കുഞ്ഞാമിന



എതിരെ ഇട്ട കസേരകളില്‍ ബഷീറും ഫാത്തിമയും. മുഖത്തോട് മുഖം നോക്കി, പറയാനുള്ളത് കേള്‍ക്കാനിരുന്നു. തിരിച്ചൊന്നും ഒന്നും പറയാനില്ലാതെ. പറയട്ടെ, മനസ്സ് പെയ്തൊഴിയട്ടെ.
കുഞ്ഞാമിന എന്റെ അരികിലേക്ക് ഇത്തിരി മാറി മേശ തൊട്ടു നിന്നു. അവളുടെ ശ്രദ്ധ മുഴുവന്‍ എന്റെ കഴുത്തിലെ സ്റെതസ്കൊപ്പിലെക്കും മുന്‍പിലെ നിറമുള്ള ലെറ്റര്‍ പാഡിലേക്കും. ഏതോ മരുന്ന് കമ്പനിക്കാരന്‍ തന്ന ലെറ്റര്‍ പാഡ്. അതിന്റെ കവറില്‍ ഒരു കൊച്ചു കുട്ടിയുടെ കളര്‍ ഫോട്ടോ. ലെറ്റര്‍ പാട് തുറന്നു ആദ്യത്തെ പേജു മറിച്ചു അവളുടെ മുന്‍പില്‍ വെച്ചു, പേന തുറന്നു കൈയ്യില്‍ കൊടുത്തു. ആദ്യം അവളെ കളിയാക്കുകയാണോ എന്ന വിശ്വാസ കുറവ് ,സംശയത്തോടെ പിന്നെ പേന വാങ്ങി കുത്തി കുറിക്കാന്‍ തുടങ്ങി. വരകളുടെ അക്ഷരങ്ങളുടെ ലോകത്തേക്ക്.
" കുഞ്ഞാമിന ബഷീര്‍ , സെക്കന്റ്‌ സ്റ്റാന്‍ഡേര്‍ഡ് ബി. "
തിരക്ക് കുറഞ്ഞൊരു ദിവസം ഒരു ഇടവേളയില്‍ കതകില്‍ മുട്ടി കടന്നു വന്നവര്‍. എ.ആര്‍.ടി. സെന്ററിലെ കൌന്സലിംഗ് സെഷന്‍ കഴിഞ്ഞു അറിയാനുള്ളതു ഏറെയും അറിഞ്ഞു പറയാനുള്ളത് പരപ്പും പറഞ്ഞു തിരിച്ചു പോകും വഴിക്ക് എന്നെ കാണാന്‍ വന്നതാണവര്‍. എന്നെ കാണേണ്ട ആവശ്യം ഇല്ലായിരുന്നു. പൊന്നാനിയിലെ എന്റെ പൂര്‍വ വിദ്ധ്യാര്‍ത്തി ഇങ്ങോട്ടേക്കു കുറിപ്പടി കൊടുതയച്ച്ചത് എന്നെ ഓ.പിയില്‍ വന്നു കാണാനായിരുന്നു. ഒരു ദിവസത്തെ അട്മിഷനും പരിശോധനയും കൊണ്ട് തന്നെ ..കാര്യം തിരിച്ചറിഞ്ഞപ്പോ നേരെ എ ആര്‍ ടി ( ആന്റി റിട്രോ വൈറല്‍ തെറാപ്പി ) സെന്ററിലേക്ക് പറഞ്ഞയച്ചു.
.അജിത്തിന്റെ ടീം കാര്യങ്ങള്‍ എല്ലാം ചെയ്തിരിക്കുന്നു.രക്ത പരിശോധനക്ക് മുന്‍പും ഡയഗനോസിസ് കഴിഞ്ഞും വിശദമായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ചികിത്സാ പദ്ധതികള്‍ വിവരിച്ചു കൊടുത്തിരിക്കുന്നു. ബ്ളഡ ടെസ്റ്റ്‌ പോസിടീവ് ആയ വ്യക്തിയുടെ ചികിത്സ കേന്ദ്രീകരിച്ചു മാത്രമല്ല. സമൂഹവുമായി ഇടപഴകി ജീവിതത്തിന്റെ ചൂടും ചൂരും നഷ്ടപ്പെട്ടു പോകാതെ പഴയ പോലെ ഒരാളായി ജീവിക്കാനുള്ള കാര്യങ്ങളും മുന്നേ കണ്ടു പളാന്‍ തയാറാക്കാന്‍ സഹായിക്കാനുള്ള ടീം ചെയ്യുന്നത് പ്രശംസിക്കാതെ വയ്യ . തിരക്കിനെ പഴിക്കാതെ ഓരോ ആള്‍ക്കും വേണ്ടി എത്ര നേരം വേണമെങ്കിലും ചിലവഴിക്കാനുള്ള മനസ്സും സമയവും.
രോഗ വിവരം അറിയുന്നവര്‍ എല്ലാം കടന്നു പോകുന്ന മാനസിക അവസ്ഥ ഒന്ന് തന്നെ ..ഒരു ഞെട്ടല്‍ , പിന്നെ മനസ്സില്‍ ശൂന്യത . പിന്നെ പുറത്ത് പറയാന്‍ പാടില്ലെങ്കിലും "എല്ലാം ഒരു നിമിഷം കൊണ്ട് തീര്‍ത്തു കളഞ്ഞാലോ"? എന്ന ചിന്ത.
മനുഷ്യനെ, അവന്റെ മനസ്സിനെ മനസ്സിലാക്കുന്ന കൌന്സലര്‍, ഡോക്ടര്‍ ,,അവരുടെ ഒരു സംഘം അവരുടെ വിജയം ആണ് ഏകദേശം നാലായിരം വ്യക്തികള്‍ ഈ ഘട്ടങ്ങള്‍ കടന്നു ജീവിതത്തിന്റെ നാനാ തുറകളില്‍ സാധാരണക്കാരെ പോലെ ജീവിക്കുന്നത്.
പക്ഷെ ഇന്നിവിടെ ബഷീറിനു പറയാനുള്ള കഥ ഇത്തിരി വ്യതസ്തം . കുഞ്ഞാമിനയുടെ പരിശോധന റിസള്‍ട്ട്. ഐ വി പോസിറ്റീവ് .ബഷീറും ഫാത്തിമയും നെഗറ്റീവ് . അമ്മയിലൂടെ അല്ലാതെ , അച്ഛനിലൂടെ അല്ലാതെ ഏഴു വയസ്സുകാരിയിലേക്ക് രോഗാണു കടന്നു കൂടിയിരിക്കുന്നു .. ടെസ്റ്റ്‌ തെറ്റിയതാവുമോ?. അല്ല ഫാള്‍സ് പോസിടീവ് സാധ്യത ഇല്ലാത്ത വിധം വ്യക്തതയോടെ ആണ് റിസള്‍ട്ട്.
പറയാനുള്ളത് മുഴുവന്‍ കേട്ടു, ജീവിതത്തിന്റെ ഇനി അങ്ങോട്ടുള്ള പ്ളാനുകള്‍ക്ക് ഒപ്പം കൂടി . മനസ്സിലെ കാറും കോളും ഒതുങ്ങി.
പുറത്തേക്കു പോകും മുന്‍പ് കുഞ്ഞാമിനയെ കൊണ്ടൊരു ഷേക്ക്‌ ഹാന്‍ഡ്‌ തരുവിച്ചു . കുഞ്ഞി കൈ പിടിച്ചു അവര്‍ പോയി.
വെറുതെ ഇരുന്നപ്പം മനസ്സില്‍ ആവശ്യം ഇല്ലാത്ത ചോദ്യങ്ങള്‍.
ഇതെങ്ങനെ സംഭവിച്ചു ?.. അങ്ങനെ ചോദിച്ചു കൂടാത്തതാണ് .. " നിങ്ങള്‍ക്കെങ്ങനെ ഈ അസുഖത്തിന്റെ വിത്തുകള്‍ പകര്‍ന്നു കിട്ടി "? എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല.
"ഇനി എന്ത് ? എങ്ങനെ നേരിടും . ഒപ്പം ഞങ്ങളും ഉണ്ട് " എന്ന് മാത്രം . പക്ഷെ ,മനുഷ്യനിലെ കുരങ്ങു മനസ്സ് ചിലപ്പോഴൊക്കെ അങ്ങനെ ആണ്.
എണ്‍പതുകളില്‍ എയിഡ്സ് മാധ്യമങ്ങള്‍ക്ക് പ്രിയങ്കരമായ വാര്‍ത്ത ആയിരുന്നു . അതിന്റെ ആരോഗ്യ പരമായ കാര്യങ്ങള്‍ അല്ല . പിന്നാമ്പുറ കഥകള്‍ .. മസാലയും എരിവും ചേര്‍ത്ത് വിളമ്പാന്‍ ആയിരുന്നു എല്ലാര്‍ക്കും താല്‍പ്പര്യം . ഇന്ന് അങ്ങനെ ആരും ചിന്തിക്കാറില്ല.
രോഗപ്രതിരോധ കുത്തി വെപ്പുകള്‍ ഒഴികെ ഒരു കുത്തി വെപ്പോ ആശു പത്രി വാസമോ ഉണ്ടായിട്ടില്ലാത്ത കുട്ടി .. കുത്തി വെപ്പിലൂടെ ഇങ്ങനെ കിട്ടാന്‍ സാധ്യത തീരെ കുറവ്.മറ്റെന്തെങ്കിലും സാധ്യത? വെറുതെ തോന്നുന്നതാവും.
രണ്ടാഴ്ച മുന്‍പത്തെ മറ്റൊരനുഭവം പക്ഷെ ഈ ചിന്തക്ക് ആക്കം കൂട്ടി . മറ്റൊരു കഥ . ഒരു പാട് കഥകള്‍ എഴുതി ചേര്‍ത്ത് കൊണ്ട് ദിവസങ്ങളുടെ പേജുകള്‍ മറഞ്ഞു പോകുന്നു , മറവിയിലേക്ക്. ചിലപ്പോ ഇങ്ങനത്തെ അവസരത്തില്‍ ചിലപ്പോ പഴയ പേജുകള്‍ ഓര്‍മയില്‍ ഇതും .. നെറ്റിയിലേക്ക് ഊര്‍ന്നു വീണ മുടിയിഴകള്‍ കൈ കൊണ്ട് വകഞ്ഞു മാറ്റി പറയുന്നത് ശ്രദ്ധയോടെ കേട്ട് കൊണ്ടിരിക്കുന്ന ഒരു മുഖം . പാര്‍വതിക്കുട്ടിയുടെ.
" അമ്മ ഞാന്‍ നാളെ സ്കൂളില്‍ പോകുന്നില്ല " ഒരിക്കലും സ്കൂളില്‍ പോകാന്‍ മടി കാട്ടാത്ത പാര്‍വതി , ഒരു പാട് ചോദിച്ചപ്പോ പറഞ്ഞു .ഇന്നലെ ക്ളാസില്‍ നിന്ന് മൂത്രം ഒഴിക്കാന്‍ തോന്നി , രണ്ടു തവണ ടീച്ചര്‍ സമ്മതിച്ചു , മൂന്നാമത് ചോദിച്ചപ്പോ ടീച്ചര്‍ വഴക്ക് പറഞ്ഞു ..ഒരു ക്ളാസ് കഴിയുന്നതിനു മുന്‍പ് മൂന്നു തവണ മൂത്രം ഒഴിക്കാന്‍ പോയത് വേണ്ടാതീനം ആയി ടീച്ചര്‍ കരുതി . കുട്ടീ ..എന്താണങ്ങനെ എന്ന് ടീച്ചര്‍ ചോദിച്ചില്ല.
ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതും ചെറിയ വേദനയും കണ്ടപ്പോഴാണ് ഡോക്ടറെ കണ്ടത് .. അടുത്ത ആശുപത്രിയിലെ ഡോക്ടര്‍ മൂത്രം പരിശോധിച്ചു ചികിത്സയും കൊടുത്തു . ഒരാഴ്ച കഴിഞ്ഞു പനിയും വിറയലും ഒട്ടും കുറയാത്ത വേദനയും കലശല്‍ ആയപ്പോഴാണ് ഇവിടെ എത്തിയത്.
" please see her genitals ,,"
പരിശോധിച്ച ലേഡി ഡോക്ടര്‍ക്ക് എന്തോ പന്തികേട്‌ തോന്നി. പിന്നെ കുട്ടികളുടെ സര്‍ജന്‍ . സംശയം കൂടാതെ പറഞ്ഞു ലൈംഗിക ബന്ധനത്തിന്റെ ലക്ഷണങ്ങള്‍ .
ഒപ്പം തന്നെ ഉണ്ടായിരുന്നു അച്ഛനും അമ്മയും .. കാര്യം പറഞ്ഞപ്പോ അമ്മക്ക് എന്തോ വെളിപാട് പോലെ തോന്നി . ഓര്‍ത്തെടുത്ത കുട്ടിയുടെ വാക്കുകള്‍ , നിന്ന് തിരിയാനിടമില്ലാത്ത പണി ത്തിരക്കിനിടയില്‍ അവള്‍ പറയുന്ന കിന്നാരങ്ങളുടെ ഇടയിലെ ഒരു വിശേഷം , അതൊരു പ്രത്യേകതയും ഇല്ലാതെ കേട്ട് മറന്നു . ഒരാളുടെ സ്നേഹ സ്പര്‍ശനത്തെ പറ്റി.
പക്ഷെ ..അതെങ്ങനെ,, ആരോട് പറയും വിളവു തിന്നുന്ന വേലി" കൂട്ട് കുടുംബത്തില്‍, സ്വന്തത്തില്‍ ആരെ കുറ്റം പറയും " കുഞ്ഞുങ്ങളോടുള്ള സ്നേഹ പ്രകടനങ്ങള്‍ അതിന്റെ അതിര്‍ വരമ്പുകള്‍ കവച്ചു വെക്കുന്നത് നമ്മള്‍ അറിയാതെ പോവുന്നു " സാര്‍ ഇതില്‍ കേസും കൂട്ടവും ഒന്നും വേണ്ട.. ഞങ്ങള്‍ ഇതിനു പരിഹാരം കാണാം.കുടുംബ ബന്ധങ്ങള്‍ വലുതാണ് സാര്‍ " രണ്ടു കൈകള്‍ കൊണ്ടും മുഖം പൊത്തി കരയുന്ന അമ്മ. എട്ടു വയസ്സുകാരിയുടെ കൈ പിടിച്ചു ചുവരിലേക്ക് നോക്കി നില്‍ക്കുന്ന അച്ഛന്‍.

******************

"കുഞ്ഞാമിന ബഷീര്‍ , സെക്കന്റ്‌ സ്റ്റാന്‍ഡേര്‍ഡ് ബി . "...ജനവാതിലിലൂടെ വന്നൊരിളം കാറ്റില്‍ ആ പേജു പതിയെ മറിഞ്ഞു.

Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി