പോസ്റ്റ് എക്സ്പോഷർ പ്രൊഫൈലാക്സിസ്












ഇന്നലെ ഒരു സുഹൃത്തിന്റെ ചോദ്യത്തിന് ഉത്തരം കൊടുത്തപ്പോഴാണ് തോന്നിയത്. ഇത്തരം ഒരു ചോദ്യം ആദ്യമായാണല്ലോ. ഇതിനു കൊടുത്ത ഉത്തരം മറ്റുള്ളവരും കൂടി അറിയുന്നത് നന്നായിരിക്കും.
പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ,എന്തെങ്കിലും തരത്തിൽ ഉള്ള വാക്സിനുകൾ കൊടുക്കുന്നവർ.
ഞങ്ങൾ ഡോക്ടർമാർ ഇത്തരത്തിൽ ഒരു പാട് ചോദ്യങ്ങൾ അഭിമുഖീകരിക്കുന്നു. ശരിക്കും ഉടക്ക് ചോദ്യങ്ങൾ.
ചോദ്യങ്ങളിൽ ചിലതു വളരെ ന്യായമായത് . നമ്മൾ ഡോക്ടർമാർ പലപ്പോഴും ആലോചിക്കാത്തതാവും പക്ഷെ സത്യത്തിൽ അതേക്കുറിച്ചു ജനത്തിന് മുഴുവനായി ബോധ്യപ്പെടാത്തതോ ,ലേശം പേടി മനസ്സിൽ ബാക്കി ഇരിക്കുന്ന കാര്യങ്ങളോ ആവും. അതിനു ശരിയായി തന്നെ മറുപടി കൊടുക്കണം.
മറ്റു ചിലരുണ്ട്. മിക്കവാറും വാക്സിൻ വിരോധികൾ.
വാക്സിനുകളെ എങ്ങനെ ഇകഴ്ത്തി കാട്ടാം , അതിന്റെ വിശ്വാസ്യത എങ്ങനെ തകർക്കാം എന്ന് മാത്രം ലാക്കാക്കി വെറുതെ ചോദിക്കുന്ന ചോദ്യങ്ങൾ.
എന്റെ സുഹൃത്തിന്റെ ഈ ചോദ്യം ശരിക്കും ഉത്തരം അർഹിക്കുന്നത് .
ചിലപ്പോ അത്തരം ചോദ്യങ്ങൾക്കു എങ്ങനെ ശാസ്ത്രീയമായ വിശദീകരിക്കാം എന്ന് ഈ മേഖലയിലെ ചെറുപ്പക്കാർക്ക് ഉപകാരപ്പെടുന്നത്
" പത്തു വയസ്സുകാരന് റൂബെല്ല (ജർമൻ മീസിൽസ് ) ഡയഗ്‌നോസ് ചെയ്തു. എഴുപതു വയസ്സുള്ള അപ്പൂപ്പനുമായി കുട്ടിക്ക് സഹവാസം ഉണ്ട്. അപ്പൂപ്പന് വരാതിരിക്കാൻ എന്തെങ്കിലും ചെയ്യണമോ.? പോസ്റ്റ് എക്സ്പോഷർ വാക്സിനേഷൻ എന്ന് കേട്ടിട്ടുണ്ട്.അതൊന്ന് കൊടുത്തു നോക്കിക്കൂടെ?
ജർമൻ മീസിൽസ് അഥവാ റൂബെല്ല എന്ന് കേൾക്കാത്ത മലയാളി ഉണ്ടാവില്ല.നമ്മൾ രണ്ടായിരത്തി പതിനേഴിൽ എഴുപത്തി ആറ് ലക്ഷം കുട്ടികൾക്ക് ഈ വാക്സിൻ കൊടുത്തു. ഒട്ടുമേ പേടിക്കേണ്ടാത്ത ഒരു കാര്യം പക്ഷെ കുട്ടികളിൽ ജന്മവൈകല്യത്തിന് കാരണക്കാരൻ ആയ ഇവനെ തുരത്തി ഓടിക്കാനുള്ള ശ്രമമായിരുന്നു.


അതൊക്കെ പഴം കഥ



ഈ ഞാൻ ഈ ചോദ്യത്തിന് മുൻപിൽ ഒന്ന് പകച്ചു പോയത് എന്തേ ?


യുവ ഡോക്ടർ ആയി മദ്ധ്യ വയസ്കനും പിന്നെ അത്യാവശ്യത്തിനു മുതുക്കനും ആവും വരെ എന്റെ തലമുറക്കാർക്കു വാക്സിൻ എന്ന് പറഞ്ഞാൽ ചെക്കന്മാരുടെ ചന്തി മാത്രം ഓർമ്മ വരും. തന്തമാർക്കു ആകെ വാക്സിൻ എന്ന് പറഞ്ഞു കേട്ടത് പോയിസൻറെ സൂചി.
പ്രായമായവർക്ക് പല അസുഖങ്ങളും തടയാൻ വാക്സിനുകൾ അങ്ങ് പടിഞ്ഞാറൻ രാജ്യങ്ങളിൽ വന്നത് , പതിയെ ആ കാറ്റ് ഇങ്ങു നമ്മളുടെ ആൾക്കാരുടെ ഇടയിലേക്ക് വീശിയതും.
ജോലിക്കു പോകുന്ന ചെറുപ്പക്കാർ എടുക്കുന്ന വാക്സിനുകൾ , ഹജ്ജിനു പോകുന്നവർ. അറുപതു കഴിഞ്ഞവർ മരണം മാറ്റി വെക്കാൻ ഒക്കെ ഇപ്പൊ പുതിയ പുതിയ വാക്സിനുകൾ ഉണ്ടോ എന്നും ചോദിച്ചു വരവ് കണ്ടു തുടങ്ങിയത് ഈ അടുത്ത കാലത്താണ്.

എന്നാലും ഇങ്ങനെ ഉണ്ടോ.

എഴുപതു വയസ്സായ ഒരാൾക്ക് റൂബെല്ല വാക്സിൻ എടുക്കണോ സാറേ എന്നൊരു ചോദ്യം.
ഇങ്ങനെ ഒന്ന് ആദ്യമായി നേരിടുകയാണ്.
ഉത്തരം പറയാൻ അധികം ആലോചിച്ചില്ല

" വേണ്ടെടോ"


നാഗവല്ലിയുടെ ശൈലിയിൽ " അതെന്താ " . വിടമാട്ടെ ? വിടമാട്ടെ


" ഒന്നും കൊണ്ടല്ല. റൂബെല്ല വന്നാലും അത് ബല്യ കൊഴപ്പമൊന്നും ഇല്ലാതെ മാറിപ്പോകും. ആ പ്രായത്തിലും. പ്രമേഹമോ ബീപിയോ ഉള്ളയാൾ ആയാലും വേണ്ടില്ല.


കാൻസറിന്‌ മരുന്ന് കഴിക്കുന്നയാളോ സ്റ്റിറോയിഡ് മരുന്നുകൾ കഴിക്കുന്നയാളോ ഒന്നുമല്ലലോ അപ്പൂപ്പൻ. അതൊന്നും അല്ലാത്തിടത്തോളം ഇതൊരു ഇളംകാറ്റടിക്കുന്ന പോലെ ഒന്ന് തൊട്ടു തടവി അങ്ങ് പോകും. അത്രേ ഉള്ളൂ"

ഈ ഉത്തരം കൊണ്ട് മൂപ്പർ തൃപ്തനായി .
കാരണം മൂപ്പരുടെ ചോദ്യത്തിന് ഉത്തരം അത് മതി.
പക്ഷെ ഇതേ അവസ്ഥയിൽ ഉടക്ക് ചോദ്യക്കാരൻ ആയിരുന്നെങ്കിലോ. ? എന്റെ ഈ ഉത്തരത്തിനു മറു ചോദ്യവും , ചോദ്യത്തിന് മേലെ ചോദ്യവും ഉണ്ടാവും.
അത്തരം ചില ചോദ്യങ്ങളും ഉത്തരങ്ങളും വെച്ചൊരു കളിയായിരുന്നു മനസ്സിൽ പിന്നീട്
"അല്ല സാറേ നിങ്ങൾ അസുഖക്കാരുമായി സംസർഗം വന്ന ശേഷം കുത്തിവെപ്പ് കൊടുക്കാറുണ്ടല്ലോ ചില അവസ്ഥകളിൽ. അങ്ങനെ ആണെങ്കിൽ നാട്ടിൽ പതിനായിരത്തിനും എന്തിനാണ് വാക്സിൻ കൊടുത്തു കാശ് കളയുന്നത്. അസുഖക്കാരനുമായി സംസര്ഗം ഉണ്ടായൊരുക്കു മാത്രം കൊടുത്താൽ പോരെ ?
" പോരാ "
ഏതെങ്കിലും രോഗത്തിനെതിരെ വാക്സിൻ എടുത്ത ആൾ പ്രതിരോധ ശേഷി നേടുന്നു. രോഗാണുവുമായി സംസർഗം ഉണ്ടായാലും രോഗം വരില്ല.
പക്ഷെ പ്രതിരോധ ശേഷി ഇല്ലാത്ത ഒരാൾ രോഗിയുമായി സംസർഗം ഉണ്ടായാൽ മിക്കപ്പോഴും രോഗം പകരും അടിപ്പെടും.
സംസർഗം ഉണ്ടായ ശേഷം കുത്തിവെച്ചിട്ടു മിക്കപ്പോഴും ഫലം ചെയ്യില്ല
പക്ഷെ അപൂർവ്വം ചില രോഗങ്ങളിൽ ഇങ്ങനെ രോഗാണു ദേഹത്ത് കയറിയ ശേഷവും പ്രതിരോധ കുത്തിവെപ്പുകൾ ഫലപ്രദം ആവും
"കതിരിൽ വളം വെച്ചാലും" ചെലപ്പോ ഫലം ചെയ്യും.
" അതെങ്ങനെ?'
പ്രതിരോധ വാക്സിനുകൾ എടുത്താൽ ഏകദേശം ഏഴു ദിവസം ആവുമ്പോഴേക്കും ആന്റിബഡി ഉണ്ടായി തുടങ്ങും.
രണ്ടാഴ്ച ആവുമ്പോഴേക്കും അത് സുരക്ഷ നൽകുന്ന അത്രയും ആവും. പക്ഷെ നമ്മുടെ ഇടയിൽ ഉള്ള മിക്ക രോഗാണുക്കളും ശരീരത്തിൽ കയറി ഏതാനും ദിവസം കൊണ്ട് തന്നെ രോഗാവസ്ഥയിൽ എത്തും.

പക്ഷെ

ചില രോഗാണുക്കൾ ദേഹത്ത് കയറിയാൽ കുറെ ഏറെ നാളുകൾ എടുക്കും രോഗം വരാൻ

ഉദാഹരണം ..

  1. പേപ്പട്ടി വിഷബാധ,
  2. ഹെപ്പറ്റൈറ്റിസ് ബി.
  3. ചിക്കെൻ പോക്സ് .
ഈ രോഗങ്ങളുടെ ഒക്കെ ഇൻകുബേഷൻ പീരീഡ്‌ വളരെ കൂടുതൽ ആണ്. രണ്ടാഴ്ചക്കും മേലെ. ചിലപ്പോ മാസങ്ങളും വർഷങ്ങളും

അപ്പൊ ?


വാക്സിൻ എടുത്താൽ രണ്ടാഴ്ച കൊണ്ട് പ്രതിരോധം കിട്ടും എങ്കിൽ , രോഗ പകർച്ച കഴിഞ്ഞു വാക്സിൻ എടുത്താലും രോഗം വരാതെ ഇരിക്കും.
ആ രീതി നമ്മൾ ഏറ്റവും കൂടുതൽ പ്രയോഗത്തിൽ അറിയുന്നത് പേപ്പട്ടി വിഷ ബാധയിൽ ആണ്.

ഇനി എന്റെ സുഹൃത്തിന്റെ ചോദ്യത്തിലേക്ക് തിരിയെ പോവാം.

റൂബെല്ല വന്ന ചെക്കനുമായി സംസർഗം വന്ന കാര്യം.
ഈ പറഞ്ഞ റുബെല്ലയുടെ ഇൻകുബേഷൻ പിരീഡും രണ്ടാഴ്ചക്കു മേലെ ആണ്. അത് കൊണ്ട് അപ്പൂപ്പന് ഈ കുത്തിവെപ്പ് എടുത്താൽ ഫലം ചെയ്യും.
പക്ഷെ ഇവിടെ വേണ്ട എന്ന് തീരുമാനിച്ചത് വാക്സിൻ ഫലം ചെയ്യില്ല എന്നത് കൊണ്ടല്ല.
ഇവിടെ ഒട്ടുമേ ഭയപ്പെടേണ്ടതല്ലാത്ത ഒരു കാര്യത്തിന് വേണ്ടി എന്തിനു മെനക്കെടണം എന്നതുകൊണ്ട്

Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി