുത്തു കൊണ്ട് കൂടെ ഉണ്ടാവണം. സമയക്കുറവുണ്ടായാലും ആദ്യ ദിവസം ഇത്തിരി നേരം ഒപ്പം ഉണ്ടാവുന്നത് വലിയൊരു കാര്യം ആണ്. കാരണം മുലയൂട്ടലിന്റെ വിജയപരാജയങ്ങൾ ഈ ആദ്യ മണിക്കൂറുകളിൽ ആണ് തീരുമാനിക്കപ്പെടുന്നത്.
ഇന്നത്തെ കുറിപ്പിന്റെ വിഷയത്തിൽ നിന്ന് വ്യതിചലിച്ചു.
പറയാൻ ഉദ്ദേശിച്ചത് വിറ്റാമിൻ തുള്ളിമരുന്നുകളുടെ കാര്യം. ഇരുപതു വർഷം മുൻപ് വരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആവുമ്പൊ കുഞ്ഞിന് ഒരു തുള്ളിമരുന്നും അമ്മക്ക് ഒരു ടോണിക്കും സ്ഥിരം കാഴ്ച ആയിരുന്നു.
അതിനു ശേഷം കുറച്ചു കാലം “കുഞ്ഞിന് ആറുമാസം വരെ മുലപ്പാൽ മാത്രം” എന്ന മുദ്രാവാക്യം ഒരു പരിധി വരെ ഈ രീതിക്കു ഒരു മാറ്റം ഉണ്ടാക്കിയിരുന്നു.
എന്നാൽ ഇപ്പൊ കുറച്ചു കാലമായി “വീണ്ടും ചങ്കരൻ തെങ്ങുമ്മ തന്നെ “.
ഇപ്പൊ കുഞ്ഞിന് ഒരു തുള്ളിമരുന്നിനു പകരം ഒന്നിൽ കൂടുതൽ എണ്ണം ,പിന്നെ കാൽസ്യം . കഴിഞ്ഞ രണ്ടു വർഷമായി വിറ്റാമിൻ ഡി ഒരു ഫാഷൻ. ആയിരിക്കുന്നു. ഇവിടത്തെ അമ്മമാർക്ക് വിറ്റാമിൻ ഡിയുടെ കുറവുണ്ടെന്നും അവരുടെ മുലപ്പാലിൽ നിന്ന് കുഞ്ഞുങ്ങൾക്ക് വേണ്ടത്ര വിറ്റാമിൻ ഡി കിട്ടില്ല എന്നും അത് കൊണ്ടാണ് ഇപ്പൊ ഒരു പാട് കുഞ്ഞുങ്ങൾക്ക് അത് സംബന്ധമായ എല്ലിന്റെ വളവു ഉണ്ടാവുന്നതെന്നും.
മാത്രമല്ല എന്റെ പരിചയത്തിലുള്ള ഒരു പാട് പേര് വിറ്റാമിൻ ഡി കഴിക്കുന്നുണ്ട് .പലരും വിറ്റാമിൻ ഡി എത്രയുണ്ട് രക്തത്തിൽ എന്ന പരിശോധന ചെയ്യുന്നു ,അത് കുറവാണു അത് പരിഹരിക്കാൻ ആണെന്ന് ഉത്തരവും. പ്രമേഹം കുറയ്ക്കും പ്രതിരോധം കൂട്ടും അങ്ങനെ ഒരു പാട് ഗുണങ്ങൾ .ഈ കാര്യങ്ങളൊക്കെ ശരി .എന്നാലും ഒരു കുഴപ്പവും ഇല്ലാത്ത ആൾക്കാർ രക്തത്തിലെ വിറ്റാമിൻ ലെവലിന്റെ പുറകെ പിടിക്കണോ എന്ന കാര്യത്തിൽ മാത്രം വ്യക്തത പോരാ .
എന്റെ ഗുരുനാഥൻ എം ജി സഹദേവൻ സാർ പണ്ട് ക്ലാസ്സിൽ പറഞ്ഞ ഒരു കാര്യം ഓർമ്മയിൽ . എഴുപതുകളിൽ ആണ് കേട്ടോ . അന്ന് പ്രൊപ്രാനലോൾ (propranalol) എന്നൊരു മരുന്ന് ഇറങ്ങിയ കാലം. മെഡിസിനിൽ ഓരോ അദ്ധ്യാപകനും ചോദിക്കും.
“Tell me six indications of propranalol ?
ഉത്തരം ചിലപ്പോ ."ദാ പിടിച്ചോ .എന്തിനാ അഞ്ചാക്കുന്നതു ഒരു രണ്ടെണ്ണം അധികം ആയിക്കോട്ടെ “
മണി മണിയായി പറഞ്ഞു ഷൈൻ ചെയ്തിരുന്ന കാലം.
ഒരു മരുന്ന് ഇറങ്ങിയാൽ അത് മൂന്നു കാലഘട്ടത്തിലൂടെ പോവും.
ആദ്യത്തേത് “ ഈ മരുന്ന് കൊണ്ട് ചികിൽസിക്കാൻ കഴിയാത്ത ഒരു രോഗവും ഇല്ല എന്ന ഘട്ടം. ഒരഞ്ചു വര്ഷം കഴിയുമ്പോ പ്ളേറ്റ് നേരെ തിരിയും.
രണ്ടാം ഘട്ടം എവിടെ നോക്കിയാലും അതിന്റെ കുറ്റങ്ങളും കുറവുകളും മാത്രം ആവും . “ അത് ഞാൻ എന്റെ പട്ടിക്കും കൂടി കൊടുക്കില്ല “ എന്നാവും.
കാലം മുന്നോട്ടു തന്നെ പോവും. പതിനഞ്ചു വര്ഷം ആവുമ്പൊ ആണ് ആ മരുന്ന് ശരിക്കും "എവിടെ വേണം എവിടെ വേണ്ട എന്തൊക്കെ ദൂഷ്യം" എന്ന് അറിയുന്നത്. ശരിയായ രീതിയിലെ ഉപയോഗം അപ്പോഴാണ് തുടങ്ങുന്നത്. ആധുനിക വൈദ്യ ശാസ്ത്രത്തിൽ ഇതിനു എത്രയോ ഉദാഹരണങ്ങൾ . അംഗവൈകല്യങ്ങൾ ഉണ്ടാക്കിയ താലിഡോമൈഡ് ഇപ്പൊ ചികിത്സയുടെ അവസാന വാക്കായി ഉപയോഗിക്കുന്ന ഘട്ടങ്ങൾ ഉണ്ട്.
പറഞ്ഞു വന്നത് വിറ്റാമിൻ ഡി യെ ക്കുറിച്ചു.
ഇപ്പൊ വിറ്റാമിൻ ഡി യുടെ കാലം ആണ്.
നേരത്തെ പറഞ്ഞ ആദ്യ കാലഘട്ടം.
എന്ത് രോഗമായാലും അത് ചികിൽസിക്കാൻ അല്ലെങ്കിൽ തടയാൻ വിറ്റാമിൻ ഡി തന്നെ . വയറിളക്കാൻ ആയാലും മലബന്ധത്തിനു വേണ്ടി ആയാലും .രണ്ടായാലും ഫലിക്കും.
ദേഹത്തിനു കറുപ്പ് കൂടുതലുള്ളവരെ വെളുപ്പിക്കും വെളുത്തവരെ ഇച്ചിരി കറുപ്പിക്കും എന്ന് തുടങ്ങി എങ്ങും വിറ്റാമിൻ ഡി യുടെ അപദാനങ്ങൾ മാത്രം.
ഒരു രണ്ടു പതിറ്റാണ്ടു മുൻപ് ഈ ഘട്ടങ്ങളിലൂടെ കടന്നു പോയ രണ്ടു മരുന്നുകൾ ആണ് ഓർമ്മയിൽ വരുന്നത്.
ആദ്യത്തേത് "വിറ്റാമിൻ ഇ" , അത് കഴിഞ്ഞു "സിങ്ക്".
ഈ രണ്ടെണ്ണവും ഇപ്പൊ നേരത്തെ പറഞ്ഞ മൂന്നാമത്തെ ഘട്ടത്തിൽ എത്തി നിൽക്കുന്നു.
ഇനി പറയാം തുള്ളിമരുന്നുകളെക്കുറിച്ചു പ്രത്യേകിച്ച് വിറ്റാമിന് ഡി യെക്കുറിച്ചു.
ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾ ആയി അനുവർത്തിച്ചു പോന്ന നയം ആയിരുന്നു ,"ആറുമാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രം "എന്നത് .ഓരോ ആശുപത്രിയിലും വലിയൊരു ബോർഡും എഴുതി പ്രദർശിപ്പിച്ചിരുന്നു .മുലയൂട്ടലിന്റെ ഗുണഗണങ്ങൾ പ്രചരിപ്പിക്കാൻ .ഭാര്യയെ പ്രസവത്തിനു കയറ്റി പുറത്തു അക്ഷമയോടെ ഉലാത്തുന്ന ഭർത്താക്കന്മാരുടെ കണ്ണുകൾ ഈ പത്തു കൽപ്പനകളിലൂടെ പോവുമ്പോ ചിലപ്പോഴെങ്കിലും അത് ഗുണം ചെയ്യുമായിരുന്നു.
ആഎഴുതി വെക്കാറുള്ള ചില കാര്യങ്ങൾ കൂടി ഉണ്ട്.
൧. പ്രസവിച്ചു ആദ്യ മണിക്കൂറിനുള്ളിൽ ( ഇപ്പൊ അതിലും നേരത്തെ അമ്മക്ക് പറ്റുന്നത്ര നേരത്തെ തന്നെ എന്ന് പറയുന്നു .അതാണ് ശരി ) മുലയൂട്ടി തുടങ്ങണം .പാലില്ല എന്ന് പറഞ്ഞു മറ്റൊന്നും കലക്കി കൊടുക്കരുത്. ബ്രമ്മിയും വയമ്പും തേനും സ്വർണ്ണവും ഒന്നും അരുത്.
൨.വേനലിന്റെ ചൂടിലും കുഞ്ഞിന് വെള്ളം വേണ്ട .'അമ്മ കുടിച്ചു കുഞ്ഞിന് പാല് കൊടുത്താൽ മതി.
൩. മാസം തികഞ്ഞു പ്രസവിച്ചു രണ്ടര കിലോയിൽ കൂടുതൽ തൂക്കം ഉള്ള കുട്ടികൾക്ക് വിറ്റാമിന് മരുന്ന് തുള്ളികൾ വേണ്ട .കാൽസ്യമോ ഇരുമ്പൊ ഒന്നും അരുത് . ബ്രമ്മി വേണ്ട ,വയറിളകാൻ മരുന്നുകൾ അരുതു.
അപ്പൊ ഒരു കാര്യം മനസിലാക്കുക. ഏതെങ്കിലും ആശുപത്രിയിൽ നിന്ന് നിങ്ങളുടെ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യുമ്പോൾ കുട്ടി പ്രായം എത്തി ആവശ്യത്തിന് തൂക്കം ഉള്ള കുട്ടി ആണെങ്കിൽ മുലപ്പാൽ അല്ലാത്ത ഒരു മരുന്നുകളും കൊടുക്കേണ്ട ആവശ്യം ഇല്ല.
എന്നാൽ ഈ കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയി മറ്റൊരു ഫാഷൻ കാണുന്നു . വിറ്റാമിന് ഡിയുടെ തുള്ളിമരുന്നുകൾ നാനൂറു യൂണിറ്റ് ഓരോ ദിവസവും കൊടുക്കുന്നു ഒരു വയസ്സ് വരെ. അതില്ലെങ്കിൽ എല്ലിന്റെ വളവു വരുന്ന അസുഖം ഉണ്ടാവും എന്ന്. ഇതിനു വിശദീകരണം ആയി പറയുന്നത് വിറ്റാമിൻ ഡിയുടെ കുറവ് കൊണ്ട് ഉണ്ടാവുന്ന റിക്കേറ്റ്സ് എന്ന അസുഖം ഇവിടെ കൂടി വരുന്നു.
“പുതിയ പഠനങ്ങൾ കാണിക്കുന്നത് ഇന്ത്യയിലെ അമ്മമാരുടെ വിറ്റാമിന് ഡി വേണ്ടത്ര ഇല്ല .അത് കാരണം അവരുടെ പാലിൽ വിറ്റാമിൻ ഡി കുറവായിരിക്കും എന്ന് അത് കൊണ്ട് കുഞ്ഞുങ്ങൾക്ക് അതിന്റെ കുറവ് ഉണ്ടാകും” ചില ചോദ്യങ്ങൾക്കു മാത്രം ഉത്തരം ഇല്ല.
മുൻപ് എത്രയായിരുന്നു?
.ഈ അമ്മമാർക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ "?
ഒരു കാര്യം ശരിയാണ്. വിറ്റാമിന് ഡിയുടെ കുറവ് കൊണ്ട് റിക്കേറ്റ്സ് എന്ന എല്ലിന്റെ അസുഖം കൂടി വരുന്നുണ്ട് . എന്നാൽ അതിന്റെ കാരണം അമ്മമാരുടെ മുലപ്പാലിലൂടെ കിട്ടുന്ന വിറ്റാമിൻ ഡി കുറവായിട്ടാണ് എന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിട്ടല്ല.
സത്യത്തിൽ ഒരസുഖവും ഇല്ലാത്ത അമ്മമാരുടെ രക്തത്തിലെ അളവ് കുറവാണെന്നു പറഞ്ഞു ഇങ്ങനെ ചെയ്യുന്നതിൽ ശരികേടുണ്ട്. കാരണം ഇവിടത്തെ അമ്മമാരുടെ രക്തത്തിലെ നോർമൽ ലെവൽ എത്രയായിരുന്നു എന്നതിന് മുൻപുള്ള പഠനങ്ങൾ ഇല്ല.
അപ്പൊ ഈയൊരു പുതിയ ഫാഷൻ ആയി വിറ്റാമിന് ഡി തുള്ളിമരുന്നും , അതോടൊപ്പം വേറെയും തുള്ളിമരുന്നുകളും കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നതിനു എന്ത് ന്യായീകരണം ?
അതിന്റെ കഥ ഇങ്ങനെ .
അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് വര്ഷങ്ങള്ക്കു മുൻപ് തന്നെ നവജാത ശിശുക്കൾക്കും ഒരു വയസ്സ് വരെയും നാനൂറു യൂണിറ്റ് വിറ്റാമിന് ഡി തുള്ളിമരുന്ന് കൊടുക്കാൻ നിർദ്ദേശം ഇട്ടിരുന്നു.
രണ്ടായിരത്തി പതിനഞ്ചിൽ മറ്റൊരു സംഘടനയും രിക്കെട്സ് കൂടുതൽ ഉള്ള രാജ്യങ്ങളിൽ ഇങ്ങനെ വേണം എന്ന് നിർദ്ദേശിച്ചിരുന്നു. ഒരു കാര്യം ഓർക്കുക . ഈ രാജ്യങ്ങളിൽ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന രീതിയല്ല അനുവർത്തിക്കുന്നത്.
“ അപ്പൊ സാറേ , നിങ്ങൾ ആകെ കണ്ഫയൂഷൻ ആക്കിയാലോ . പറ . ഞങ്ങൾ എന്ത് ചെയ്യണം ? എന്റെ കുട്ടി നാളെ ആശൂത്രീന്നു ഡിസ്ചാർജ്ജ് ആവും എന്താ വേണ്ടേ ? കൊടുക്കണോ വേണ്ടയോ ?
“ നിങ്ങളുടെ കുട്ടി മാസം തികഞ്ഞു പ്രസവിച്ചതാണോ ?
“അതെ “
“കുഞ്ഞിന്റെ തൂക്കം എത്ര ? 2500 ഗ്രാമിൽ കൂടുതൽ ഉണ്ടോ ?
“ഉണ്ട്”
“മുലപ്പാൽ കൊടുത്തു തുടങ്ങിയോ ? കുഞ്ഞു കുടിച്ചു കഴിഞ്ഞാൽ തൃപ്തിയായി ഉറങ്ങുന്നുവോ ? നന്നായി മൂത്രം ഒഴിക്കുന്നുവോ ?അപ്പിയിടുന്നോ ?
“ അതെന്താ അതിനൊരു സംശയം. സാറേ. അവൻ നന്നായി മുല കുടിക്കുന്നു അപ്പിയിടുന്നു മൂത്രം എന്റെ കുപ്പായത്തിന്മേൽ പൂക്കുറ്റി പോലെ പോകുന്നു “

“നിങ്ങൾ ധൈര്യമായി പോവൂ . നിങ്ങളുടെ കുഞ്ഞിന് ഒരു വിറ്റാമിനുകളും വേണ്ട. ബ്രമ്മിയും വയമ്പും വേണ്ട .കൃത്യമായി കുത്തിവെപ്പുകൾ വെക്കൂ .തൂക്കം ശ്രദ്ധിക്കണം .
"അല്ല സാറേ സാറ് ചോദിച്ചില്ലേ ,കുഞ്ഞിന് തൂക്കമുണ്ടോ എന്നൊക്കെ .അപ്പൊ കുഞ്ഞിന് മാസം തികഞ്ഞില്ലെങ്കിൽ ? തൂക്കം ഇല്ല എങ്കിൽ ?"
“ കുഞ്ഞിന് മാസം തികഞ്ഞില്ല എങ്കിൽ വിറ്റാമിന് ഡി കൊടുക്കണം കാൽസിയം കൊടുക്കണം ചിലപ്പോ മറ്റു വിറ്റാമിനുകളും ഇരുമ്പു തുള്ളിമരുന്നുകളും വേണ്ടി വരും. വിറ്റാമിന് ഡി നാൽപതു ആഴ്ച്ച ( അതായതു കുറവുള്ള പ്രായം നികത്തുന്നത് വരെ ) മതിയാവും .ആ നാളുകളിൽ കാൽസ്യം കൊറവുണ്ടോ എന്ന് നോക്കി മാത്രം പിന്നെ കൊടുക്കണോ എന്ന് തീരുമാനിക്കാം.
“മുലപ്പാൽ കുറവുള്ള കുഞ്ഞുങ്ങളിൽ , മറ്റു പാലുകൾ കൊടുക്കുന്ന കുട്ടികളിൽ ഒക്കെ വിറ്റാമിനുകളും കാൽസ്യവും കൊടുക്കേണ്ടി വരും.
അപ്പൊ പറഞ്ഞു വന്നതിന്റെ രത്നച്ചുരുക്കം.
“മാസം തികഞ്ഞ കുഞ്ഞിന് ആറുമാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രംമതി .
അത് മാത്രമാണ് ശരി .
ഒരു ഫാഷന് വേണ്ടി തുള്ളിമരുന്നുകൾ കൊടുക്കേണ്ടതില്ല.
ഏതു മരുന്നാകട്ടെ അത് കൊടുക്കുന്നു എങ്കിൽ അതിനു ഒരു ന്യായീകരണം ഉണ്ടാവണം .

Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി