അപ്പിയിടാത്ത ഉണ്ണി
തോളോളം വളർന്നാൽ ഒപ്പം ചേർക്കണം എന്ന് പഴമക്കാര് പറഞ്ഞു കേട്ടിട്ടുണ്ട്.അവരുടെ അഭിപ്രായം കൂടി മാനിക്കണം എന്ന് തന്നെ. ഏതു കാര്യത്തിൽ തീരുമാനം എടുക്കുമ്പോഴും അവര് പറയുന്നതിനെതിരെ ആണ് തീരുമാനിക്കുന്നതെങ്കിൽ അത് എന്ത് കൊണ്ടെന്നു പറഞ്ഞു കൊടുക്കണം. ഇവിടെ സ്വന്തം മക്കളുടെ കാര്യം ആണ് പറഞ്ഞത്. അധ്യാപകർ ഞങ്ങൾക്കും ഇതേ വാക്കുകൾ പ്രസക്തം ആണ്,ശിഷ്യന്മാരുടെ കാര്യത്തിൽ. അക്ഷരം ചൊല്ലിയും തല്ലിയും പഠിപ്പിച്ചു,വിരൽത്തുമ്പു പിടിച്ചു ഒപ്പം നടത്തിച്ചു,ഓരോന്ന് ചെയ്യിച്ചു ഒപ്പമെത്തി എന്നുറപ്പായാൽ തള്ളക്കോഴിയെ പോലെ കൊത്തിയകറ്റും
“ ഇനി നീയായി നിന്റെ പാടായി,പൊയ്ക്കോ”
അങ്ങനെ ഈ ഉണങ്ങിത്തുടങ്ങിയ മരക്കൊമ്പിൽ നിന്ന് അറ്റം കാണാത്ത ആകാശങ്ങളിലേക്കു പറന്നു പോയോരു വല്ലപ്പോഴുമൊക്കെ തിരിയെ എത്തും.ഇടക്കൊരു കുശലം ഉണ്ടാവും.അപ്പോഴറിയും അവർ താണ്ടിപ്പോയ ദൂരങ്ങൾ കീഴടക്കിയ കൊടുമുടികൾ.അറിവിന്റെ കൊടുമുടികൾ. എന്നേക്കാൾ എത്രയോ മേലെ.ഏതൊക്കെയോ മേഖലകളിൽ.
എന്നാൽ ഇടക്കൊരു രസം ഉണ്ടാകും.
അവനവനു ഉണ്ണികൾ പിറക്കുമ്പോ അല്ലങ്കിൽ ഉണ്ണിയുടെ ഉണ്ണികൾ പിറക്കുമ്പോ സംശയങ്ങളുടെ പെരുമഴ. സാമൂഹ്യ മാധ്യമങ്ങളുടെ വരവിനു മുൻപ് ഫോൺ വഴി ആയിരുന്നു. ഇന്ന് ആ കാര്യം വാട്സാപ്പ് ഏറ്റെടുത്തിരിക്കുന്നു.ഉണ്ണി ഒന്ന് തുമ്മിയാൽ കയ്യോ കാലോ ഒന്ന് വിറച്ചാൽ ഒക്കെ നോക്കി നോക്കിയിരുന്നു സംശയിച്ചു വശായി അതിന്റെ വീഡിയോ.സംശയങ്ങളുടെ പൊടിപൂരം.
“ആ ചെക്കന്റെ അടുത്തുന്നു നീയൊന്നു മാറി നിൽക്കു ,നിനക്ക് പണിയൊന്നും ഇല്ലേ? “പഴയ ഇഷ്ട്ടം മനസ്സിൽ വെച്ച് ശാസിക്കും.
ഈയിടെ ഒരാൾ അയച്ചു തന്നത് സ്നഗ്ഗിയിൽ ഇട്ട അപ്പി അതെ പടി “സാർ ഇതിനൊരു മഞ്ഞ നിറം.ഇത്തിരി ലൂസ് ആണ്”
മുലപ്പാൽ കൊടുക്കുന്ന കുഞ്ഞുങ്ങൾക്ക് ഇത്തിരി ദിവസം ഇത്തിരി ഇളകി സ്വർണ നിറത്തിൽ അപ്പി പോകും.അത് കാര്യമാക്കണ്ട.
ഇന്നൊരാളുടെ വിളി മറ്റൊരു കാര്യത്തിന്
“മൂന്നു ദിവസമായി സാറേ അപ്പി പോയിട്ട്.സപ്പോസിറ്ററി വെക്കണം എന്ന് പെണ്ണുമ്പിള്ളക്ക് നിർബന്ധം.
അപ്പി പോവാത്തതിന് കുഞ്ഞിന് ഒരു വിഷമവും ഇല്ല.ആ വിഷമം മുഴുവൻ അനുഭവിക്കുന്നത് ഒപ്പം ഉള്ളവർ.എന്തായാലും പണ്ട് പഠിച്ച കാര്യം ഇത്തിരി ഓർമ്മയിൽ ഉള്ളത് കൊണ്ട് സപ്പോസിറ്ററി വെക്കുന്നതിനു മുൻപ് മൂപ്പര് എന്നോട് വിളിച്ചു ചോദിച്ചു.
പണ്ടത്തെ കാരണവന്മാരും മുത്തശ്ശിമാരും ആണെങ്കിൽ പറയണ്ട.നാനാതരം വസ്തുക്കൾ എടുത്തു ചതച്ചു പിഴിഞ്ഞ് കൊടുത്തു കഴിഞ്ഞിരിക്കും അപ്പോഴേക്കും.
എന്റെ ഓർമ്മയിൽ ഉള്ളത് ഉണക്ക മുന്തിരി. അതാണ് ഏറ്റവും കൂടുതൽ. വയമ്പും ബ്രമ്മിയും ഒക്കെ ബുദ്ധിക്കും ശോധനക്കും നല്ലതാണെന്നു അടിയുറച്ച വിശ്വാസം ആണ് പലർക്കും.
ഒരു ദിവസം പോയില്ല എങ്കിൽ രണ്ടാം ദിവസം കാലിൽ കിടത്തി പുകയില ഞെട്ടെടുത്തു ഇത്തിരി മലദ്വാരത്തിലേക്കു കടത്തുന്ന വിദ്യ പ്രയോഗിക്കും ചില അമ്മൂമ്മമാർ.ചിലര്ക്കു സോപ്പാണ് പഥ്യം.
മിക്കപ്പോഴും പ്രസവരക്ഷക്കും കുളിപ്പിക്കാനും ആയി ഒരാൾ പതിവാണ്.അവരിതിരി ഒക്കെ പ്രയോഗങ്ങളും നടത്തും.(ആരുടെ എങ്കിലും കഞ്ഞിയിൽ പാറ്റ ഇടാനല്ല.എങ്കിലും പറയാതെ വയ്യ.കുഞ്ഞിന് 'അമ്മ മാത്രം കൂടെ നിൽക്കുന്നതാണ് നല്ലതു.കാലത്തു വന്നു വൈകീട്ട് തിരിയെ പോവുന്ന ആരായാലും നമുക്ക് വേണ്ട.
പറഞ്ഞു പറഞ്ഞു അപ്പിക്കാര്യം വിട്ടുപോയി.
കുഞ്ഞുഅപ്പിയിടാതിരുന്നാൽ എപ്പോഴാണ് വേവലാതി വേണ്ടത് എന്നല്ലേ ?
കുഞ്ഞു പിറന്നു വീഴുന്ന ആദ്യ നിമിഷം ആണൊരു മനുഷ്യായുസ്സിലെ സുവർണ്ണ നിമിഷം.അമ്മയെ ആശ്രയിച്ചു എല്ലാം നേടിയിരുന്ന ഒരിടത്തു നിന്ന് പൊടുന്നനെ സ്വയം എല്ലാം ചെയ്യേണ്ടുന്നത്തിനു പ്രാപ്തി നേടുന്ന നിമിഷം.ആ നിമിഷത്തിനു ഒരു കൈ സഹായമായി അറിവും പരിചയവും ഉള്ളൊരാൾ ഉണ്ടായാൽ നന്നായി.ഡോക്ടർ സാർ കുഞ്ഞു വാവിട്ടു കരഞ്ഞു കഴിഞ്ഞാൽ ആകെ മൊത്തം ഒരു നോട്ടം നോക്കും.അതിൽ ജീവന് ഭീഷണി ആവുന്ന വൈകല്യങ്ങൾ ഒന്നുമില്ലല്ലോ എന്ന്.
നവദ്വാരങ്ങളും ശരിയല്ലേ എന്നും.
അമ്മക്ക് ശാരീരിക അസ്വാസ്ഥ്യം കുറഞ്ഞു എന്ന് തോന്നിയാൽ ഒട്ടും വൈകാതെ മൂപ്പരുടെ അവകാശം മുലപ്പാൽ ചപ്പാൻ സഹായിക്കുക.
"ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അപ്പിയിടണം.നാല്പത്തി എട്ടു മണിക്കൂറിനകം മൂത്രവും".
അപൂർവം കേസുകളിൽ വയറിൽ നിന്ന് തന്നെ മഷിയിറക്കി പുറത്തേക്കിറങ്ങി വരുന്ന വിദ്വാന്മാർ ഉണ്ട്.സ്വയം കുഴപ്പത്തിൽ പെടുന്നവർ.പ്രസവിച്ച നേരം തന്നെ മൂത്രം പോയത് നമ്മൾ ശ്രദ്ധിക്കാതെ വരുന്നതും ചിലപ്പോ സംശയത്തിന് ഇടയാക്കും.
മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾ രണ്ടു മുതൽ അഞ്ചു തവണ ഒക്കെ അപ്പിയിടാം.ആദ്യ ദിവസങ്ങളിൽ കറുത്ത നിറത്തിൽ.നമ്മൾ ഓരോരുത്തർക്കും ഉള്ള പോലെ ഇതും വ്യത്യാസപ്പെട്ടിരിക്കും.ആദ്യ ദിവസം കഴിഞ്ഞു ചിലപ്പോ സ്വർണ നിറത്തിൽ ഇത്തിരി ഇളകി പോകാം.ചിലർ ചിലപ്പോ രണ്ടോ മൂന്നോ ദിവസത്തേക്ക് ഇക്കാര്യം മറന്നേ പോകാം.മറ്റു കാര്യങ്ങൾ ഒക്കെ കൃത്യമായി നടക്കുന്നുണ്ടാവും എങ്കിൽ ഇതത്ര വേവലാതിപ്പെടേണ്ട.പോകയില്ല.പുകയിലയുടെ ഞെട്ടി തേടിപോകേണ്ട. ,ഉണക്കമുന്തിരിയും.
എന്നാൽ ഇത്തരം കേസുകളിൽ രണ്ടേ രണ്ടു കാര്യങ്ങൾ മനസ്സിൽ ഓർക്കുക.
ഒന്ന് ഒരു മെഡിക്കൽ കണ്ടീഷൻ , തൈറോയിഡ് ഹോർമോണിന്റെ കുറവ്
രണ്ടാമത്തേത് ഒരു സർജിക്കൽ കണ്ടീഷൻ.മലദ്വാരത്തിനോ റെക്റ്റത്തിനോ വൈകല്യം ഇല്ല എങ്കിലും ആ ഭാഗത്തിന്റെ ചലനം വേണ്ടത്ര ഇല്ലാത്ത ഒരു കണ്ടീഷൻ. (hirschsprung disease) ഹീർച്ച സ്പ്രാങ് ഡിസീസ് എന്ന് പറയും.
കൺജെനിറ്റൽ ഹൈപ്പോ തൈറോയ്ഡിസം
ഇതിൽ ആദ്യത്തേത് തലച്ചോറിന്റെ വളർച്ചക്ക് ഏറെ പ്രാധാന്യം ഉള്ളൊരു ഹോർമോൺ ആവശ്യത്തിന് ഇല്ലാതെ അവസ്ഥ.എല്ലാര്ക്കും അറിയാലോ കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളർച്ചയും വികാസവും തൊണ്ണൂറു ശതമാനവും നടക്കുന്നത് രണ്ടു വർഷം പ്രായത്തിനു മുൻപ്.തടയാവുന്ന ബുദ്ധിമാന്യത്തിൽ ആദ്യം എടുത്തു പറയേണ്ട ഒന്നായാണ് കൊണ്ട് നമ്മുടെ രാജ്യത്തു ഇതിനുള്ള രക്ത പരിശോധന സൗജന്യമായി എല്ലാ സർക്കാർ ആശുപത്രികളിലും ചെയ്യുന്നുണ്ട്.പ്രസവിച്ചു എഴുപത്തിരണ്ട് മണിക്കൂർ ആവുമ്പോൾ ഒരു തുള്ളി ചോര എടുതു പരിശോധനക്ക് അയക്കുന്നുണ്ട് തിരുവന്തപുരത്തും കോഴിക്കോടും ഉള്ള റീജിയണൽ ലാബറട്ടറിയിലേക്കു.കേരളത്തിൽ രണ്ടായിരത്തി പന്ത്രണ്ടു മുതൽ ഇത് നടത്തുന്നുണ്ട് ഏകദേശം രണ്ടായിരത്തിൽ ഒരു കുഞ്ഞു എന്ന നിലയിൽ ആണ് ഈ കണ്ടീഷൻ ഇവിടെ ഉള്ളത്.മിക്ക സ്വകാര്യ ആശുപത്രികളിലും ഇത് ചെയ്യുന്നു.
- ഹൈപ്പോ തൈറോയ്ഡ് ആയ കുഞ്ഞുങ്ങൾ പലപ്പോഴും ഇപ്പോഴും ഉറക്കം ആവും.കളിയും ഉഷാറും തീരെ കുറവ്
- കരച്ചിൽ ഇത്തിരി ഉറച്ച ശബ്ദത്തിൽ ആവും
- ആദ്യത്തെ ആഴ്ചയിൽ കാരണം ഇല്ലാതെ മഞ്ഞ നിറം ഇത്തിരി നാൾ നീണ്ടു നിൽക്കാം
- പൊക്കിൾ ഇത്തിരി ഉയർന്നു നിൽക്കാം.
- തൊലി ഇത്തിരി മാർദ്ദവം കുറഞ്ഞതാവാം
- ദിവസം ചെല്ലുന്തോറും മുഖത്തിന് ചെറിയ ഒരു മാറ്റം.നാക്കു പുറത്തേക്കു കാണാം.

https://goo.gl/images/w4WGy6
സംശയം ഉള്ള കേസിൽ പരിശോധന വൈകിക്കരുത്.
മരുന്ന് ഏറ്റവും ലളിതമായതും വില തീരെ ഇല്ലാത്തതു.(സർക്കാർ ആശുപത്രികളിൽ സൗജന്യമായി കിട്ടുന്നതും).ഒരൊറ്റ കാര്യം മാത്രം അത് താൽക്കാലത്തേക്കുള്ളതല്ല.മിക്ക കേസുകളിലും തൈറോയ്ഡ് ഗ്രന്ഥി ഇല്ലാതെ പോവുന്നത് ആയതു കൊണ്ട് ഇത് ജീവിതകാലം മുഴുവൻ കൊടുക്കേണ്ടതാണ്.
ഇനി പറയാം രണ്ടാമത്തെ കാര്യം (hirschsprung disease) ഹീർച്ചസ്പ്രങ് ഡിസീസ്
ആദ്യ ദിവസം ഇരുപത്തി നാല് മണിക്കൂറിനകം മഷി ഇറക്കിയില്ല.
അന്ന് തൊട്ടു മലം പോകുന്നത് തീരെ കുറവ് തന്നെ.നാല് ദിവസം കഴിഞ്ഞു പോവുന്നു.അത് തുടർന്നും.വയറു ഇത്തിരി വീർത്തു വരുന്നു.ഇങ്ങനെ ഒക്കെ ആണെങ്കിൽ ശിശു ശസ്ത്രക്രിയ വിദഗ്ധന്റെ ഉപദേശം തേടണം.
ഇനി പറയട്ടെ നേരത്തെ പറഞ്ഞ കേസിനെ കുറിച്ച്.
ഇപ്പറഞ്ഞ പോലെ ഉള്ള ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ ഒരു കുഞ്ഞു മൂന്നു ദിവസമായി അപ്പിയിട്ടില്ല എന്ന് കേട്ട ഉടനെ സപ്പോസിറ്ററി വാങ്ങാൻ ആളെ അയക്കേണ്ട.ഓണക്കമുന്തിരി വാങ്ങാനും ഓടേണ്ട.
കുഞ്ഞിനെ വെറുതെ വിടുക.
മേൽപ്പറഞ്ഞ കാര്യങ്ങൾ പ്രയോഗിച്ചാൽ ചിലപ്പം മൂപ്പർ വിചാരിക്കും ഇതാണ് ശരിയായ രീതി എന്ന്.
പിന്നെ വരുന്ന ഓരോ ദിവസവും മൂപ്പർ കാത്തു നിൽക്കും ഓരോ സപ്പോസിസ്റ്ററിക്കു വേണ്ടി.
Comments
Post a Comment