നമ്മുടെ പിഴവുകൾ
ആശുപത്രി വരാന്തയും കഴിഞ്ഞു കോണിപ്പടിയും കയറി ഒന്നാം നിലയിൽ കാലെടുത്തു വെച്ചേയുള്ളൂ. ഒരു പെൺകുട്ടിയുടെ എളിയിൽ ഇരിക്കുന്ന ഇയാളെ കണ്ടതും ഞാൻ നിന്നു.
പ്രൊഫെസ്സർ എന്നൊക്കെ പറയുമ്പോ ,ജനങ്ങളുടെമനസ്സിൽ ഒരു ചിത്രമുണ്ട്
കാറിൽ നിന്നിറങ്ങി നേരെ മുറിയിലേക്ക്, വശത്തുള്ളതൊന്നും നോക്കാതെ കാണാതെ,
കോട്ടും സൂട്ടും ചുളിവ് പോകാതെ ഒരു പെട്ടിയും ചിലപ്പോ ഒരു ഫ്ലാസ്കും. എന്തിനാവും ഫ്‌ളാസ്‌ക് എന്നല്ലേ. ഇടയ്ക്കു കുടിക്കാൻ.
ചായ. മറ്റുള്ളവർക്കൊപ്പം ചായപ്പീടികയിൽ പോയി നമ്മളുടെ വില കളയരുത്.
പോട്ടെ ഇത്രക്കും സായിപ്പ് ശൈലി ഇല്ല എങ്കിലും ഒരു വിധം സാമാന്യ മര്യാദ ഒക്കെ ഉള്ളവർ ആവും പ്രൊഫെസ്സർ മാർ എന്നൊരു ധാരണ ഉണ്ട്.
പക്ഷെ ....
ചുറ്റും നോക്കി ജനാലയിലൂടെ തുപ്പുന്നോരുടെ നേരെ കയർത്തു,ബീഡി കുറ്റി കയ്യിൽ പിടിച്ചോരെ തെറി പറഞ്ഞു ,
കോന്തലയിൽ കെട്ടി വെച്ച മുറുക്കാൻ അമ്മൂമ്മമാരെയും കയ്യിൽ നിന്ന് പിടിച്ചു വാങ്ങി,
കുപ്പിയിൽ പാല് കൊടുക്കുന്ന അമ്മമാരുമായി കലഹിച്ചു പോവുന്നൊരാൾ എന്തായാലും ഈ പദം മനസ്സിൽ ഉണർത്തുന്ന ഒരു ചിത്രത്തിൽ നിന്ന് ഏറെ അകലെ ആവും.
എന്തായാലും ഈ കുഞ്ഞിനെ കണ്ടപാടെ അതിനടുത്തേക്കു ചെന്നു.
ഒരു പതിനാറുകാരി പെൺകുട്ടി ആണ്.
"ഇതാരുടെ കുട്ടിയാണ് ?"
"ചേച്ചീടെ "
"ചേച്ചി എവിടെ?
'ശ്ശെ , ഇയാളെന്താ ഒരു മാതിരി പോലീസ് ഭാഷയിൽ ചോദ്യം ചെയ്യുന്നത് ?
" എന്തിനാ ?"
അറിഞ്ഞിട്ടെന്താ കാര്യം എന്ന മട്ടിൽ
പെൺകുട്ടിക്ക് സംശയം.
സ്വാഭാവികം
കുട്ടിക്ക് തോന്നിക്കാണും ഞാൻ ഇത്തിരി 'ഞരമ്പ് ' ആണെന്ന്. ഇത്തിരി കാണാൻ കൊള്ളാവുന്ന പെൺകുട്ടി ആവുമ്പൊ മെല്ലെ അടുത്ത് കൂടുന്നതാവുംന്നു കരുതിക്കാണും.
ശരിക്കും പോലീസിന്റെ ഭാഷ അങ്ങെടുത്തു.
"എവിടാന്നു പറയ് കുട്ടീ."
അവൾ വിരണ്ടു.
ഒപ്പം വന്നു. ഓ പി ടിക്കെറ്റുമായി ക്യൂ വിൽ നിൽക്കുന്ന ആളിനെ വിളിച്ചു.
അതിന്റെ ഒപ്പമുണ്ട് ഒരു കൊച്ചു കുട്ടി.രണ്ടു മാസം
"എന്റെ കൂടെ വാ "
എന്തായാലും അധികം ചോദ്യങ്ങൾ ഇല്ലാതെ ഒപ്പം വന്നു.
മറ്റുള്ളവർ ടിക്കറ്റുമായി വരും മുൻപ് ചോദ്യങ്ങൾ ആയി
"എവിടെയാ വീട്?
"പാലക്കാട്'"
" ഈ ചെക്കനെ ആരെയാ കാട്ടുന്നത്"?
" ചെക്കനെ കാട്ടാൻ അല്ല വന്നത്. അയിന് കൊയപ്പം ഒന്നൂല്ലാലോ .ഈ ഇളയത്തിനെ കാണിക്കാനാ വന്നത്. വീട്ടിൽ ആരുയില്ലാത്തകൊണ്ടു "
കാഴ്ചയിൽ ഒരൊറ്റ നോട്ടത്തിൽ മനസ്സിലാക്കാവുന്ന ഒരു കാര്യം .
അതും ഓരോ ദിവസം ചെല്ലുന്തോറും ശാരീരിക മാനസിക വളർച്ച മുരടിച്ചു സമൂഹത്തിനു ബാധ്യത ആയ ഒരു പൗരൻ ആവും എന്നുറപ്പുള്ള കാര്യം. നേരത്തെ കണ്ടെത്തി മരുന്ന് കൊടുത്താൽ തികച്ചും തടയാവുന്ന കാര്യം,
ഈയമ്മ തിരിച്ചറിയുന്നില്ല.
" അയിന് കൊയപ്പം ഒന്നും ഇല്ലാലോ"
ഒരേ വീട്ടിൽ,എന്നും കാണുമ്പോ ചിലപ്പോ വ്യത്യാസങ്ങൾ തിരിച്ചറിയാതെ പോവും. പക്ഷെ ഇത്രയും ആവുമ്പൊ ഇത് തിരിച്ചറിയാതെ പോവുന്നത് ആരുടെ ഒക്കെ കുഴപ്പം ആണ്
1 ആ നാട്ടിലെ ആരോഗ്യ പ്രവർത്തകരുടെ. ഡോക്ടർമാർ അടക്കം ഉള്ളവരുടെ.
2 ജനത്തിന്റെ
"എവിടെയാ ഈ കുഞ്ഞിനെ പ്രസവിച്ചത് "
അവരുടെ മുഖത്ത് ഈർഷ്യ വരുന്നത് ശ്രദ്ധിച്ചു. 'ഇളയ കുട്ടിയെ കാട്ടാൻ വന്നിട്ട്, ഇയാൾ അതേക്കുറിച്ചു കമാന്നു ഒരക്ഷരം പറയാതെ ,ദെന്താത്?'
എന്റെ മുഖത്തെ ഗൗരവം കണ്ടു അവർ അടങ്ങി. പാലക്കാട്ടെ പാവം സ്ത്രീകൾ ,സത്യത്തിൽ പ്രതിഷേധിക്കേണ്ടിടത്തു പോലും അവരുടെ ശബ്ദം ഉയരാറില്ല.
"ഇവിടെ.തൃശൂര്"
"അപ്പൊ കുഞ്ഞിന് എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നോ ?ഡോക്ടർമാർ എന്തെങ്കിലും പറഞ്ഞിരുന്നോ?"
ഇപ്പൊ കുഴപ്പം ഇല്ല എന്നവർക്ക് ഉറപ്പാണ്.എങ്കിലും പഴയ കാര്യങ്ങൾ അവരോർത്തെടുത്തു.
"കുഞ്ഞു മാസം തികഞ്ഞു പ്രസവിച്ചു.നല്ല തൂക്കമുള്ള കുഞ്ഞു.തീരെ അപ്പിയിടില്ല.മഞ്ഞപ്പിത്തം ആയിട്ട് ലൈറ്റിന്റെ അടിയിൽ കെടത്തിയിരുന്നു."
കാര്യങ്ങൾ എല്ലാം കരുതിയ പോലെ തന്നെ.
"രക്തം പരിശോധിച്ചോ "
"മഞ്ഞപ്പിത്തം ഉണ്ടോന്നു നോക്കി. ബേറെയും ടെസ്റ്റുകൾ എന്തെല്ലോ ചെയ്തേനും ,അയിന്റെ കടലാസ് എല്ലം പൊയ്‌പോയി"
"ഇങ്ങളോട് എന്തെങ്കിലും മരുന്ന് കഴിക്കാൻ പറഞ്ഞിരുന്നോ"
അവരോർത്തെടുത്തു.
"പറഞ്ഞിനേനും , അത് പിന്ന ....."
അർധോക്തിയിൽ വിരമിച്ചു. പറഞ്ഞാൽ വഴക്കു പറഞ്ഞേക്കും എന്നൊരു ഭയത്തോടെ അവർ മെല്ലെ പറഞ്ഞു
"മൂന്നാല് മാസം തുടർച്ചയായി കഴിച്ചു. പിന്നെ ഒരു ഡോക്കട്ടറിന കാട്ടി,ഓറോട് ചോയിച്ചിട്ടാ നിർത്തിയത്."
സത്യമാണോ എന്നറിയില്ല. അവർ നിർത്തിയതിന്റെ കുറ്റം അങ്ങേരുടെ തലയിൽ വെച്ച് കെട്ടിയതാവാനും വഴിയുണ്ട്.
എന്തായാലും തുടർന്ന് ഈ മരുന്ന് കഴിക്കുന്നത് ശരിയല്ല എന്ന ബോധം ആണ് അവർ നിർത്താൻ കാര്യം.
അന്ന് മുതൽ ഒരു ഒന്നര വർഷത്തോളം ആയി മരുന്നില്ല.
ഇത്രയൊക്കെ പറഞ്ഞു എങ്കിലും കാര്യം എന്താണെന്നു മാത്രം പറഞ്ഞില്ല ഞാൻ.
കാഴ്ചയിൽ തന്നെ തിരിച്ചറിയാം ഈ കുട്ടിയുടെ അസുഖം.
കൺജനിറ്റൽ ഹൈപ്പോ തൈറോയ്ഡിസം
തൈറോക്സിൻ എന്ന ഹോർമോൺ ശരീരത്തിന്റെയും തലച്ചോറിന്റെയും വളർച്ചക്ക് ഏറ്റവും ആവശ്യം ഉള്ള ഹോർമോൺ ആണ്. അമ്മയുടെ വയറ്റിൽ കിടക്കുമ്പോ മുതൽ രണ്ടു വയസ്സ് വരെ ഉള്ള കാലഘട്ടത്തിൽ ആണ് തലച്ചോറിന്റെ വളർച്ചയുടെ തൊണ്ണൂറു ശതമാനവും നടക്കുന്നത്. ഈ കാലഘട്ടത്തിൽ ഇതിന്റെ കുറവ് ഉണ്ടായാൽ ബുദ്ധി മാന്ദ്യവും ശരീര വളർച്ചയിൽ കുറവും ഉണ്ടാവുംപിന്നെ ഇത് പോലെ കണ്ടാൽ തിരിച്ചറിയാവുന്ന ചില പ്രത്യേകതകളും.
നവജാത ശിശു ആയിരിക്കെ തന്നെ ഇത് തിരിച്ചറിയാവുന്ന ചില ലക്ഷണങ്ങൾ ഉണ്ട്
അതേക്കുറിച്ചു വായിക്കാൻ മറ്റൊരു കുറിപ്പ് നോക്കുക

ജനിച്ചു വീഴുമ്പോ തന്നെ ഇത്തിരി ശ്രദ്ധിച്ചാൽ തിരിച്ചറിയാം.
- കൂടാതെ മേലെ 'അമ്മ പറഞ്ഞ പോലെ മലബന്ധം. സാധാരണ കുഞ്ഞുങ്ങൾ പ്രസവിച്ചു ഇരുപത്തി നാല് മണിക്കൂറിനകം മഷിയിറക്കും. ഇവർ അതും പിടിച്ചു വെച്ചോണ്ടിരിക്കും. പിന്നെ ഉള്ള ദിവസങ്ങളിലും മൂന്നാലു ദിവസത്തിൽ ഒരിക്കൽ ഒരിത്തിരി.
- മുഖത്തു നോക്കിയാൽ അറിയാം നാക്കിത്തിരി വെളിയിൽ തള്ളി
- പൊക്കിൾ വീർത്തതാകാൻ ഇടയുണ്ട്
- ശബ്ദം ഇത്തിരി കൂടി കനത്തതാവും ,സാധാരണ അപേക്ഷിച്ചു.
- തൊലി ഇത്തിരി മൃദുലത കുറയും. മഞ്ഞ നിറത്തിനു സാധ്യത ഏറും എന്ന് 'അമ്മയുടെ വാക്കു ഓർക്കാം.
- മൂർദ്ധാവിൽ ഒന്ന് തൊട്ടു നോക്കിയാൽ പതപ്പു സാധാരണ ഉള്ളതിനേക്കാൾ വലിയതാവും കൂടാതെ ഇത്തിരി കൂടി പിറകിൽ ഒരു കൊച്ചു പതപ്പും കൂടി കാണാം
ഒരു ദിവസം പോലും നിർത്താതെ ജീവിത കാലം മുഴുവൻ തൈറോക്സിൻ കഴിച്ചാൽ ഒരു കുഴപ്പവും ഇല്ലാതെ വളരും ഇയാൾ.
ജനിച്ച നാൾ തൊട്ടു തുടർന്ന് ഒരു കൊച്ചു ഗുളിക കാലത്തെണീറ്റ് പാടെ കൊടുത്തിരുന്നു എങ്കിൽ തികച്ചും ഒഴിവാക്കാമായിരുന്നു.
അതിനെന്താ ഇത്ര? ഇനിയും കൊടുത്താൽ പോരെ ?
പോരാ, ബുദ്ധി വികാസത്തിന്റെ ഏറ്റവും പ്രധാന കാലഘട്ടത്തിൽ ഇതിന്റെ കുറവ് ഉണ്ടായതു കൊണ്ട് തികച്ചും നോർമൽ ആയി വരാൻ സാധ്യത കുറവ്
അപ്പൊ ഇവിടെ പിഴച്ചത് ആർക്കാണ്?
പ്രസവിച്ച നാളുകളിൽ തിരിച്ചറിഞ്ഞ ഈ കാര്യം അത് ശരിയാം വണ്ണം പറഞ്ഞു കൊടുക്കുന്നതിൽ വന്ന പിഴവ്. അതേക്കുറിച്ചൊന്നും അറിവുള്ളവർ അല്ലാലോ അമ്മമാർ. ഇത്തിരി നേരം കൂടുതൽ എടുത്തു ഇതിന്റെ വരും വരായ്കകൾ വിശദീകരിച്ചു കൊടുക്കേണ്ടിയിരുന്ന.
ഒരു ദിവസം പോലും മുടക്കാതെ കൊടുക്കണം എന്ന് പറയുമ്പോ അമ്മയുടെ മനസ്സിലെ ചോദ്യം ഇതൊരു മരുന്നല്ലേ ഒരു മരുന്നും തുടർന്ന് കൊടുക്കുന്നത് നന്നല്ല എന്നാവും
" ഈ കുഞ്ഞിന് ഉൽപാദിപ്പിക്കാൻ ആവാത്ത ഒന്ന്, ഇയാളുടെ ജീവിത കാലം മുഴുവൻ ഇയാൾക്ക് ഇതിന്റെ കുറവ് ഉണ്ടാവും. പക്ഷെ ഒട്ടും വിഷമിക്കാനില്ല. അത് തീരെ വില കുറഞ്ഞ , തികച്ചും സുരക്ഷിതമായ വായിലൂടെ കഴിക്കാവുന്ന മരുന്നായി കൊടുത്താൽ കുട്ടി ഒരു കുഴപ്പവും ഇല്ലാതെ വളരും.
ഇത് നിർത്തിയാൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളും പറഞ്ഞു കൊടുക്കണം.
രണ്ടാമത്തെ പിഴവ്
നാട്ടിൽ കുഞ്ഞിനെ കാണുന്ന ആരോഗ്യ പ്രവർത്തകരുടെ/ഡോക്ടർമാരടക്കമുള്ളവരുടെ
. ഇങ്ങനെ ഒരു ഡയഗ്നോസിസ് ഉള്ള കുഞ്ഞിന് കാലാകാലങ്ങളിൽ കാണുകയും പരിശോധനക്ക് വിധേയമാക്കുകയും ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്വം. അതിനു പിഴവ് വന്നു
. ഇങ്ങനെ ഒരു ഡയഗ്നോസിസ് ഉള്ള കുഞ്ഞിന് കാലാകാലങ്ങളിൽ കാണുകയും പരിശോധനക്ക് വിധേയമാക്കുകയും ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്വം. അതിനു പിഴവ് വന്നു
മൂന്നാമത്
ഏതെങ്കിലും ഡോക്ടർ ഇങ്ങനെ പറഞ്ഞത് കൊണ്ട് മരുന്ന് നിർത്തി എന്ന് എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല. എങ്കിലും അങ്ങനെ സംഭവിച്ചു എങ്കിൽ ..
NEWBORN SCREENING PROGRAMS
രണ്ടായിരത്തി പന്ത്രണ്ടു മുതൽ സർക്കാരിന്റെ പദ്ധതി ഉണ്ട്. കുഞ്ഞുങ്ങളുടെ വളർച്ചക്കും വികാസത്തിനും പ്രശനങ്ങൾ ഉണ്ടാക്കുന്ന , നേരത്തെ തിരിച്ചറിഞ്ഞു ഇടപെടലുകൾ കൊണ്ട് തിരുത്താവുന്ന നാല് അസുഖങ്ങൾ നേരത്തെ തിരിച്ചറിയാൻ
ഇതിൽ ഹൈപ്പോ തൈറോയിഡിസവും പെടും.
സാർ ഇതുപോലൊരു കുട്ടി സ്വന്തം കുടുംബത്തിൽ ഉണ്ട്. ഇങ്ങനെ നാക്കു തള്ളി കുട്ടികളുടേതായ ഒരു വികാരവും കാണാത്തപ്പോൾ എന്തോ ഒരു apnormalityu feel ചെയ്തു.ഇടക്കൊക്കെ fits ഉം വരും.പക്ഷെ കുറെ നാൾ പറഞ്ഞിട്ടും കുടുംബത്തിൽ പലരുടെയും ചേല് പോലെ എന്നും പറഞ്ഞു പരിഹസിച്ചു. ഒരിക്കൽ കോട്ടപ്പറമ്പ് ആശുപത്രിയിൽ training ന്റെ ഭാഗമായി അന്നവിടെ ഉണ്ടായിരുന്ന ഡോക്ടർ (മോഹൻദാസ് )പീഡിയാട്രീഷൻ സാറിന്റെ training മനസിനെ വല്ലാതെ സ്വാധീനിച്ചു... training കഴിഞ്ഞു വന്ന് ഞാൻ ഈ കുഞ്ഞിനേയും കൂട്ടി (അപ്പോഴേക്കും മൂന്ന് വയസ്സ് )നേരെ ആശുപത്രിയിൽ സാറിനെ പോയി കണ്ടു. അന്നൊരു wed ആയിരുന്നു... സാറ് കണ്ടതും നേരെ അന്ന് തന്നെ മെഡിക്കൽ കോളേജിലേക്ക് വിട്ടു.. ഡോക്ടർ ശശിധരൻ സാർ ആണെന്ന് തോന്നുന്നു ഈ കുഞ്ഞു ആരുടെയാണെന്നും അവന്റെ രക്ഷിതാക്കളെയും കൂട്ടി വരാൻ പറഞ്ഞു തിരിച്ചു വിട്ടു. വീണ്ടും next wed അവന്റെ രക്ഷിതാക്കളെയും കൂട്ടി ഞാൻ വീണ്ടും പോയി. ഒരു പാട് സമയം സാർ ഹിസ്റ്ററി എടുത്തു.. ഇത് പോലെ രാവിലെ ഗുളിക കൊടുക്കാൻ പറഞ്ഞു. ഗുളിക യുടെ വലിപ്പം കണ്ടു കൊണ്ട് രോഗം ഗുരുതരമല്ലെന്ന് രക്ഷിതാക്കൾ വീണ്ടും വിധി എഴുതി. But അവൻ വലുതായപ്പോൾ അവന്റെ തലച്ചോറ് അതിനനുസരിച്ചു വളർന്നില്ല. അത് കൊണ്ട് തന്നെ കുട്ടികൾക്കില്ലാത്ത പല ദുർ വാശികളും അവനിൽ ഉണ്ടാവുകയും മാരകമായ ശിക്ഷകൾ അവനു കിട്ടികൊണ്ടും ഇരുന്നു. നാലു വയസ്സ് കഴിഞ്ഞപ്പോൾ അങ്കണവാടിയിൽ തന്നെ ചേർക്കാൻ ഡോക്ടർ നിർദേശിച്ചു. അവിടെ ടീച്ചർ ക്കും കുട്ടികൾക്കും ഒക്കെ അവൻ ശല്യ ക്കാരനായി സ്വന്തം നാട്ടിലെ അങ്കണവാടിയിൽ നിന്നും ഇറക്കി വിട്ടു. വീണ്ടും ഞങ്ങൾ അവനെ കൊണ്ട് വന്ന് അമ്മ യുടെ നാട്ടിലെ അങ്കണവാടി യിൽ ചേർത്തു. അവർ അവന്റെ എല്ലാ പോരായ്മകളും ഉൾക്കൊണ്ട് കൊണ്ട് മൂന്ന് വർഷം അവിടെ പഠിപ്പിച്ചു. അങ്ങനെ അവൻ സംസാരിക്കാൻ, ചിത്രം വരയ്ക്കാൻ, നന്നായി എഴുതാൻ ഒക്കെ പഠിച്ചു... പിന്നെ സാധാ വിദ്യാലയത്തിലേക്ക് മാറ്റാൻ ഡോക്ടർ നിർദ്ദേശിച്ചു.ആർക്കും ഒരു ശല്യവും ഇല്ലാതെ (പനി വന്നാൽ പേടിച്ചു വിറക്കും. Fits വരും )പ്ലസ് two പാസ്സ് ആയി.പ്ലസ് two റിസൾട്ട് ന് ശേഷം അവനിൽ അസ്വാഭാവിക സ്വാഭാവ മാറ്റങ്ങൾ കണ്ടു തുടങ്ങി. ഇടക്ക് മുഴു പ്രാന്തനെ പോലെ.. ഇപ്പോൾ അവനു 23 വയസ്സ്.. ഇടക്ക് നോർമൽ. ഇടക്ക് apnormal... but കണ്ടാൽ ഈ ചിത്രത്തിലെ കുഞ്ഞിനെ പോലെ ആയിരുന്നു അവന്റെ ചെറുപ്പകാലം..ഇത്രയും വിവരം അന്നുണ്ടായിരുന്നെങ്കിൽ അവൻ ഇന്ന് നോർമൽ ആകുമായിരുന്നു എന്ന് തോന്നി പോയി സാറിന്റെ ഈ അനുഭവ കുറിപ്പ് വായിച്ചപ്പോൾ..
ReplyDeleteഅതെ
ReplyDeleteഎത്രയോ കുട്ടികൾ ഇങ്ങനെ നമ്മളുടെ ശ്രദ്ധ കുറവ് കൊണ്ട് സംഭവിക്കുന്നുണ്ട്
അപസ്മാരം ഈ കുട്ടികളിൽ അത്ര കൂടുതൽ അല്ല
ഇതേ പോലെ കാഴ്ചയിൽ തോന്നുന്ന മറ്റു ചില കണ്ടീഷനുകൾ കൂടി ഉണ്ട്
ReplyDeleteമ്യുക്കോ പൊളി സാക്കറൈദോസിസ് അങ്ങനെ ഒന്നാണ്