button batteries



‘അമ്മക്ക് പ്രസവ വേദന മോൾക്ക് വീണ വായന’ എന്നൊരു ചൊല്ലുണ്ട്.
അത് പോലെ ആണ് ചെലപ്പോ കുട്ടികളുടെ കാര്യങ്ങൾ.അവമ്മാരുടെ ചില വിക്രസ്സുകൾ കണ്ടാൽ ചിരി പൊട്ടും.
അടുത്ത നിമിഷം അതിന്റെ ഗൗരവം ഓർമ്മ വരുമ്പോ ചിരി മായും.
ട്രൗസറിന്റെ സിബ്ബ് കുടുങ്ങി ചോരയൊലിപ്പിച്ചു നിലവിളിച്ചു വരുന്നോരു ,
 മറ്റു ചിലര് ചുണ്ണാമണിക്കു ചുറ്റും റബ്ബർ ബാൻഡെടുത്തു കെട്ടി വെച്ച് നീര് വന്നു വീർത്തു വരുന്നവർ,
പൂച്ചയും നായയുമായി ചങ്ങാത്തം കൂടി വായിൽ കയ്യിട്ടു കടിവാങ്ങുന്നവർ.
ഇതിലും രസമുള്ള കാര്യം ഓരോ ആഴ്ചയിലും ചെവിയിലോ മൂക്കിലോ എന്തെങ്കിലും ഒക്കെ എടുത്തു വെച്ച് “പറ്റിച്ചേ” എന്ന കള്ളച്ചിരിയുമായി വരുന്നവർ.
അത്തരം ചിരിക്കു വക നൽകുന്നൊരു കാര്യവുമായി ഇന്ന് ഒരു വിളി വന്നു.വളരെ വേണ്ടപ്പെട്ട ഒരാളുടെ കുഞ്ഞുണ്ണി.
അഞ്ചു വയസ്സുകാരൻ.
റിമോട്ട് കൺട്രോൾ ബാറ്ററി ഒരെണ്ണം ഗുളിക പോലെ അങ്ങ് മിണുങ്ങി.
തൊട്ടുകൂട്ടാൻ ഇത്തിരി അച്ചാറും കൂടി ആയാൽ ബഹു കേമം എന്ന മട്ട്
ആളിപ്പോ അഡ്മിറ്റ് ആയി കെടപ്പുണ്ട്.




പോകും വഴികളിലെ വാതിലുകൾ എല്ലാം മലർക്കെ തുറന്നു വെച്ച്  ,കാത്തിരിക്കുകയാണ്. 
നാളെ പതിനൊന്നു മണിയോടെ 'അങ്ങേയറ്റത്തെ വാതിലിലൂടെ' പുറത്തേക്കു വരുന്നതിനു വഴിക്കണ്ണുകളുമായി കാത്തിരിക്കയാണ് ഞങ്ങൾ.
ആരും എത്തിനോക്കാത്ത വഴികൾക്കും വാതിലുകൾക്കും ഒക്കെ ചിലപ്പോ ഏറെ പ്രാധാന്യം കൈ വരും.
വഴിയിൽ ഏതെങ്കിലും തടസ്സത്തിൽ പെട്ടാൽ ഇടപെടേണ്ടി വരും.
കുറച്ചു മണിക്കൂറുകൾ നനവ് തട്ടിയാൽ ഒന്നും ഈ ബട്ടൺ ബാറ്ററികൾ പൊട്ടില്ല.
അത് കൊണ്ട് ഇറങ്ങി വരും വഴിക്കൊരു താലപ്പൊലി സംഘത്തെ ഏർപ്പാടാക്കി കാത്തിരിക്കുന്നു.

പഴയൊരോർമ്മ 

ഒരു പത്തിരുപതു വർഷം മുൻപ് തിരുവനന്തപുരം എസ എ ടിയിൽ ഇത്തിരി നാൾ ഉണ്ടായിരുന്ന കാലത്തെ ഒരു ദുരനുഭവം ഓർമ്മയിൽ.
അതും ഇത് പോലൊരു കുഞ്ഞു ഇത്തിരി പ്രായം കുറവാണു.ഒരു രണ്ടര മൂന്നു വയസ്സാണെന്നാണ് ഓർമ്മ.
കരച്ചിലും വാശിയും ആയി വന്നു.
 ഇടവിട്ടുള്ള കരച്ചിലിന് കാരണം ഒന്നും കണ്ടേയില്ല.
പലതും ആലോചിച്ചു ആവഴി ഈവഴി ഒക്കെ നോക്കി.
പിറ്റേ ദിവസം ആവുമ്പോഴേക്കും വയറിത്തിരി വീർത്തു. നിർത്താത്ത ഛർദിയും. 
പതിവ് രീതികൾ ഒക്കെ പ്രയോഗിച്ചു ദിവസം ചെല്ലുന്തോറും കാര്യം വഷളായി. ഛർദിയിൽ പച്ച നിറം.എന്ന് വെച്ചാൽ വയറിൽ തടസ്സം ഉണ്ടെന്നർത്ഥം.
എക്സ് റേ എടുത്തില്ലായിരുന്നു അത് വരെ എന്നാണോർമ്മ. മെഡിക്കൽ കണ്ടീഷൻ ആവാനേ സാധ്യത കരുതിയുള്ളൂ അത് വരെ 
അപ്പൊഴാണ് മാറി ചിന്തിച്ചത്. 'ഇത് ഞങ്ങളുടെ ടെറിട്ടറി അല്ല'.
"എന്തോ സർജ്ജിക്കൽ കോസ് "ഉണ്ടാവണം.
അൾട്രാ സൗണ്ട് സ്കാൻ എടുത്തു.
അതിൽ വലത്തു വശത്തു കുടല്മാലകൾ ഇത്തിരി നീരു വെച്ച് ഒരു മാസ്സ് രൂപപ്പെട്ടിരിക്കുന്നു.
. പീഡിയാട്രിക് സർജൻസ് കണ്ടു. വൈകാതെ തുറന്നു. 
വലതു വശത്തു 'ചെറുകുടലിന്റെ' ഒരടി മുഴുവൻ ഗാംഗ്രീൻ ..എന്ന് വെച്ചാൽ പ്രവർത്തനരഹിതമായി പോയിരിക്കുന്നു.
ഇടയിൽ ഒരു ലെഡ് ബാറ്ററി ഇത്തിരിക്കുഞ്ഞൻ കളിയാക്കി ചിരിച്ചു.
By Gerhard H Wrodnigg - Own work, CC BY-SA 2.5, https://commons.wikimedia.org/w/index.php?curid=542636
ഭാഗ്യം കൊണ്ടും പീഡിയാട്രിക് സർജ്ജറിക്കാരുടെ മിടുക്കു കൊണ്ടും രക്ഷപ്പെട്ടു പൊന്നു.

ഇവൻ, ...... ഈ ബട്ടൺ ബാറ്ററി ഭീകരൻ ആണ്.

നമ്മൾ ഒരു വിലയും കൽപ്പിക്കാതെ അവിടെയും ഇവിടെയും ഇട്ടു കുട്ടികളുടെ കളിപ്പാട്ടങ്ങൾക്കിടയിൽ കണ്ടാലും കണ്ടില്ലെന്നു നടിച്ചു പോവുമ്പോൾ ഓർക്കുക.
കുഞ്ഞുങ്ങൾ വായിലേക്കിടാൻ ഏറെ സാധ്യത ഉള്ളത്. എളുപ്പം ഇറങ്ങി പോവാനും.
ഇക്കാര്യം ആരും അറിയാതെ പോവും.ശ്വാസ നാളത്തേക്ക് കടന്നു അപകടം ഉണ്ടാവാൻ സാധ്യത വേറെ.
പോവും വഴിയിൽ എവിടെ തടഞ്ഞു നിന്നാലും സെല്ലുകളെ ഒന്നൊന്നായി പതിയെ തകരാറു വരുത്തും.

പ്രായമായവരും ഓർക്കുക

നമ്മൾ പ്രായമായവരും ചിലപ്പോ കുട്ടികളെ പോലെ ആണ് . ഗുളിക ആണെന്ന് കരുതി അറിയാതെ ഇത് പോലുള്ളത് എടുത്തു മിണുങ്ങിയ ഒരേമ്പക്കവും വിട്ട ശേഷം  ആവും അക്കിടി മനസ്സിലാവുന്നത്.

ഓർക്കുക

  •  ലെഡ് ബാറ്ററികൾ അലക്ഷ്യമായി വെക്കാതിരിക്കുക.
  •  കഴിക്കുന്ന ഗുളികകൾക്കരികിലോ,ഒന്നും നോക്കാതെ എടുത്തു കഴിക്കാൻ സാധ്യത ഉള്ള മിട്ടായി നട്സ് എന്നിവക്കരികിലോ, വെള്ളം കുടിക്കുന്ന ഗ്ലാസ്സിനരികിലോ വെക്കാതിരിക്കുക
  • നമ്മൾ പ്രായമായവർ ഏതു ഗുളികകൾ ആയാലും കഴിക്കുമ്പോ രണ്ടു കാര്യങ്ങൾ ഓർക്കുക.
ഇരുട്ടിൽ ആവരുത്, നല്ല വെളിച്ചത്തിൽ

ബി ഗുളികകൾ ഒരിക്കൽ എങ്കിലും നോക്കണം.കണ്ണടച്ചു വായിലേക്കിട്ടു വെള്ളം കുടിക്കുന്ന രീതി ആവരുത്.
പേര് വായിച്ചു മാത്രം കഴിക്കുന്നത് നല്ല ശീലം.

ഗുളികകൾ വാങ്ങുന്ന ദിവസം മാത്രമല്ല, ഓരോ പ്രാവശ്യവും.

Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി