Night terror/Sleep terror



സൈക്കിയാട്രി വിഭാഗത്തിൽ നിന്ന് കുട്ടികളുടെ വിഭാഗത്തിലേക്ക് അഭിപ്രായം അറിയാൻ ആയി വിട്ടതാണീ നാല് വയസ്സുകാരനെ.
ഒന്നര വയസ്സ് വരെ ഒരു കുഴപ്പവും ഇല്ലാത്തയാൾ ഒരു രാത്രി ഞെട്ടിപ്പിണഞ്ഞെണീറ്റ് കരച്ചിലായി. സമാധാനിപ്പിക്കാനുള്ള ഒരു ശ്രമവും ഫലവത്താവാത്ത കരച്ചിൽ.
കിടക്കാൻ പോകുന്നത്  വരെ കളിയും ചിരിയും ആയി, താരാട്ടു പാട്ടു കേട്ടുറങ്ങിയ  ആൾ.
മുറിയാകെ തെരച്ചിൽ ആയി,
വല്ലോം പിടിച്ചു കടിച്ചോ?
ചെവിയിൽ വല്ലതും പോയോ?
പനിക്കുന്നോ ?
 ഓരോരുത്തരും ഓരോ അഭിപ്രായങ്ങൾ ആയി
'വയറ്റു വേദന ആവും.  എടുത്തോ ആശൂത്രിലോട്ട്  പോവാം '.
പറഞ്ഞിരിക്കെ സ്വിച്ച് ഇട്ട പോലെ കരച്ചിൽ നിന്നു. മൂപ്പർ ഉറക്കത്തിലേക്ക് പോയി
പിറ്റേന്ന് 
'ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ '.ന്ന മട്ടിൽ കളിയും ചിരിയും .
ഒരു മൂന്നു മാസം കഴിഞ്ഞില്ല.
ഇതേ പടി ആവർത്തനം.
ഇപ്പൊ വയസ്സ് നാലായി
പതിനാലാമത്തെ തവണ ആണിത്
രണ്ടോ മൂന്നോ മാസത്തിൽ ഒരിക്കൽ മൂപ്പർ ഒന്ന് ബുദ്ധിമുട്ടിക്കും.
ഇതൊഴിച്ചു ആൾ മിടുക്കൻ
എൽ കെ ജിയിൽ പോവും, പാട്ടും കളിയും ഒക്കെ ബഹു കേമം.
മൂപ്പർക്ക് ഒരു  കുഴപ്പവും ഇല്ലെങ്കിലും ഇതിനൊരവസാനം വേണ്ടേ.
മരുന്നും മന്ത്രവാദവും ഒക്കെ ഇത്തിരി ഒക്കെ പ്രയോഗിച്ചതിനു ശേഷം ആണ് ഇവിടെ എത്തിയത്.
ഇത് അപസ്മാരത്തിന്റെ  വകഭേദം വല്ലതും ആവും ,അതിനു പരിശോധനകൾ ചെയ്തു ആ രീതിയിൽ ചികില്സിക്കാവുന്ന എന്തെങ്കിലും ആണെങ്കിൽ ആവാം എന്ന ചിന്തയിൽ ആണ് ഇങ്ങോട്ടേക്കു പറഞ്ഞു വിട്ടത്  
അങ്ങനെ ആലോചിച്ചതിൽ തെറ്റില്ല.
കാര്യം, അപസ്മാരം എന്നത് നമ്മൾ അറിയുന്ന രീതിയിൽ ഉള്ള കൈകാലിട്ടടി മാത്രമല്ല. പല പല വകഭേദങ്ങൾ ഉണ്ട്.
ഇത്തരത്തിൽ , ഇടയ്ക്കു മാത്രം വന്നു തനിയെ പോകുന്ന ഒന്നിന് കാരണമായി അങ്ങനെ ഒന്ന് ചിന്തിച്ചതിൽ തെറ്റില്ല.
എന്നെ കാട്ടുന്നതിനു മുൻപ് തന്നെ രോഗ വിവരങ്ങൾ വിശദമായി മനസ്സിലാക്കി പരിശോധനകൾ നടത്തിയിരുന്നു ഡോക്ടർ റോഷൻ.
എനിക്ക് അതൊന്നു ഉറപ്പാക്കുകയേ വേണ്ടി വന്നുള്ളൂ.
ശരിക്കും നല്ല മിടുക്കൻ കുട്ടി.
പരിശോധന എന്ന് പറഞ്ഞാൽ പോരാ.. 
ശരിക്കും അരിച്ചു പെറുക്കി നോക്കിയതിൽ ഒരു തരിമ്പും കുഴപ്പം ഇല്ല.
പല സാധ്യതകളും മനസ്സിൽ പോയെങ്കിലും ശരിക്കൊരു പിടി കിട്ടിയില്ല
" സാറേ ,ഒരൂട്ടം കാണിക്കാനുണ്ട് "
"കഴിഞ്ഞ ദിവസം ഇവനിതു കാട്ടിയപ്പോ എടുത്ത വിഡിയോ ആണ് "


കണ്ടു.  കാര്യം പിടി കിട്ടി

'അപസ്മാരം അടിസ്ഥാനപരമായി തലച്ചോറിൽ  വൈദ്യുത തരംഗങ്ങളുടെ വികലമായ  പ്രസരണം കൊണ്ട് ഉണ്ടാവുന്നതാണു.  അതിന്റെ രീതിയും പ്രകടനങ്ങളും വൈദ്യുത തരംഗങ്ങളുടെ  ഉറവും വിന്യാസവും അനുസരിച്ചായിരിക്കും'
ഈയൊരു വാചകം ഒരവസ്ഥയെ ആകെ കാച്ചിക്കുറുക്കി ഒരു ചിമിഴിൽ ഒതുക്കിയതാണ്.
ഒരൊറ്റ കാര്യം മാത്രം പറയാൻ
അതൊരു പ്രത്യേക ദിശയിൽ പ്രത്യേക രീതിയിൽ ആവും. ആവർത്തനം .
ഒരു ചലനത്തിന് കടക വിരുദ്ധമായ മറ്റൊന്ന് ഉണ്ടാവില്ല.
അപസ്മാരത്തിനൊടുവിൽ ചിലപ്പോ ചില പെരുമാറ്റങ്ങൾ ഇതേപടി ഒക്കെ ഉണ്ടാവാം.
ഈ കണ്ടത് അപസ്മാരം അല്ല.
ഇത് ഉറക്കത്തിന്റെ വികല അവസ്ഥകളിൽ ഒന്ന്. പാരാ സോംനിയ അവസ്ഥകൾ പലതുണ്ട്. അതിൽ ഒന്ന്.
സ്ലീപ് ടെറർ ,നൈറ്റ് ടെറർ എന്നൊക്കെ പറയുന്ന അവസ്ഥ
നോക്കണേ
സാങ്കേതിക വിദ്യകളിൽ ചിലത് നമ്മളുടെ കയ്യിൽ ചിലപ്പോഴെങ്കിലും എത്ര മാത്രം ഫലപ്രദമായി ഉപയോഗിക്കാം എന്നത്.
ഏറെയൊന്നും കേസുകൾ കാണാറില്ല എന്നത് കൊണ്ടും വിദ്യാർത്ഥികൾക്ക് ഇതൊന്നു കാണാൻ പറ്റുമല്ലോ എന്ന് കരുതി അവരോട് ചോദിച്ചപ്പോ "ഒരു വിരോധവും ഇല്ല. പഠന ആവശ്യങ്ങൾക്കു ഉപയോഗിക്കാനല്ലേ "ഉപയോഗിക്കാൻ സമ്മതം തന്നു. 
അവരുടെ മൊബൈലിൽ നിന്ന് വിഡിയോഎനിക്ക് കൈമാറി

ഉറക്കം. 

ഉറങ്ങാൻ പറ്റാത്ത ഒരു ജീവിതം, സ്വപ്നം കാണാൻ ആവാത്ത ഒരു ജീവിതം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. എത്ര വിരസം ആവും അത്.
ഒരധ്യാപകൻ ആയ ഞാൻ,ദിവസവും ഉറക്കക്കാരെ നോക്കി തെരഞ്ഞു പിടിച്ചു മേശയിൽ കയറ്റി നിർത്തി പീഡിപ്പിക്കും. കോട്ടുവായിടുന്നോരെ ചോക്ക് കൊണ്ടെറിയും ,

പക്ഷെ ,

നന്നായുറങ്ങാൻ ആവുന്നതും സ്വപ്‌നങ്ങൾ ഒരു പാട് കാണുന്നതും ആവും ജീവിതത്തിൽ ഏറ്റവും മധുരം ആയി ആസ്വദിക്കുന്നത് നമ്മളിൽ പലരും.
ഗ്രീക്ക് മിത്തോളജിയിൽ ഉറക്കത്തിന്റെ ദേവൻ  ആണെങ്കിൽ ഇവിടെ നമ്മളുടെ ഉറക്കം തീരുമാനിക്കുന്നത് ദേവി ആണ്.  നിദ്രാ ദേവിയുടെ കടാക്ഷം, ന്നു.
 വിദ്യാർത്ഥി ആയിരുന്ന നാളുകളിൽ  ഉറക്കത്തിന്റെ വികലമായ അവസ്ഥകളെക്കുറിച്ച  കുറച്ചൊക്കെ  പഠിച്ചിട്ടുണ്ട് 


  1. ഉറക്കമില്ലായ്‌മ ആണിതിൽ ഏറ്റവും കൂടുതൽ 
  2. ഉറക്ക കൂടുതൽ ഉള്ള അവസ്ഥകൾ, ചില കുംഭകര്ണന്മാരുടെ കാര്യമല്ല പറഞ്ഞത് അസുഖ അവസ്ഥകൾ. 
  3. ശ്വാസ തടസ്സം കൂർക്കം വലി 
  4. അറിയാതെ മൂത്രം പോകുന്ന അവസ്ഥ കുട്ടികളിൽ ആണധികം 
  5. ഉറക്കത്തിൽ എണീറ്റ് നടക്കുന്നത് 
ഇനിയും ഉണ്ട് പലതും. 
ഈ ഉറക്കം എന്നത് ചെറിയ കാര്യമല്ല 
ഇതൊരു സൂപ്പർ സ്പെഷ്യാലിറ്റി വിഷയം ആണ്, എന്റെ ചില ശിഷ്യന്മാർ ഈ വിഷയത്തിൽ ലോകോത്തര നിലവാരത്തിൽ ഉള്ള വിദഗ്ദ്ധരും ഉണ്ട്.

സ്ലീപ് ടെറർ 

നമ്മൾ എല്ലാരും പേടി സ്വപ്നം കണ്ടു ഞെട്ടിയുണർന്നിട്ടുണ്ട് 
ഞാൻ എന്റെ കുട്ടിക്കാലത്തു ഏറ്റവും കൂടുതൽ ഞെട്ടി ഉണർന്നത് ആന പുറകിൽ വന്നു എന്നെ ഓടിക്കുന്നത് കണ്ടിട്ടാണ്. ഓടിയോടി ഒരു വിധം ആയി ഉണർന്നു കരഞ്ഞു തുടങ്ങുമ്പോ ആവും തലയിലൂടെ ഒരു കയ്യ് തൊട്ടു തലോടുന്ന അനുഭവം. 
"നീയെന്താ സ്വപ്നം കണ്ടോ, ഒന്നൂല്ല ഒറങ്ങിക്കോ "
പിറ്റേന്ന് എപ്പോഴെങ്കിലും ആവും ചോദ്യം. 
"ഇന്നലെ എന്തേനും , വേണ്ടാത്തതൊക്ക വായിച്ചും കണ്ടും കെടന്നൊറങ്ങിയാ  പിന്നെ പേടിസ്വപ്നം കാണാതിരിക്കുവോ " 
അതെ ശരിയാ. 
കണ്ട സ്വപ്‌നങ്ങൾ ശരിക്കും ഓർമ്മ ഉണ്ട്.
പക്ഷെ 
ഇവന് , 
ഈ കണ്ടീഷൻ ഉള്ളയാൾക്കു പിറ്റേന്ന് എന്നല്ല ശരിക്കും ഉണർന്നു കഴിഞ്ഞാൽ സ്വപ്നം എന്തെന്ന് ഒരോർമ്മയും ഉണ്ടാവില്ല 
പേടിച്ചു നിലവിളിച്ചു ,ചെലപ്പോ ഓടും അതും ഇതും തട്ടി തെറിപ്പിക്കും. എല്ലാം ഉറക്കത്തിൽ. അത് കഴിഞ്ഞു ജാഗര അവസ്ഥയിൽ ഒന്നും അവനോർക്കില്ല.


അല്ലാ. ഇതിന്റെ കാരണം എന്താ ? 

  • സത്യം പറയാലോ. അറിയില്ല 
  • ഉറക്കത്തിന്റെ കെമിസ്ട്രി അതി ഗഹനം ആണ്.
  • അതിന്റെ വ്യതിയാനങ്ങളും.
  • നൈറ്റ് ടെറർ ഉള്ളയാളിന് കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഒക്കെ സമാന അവസ്ഥകൾ കൂടുതൽ ഉണ്ടാവാൻ ഇടയുണ്ട്. ചിലപ്പോ ഉറക്കത്തിൽ നടക്കുന്ന കുടുംബാംഗങ്ങൾ ആവും. 
  • ഇരട്ടകളിൽ ഒരാൾക്ക് ഉള്ളപ്പോ മറ്റേയാൾക്കു കൂടുതൽ സാധ്യത ഉണ്ട്. അതായതു ജനിതക ഘടകം ഇതിന്റെ കാരണം ആയിട്ടുണ്ട്. 
  • പലപ്പോഴും ശരിയായ ഉറക്കം കിട്ടാത്ത അവസ്ഥയിൽ ഇത് കൂടുതൽ ഉണ്ടാവാം. 

ഭയപ്പെടേണ്ടത് വല്ലതും ?

'ഇല്ല'.

മിക്കപ്പോഴും ഒരു പ്രായം ആവുമ്പോഴേക്കും ഇത് താനേ ഒതുങ്ങും. അപൂർവ്വമായി മാത്രമേ വലിയവരിൽ ഇത് ഉണ്ടാവൂ.

ചികിത്സ 


  1. സ്ലീപ് ഹൈജീൻ എന്ന് പറഞ്ഞാൽ, ഉറക്കത്തിനു ഒരു വ്യവസ്ഥ ഉണ്ടാവുക. ഉറക്കത്തിനു പറ്റിയ ചുറ്റുപാടുകൾ,കൃത്യമായ ഒരു സമയക്രമം,പാലിക്കണം 
  2. വല്ലപ്പോഴും ഇങ്ങനെ ഉണ്ടാവാറുള്ള കുട്ടികൾ കിടക്കുന്ന മുറിയിൽ വീഴ്ചയോ മുറിവേൽക്കലോസംഭവിക്കാതിരിക്കാൻ  മുൻകരുതൽ എടുക്കണം.
  3. സാന്ത്വനിപ്പിക്കുന്നതു  കൂടുതൽ ആവണ്ട. 
  4. ഈ അവസ്ഥ നേരത്തെ നിന്ന് ശരിയായ ഉറക്കത്തിലേക്കു പോകാൻ ചിലപ്പോ അതാവും നല്ലതു.

മരുന്ന്? 

അപൂർവ്വം കേസുകളിൽ മാത്രമേ വേണ്ടൂ. ദിവസവും ഇതുണ്ടായി കുട്ടിയുടെ ജീവിതം ദുസ്സഹം ആവുന്ന അവസ്ഥകളിൽ മാത്രം 







Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി