പനിയോടൊപ്പം ഉള്ള ജന്നി
ആശുപത്രിയുടെ നാലു ചുവരുകൾക്കുള്ളിൽ,അല്ലെങ്കിൽ വീട്ടിലെ കണ്സൾട്ടേഷൻ മുറിയിൽ പരിശോധനയും രോഗ നിർണ്ണയവും ചികിത്സയും ആണ് പതിവ്, ഞങ്ങൾ ഡോക്ടർമാർക്ക്.ആശുപത്രിയുടെ നിലയും വിലയും സജ്ജീകരണങ്ങളും അനുസരിച്ചു അതേതൊക്കെ എന്തൊക്കെ എന്നത് ഏറിയും കുറഞ്ഞും ഇരിക്കും. എന്നാൽ കഴുത്തിൽ കുഴലില്ലാതെ കൈയ്യിൽ കത്തിയും സൂചിയും ഒരായുധവും ഇല്ലാതെ, ‘വെറും വയറ്റിൽ’ വല്ലപ്പോഴും ഒക്കെ ചില പൊടിക്കൈ പ്രയോഗങ്ങൾ നടത്തേണ്ടി വരാറുണ്ട് .ഇത്തരം അനുഭവങ്ങൾ പഴയ തലമുറയിൽ ഉള്ളവർക്ക് കൂടും.തിരക്കുകൾക്കിടയിൽ വീണു കിട്ടിയ നിമിഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ ആവും, “പണ്ടാറം “ ഓരോന്ന് ചാടി വീഴുന്നത്.ആയുധം കരുതിയില്ല . "ഒന്നും കണ്ടില്ല കേട്ടില്ല"എന്ന് പറഞ്ഞൊഴിഞ്ഞു മാറാം.അതിനു മനസ്സനുവദിക്കാത്ത അവസരങ്ങൾ.അങ്ങനെ ഉള്ള അവസരങ്ങളിൽ ഗുരു കാരണവന്മാരുടെ കൃപാകടാക്ഷം കൊണ്ട് ആയുധമില്ലാതെ പയറ്റി കഷ്ട്ടിച്ചെങ്കിലും ഒപ്പിച്ചു ജയിച്ച അനുഭവങ്ങൾ. അത്തരം കുറച്ചോർമ്മകൾ പങ്കു വെക്കാം. എൺപതുകളുടെ അവസാനം, കുട്ടികളുടെ ചികിത്സ ഏതാണ്ടൊക്കെ പഠിച്ചു ഒരദ്ധ്യാപകൻ ആയി ചേർന്നേ ഉള്ളൂ.സുഹൃത്തുക്കളുമായി ഡൽഹിയിലേക്കു ഒരു യാത്ര.കേരള എക്സ്പ്രസ്സിൽ തൃശ്ശൂര...