PULLED ELBOW



വായിച്ചു തുടങ്ങിയ നാളുകളിൽ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിലെ കഥകൾ ഇഷ്ടമായിരുന്നു ഓരോ കഥയും വായിച്ചു കഴിയുമ്പോ നായകൻമാരിൽ ആരാണ് കൂടുതൽ കേമൻ എന്ന് സംശയം ബാക്കി നിൽക്കും .
ഏറെയും വൈദ്യന്മാരുടെ കഥകൾ . ഓരോരുത്തരെക്കുറിച്ചു പറയുമ്പോഴും പറയും “ ഇങ്ങനെ ഒരു വൈദ്യൻ അതിനു മുൻപോ പിന്പോ ഉണ്ടായിട്ടില്ല എന്ന് . അങ്ങനെ തന്നെ ഒരു മൂന്നാലു പേരെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
ഷെർലോക് ഹോംസിന്റെ കഥകളെ പോലെ തന്നെ ഓർമ്മയിൽ നിൽക്കുന്നു ഇപ്പോഴും ഐതിഹ്യമാലയിലെ കുറെ ചികിത്സാ കഥകൾ.
അതിലൊന്ന് കൈകളുടെ ചലനം നിന്ന് പോയൊരു യുവതിയുടെ . ഏതു മഹാ വൈദ്യൻ ആയിരുന്നു കഥാ നായകൻ എന്നോർമ്മയില്ല . പലരും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കൈകൾ ഒരു തരിമ്പും അനക്കം ഇല്ല . മുഖത്തേക്ക് ഇത്തിരി നേരം സൂക്ഷിച്ചു നോക്കി കാര്യം പിടി കിട്ടിയ വൈദ്യര ധ്യേം പെണ്ണുടുത്ത തോർത്ത് മുണ്ടു ഒരൊറ്റ വലി. പരാലിസിസ് പമ്പ കടന്നു തോർത്ത് മുണ്ടിന്റെ അറ്റത്തു മൂപ്പത്തിയാരുടെ പിടി മുറുകി. നാണം മാറ്റാൻ.
കാരുണ്യ സ്പർശം കൊണ്ട് കുരുടന് കാഴ്ച്ച കൊടുക്കുന്ന, കാലുകൾ തളർന്നവനെ നടത്തിക്കുന്ന യേശുദേവന്റെ പുതിയ അവതാരങ്ങൾ മൈക്കിന്റെ മുൻപിൽ നടത്തുന്ന അത്ഭുത കാഴ്ചകളുടെ വീഡിയോകൾ എന്നും കാണുന്നു നമ്മൾ.
വല്ലപ്പോഴും എങ്കിലും നിസ്സാരന്മാരായ ഞങ്ങൾക്കും ഇങ്ങനെ അത്ഭുതം കാട്ടാൻ പറ്റാറുണ്ട്.
ബോധം തരി പോലും ഇല്ലാതെ എടുത്തു കൊണ്ട് വന്ന പത്താം ക്ലാസ്സുകാരികൾ ഒരു നിമിഷം കൊണ്ട് കണ്ണും തിരുമ്മി എണീക്കുന്ന കാഴ്‌ച . ഇക്കൂട്ടർക്കു പലപ്പോഴും കൊല്ലപ്പരീക്ഷയുടെ തലേന്ന് ആവും ഇങ്ങനെ ഒരു ബോധം പോക്ക്.
അതുമല്ലെങ്കിൽ തലേന്ന് രാത്രി ഇത്തിരി നല്ലോണം മിനുങ്ങി വന്ന അച്ഛൻ ഒരു വഴക്കു പറഞ്ഞപ്പോ.
ഇപ്പറഞ്ഞ കൂട്ടത്തിൽ ഒന്നും ശാരീരിക പ്രശ്നങ്ങൾ ഇല്ലായിരുന്നു , എന്നാൽ അങ്ങനെ അല്ലാതെ തന്നെ ഒരു കുഞ്ഞു പെട്ടെന്ന് കൈയ്യൊ കാലോ അനക്കാതെ ആയാലോ ബോധം പോയാലോ ഒക്കെ നമ്മൾ ഒന്ന് അന്ധാളിക്കും , ആസ്പത്രിയിൽ ഏറ്റവും കേമം ഏതാണെന്നു നോക്കി എടുത്തു കൊണ്ടോടും.
കാറും കോളും കൊണ്ട മാനം മഴയായ് പെയ്യാതെ മഞ്ഞു പെയ്തു മനസ്സ് കുളിർക്കുന്ന അവസ്ഥ .
അങ്ങനെ ചിലതുണ്ട്.
കരഞ്ഞു കരഞ്ഞു തളർന്നു നീല നിറം വന്ന കുഞ്ഞിനെ കണ്ടു അപസ്മാരമാവും ബ്രെയിൻ ട്യൂമർ ആവും എന്ന് ഭയന്ന് വിറച്ചെത്തുന്ന അച്ഛന്റെ കാതിൽ ഡോക്ടർ പറയുന്നു “ ഇത് ബ്രെത്ത് ഹോൾഡിങ് സ്പെൽ എന്ന നിസ്സാരൻ.
ആറ്റു നോറ്റു കിട്ടിയ കുഞ്ഞിന് ഒരു മാസമാവുമ്പോ വൈകുന്നേരം പിടിച്ച കരച്ചിൽ വായ പൂട്ടുന്നില്ല .ലോകത്തുള്ള എല്ലാ വ്യാധികളെയും കുറിച്ച് "പേടിച്ചു പകുതി ആവും" ഡോക്ടറുടെ അടുത്തെത്തുമ്പോഴേക്കും .
മൂപ്പരുടെ മൊഴി .. ഇത് "ബേബി കോളിക് "ആണ്.
നാടായ നാട്ടിലുള്ള അമ്പലങ്ങളിലും പള്ളികളിലും നേർന്ന വഴിപാടുകൾ ഒക്കെ വെറുതെ .അവരും ജീവിച്ചു പോണമല്ലോ.
ഇത്തരത്തിൽ പെടുത്താവുന്ന ഒന്നാണ് പുൾഡ് എൽബോ (pulled elbow ).

ഇനി പറയാം പുൽഡ് എൽബോയെ കുറിച്ച്

നന്നേ ചെറിയ കുഞ്ഞുങ്ങളെ , മിക്കവാറും ഒരു വയസ്സ് മുതൽ മൂന്ന് വയസ്സ് വരെ ഉള്ള കുഞ്ഞുങ്ങളെ ,കൈ പിടിച്ചു വലിച്ചു എടുക്കുമ്പോ കൈമുട്ടിലെ ഒരെല്ലു അതിന്റെ കുഴയിൽ നിന്ന് തെറ്റിപ്പോവുന്ന അവസ്ഥ .

കൈമുട്ടിനു താഴെ രണ്ടെല്ലുകൾ .

റേഡിയസും അൾനയും .

മേലെ ഹ്യുമറസ് .

ഇതിൽ റേഡിയസ്സിന്റെ തലഭാഗം ഒരു റിങ്ങിൽ ആണുള്ളത്. പിടിച്ചു വലിച്ചെടുക്കുമ്പോ ഇത് ചിലപ്പോ  റിങ്ങിൽ നിന്ന് പുറത്തേക്കു വിട്ടു പോരുന്നു.( എപ്പോഴും ഇങ്ങനെ പിടിച്ചു വലിച്ചത് കൊണ്ട് തന്നെ ആവണം എന്നില്ല . ചിലപ്പോ അങ്ങനെ ഒന്നും ഇല്ലാതെയും ഇതുണ്ടാവാം ).
ആ നിമിഷം തൊട്ടു കുഞ്ഞു കൈ അനക്കില്ല. വലിയ നീരോ ചുവപ്പോ ഒന്നും കാണില്ല .തൊട്ടാൽ വേദന ഇല്ല .
പോളിയോ നമ്മളുടെ നാട്ടിൽ എമ്പാടും ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു . അന്നൊക്കെ ആദ്യം “ ഇത് പോളിയോ ആവുമോ” എന്നാവും ഭയം.
അപൂർവമായി സ്ട്രോക്ക് , ഒരു വശത്തെ കയ്യും കാലും തളർന്നു മുഖം കൂടുന്ന അവസ്ഥ കുഞ്ഞുങ്ങളിലും ഉണ്ടാവാം . പെട്ടെന്ന് ഇങ്ങനെ സംഭവിക്കുമ്പോ പ്രത്യേകിച്ചും അങ്ങനെയും ഭയത്തിനു സാംഗത്യം ഉണ്ട്.
അതുമല്ലെങ്കിൽ ഒടിവോ ചതവോ എല്ലിന്റെ പഴുപ്പോ … എന്ന് വേണ്ട ഒരു പാട് കാര്യങ്ങൾ മനസ്സിലൂടെ പോവും . രക്ഷിതാക്കളുടെ കാര്യം മാത്രമല്ല , നോക്കുന്ന ഞങ്ങൾ വൈദ്യന്മാരുടെയും.
ഇത് അങ്ങനത്തെ "പുലികൾ ഒന്നും അല്ല ഇത് വെറും പൂച്ച" ആണെന്നും അറിഞ്ഞാൽ പിന്നെ സംഗതി എളുപ്പം.
അമ്മയെ സമാധാനിപ്പിച്ചു കുഞ്ഞിനേയും മടിയിൽ ഇരുത്തി ഒരു പ്രയോഗം.
പ്രയോഗം കണ്ടു മനസ്സിലാക്കാമെങ്കിൽ ആയിക്കോ.
കൂടുതൽ പറഞ്ഞു തരില്ല.


ഞങ്ങളുടെ കഞ്ഞി കുടി മുട്ടും    ഇവിടെ ക്ലിക്ക് ചെയ്യുക 

Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി