സർപ്പക്കാവ്








“സാർ “വാട്സാപ്” ഒന്ന് നോക്ക്വോ ? ഒരു സ്നേക്ക് ബൈറ്റ് വന്നിട്ടുണ്ട് .തല്ലിക്കൊന്ന പാമ്പിനെ കൊണ്ട് വന്നിട്ടുണ്ട്.അതിന്റെ ഒരു വീഡിയോ എടുത്തു ഞാൻ ഇപ്പൊ വാട്സാപ്പിൽ അയച്ചിട്ടുണ്ട്.
“Tiangular head and the body markings i am thinking it is viper. Russells viper”.
.. സാർ ഒന്ന് പെട്ടെന്ന് നോക്കി പറയ്‌ ..ആൻറി സ്നേക്ക് വെനം കൊടുക്കാൻ പോവുന്നു ..” കുട്ടികളുടെ ഐ സി യുവിൽ രാത്രി ഡ്യൂട്ടി എടുക്കുന്ന പീജി വിദ്യാര്തിനി ആണ് .
.പണ്ടൊക്കെ കുഞ്ഞു കുട്ടി കുടുംബത്തോടൊപ്പം സമാധാനമായി രസിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴും, കുളിമുറിയിൽ വിസ്തരിച്ചൊരു കുളി ആസ്വദിക്കുമ്പോഴും ഇത് പോലൊരു വിളി വന്നാൽ അത് പാതി വഴിയിൽ നിർത്തി ഓടി പോകേണ്ടി വരും .വന്നു വന്നു ഇപ്പൊ ഒരു ഫോണ്‍ കൊണ്ട് കാര്യം നടക്കുന്നു .സാങ്കേതിക വിദ്യകൾ എന്തെല്ലാം വിധത്തിൽ നമ്മൾക്ക് സഹായകം ആവുന്നു .വാട്സാപ്പിൽ ഒരു ഫോട്ടോ ആയി അല്ലെങ്കിൽ നേരിട്ട് തന്നെ കാണാം.
പാമ്പിനെ കണ്ടു . വാട്സാപ്പിൽ. നല്ല വീഡിയോ .
ഒരു മുട്ടൻ വിദ്വാൻ ,സ്വതവേ മടിയൻ അടി കൊണ്ട് പാതി ചത്തു . വാലനക്കം നിന്നിട്ടില്ല
“ കുട്ടീീ മരുന്ന് കലക്കിയോ ? അത് കലക്കി കളയണ്ട.That is not Viper.. another nonpisoness one. which look like Viper.. That is Eryx conicus.. Keep it . we ll discuss about that later..
.വൈപ്പറിന്നൊരു അപരൻ .പാവം , ശുദ്ധൻ . എറിക്സ്‌ കോണിക്കസ് എന്ന് ശാസ്ത്ര നാമം . അവനു ദൈവം നല്കിയ കുപ്പായം അങ്ങനത്തെ ആയിപ്പോയി ..ദേഹം മുഴുവനുമുണ്ട് പുള്ളികൾ , തലയും ത്രികോണാകൃതി .ഒറ്റ നോട്ടത്തിൽ അണലി തന്നെ എന്ന് തോന്നും ..ഒരു കുഞ്ഞു ജീവൻ തുലാസിൽ തൂങ്ങി കിടക്കുമ്പോ രക്ഷക്കുള്ള ഒറ്റമൂലി കൊടുക്കാൻ വൈകിക്കൂടാ..ഈ അപരൻ ഒരു പാട് അവസരങ്ങളിൽ ഇങ്ങനെ ഒരു തെറ്റിധാരണ ഉണ്ടാക്കാറുണ്ട് .
Image result for viper snake

Viper



Image result for eryx conicusImage result for eryx conicus
Eryx conicus (non poisoness)
വൈപ്പറിനെ പോലെ തന്നെ മറ്റൊരു വിഷമുള്ള പാമ്പ് ആണ് ശംഖുവരയൻ .( ക്രെയിറ്റ്)...ഇയാൾക്കുമുണ്ടൊരു അപരൻ . സാമ്യത ഏറെ. ലൈക്കഡോണ്‍ ഓളിക്കസ് എന്ന് ശാസ്ത്ര നാമം . ഒരു പാവം
Image result for krait

KRAIT (Poisoness)



Image result for lycodon aulicus

Lycodon (non poisoness)

 കടിയേറ്റു കഴിഞ്ഞു പല കാരണങ്ങള കൊണ്ട് മണിക്കൂറുകൾ വൈകിയ ശേഷം കൊണ്ട് വരുമ്പൊഴോ അല്ലെങ്കിൽ മറ്റു ചിലപ്പോൾ ഇത്തിരി നേരത്തിനുള്ളിൽ എത്തിച്ചിട്ടു പോലും മാരകമായ വിഷമേറ്റത് കൊണ്ടും കുഞ്ഞുങ്ങളെ രക്ഷിക്കാൻ പറ്റാതെ പോകുന്ന എത്ര കേസുകൾ .
പുതു മഴ തുടങ്ങുമ്പോഴാണേറ്റം കൂടുതൽ . വേനലിലും ഒട്ടും കുറവല്ല . പുതു മഴയിൾ മാളങ്ങളിൽ വെള്ളം കയറിയാൽ അവര്ക്കും പൊതു വഴി ശരണം . കുന്നും പുഴയും കുറ്റിക്കാടും നാട്ടു വഴികളും രാജവീഥികളും ഒരുക്കുമ്പോൾ നമ്മൾ മനുഷ്യന്മാർക്ക് മാത്രം എന്നൊന്നും പറഞ്ഞില്ല ദൈവം തമ്പുരാൻ . ബേപ്പൂർ സുൽത്താന്റെ ഭാഷ കടമെടുത്താൽ...പാമ്പിനും തേളിനും കീരിക്കും പക്ഷിക്കും ഉറുമ്പിനും അണ്ണാനും ആനക്കും .ഒക്കെ നടക്കാനുള്ള മണ്ണാണ് , വഴിയാണ് . .അത് എന്റേത് മാത്രം എന്ന് പറഞ്ഞു ആരെയും തല്ലി കൊല്ലാൻ ഒടയ തമ്പിരാൻ ആര്ക്കും അനുവാദം കൊടുത്തിട്ടില്ല . പാവങ്ങൾ എന്ത് പിഴച്ചു.?അവരുടെ കൈയ്യിൽ വടിയും കല്ലും ഇല്ലാത്തെടത്തോളം എന്തുണ്ട് പോംവഴി , പല്ല് തന്നെ പ്രയോഗിക്കും .
വേനലാവുമ്പോ നമ്മുടെ രാത്രി സഞ്ചാരം കൂടുന്നത് കൊണ്ടാവും കടിയേൽക്കുന്നത് കൂടുന്നത്.നിലത്തു അഴിച്ചു വെക്കുന്ന ഷൂ അവർക്കിഷ്ടമുള്ള ഒരു ഇടമാണ് . ഇത്തിരി തണുപ്പും സുരക്ഷയുമുള്ള ഇടം . കാറും ബൈക്കും ഒക്കെ പാമ്പിന്റെ മേലെ കൂടെ ഓടിച്ചു പോകുന്നവരും ഓർക്കണം . അവൻ ചിലപ്പോ അതിലേക്കു വലിഞ്ഞു കയറാം എന്നത് ....നാട്ടിലെ ഓരോ സർക്കാർ ആശുപത്രിയും പാമ്പ് വിഷ ചികിസക്ക് വേണ്ട വിധം സജ്ജീകരിക്കേണ്ട ആവശ്യം ഉത്തരവാദപ്പെട്ടവർ ഗൌരവമായി എടുക്കണം .ഉണ്ണികളുടെ ചലനമറ്റ ശരീരം മുൻപിൽ കൊണ്ട് കിടത്തുമ്പോൾ നിസ്സഹായനായി നോക്കി നില്ക്കേണ്ടി വരുന്നു . .മരണങ്ങളും നിലവിളിയും കണ്ടും കേട്ടും കല്ലായി പോയ മനസ്സുകളിലും കണ്ണിലും നനവ്‌ പടരുന്ന നിമിഷങ്ങൾ
ഓർമയിൽ ഓടിയെത്തുന്നത് ഒരു നഷ്ടത്തിന്റെ കഥ .

കൊല്ലപ്പരീക്ഷ കഴിഞ്ഞു സ്കൂൾ അടക്കുന്നതും കാത്തു നില്ക്കുകയാവും മലബാറിലെ കാവുകൾ..ആശാരിച്ചിക്കാവും കുന്നുമ്മക്കാവും . മഴയും മഞ്ഞും കൊണ്ടുറങ്ങിയിരുന്ന ചാത്തന്മാരും ഗുളികനും ചാമുണ്ഡിയും വേനൽ ചൂടേറ്റാണ് ഉണരുന്നത്. ഇടിഞ്ഞു പൊളിയാറായ കൽത്തറയുടെ മാളങ്ങളിൽ നിന്ന് പുറത്തു വരുന്ന പാമ്പുകളും അവയോടു മത്സരിക്കുന്ന വിധം വളഞ്ഞു പുളഞ്ഞു കിടക്കുന്ന വലിയ വേരുകളും .കാവിന്റെ മുറ്റമാകെ തണലും കൊഴിഞ്ഞ ഇലകളും വിരിച്ചു കാത്തിരിക്കും കാവിലെ അരയാൽ മരം . കോമരത്തിന്റെ ചോന്ന പട്ടും തുരുമ്പിച്ച വാളും കാലിലെ ചിലമ്പും ഇല്ലത്ത് നിന്നും തലച്ചുമടായി കൊണ്ട് വരുന്ന വലിയ ഓട്ടുരുളിയിൽ “ഗുരുസി”യിൽ കലങ്ങുന്ന ചോപ്പും അല്ല ...കാവുകൾ കാത്തിരിക്കുന്നത് ഞങ്ങളെ ആണ് ..
സ്കൂളവധിയുടെ അവസാന നാൾ, പഠിച്ചു കൂട്ടിയ പുസ്തകങ്ങളുടെ ബാക്കി തട്ടും പുറത്ത് അടുക്കി വെക്കാനും കൂടി നേരം കാണില്ല . ഒരോട്ടമാണ് ,ചെണ്ട മേളം വിളിക്കുന്നിടത്തേക്ക് ..ഇളംകാറ്റിൽ മഞ്ഞ വെയിൽ ആസ്വടിച്ചു പതിയെ ആടുന്ന ആലിന്റെ തളിരിലകൾ. ഉയരത്തെ കൊമ്പിൽ തൂങ്ങിയാടുന്ന ചുവന്ന കൊടികൾ അതിലെ ചോപ്പും കറുപ്പും ഇട കലര്ന്ന വരകൾ . ചെണ്ടയുടെ ദ്രുതതാളത്തിനൊപ്പം പിടിക്കാൻ പറ്റാതെ വൈകുന്നേരത്തെ ഇളംകാറ്റിനൊപ്പം പതിയെ ആടുന്ന നീളൻ കൊടികൾ . താഴെ തിരു മുറ്റത്ത് കുരുത്തോലയും അരങ്ങും . വെട്ടിയ വാഴകൾ കൊണ്ട് പണിത കാവിന്റെ ചെറു രൂപങ്ങൾ , അതിൽ കുത്തി വെച്ച കോത്തിരികൾ .കാവിന്റെ ചുറ്റും കുത്തു വിളക്കുകൾ പോതിയോട്ടത്തിന്റെ വടക്കേ കൽ വിളക്കിൽ പുക കൊണ്ട് കൊണ്ട് രൂപപ്പെട്ട കരിമഷി , വിളക്കിലെ എണ്ണ ഇറ്റിച്ച് ഉള്ളം കൈയ്യിൽ ചാലിച്ചു നെറ്റിയിൽ പൊട്ടു വെക്കാം . പകൽ വെയിലിൽ തെയ്യങ്ങൾ ആടി തിമിർത്ത മിറ്റത്തു ചെലപ്പോ കനലുണ്ടാവും , മണ്ണിലും ചാരത്തിലും മൂടി , കാലു പൊള്ളും . സന്ധ്യക്ക്‌ ഗുളികനു കനലിൽ ആറാടാനുള്ള “മേലേരിക്കു“ വിറകു കത്തി പിടിക്കുന്നുണ്ടാവും ..രാത്രിയിൽ ഇടവിട്ട്‌ കത്തിച്ചു വെച്ച പെട്രോ മാക്സുകൾക്കും ചുവരിലെ കത്തുന്ന തീനാളങ്ങൾക്കും എത്തി പിടിക്കാൻ ആവാത്ത മിറ്റത്തെ ഇരുട്ടത്ത് “മേലേരി”യുടെ കനലുകൾ പല്ലിളിച്ച് കാട്ടും ,കാറ്റടിച്ചു ചാരം പാറുമ്പോൾ .

രാവുറങ്ങാൻ പായയും കരുതിയാണ് മുത്തശ്ശിമാർ . ആധിയും വ്യാധിയും അകറ്റാൻ കൊല്ലം മുഴുവൻ നേർന്ന നേർച്ചകൾ നാണയത്തുട്ടുകളായി തെയ്യത്തിന്റെ കിണ്ണത്തിൽ മഞ്ഞൾ പൊടിയിൽ ഇടും ..“ ഗുണം വരും “ തെയ്യത്തിന്റെ അനുഗ്രഹം …തലയിൽ കൈ വെച്ചു .ഭക്തി കൂടിയ .ചിലരൊക്കെ കാലു തൊട്ടു നെറ്റിയിൽ വെക്കും ഞങ്ങൾ കുട്ടികൾ ഒപ്പം കൂടും , മുത്തശ്ശിമാർ കൈകൾ കൂട്ടിപ്പിടിച്ചു തൊഴുവിക്കും അപ്പോഴൊന്നും ഭക്തിയല്ല .. മനസ്സിൽ ഒരു പാട് സംശയങ്ങൾ
.ഇരുമ്പിന്റെ ചിപ്പികൾ കൊണ്ട് അടച്ചു മൂടിയ കണ്ണുകൾ . ഇത്തിരി ദ്വാരത്തിലൂടെ തെയ്യത്തിനു കണ്ണ് കാണ്വോ.? പോതിയുടെ മുലകൾ, അത് ചെരട്ട കൊണ്ടാണോ ..തിളങ്ങുന്ന “എസ് “പോലെ വളഞ്ഞു അറ്റം കൂര്ത്ത ദംഷ്ട്രകൾ രണ്ടു വശത്തേക്കും..ചായില്യവും മണേലയും കൊണ്ട് മുഖത്തെഴുതിയത്തിനു മീതെ ഒഴുകുന്ന വിയർപ്പിന്റെ ചാലുകൾ .
“ആ മോത്തുന്നു കണ്ണെടുക്കാൻ തോന്നുന്നില്ല മോളെ “ പ്രായമേറും തോറും
ഭക്തിയും കൂടും .
രാവേറെ ചെല്ലുമ്പോൾ കോട്ടത്തിന്റെ മണ്‍ മതിലിനു മേലെ ഉയരക്കാഴ്ച കിട്ടാൻ ഇത്തിരി വീതിയുള്ള ഒരിടം കണ്ടെത്തി ഉണക്കിലകൾ നീക്കി പായ വിരിക്കും .ഒരു തെയ്യം കഴിഞ്ഞു മറ്റേതു ഇറങ്ങാൻ. ചെലപ്പം നട്ടപ്പാതിര , ചെലപ്പം നന്നേ വെളുപ്പിന് . ഉറക്കമില്ലാത്ത മുത്തശ്ശിമാരുടെ കൈകൾ കൊച്ചു മക്കളുടെ തലയിൽ പേൻ തിരയും . ഇത്തിരി ദൂരെ തോട്ടിന്റെ കരയിൽ നേരിയ കശപിശകൾ .നാടൻ വാറ്റ് അതിന്റെ ഗുണം കാട്ടുന്നതാണ് . ഒന്നോ രണ്ടോ പോലീസുകാർ വലിയ കാക്കി ട്രൌസറും കൂമ്പിയ തൊപ്പിയും വലിയ ലാത്തി വടിയും കാട്ടി കാഴ്ചകളും കണ്ടു നടക്കുന്നുണ്ടാവും . പാതിരാ നേരത്ത് പാതിയുറക്കത്തിൽ ചെണ്ടയുടെ ഒച്ച വീണ്ടും കേൾക്കുമ്പോ തലയൊന്നു പൊക്കും ..ചെണ്ടയുടെ ഒച്ചയിൽ ഉറക്കം പോയ പക്ഷികളുടെ കലമ്പൽ . ധനു മാസത്തെ ആകാശത്തിൽ പാതി ചന്ദ്രൻ പാല് വാരി തൂകുന്നുണ്ടാവും . നേരം പുലരാൻ ആയെങ്കിൽ പടിഞ്ഞാറ് ആകാശത്ത് കൊറ്റി ഉദിച്ചിട്ടുണ്ടാവും .തെയ്യവും തിറയും കണ്ടു കൊതി തീരാത്ത ആൽമാക്കളും .അവരും തെയ്യം കാണുകയാവും . അങ്ങ് ദൂരെ നിന്ന് . വിണ്ണിൽ നിന്ന് മണ്ണിലേക്ക് കണ്ണ് നട്ടു . .
.വീണ്ടും തല താഴും മറ്റൊരു ഉറക്കത്തിലേക്ക് ..
ആശാരിക്കോട്ടത്തെ തെയ്യത്തിന്റെ അന്ന് ….ഉറക്കത്തിനിടയിൽ ഒരു നിലവിളി . തെയ്യത്തിന്റെ തോറ്റം കേട്ട് ,വളയും ബലൂണും കണ്ടു പീപ്പി വാങ്ങി തിരിച്ചു വന്നു ഒരുമിച്ചു ഉറക്കത്തിലേക്ക് വീണ കൂട്ടുകാരൻ . ചോരയോഴുകുന്നൊരു കാൽ പാദവും ,ഉണക്ക ഇലകളിൽക്കിടയിൽ തെരയുന്നവരുടെ ബഹളവും ..
പിന്നത്തെ കഥകൾ നേരിട്ട് കണ്ടതല്ല.പറഞ്ഞു കേട്ടത് .
രാത്രി മുഴുവൻ വെഷാരിയുടെ വീട്ടിൽ ..ഉറങ്ങരുത് എന്ന് നിഷ്കര്ഷ . ധാരയും വിഷക്കല്ലും .അടക്കം പറച്ചിലുകളും . ഒടുക്കം വെഷാരി കയ്യൊഴിഞ്ഞു
“ ഇവിടം കൊണ്ടാവൂല്ലാ. എടുത്തോളീൻ “..അപ്പോഴേക്കും ചലനമറ്റു ശ്വാസം പറ്റെ നിന്നിരുന്നു
ബാല്യത്തിന്റെ മധുര സ്മ്രിതികൾക്കിടയിൽ നൊമ്പരപ്പെടുത്തുന്നൊരോർമ്മ .നീലിച്ചൊരു ശരീരം കുഴിയെക്ക് മണ്ണിലേക്ക് ഇറക്കി വെക്കുന്നത് . മുഖത്തേക്ക് എറിഞ്ഞ ഒരു പിടി മണ്ണും ഒരമ്മയുടെ നെഞ്ചത്തടിയും നിലവിളിയും ഓർമയിൽ നിന്ന് മാഞ്ഞു പോവുന്നില്ല . തെയ്യത്തിന്റെ അനുഗ്രഹം ഏറ്റുവാങ്ങി മഞ്ഞൾ പൊടി പുരണ്ടൊരു തോർത്ത്‌ മുണ്ട് ചുറ്റി , അമ്മയുടെ പുറകിൽ വിരൽ തൊട്ടു നിന്ന് നനവുള്ള കണ്ണിൽ ചോദ്യവുമായി ഒരു കൊച്ചനിയത്തിയും .

പൊതു ജനം അറിയേണ്ടത്

എന്താണ് പാമ്പ് വിഷം

പാമ്പുകൾ ഇര പിടിക്കുന്നത് രണ്ടു വിധം .. വിഷമില്ലാത്ത പാമ്പുകൾ ഇരയെ കീഴ്പ്പെടുത്തി വിഴുങ്ങുന്നു ..വിഷമുള്ള പാമ്പുകൾക്ക് ഇത്രയും ബുധിമുട്ടാതെ ഇരയെ എളുപ്പം കൊല്ലാൻ സഹായിക്കുന്നു . പാമ്പ് വിഷം പാമ്പിന്റെ ഉമിനീര് ഗ്രന്ധികളിൽ നിന്ന് വരുന്ന സ്രവം ആണ് ..ഇരയുടെ ചലന ശേഷി നശിപ്പിക്കാനും അതിന്റെ .ദേഹത്തെ മാംസം ആകെ എളുപ്പം ദഹിപ്പിക്കാനും ഉപകരിക്കുന്ന വിവിധ ഘടകങ്ങള ആണ് ഇതിൽ .നമ്മള്ക്ക് കടി കൊള്ളുന്നത്‌ പലപ്പോഴും ഈ ഉദ്ദേശത്തിൽ കടിച്ചല്ല ..നമ്മളെ ആരെയും ഉപദ്രവിക്കാനോ കൊല്ലാനോ വേണ്ടിയല്ല . അവനവന്റെ ഇരയെ കണ്ടെത്താൻ മാത്രം .

എന്താണ് ആന്റി വെനിൻ..

ഇരുന്നൂറിലധികം ഇനം പാമ്പുകൾ ഉള്ളതിൽ പതിനെഞ്ചിൽ കുറവ് മാത്രമാണ് വിഷമുള്ള തു . അതിൽ തന്നെ വിഷമുള്ള നാല് പാമ്പുകല്ക്കെതിര ആണ് “പോളി വാലന്റ്റ് ആന്റീവെനിൻ “ എന്നാ പ്രതൗഷധം ഫലപ്രദം ആവുന്നത് ..മൂർഖൻ.വെള്ളിക്കെട്ടൻ പിന്നെ അണലി കളിൽ രണ്ടിനം ..റസ്സൽ വൈപ്പർ എന്നും എക്കിസ് കാരിനാറ്റ എന്ന ഇനവും . ഇവിടെ കാണുന്ന ചിലയിനം അണലികൾ ക്കെതിരെ ഫലിക്കില്ല (ഇതിൽ ഹമ്പ് നോസ് വൈപ്പർ ഇവിടെ സാധാരണം ആണ് . ..പറഞ്ഞു വന്നത് ചിലപ്പോഴെങ്കിലും ഇത് ഫലപ്രദം അല്ലാതെ വരുന്ന പാമ്പ് കടികൾ ഉണ്ടാവാറുണ്ട്.
ആറ്റീവെനിൻ എന്ന് കേൾക്കുമ്പോൾ .. “ ഹോ ആശ്വാസം .. പാമ്പ് കടി എറ്റാലെന്താ .പ്രതി മരുന്നുണ്ടല്ലോ കുത്തിവെച്ചു രക്ഷപ്പെടാലോ ..” ദീർഘ നിശ്വാസം വിട്ടു അങ്ങനെ അങ്ങ് ആശ്വസിക്കാൻ വരട്ടെ..ഇതൊരു ഇരു തല മൂര്ച്ചയുള്ള വാളാണ് .പാമ്പ് വിഷം നേരിയ അളവിൽ കുതിരകളിൽ കുത്തിവെച്ചു അവയുടെ രക്തത്തിൽ പ്രതിരോധ ഘടകങ്ങൾ ഉണ്ടാക്കിയെടുത്തു ..അവയുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ് ആന്റീവെനിൻ..മറ്റൊരു ജീവിയിൽ നിന്നെടുത്തു മനുഷ്യനിൽ പ്രയോഗിക്കുമ്പോൾ മാരകമായ റിയാക്ഷൻ ഉണ്ടാവാം ..റിയാക്ഷൻ വരാതിരിക്കാനുള്ള മുൻകരുതലുകൾ എത്ര തന്നെ എടുത്താലും ചിലപ്പോ മരുന്ന് കൊടുക്കാൻ ആവില്ല ..ഒന്നുകിൽ പാമ്പ് വിഷത്തിനു അല്ലെങ്കിൽ റിയാക്ഷന് അടിപ്പെടെണ്ടി വരുന്ന നിസ്സഹായ അവസ്ഥ .

മിഥ്യാ ധാരണകൾ

“വെള്ളത്തിൽ നിന്ന് പാമ്പ് കടിയേറ്റാൽ ഭയപ്പെടാനില്ല . വിഷമുള്ള പാമ്പുകൾ ആവില്ല.” ശരിയല്ല. മിക്ക വിഷമുള്ള പാമ്പുകളും വെള്ളത്തിൽ നീന്തും .
ചെറിയ കുട്ടികള്ക്ക് കടിയേറ്റാൽ കുറച്ചു മതിയാവും ആന്റീവെനിൻ….ശരിയല്ല ..കുട്ടിയുടെ വലുപ്പമല്ല..ദേഹത്ത് കടന്ന വിഷത്തെ നിർവീര്യം ആക്കുകയാണ് ലക്‌ഷ്യം .. മരുന്ന് വലിയവര്ക്ക് കൊടുക്കുന്ന അതെ അളവിൽ വേണം .വലിയവരുടെ വലിയ ശരീരത്തെ അപേക്ഷിച്ചു കൊച്ചു ശരീരത്തിൽ ഇത്രയും വിഷം പലപ്പോഴുംഎളുപ്പം മരണത്തിലേക്ക് നയിക്കും എന്നത് വേറൊരു വസ്തുത
കടൽ പാമ്പുകൾ അത്യധിക വിഷമുള്ള വയാണ് നമ്മൾ . കടിയേറ്റു വരുന്നത് കുറവാണെന്ന് മാത്രം
നമ്മൾ ശ്രദ്ധിക്കേണ്ടത്
എല്ലാ പാമ്പുകളും മാംസം ഭക്ഷിക്കുന്നവയാണ് . മുട്ടയും.അതിനിഷ്ടമുള്ള ഭക്ഷണം കിട്ടുന്നിടത്തെക്കാണ് അവ കടന്നു ചെല്ലുന്നത് . വീടും പരിസരവും അവയ്ക്ക് വേണ്ടത് ഇല്ലാതെ വെക്കുക അവയ്ക്ക് ഒളിച്ചിരിക്കാനുള്ള മാള ങ്ങളും പൊത്തുകളും ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക...എലികൾ , തവളകൾ എന്നിവ അകത്തേക്ക് വരുമ്പോൾ പുറകെ മറ്റെയാൾ വരാൻ സാധ്യത് ഉണ്ടെന്നറിയുക..
കുട്ടികൾ കളിക്കുന്നയിടവും ഒരു ശ്രദ്ധ വേണം .മാളങ്ങളിൽ വിരലിട്ടു കടി വാങ്ങി വരാറുണ്ട് പലരും .
കാലത്ത് ഷൂ ധരിക്കുമ്പോൾ ഒന്ന് കമഴ്ത്തി കുടഞ്ഞു കളയുന്നത് നന്ന് .. നല്ല തണുപ്പുള്ള ഷൂവിന്റെ ഉൾഭാഗത്തെ ചെറിയ തണുപ്പ് ഇ കൂട്ടര്ക്കു നല്ല ഇഷ്ടം ആണ് .
വഴിയിൽ കാണുന്ന പാമ്പിനു മേലെ കൂടി വണ്ടിയോടിച്ചു പോകാതിരിക്കുക..ചിലപ്പോഴെങ്കിലും ചാവത്തെ അവ വണ്ടിക്കകതെക്ക് വലിഞ്ഞു കയറാൻ ഇടയുണ്ട് .
നിലത്തു കിടക്കുന്നവര്ക്കാന് വീട്ടില് വെച്ചുള്ള കടിയെല്ക്കുന്നത് കൂടുതലും ..പാമ്പുകളിൽ വീട്ടിനകം ഇഷ്ട്ടപ്പെടുന്നയാൽ വെള്ളിക്കെട്ടനാണ് . ചിലപ്പോ ഓടിട്ട വീടുകളിൽ കള്ളനെ പോലെ തൂങ്ങിയിറങ്ങും . ഇക്കൂട്ടരുടെ കടി ഒട്ടുമേ വേദന ഉണ്ടാക്കില്ല , കടിവായ കാണാനും വിഷമം . അത് കൊണ്ട് തന്നെ പാമ്പ് വിഷമേറ്റതാനെന്ന കാര്യം അറിയാതെ പോകും പലപ്പോഴും
ഒരു മഴ കഴിഞ്ഞു വഴിയിൽ നടത്തം ശ്രദ്ധിക്കണം., മഴയിൽ മാളങ്ങളിൽ വെള്ളം കയറുമ്പോൾ അവര്ക്ക് ശരണം പെരുവഴി . രാത്രി വെളിച്ചമില്ലാത്ത നടത്തം , ഷൂ ധരിച്ചായാൽ നന്ന് . അല്ലെങ്കിലും ഇത്തിരി ഒച്ച്ചയുണ്ടാകി നടക്കുന്നത് നന്ന് ..
കടിയേറ്റാൽ. ചെയ്യേണ്ടതും ചെയ്യരുതാത്തതും

DO IT RIGHT ( REASSURE, IMMOBILISE , GO TO HOSPITAL AND TELL  

കടിയേറ്റാൽ കടിയേറ്റ ഭാഗം ഒട്ടുമേ അനക്കാതെ . ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ചികിത്സ കിട്ടുന്നിടതെക്ക് എത്തിക്കുക .

അരുതാത്തത്

1 മുറിവേറ്റ ഭാഗം പൊള്ളൽ ഏൽപ്പിച്ചാൽ വിഷം നിര്വീര്യം ആക്കം എന്നാ വിശ്വാസം തെറ്റാണ് ..അരുത്
2 കടിവായിൽ മുറിവുണ്ടാക്കി രക്തം വാര്ത് കളയുമ്പോൾ വിഷം പുറത്തേക്ക് പോവും എന്നത് . ഇത് ഫലപ്രദം അല്ല. .ദോഷം ചെയ്യും
3 വായ കൊണ്ട് വിഷം വലിച്ചു കളയുക. ..ഫലപ്രദം അല്ല . എന്ന് മാത്രമല്ല ചെയുന്ന ആളിന് വിഷ ബാധ എല്ക്കാം
4 ചിലര് ഷോക്ക് എല്പ്പിക്കുകയും ഐസ് വെച്ചു തണുപ്പിക്കുകയും ചെയ്യാറുണ്ട് .ഫലപ്രദം അല്ല 5 എന്ന് മാത്രമല്ല. വിലയേറിയ സമയം നമ്മൾ ഇതിനൊക്കെ വേണ്ടി നഷ്ട്ടപ്പെടുതുന്നു
ഈയിടെ വരെ ,കടിയേറ്റ ഭാഗത്തിന് മുകളിലായി തുണിയോ ചരടോ കൊണ്ട് കെട്ടി വിഷം മുകളിലേക്ക് കയറുന്നത് തടയുന്ന രീതി ഫലപ്രദം ആണെന്ന് കരുതിയിരുന്നു.. (ടൂർ ണിക്കെ )പക്ഷെ പല പഠനങ്ങളും ഈ രീതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും എന്നാണു കണ്ടെത്തിയിട്ടുള്ളത് ..പലപ്പോഴും രക്തം ഓട്ടം നിലച്ചു ആ ഭാഗം പ്രവര്ത്തന രഹിതമാവാൻ സാധ്യത ഏറെ കൂടുതൽ ആണ് ഈ വിധം കെട്ടുന്നത് കൊണ്ട് .

അധികാരികൾ ചെയ്യേണ്ടത് ..

പാമ്പ് കടിയേറ്റു ണ്ടാവുന്ന മരണങ്ങൾ മിക്കവയും ചികിത്സ വൈകുന്നത് കൊണ്ടാണ്.നേരത്തെ ചികിത്സ കിട്ടാതിരിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ എളുപ്പം പരിഹരിക്കാവുന്നതെ ഉള്ളൂ
1. ആദ്യം എത്തി ചേരുന്ന ചികില്സാലയത്തിൽ ആന്റീവെനിനും മറ്റു അനുബന്ധ മരുന്നുകളും ഉണ്ടെന്നു ഉറപ്പു വരുത്തണം
2.താഴെ തട്ടിലുള്ള എല്ലാ ചികില്സാലയങ്ങളിലും ഉള്ള ജീവനക്കാര്ക്കു അടിസ്ഥാന ചികിത്സ ചെയ്യാൻ അറിവ് ഉണ്ടാവണം ..എപ്പോ വലിയ ആശുപത്ത്രിയിലേക്കു കൊണ്ട് പോകണം , എന്തൊക്കെ പ്രാഥമിക ചികിത്സ നല്കണം , വൈകാതെ അവിടെ വെച്ചു തന്നെ അന്റീവെനിൻ നല്കണം എന്നതിനൊക്കെ വ്യക്തമായ എഴുതി വെച്ച .ചികിത്സാ വിധികൾ ഉണ്ടാവണം ..ഒരു ചികിത്സയും നല്കാതെ വലിയ ആശുപത്രിയിലേക്ക് പറഞ്ഞയക്കുന്ന പതിവ് ഒരിക്കലും ഉണ്ടാവരുത് …

Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി