Yellow Fever vaccine

ജീവിത കാലം മുഴുവൻ ‘ ഇല്ലായ്മയെ കുറിച്ച് മാത്രം വേവലാതിപ്പെട്ടും പരാതി പറഞ്ഞും കലഹിച്ചും ഒക്കെ മുൻപോട്ടു പോവാനേ പറ്റിയുള്ളൂ. 
സ്വന്തം കാര്യമല്ല പറഞ്ഞത്. എന്നെ പോലെ ,പരിമിത സാഹചര്യങ്ങളിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഒരു പാട് ആരോഗ്യ പ്രവർത്തകരുടെ കാര്യം.
പല കാര്യങ്ങളെ കുറിച്ചും പഠിക്കും,പഠിപ്പിക്കും , അതേക്കുറിച്ചു വിദ്യാർത്ഥികളോട് ചോദ്യം ചോദിക്കും, ഉത്തരം പറയാത്ത ആളെ തോൽപ്പിക്കും. എന്നാൽ പറയുന്ന ഇക്കാര്യം ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, ഉപയോഗിച്ചിട്ടില്ലാത്ത ആൾ ഇങ്ങനെ ചെയ്യുന്നതിന്റെ ശരികേട് ചിലപ്പോഴെങ്കിലും കുത്തി നോവിക്കും.
അത്തരത്തിൽ ഉള്ള കാര്യങ്ങൾ ആണ് പുതിയ വാക്സിനുകളിൽ പലതും. ഇതേക്കുറിച്ചുള്ള വായിച്ചറിവ് ഏറെ ഉണ്ടെങ്കിലും പലതും ഉപയോഗിച്ചിട്ടില്ല. കണ്ടിട്ട് പോലുമില്ല. 
ഒരു വര്ഷം മുൻപ് എന്റെ സുഹൃത്തു  ഡോക്ടർ ബാബു വിളിച്ചു ചോദിച്ചപ്പോ ആണ് മെനിഞ്ചോകോക്കൽ ബി (MENINGOCOCAL B ) വാക്സിനെക്കുറിച്ചു ആലോചിച്ചത് തന്നെ. മോന് അമേരിക്കയിലേക്ക് പഠനാവശ്യത്തിനു പോകും മുൻപ് വാക്സിൻ വേണ്ടിയിരുന്നു.എവിടെ കിട്ടുമെന്ന് ചോദിച്ചു വിളിച്ചതാണ്.അതിനു ശേഷം അദ്ദേഹം തന്നെ അത് അന്വേഷിച്ചു കണ്ടെത്തി കുട്ടിക്ക് വാക്സിൻ കൊടുത്തു.
ഇന്നെന്റെ ഒരു സുഹൃത്തു വിളിച്ചു ചോദിച്ചപ്പോ ആണ് അത്തരം ഒരനുഭവം വീണ്ടും ഉണ്ടായതു.
ഇക്കുറി ‘യെല്ലോ ഫീവർ’ (YELLOW FEVER) വാക്സിനെക്കുറിച്ചാണ്. 
ഇത് പക്ഷെ വാക്സിൻ കിട്ടാതെ അല്ല. 
ഒരിത്തിരി വിഷമം പിടിച്ച ചുറ്റുപാടിൽ എങ്ങനെ തീരുമാനം എടുക്കും എന്ന ഘട്ടത്തിൽ വിളിച്ചതാണ്.

YELLOW FEVER

സാഹചര്യം വിശദീകരിക്കും മുൻപ് യെല്ലോ ഫീവറിനെ (YELLOW FEVER)കുറിച്ചും അതിന്റെ വാക്സിനെക്കുറിച്ചും ഇത്തിരി പറയണം.
നമ്മുടെ ഡെങ്കു ഉണ്ടാക്കുന്ന അതെ ഏഡിസ് കൊതുകുകൾ പരത്തുന്ന ഒരു രോഗം.കരളിനെ ബാധിക്കുന്നു. മഞ്ഞപ്പിത്തം പ്രധാന ലക്ഷണം ആയതു കൊണ്ടാണ് യെല്ലോ ഫീവർ എന്ന പേര്. ആഫ്രിക്ക സൗത്ത് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇതേറെ കൂടുതൽ ആണ്. 
ഇത്രയും കൊതുകുകൾ കൊണ്ട് അനുഗ്രഹിക്കപ്പെട്ട നമ്മുടെ നാട്ടിൽ മാത്രം എന്തോ ഇത് വരെ അങ്ങനെ ഒരു പ്രശ്നം ഉണ്ടായില്ല. എന്തോ മഹാഭാഗ്യം.
അതിനെതിരെ ഉള്ള കുത്തിവെപ്പ് ‘ രോഗം ഉണ്ടാക്കാൻ ഉള്ള ശേഷി നശിപ്പിച്ച ജീവനുള്ള വൈറസുകൾ ‘( live attenuetted vaccine ) ആണ്. 
എടുക്കുന്ന ആളിന്റെ രോഗ പ്രതിരോധ ശേഷി കുറവുള്ള ചുറ്റുപാടിൽ എടുത്താൽ ചിലപ്പോ ഇത് രോഗം ഉണ്ടാക്കിയേക്കാം.
കാൻസർ ചികിത്സക്ക് വേണ്ടി ഉപയോഗിക്കുന്ന മരുന്നുകളും സ്റ്റിറോയിഡ് അടങ്ങിയ മരുന്നുകൾ ഒരു പ്രത്യേക ഡോസിൽ കൂടുതൽ കഴിക്കുന്നവർ ഒക്കെ ഈ പറഞ്ഞ ചുറ്റുപാടിൽ വാക്സിൻ എടുക്കുന്നത് ഇത്തിരി സൂക്ഷിച്ചു വേണം.

കുഞ്ഞാണ്.

രക്ഷിതാക്കൾക്കൊപ്പം ആഫ്രിക്കയിലെക്കു പോയെ പറ്റൂ.
  
മൂന്നാഴ്ച്ച സമയം ഉണ്ട്.
  
നെഫ്രോട്ടിക് സിൻഡ്രോം എന്ന അവസ്ഥ. 

സ്റ്റിറോയിഡ് മരുന്നുകൾ തുടർച്ചയായി കഴിച്ചു കൊണ്ട് രോഗം നിയന്ത്രിച്ചു നിർത്തിയിരിക്കുന്നു. നിർത്തിയാൽ അസുഖം തിരിയെ വരും. 

എന്നാൽ കഴിച്ചു കൊണ്ടിരിക്കുന്ന ഡോസിൽ വാക്സിൻ എടുക്കാനും ആവില്ല.

ഡോസ് 0.5 mg/kg അതായതു മുപ്പതു കിലോ ഉള്ള കുഞ്ഞിന് പതിനഞ്ച് മില്ലിഗ്രാമിൽ താഴെ ആയെങ്കിൽ എടുക്കാം. ഇപ്പൊ ഇരുപതു മില്ലിഗ്രാം കഴിക്കുന്നു. പതിയെ താഴ്ത്തി കൊണ്ട് വന്നു പതിനഞ്ചിൽ താഴെ എത്തിച്ച ശേഷം എടുക്കണം. 

പക്ഷെ പോവും മുൻപ് പത്തു ദിവസം മുൻപ് വാക്സിൻ എടുത്തിരിക്കണം.


ഉറങ്ങും മുൻപ് എന്നും കഥ കെട്ടുറങ്ങുന്ന പതിവിൽ കഥയും കഥക്കൊടുവിൽ ഒരു ചോദ്യവും ഉണ്ടാവും. അതിൽ ഒരു ഒരു തോണിക്കാരന്റെ അവസ്ഥ കഥയായി പറഞ്ഞു വെച്ചൊരോർമ്മ ഉണ്ട്. 

തോണിയിൽ പശുവുണ്ട്, ഒരു കെട്ടു പുല്ലുണ്ട് , ഒരു പുലിയും ഉണ്ട്. ഒരേ സമയം രണ്ടു പേരെ മാത്രമേ തോണിയിൽ കയറ്റാവൂ. എല്ലാരേയും അക്കരെ എത്തിക്കണം.
അത്തരം ഒരു ചോദ്യം ആയി ഇതും.


എന്തായാലും പ്രായോഗികമായ ഒരു തീരുമാനം എടുത്തു.
അതേക്കുറിച്ചു പറയാൻ അല്ല ഈ പോസ്റ്റ്.
ഏറെ ഗഹനമായ മെഡിക്കൽ വിഷയങ്ങൾ പറഞ്ഞു ഞെട്ടിപ്പിക്കാനുമല്ല.
മുന്നിൽ ഇരിക്കുന്ന ഓരോ രോഗിയുടെയും ജീവന് ഒരു പാട് വിലയുണ്ടെന്ന ബോധത്തോടെ തന്നെ ആണ് ഓരോ തീരുമാനങ്ങളും എടുക്കുന്നത്.
ഇത്തരം അവസ്ഥകളിൽ എടുക്കുന്ന തീരുമാനങ്ങളിൽ പിഴവ് വരാനുള്ള സാധ്യത ആരും കരുതിക്കൂട്ടി ചെയ്യുന്നതല്ല.
ഒന്നും രണ്ടും പറഞ്ഞു എന്നെ പോലെ ഉള്ള പാവങ്ങളുടെ കഴുത്തിന് പിടിക്കുന്ന ജനം ഇത് വല്ലതും അറിയുന്നുണ്ടോ?

Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി