ആദ്യത്തെ കണ്മണി



bafoon



അറുപതുകളിലെ ബാല്യ ഓർമ്മകളിൽ ഓരോ തലശ്ശേരിക്കാരന്റെയും ഓർമ്മയിൽ പൊതുവായി ബാക്കി ഉണ്ടാവുന്ന ചിലതുണ്ട്.
തണുത്തു കുളിരുന്ന ഡിസംബർ രാവുകളിൽ ഉറക്കമിളച്ചു കണ്ടിരുന്ന തെയ്യക്കോലങ്ങൾ , സ്‌കൂൾ അവധിക്കാലത്തെ കഥാപ്രസംഗങ്ങൾ നാടകങ്ങൾ .തെയ്യങ്ങൾക്കും തെറകൾക്കും ഒപ്പം മറ്റൊന്ന് -സർക്കസ്സ് .
വേനലവധികളിൽ മൈതാനങ്ങളിൽ പെട്ടെന്നൊരു ദിവസം കൂറ്റൻ ടെന്റുകൾ ഉയരും . ടെന്റിന്റെ വിടവുകളിലൂടെ കൗതുകത്തോടെ നോക്കും സിംഹത്തിന്റെ അമറലും , പുലിയുടെ വാലും ഒരു മിന്നായം പോലെ കാണാൻ .
ഒരു ടിക്കെറ്റിനുള്ള കാശ് ഒപ്പിച്ചെടുക്കുന്ന പാട് , ആ കഥ വേറെ
അഭ്യാസികളുടെ പ്രകടനങ്ങൾ ഓരോന്നായി കണ്ടു കണ്ണ് തള്ളിയിരിക്കുമ്പോ വരും വിദൂഷകൻമ്മാർ .ആറേഴടി പൊക്കമുള്ള മല്ലൻമ്മാർ എടുത്തു പോകുന്ന ഇരുമ്പു ഗോളങ്ങളുടെ അത്ര മാത്രം പൊക്കമുള്ള കുള്ളൻമ്മാർ .മൂക്കിൻമേലൊരു ചോന്ന ബാൾ .കയ്യിൽ ഒച്ചയുണ്ടാക്കുന്നൊരു വടി . ഓർമ്മയിൽ കൂടുതൽ തെളിവോടെ നിൽക്കുന്നതു ഇവരുടെ ചലനങ്ങൾ ആവും.
നമ്മൾ സൗന്ദര്യത്തെ കുറിച്ച് വേവലാതിപ്പെടുന്നവരുടെ ഇടയിൽ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ അവനവന്റെ പൊക്കമില്ലായ്മ ആയുധമാക്കേണ്ടി വരുന്നവർ , ഗതികേട് കൊണ്ട്
പിന്നീട് ,
എഴുപതുകളിൽ എം ടിയുടെ “വളർത്തു മൃഗങ്ങളും” , “മേളയും” ,പിന്നെ അവരുടെ ഇടയിൽ നിന്ന് വന്ന ചില കലാകാരൻമാരും ഒക്കെ ജനത്തിന്റെ കാഴ്ച്പ്പാടിനെ സ്വാധീനിച്ചിട്ടുണ്ടാവും.ഇന്ന് ഒരു പരിധി വരെ എങ്കിലും ജീവിതത്തിന്റെ മുഖ്യ ധാരയിൽ ജനം അവരെയും ഒപ്പം നിർത്തിയിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു . കാണുമ്പോ തുറിച്ചു നോക്കാതെ ,പരിഹാസ ചിരിയോടെ കമെന്റ് അടിക്കാതെ അവരെ സമന്മാരായിട്ടു കാണാൻ തുടങ്ങിയിട്ടുണ്ട് .
ജീവിതത്തിനെ സന്ധ്യ ആവുന്നേരം ബാല്യത്തിലെ ഓർമ്മകൾ താലോലിക്കാൻ ഒന്നും നേരം കിട്ടാറില്ല .ഒടുങ്ങാത്ത തിരക്കുകൾ .
കാലത്തു വാർഡിലേക്ക് കടക്കുന്ന ഗേറ്റിനു മുൻപിൽ ചോറ്റു പാത്രവുമായി നിൽക്കുന്ന ആളെ കണ്ടപ്പോ ആണീ പഴയ ഓർമ്മകൾ ഒരിക്കൽ കൂടി മനസ്സിൽ വന്നത് .
റൗണ്ട്സിനു ആദ്യത്തെ കട്ടിലിൽ ചെന്നപ്പോ ഒന്നൂടി ഞെട്ടി . കട്ടിലിനോളം കഷ്ട്ടിച്ചു എത്തിച്ചു നിന്നൊരമ്മ ,കട്ടിലിന്റെ നടുവിലേക്ക് കയ്യെത്തില്ല ,നാൽപ്പത് ദിവസം പ്രായമുള്ള കുഞ്ഞിനെ കട്ടിലിന്റെ അരികിലേക്ക് മാറ്റി കിടത്തിയിരിക്കുന്നു . ഗേറ്റിൽ നിൽക്കുന്ന ആളിനോട് കയ്യും കലാശവും കാട്ടുന്നു .
വീഴാതെ കൈ തടയിട്ടു കാത്തു വെച്ചിരിക്കുന്ന കുഞ്ഞിന്റെ പുതപ്പു മാറ്റി ,മുഖത്തേക്ക് നോക്കി പ്രതീക്ഷിച്ച പോലെ ,.അച്ഛനും അമ്മയ്ക്കും തന്നെ പിറന്ന ഉണ്ണി തന്നെ
കേസ് ഹിസ്റ്ററി എടുത്തു ,ചികിത്സ നിശ്ചയിച്ചു മുന്നോട്ടു പോയി .
റൗണ്ടസ് എടുത്തോണ്ട് മുന്നോട്ടു പോവുമ്പോ വല്ലതും പറഞ്ഞു കൊടുക്കാൻ കുട്ടികളോടൊരു ചോദ്യം ഏറിയും .
“What is the chance for them to have a normal baby ?”
കുട്ടികൾ കടലാസും പേനയും എടുത്തു മെൻഡേലിയൻ ഇൻഹെറിറ്റൻസ് പാറ്റേൺ ഒക്കെ കുത്തും വരയും ഇട്ടു ആഞ്ഞു പിടിച്ചു .
ഉത്തരം വൈകി .
വൈകുന്ന ഓരോ നിമിഷവും അവരെ കൊച്ചാക്കുന്ന രീതിയിൽ അവരെ നോക്കി നിന്നു .
ഒരു അദ്ധ്യാപകൻ എന്ന നിലയിൽ നിന്ന് , അറിയാതെ ഒരു നിമിഷം മനസ്സ് തെന്നി മാറി .
ഇതേ ചോദ്യം ചോദിച്ചു ഡോക്ടറുടെ കണ്ണുകളിലേക്കു നോക്കി ഉത്തരം കാത്തിരിക്കുന്ന ആ ഒരച്ഛന്റെ മനസ്സിലേക്ക് ഒരു നിമിഷം ഞാൻ ഒന്ന് കൂടു മാറി .
“What is the chance for me to have a normal baby ?”…സാർ .
നേർത്തൊരു സാധ്യത ഉണ്ട് എന്ന ഉത്തരം പ്രതീക്ഷിച്ചു കണ്ണിലേക്കു നോക്കി കാത്തിരിക്കുന്ന “ഞാൻ “
ഒരു പാട് ദിവസം എടുത്തു ന്യോമോണിയയിൽ നിന്നും ഒന്ന് കര കയറാൻ. ഇക്കൂട്ടർക്ക് ഇങ്ങനെ വല്ലതും ഒക്കെ വരുമ്പോ അങ്ങനെ ആണ് .കൂടാതെ ഹാർട്ടിന് കുഴപ്പം ഉണ്ടോ എന്നൊരു സംശയം .എക്കോ നോർമൽ ആണെന്ന് റിപ്പോർട് വന്നെങ്കിലും ഒരു സംശയം ബാക്കി നിന്നു
രണ്ടാഴ്ചത്തെ ചികിത്സ കഴിഞ്ഞു കുടുംബമായിട്ടു പോവുമ്പോ രണ്ടാളും കൂടി മനസ്സ് തുറന്നൊരു ചിരിയും സമ്മാനിച്ച് . “ഇത്തിരിക്കൈകൾ വീശിക്കാട്ടി അവര് പോയി
വെറുതെ ഇരിക്കുമ്പോ മനസ്സിൽ വെറുതെ കൊറേ ചിന്തകൾ വന്നു
സിനിമാ പാട്ടിൽ നമ്മൾ പാടിക്കേട്ട പാട്ടോർത്തു
“ആദ്യത്തെ കണ്മണി ആണായിരിക്കണം അവൻ അച്ഛനെ പോലെ ഇരിക്കണം “
ഇവരുടെ സ്വപ്‌നങ്ങൾ ഇങ്ങനെ തന്നെ ആയിരുന്നിരിക്കുമോ ?
ഒരു ജീവിതം മുഴുവൻ തുറിച്ചു നോട്ടവും അവഹേളനങ്ങളും മാത്രം . ബുദ്ധിയും കഴിവും ഉണ്ടായിട്ടും ഉയരക്കുറവ് കൊണ്ട് മാത്രം പിന്നിലായി പോയ ജീവിതാനുഭവം അവരെ ഇങ്ങനെ സ്വപ്നം കാണാൻ അനുവദിക്കുമോ ?
“സംഭവിക്കാനുള്ള സാധ്യത നേരിയതാവാം , എങ്കിലും ഒത്ത ശരീരം ഉള്ളൊരാൾ ഉണ്ണിയായി വരുവോ . ഞങ്ങൾക്ക് താങ്ങായി “എന്നാവുമോ അതോ ? പാട്ടിൽ പറയും പോലെ “എന്നെ പോലെ ,നിന്നെ പോലെ ?” ആവണം കണ്മണി എന്നാവുമോ
ജീവിത യാഥാർഥ്യങ്ങൾ “ എന്നെ പോലെ നിന്നെ പോലെ “ എന്ന പൈങ്കിളി സ്വപ്‌നങ്ങൾ കാണാൻ അവരെ സമ്മതിച്ചു കാണില്ല എന്നാണെനിക്കു തോന്നിയത് .
പെരുമഴ പോലെ അനുഭവങ്ങൾ ഒന്നിന് മേലെ ഒന്നായി പെയ്തു കൊണ്ടേ ഇരുന്നു .ഓരോ ചിന്തക്കും സംഭവത്തിനുമൊക്കെ ആയുസ്സു നിമിഷങ്ങൾ മാത്രം …രണ്ടാഴ്ചക്കിപ്പുറം കാലത്തു ഐ സി യുവിൽ എന്തുണ്ട് വിശേഷം എന്നറിയാൻ കയറിയതാണ് . കുഞ്ഞു അത്യാസന്ന നിലയിൽ , വീണ്ടുമൊരു ന്യുമോണിയ. ഓരോ ശ്വാസവും വെന്റിലേറ്ററിൻറെ ഔദാര്യത്തിൽ . മരുന്നുകളും രീതികൾ പലതും മാറി മാറി .
ഇത്തിരിപ്പോന്ന കൈകൾ അനങ്ങാതായപ്പോ ,ഏന്തി നോക്കുന്ന കണ്ണുകൾ ഒന്നും നോക്കാതെ ആയപ്പോ ആയമ്മ ചോദിച്ചു ..
“കാണാൻ എങ്ങനെ ആണെങ്കിലും ജീവൻ കിട്ടിയാ മതിയാരുന്നു . ഇനി ഇപ്പൊ എന്തിനാ ഇങ്ങനെ ?”
“ ഒന്ന് നിർത്തി തര്വോ .ഇനി മതി “
മറുപടി മൗനത്തിലൊതുക്കി …
ഒടുവിൽ ..
കൈപ്പിന്റെ കടലിലേക്ക് ഒരു തുള്ളി മധുരം ഇറ്റു വീണു കിട്ടിയത് പങ്കു വെച്ച് നുകരാൻ ചുണ്ടോടടുപ്പിച്ചപ്പോഴേക്കും അതും തട്ടി തെറിപ്പിച്ചു ..
എഴുപതുകളിൽ വൈദ്യ വിദ്യാർത്ഥിയായിരിക്കെ ആണ് നിർമ്മാല്യം കണ്ടത് … വ്യക്തമായി ഓർക്കുന്ന ഒരു രംഗമുണ്ട് .
ദേവിയുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുന്ന കോമരം …
ഈ അച്ഛനും അമ്മയ്ക്കും പകരം ഈ ഞാനും ഒരു നിമിഷത്തേക്ക് ആ കോമരമായി ..

Comments

Popular posts from this blog

കുന്നിമണികൾ

scarabiasis

നെമ്മാറ വല്ലങ്കി