BCG Adenitis





താഴെ കൊടുത്തിട്ടുള്ള ഫോട്ടോകൾ പല കുട്ടികളുടെ ആണ്. 
പലപ്പോഴായി എടുത്തിട്ടുള്ളവ.
പല പ്രായത്തിലുള്ള കുട്ടികളുടെ. ഇതിൽ മൂന്നു മാസം പ്രായമുള്ളവനുണ്ട്.ഏറ്റവുമൊടുവിൽ വന്നയാൾക്കു ഒൻപതു മാസം ആണ് പ്രായം.
എല്ലാവര്ക്കും പൊതുവായുള്ള കാര്യം ഒരു മുഴയാണ്. പലർക്കും അത് കക്ഷത്തിൽ ആണ്.ചിലർക്ക് തോളെല്ലിന് മേലെ,ചിലർക്ക് തോളെല്ലിന് താഴെ. ഇത് രണ്ടും അല്ലാതെ ബി സി ജി എടുത്ത ഭാഗം പാണപ്പഴം പോലെ മഞ്ഞനിറത്തിൽ പഴുപ്പ് കെട്ടിയ രീതിയിൽ.
ഒരു കാര്യം പ്രത്യേകം എടുത്തു പറയണം.
പഴുപ്പും കുരുവും ഒക്കെ വരുമ്പോൾ നമ്മൾ വേദന കൊണ്ട് പുളയും, പക്ഷെ അതൊന്നും ഇവർക്ക് ബാധകമേ അല്ല. 
ഒന്ന് നോക്കാൻ കൂടി സമ്മതിക്കാതെ നമ്മളുടെ സ്റ്റെത്തും പേനയും പിടിച്ചു വലിച്ചു കളിയും ബഹളവും. ഇങ്ങനെ ഒരു കാര്യം മൂപ്പർക്ക് പുല്ലു വില.നമ്മൾ അതൊന്നു തൊട്ടാലും ഞെക്കിയാലും ഒന്നും കാര്യമായ ബഹളവും കരച്ചിലും ഒന്നുമില്ല.
എല്ലാരും പ്രായത്തിനനുസരിച്ചു തൂക്കമുണ്ട്,ബുദ്ധിവികാസത്തിനും ഒരു പ്രശ്നവും ഇല്ല , കുസൃതിക്കു ഒരു കുറവും ഇല്ല.
ചിലരൊക്കെ ഒന്നും രണ്ടും മൂന്നും കോഴ്സ് മരുന്ന് കഴിച്ചവരാണ്. ഒന്ന് രണ്ടു പേര് ഇത് കുത്തിപരിശോധിച്ചു റ്റീബിയുടെ അണുക്കൾ ഉണ്ടെന്നു കണ്ടെത്തി റ്റീബിയുടെ മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നവർ, ഒടുക്കം വന്നയാൾ ആറു മാസത്തെ റ്റീബിയുടെ മരുന്ന് കഴിച്ചു തീർത്തു.



 

















പക്ഷെ,ദാ ഇതിനിത്രയേ വേണ്ടൂ










ഇന്ന് കുത്തിയെടുത്തതിൽ പത്തു മില്ലിയിലേറെ ഉണ്ട് പഴുപ്പ്.
ഇത് കഴിഞ്ഞു ആളെ വെറുതെ വിട്ടു .
ഇനി വരും ഒരാഴ്ച കഴിഞ്ഞു , " സാറേ ഇത്തിരി കൂടി ഉരുണ്ടു കൂടിയിട്ടുണ്ട് " എന്നും പറഞ്ഞു.
ഒരു വട്ടം കൂടി ആവർത്തിക്കും. ഒരു രണ്ടു മില്ലി കൂടി കിട്ടും.
അതും കഴിഞ്ഞു ചിലപ്പോ ഒരിക്കൽ കൂടി .
അതോടെ തീരും.

അപ്പൊ സാറേ ഈ മരുന്നൊക്കെ കഴിച്ചതിനു എന്ത് ന്യായീകരണം?

ചോദ്യത്തിന്റെ പൊരുൾ മനസ്സിലായി. 
'എന്തക്രമം ആണിത്.ഇത് മതിയായിരുന്നു എങ്കിൽ മരുന്നെഴുതി തന്ന ഡോക്ടർമാരുടെ കഴുത്തിന് പിടിക്കണ്ടേ ? ആശുപത്രി തല്ലിപ്പൊളിക്കേണ്ടേ ?
"വേണ്ട" 
അവര് ചെയ്തതിനു ന്യായം ഉണ്ട് .
ഈയടുത്ത കാലം  വരെ അങ്ങനെ ആയിരുന്നു ഈ കാര്യത്തിന്  ചികിത്സ.
ഓ ഒരു കാര്യം മറന്നു. 
രാമായണം മുഴുവൻ വായിച്ചു. ഇതെന്താണെന്ന കാര്യം മാത്രം പറഞ്ഞില്ല.

എന്താണ് ബി സി ജി അഡിനൈറ്റിസ് 

പ്രസവിച്ച ദിവസം കുഞ്ഞിന് കൊടുക്കുന്ന ബി സി ജി ക്ഷയ രോഗ പ്രതിരോധത്തിന് ആണെന്ന് നമ്മൾക്കറിയാം. അതിൽ അടങ്ങിയിട്ടുള്ളത് ശക്തി ക്ഷയിപ്പിച്ച ക്ഷയ രോഗാണുക്കൾ ആണ്. അവിടെ കിടന്നു പെരുകി അവ നമ്മളുടെ പ്രതിരോധ ശേഷി ഉദ്ധീപിപ്പിക്കും. കുത്തിവെപ്പെടുത്ത സ്ഥലത്തു ചെറിയ രീതിയിൽ തടിച്ചു പോളച്ചു പിന്നീട് കലയായി മാറുകയാണ് പതിവ്. പക്ഷെ ചിലപ്പോ ഇത്തിരി കൂടി വലിയ പാണപ്പഴം രൂപപ്പെടും. അതുമല്ലെങ്കിൽ കക്ഷത്തു നേരത്തെ പറഞ്ഞ രീതിയിൽ ഒരു മുഴ.കക്ഷത്തെ കഴലകളിലേക്ക് ഈ ബി സി ജി അണുക്കൾ കയറിചെന്ന് അവിടെ വരുത്തുന്ന മാറ്റങ്ങൾ ആണിതിനി കാരണം . അവിടെ നിന്ന് കുത്തിയെടുത്തു പരിശോധിക്കുമ്പോൾ ക്ഷയരോഗാണുക്കളെ കാണാൻ ആവും. പക്ഷെ ഇത് മരുന്ന് കൊടുത്തു ചികിൽസിക്കേണ്ട ഒന്നല്ല , ബി സി ജി അണുക്കൾ തന്നെ, ശൗര്യം ഇല്ലാത്തവ. 
ഇത്രയും നാൾ ഇങ്ങനെ സംഭവിക്കുന്ന കേസുകളിൽ റ്റീബിക്കു കൊടുക്കുന്ന മരുന്നുകൾ കൊടുത്തായിരുന്നു ചികിൽസിച്ചിരുന്നത്.
ആധുനിക വൈദ്യ ശാസ്ത്രം പുതിയ അറിവുകൾക്ക് പുറകെയാണ്. പുതിയ ശരികൾ ഉൾക്കൊണ്ടു , തെറ്റുകൾ തിരുത്തി മുന്നോട്ടു.
മരുന്നുകൾ കഴിക്കുന്നതിനേക്കാൾ ഫലപ്രദം, വെറുതെ വിടുക ആണ്, എന്നും ഇത് പോലെ പഴുപ്പ് കെട്ടുന്ന കേസുകളിൽ പോലും ഉള്ള പഴുപ്പ് കുത്തിയെടുത്തു കളഞ്ഞു വെറുതെ നോക്കിയിരുന്നാൽ മതി എന്നും. 
********************************************

തുടർചർച്ചകൾ 

ഈ കുറിപ്പെഴുതി പ്രസിദ്ധീകരിച്ച ശേഷം വന്ന ചില ചോദ്യങ്ങൾക്കു ഇവിടെ ഉത്തരം പറയുന്നത് നന്നാവും എന്ന് തോന്നി 
ആദ്യ ചോദ്യം. (  എന്റെ സഹപ്രവർത്തക ആയ രമ സിസ്റ്റർ ചോദിച്ചത് )
ബി സി ജി എടുത്ത ഇടത്തു അത് ഫലപ്രദം ആയി എന്ന് പറയാൻ നേരിയ ഒരു പാട് ഉണ്ടാവണം അല്ലോ.അങ്ങനെ ഒന്ന് ഉണ്ടായില്ല എങ്കിൽ ?
ഉത്തരം 
"ബി സി ജി എടുത്ത ഇടത്തു പാട് വന്നില്ല എങ്കിൽ വീണ്ടും ബി സി ജി എടുക്കേണ്ടേ " എന്നാണുദ്ദേശിച്ചത് എന്ന് മനസ്സിലായി.

രണ്ടു കാര്യങ്ങൾ ആണ് ബി സി ജി കൊടുക്കുമ്പോഴും അത് കൊടുത്ത ശേഷവും ശ്രദ്ധിക്കേണ്ടത്.

ആദ്യത്തേത് ആരോഗ്യ പ്രവർത്തകർ ശ്രദ്ധിക്കേണ്ടത്.

ശരിയായ രീതിയിൽ ,തൊലിക്കടിയിൽ ആവണം കൊടുക്കേണ്ടത്. ഇത്തിരി കൂടി ആഴത്തിൽ (subcutaneous ) ആവരുത്.


അപ്പോഴാണ് മേലെ നമ്മൾ കണ്ട രീതിയിൽ ഉള്ള കോമ്പ്ലികേഷനുകൾ ഉണ്ടാവുന്നത്.

ബി സി ജി എടുത്ത കുഞ്ഞുങ്ങൾക്ക് ,നമ്മൾ പ്രതീക്ഷിക്കുന്ന പോലെ വരേണ്ട ആ പാട് വന്നില്ല എങ്കിൽ കുഞ്ഞുങ്ങൾക്ക് ബി സി ജി വീണ്ടും കൊടുക്കണോ ?

ഒരു വയസ്സിനു മുന്നേ ആണെങ്കിൽ രണ്ടു രീതികൾ ഉണ്ട് 
ഒന്ന് 
'മാന്റോ ടെസ്റ്റ് ' എന്നൊരു പരിശോധന ഉണ്ട്. ഇടതു കൈത്തണ്ടയിൽ മുൻപിൽ തൊലിക്കടിയിൽ റ്റീബി അണുക്കളുടെ ഒരു ഘടകം കുത്തി വെച്ച് അതിനെതിരെ ഉള്ള ശരീരത്തിന്റെ പ്രതികരണം നോക്കുക എന്ന രീതി.
പോസിറ്റീവ് എന്ന് പറഞ്ഞാൽ ഒന്നുകിൽ റ്റീബി രോഗാണുവുമായി സംസർഗം ഉണ്ടായിക്കഴിഞ്ഞു എന്ന് അല്ലെങ്കിൽ ബി സി ജി ഫലപ്രദം ആയിരുന്നു എന്ന്. ബി സി ജി എടുത്തായാലും,രോഗാണുവുമായി സംസർഗം ഉണ്ടായതായാലും ഏതാണ്ട് എട്ടാഴ്ച്ച ആവും ഈ പരിശോധന പോസിറ്റീവ് ആവാൻ.
അപ്പൊ ബി സി ജി ആവർത്തിക്കേണ്ട.
ഇങ്ങനെ അല്ല എങ്കിൽ ഒരു വയസ്സിനു മുന്പുള്ളവർക്കു ബി സി ജി പരിശോധന ആവർത്തിക്കാം.
രണ്ടു പ്രാവശ്യം ബി സി ജി കൊടുത്തു എന്നത് കൊണ്ട് ബുദ്ധിമുട്ടു ഒന്നും ഉണ്ടാവില്ല.
ദേശീയ രോഗപ്രതിരോധ പദ്ധതി അനുസരിച്ചു ഒരു വയസ്സിനു മേലെ ബി സി ജി കുത്തിവെപ്പ് നിഷ്കര്ഷിക്കുന്നില്ല.
കാരണം, നമ്മുടെ നാട്ടിൽ ഇത്രയേറെ റ്റീബി കേസുകൾ ഉള്ളയിടത്തു ഒരു വയസ്സാവുമ്പോഴേക്കും റ്റീബി അണുക്കളുമായി സംസർഗം ഉണ്ടാവാതിരിക്കാൻ ഇടയില്ല എന്ന നിഗമനത്തിൽ.
പക്ഷെ 
ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് അങ്ങനെ അല്ല, അഞ്ചു വയസ്സ് വരെ ബി സി ജി എടുക്കാം എന്ന നിലപാടാണ്.
ആ നിലപാടിൽ തെറ്റില്ല.
പക്ഷെ സർക്കാർ മേഖലയിൽ നിന്ന് ആ കുത്തിവെപ്പ് വെച്ച് കിട്ടില്ല, ഒരു വയസ്സിനു മേലെ ഉള്ളവർക്ക്. 



Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി