ഉപ്പുമാവും പാലും



    തൃശൂർ ജില്ലയിലെ സർക്കാർ- എയ്ഡഡ് സ്‌കൂളുകളിലെ   ഉച്ചഭക്ഷണ പദ്ധതിയെ കുറിച്ചൊരു ചർച്ചആയിരുന്നു.
ബഹുമാനപ്പെട്ട എം പി ശ്രീ പി കെ ബിജുവിന്റെ അദ്ധ്യക്ഷതയിൽ കലക്ടറുടെ ചേമ്പറിൽ വിളിച്ചുകൂട്ടിയ യോഗം. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെയും  സപ്ലൈകോ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പഞ്ചായത്തു അധികൃതരും പങ്കെടുത്ത ചർച്ച.
കുട്ടികളുടെ പോഷകാഹാരത്തെ കുറിച്ചുള്ള സാങ്കേതിക ഉപദേശങ്ങൾക്കു വേണ്ടി എന്നെ വിളിച്ചതായിരുന്നു.
പദ്ധതിയുടെ അടിസ്ഥാന തത്വം "അറിവ് നൽകും മുൻപ് വിശപ്പകറ്റണം " എന്നത് . വിശപ്പ് ആറ്റുന്ന എന്ത് കൊടുത്താലും അറിവ് നേടാനായി സ്‌കൂളുകളിലേക്ക് കുട്ടികൾ എത്തും.
ഇപ്പറഞ്ഞത് എഴുതി വായിച്ച അക്ഷരങ്ങൾ ആയിരുന്നില്ല.അനുഭവിച്ചറിഞ്ഞത്.
പദ്ധതികളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുമ്പോൾ മനസ്സ് തെന്നി തെന്നി അൻപത്തി അഞ്ചു വർഷങ്ങൾ പുറകോട്ടു പോയി.
ഒന്നാം ക്ലാസ്സു തൊട്ടു മേലോട്ടുള്ള ഓരോ ക്ലാസ്സുകളിലും ഉള്ള നാല് ചേച്ചിമാർ . അവരുടെ വിരൽ പിടിച്ചു സ്‌കൂളിൽ എത്തിയത് അക്ഷരം അറിയാനുള്ള ദാഹവും വിശപ്പുമായിരുന്നില്ല.  ഉപ്പുമാവിന് വേണ്ടിയുള്ള വിശപ്പു.
മൂന്നു വയസ്സുകാരന് ക്ലാസ് മുറികൾക്കകത്തേക്കു പ്രവേശനം ഇല്ലാത്തതിൽ പരിഭവം ഒട്ടും ഇല്ല. ക്ലാസ്സിനകത്തല്ല ഇറയത്തും തൊടികളിലും ഉള്ള മേൽനോട്ടം ആയിരുന്നു ഭാരിച്ച ഉത്തരവാദിത്വം.
 ചെത്തിതേക്കാത്ത ചുവരുകളിൽ കൂടു കൂട്ടിയ ചെറുതേനിലെ ഈച്ചകളെനോക്കി നിൽക്കും ഏറെ നേരം. ഇടയ്ക്കു . അവ മേല് വന്നിരിക്കുമ്പോ ഒട്ടിപ്പിടിക്കും.പാവങ്ങൾ കടിക്കില്ല.എന്നാലും ഇക്കിളിയാക്കും.
തലേന്ന് പെയ്ത മഴയിൽ പൊഴിച്ചിട്ട ചിറകുകൾക്കിടയിൽ ചത്തതും ചാകാത്തതുമായ മഴപ്പാറ്റകളെ പൊക്കിയെടുത്തു കൊണ്ട് പോവുന്ന ഉറുമ്പുകൾ. അവയുടെ ചാലുകൾ പിന്തുടർന്ന് ചെല്ലാം.
മണ്ണിളകിയ ഇറയത്തെ കുയ്യാനക്കുഴികളിൽ ഊതി ഊതി കുയ്യാനകൾക്കു ഇരിക്കപ്പൊറുതി കൊടുക്കാതെ പുറത്താക്കും.ഇടയ്ക്കു കണ്ണിൽ പൂഴി അടിച്ചു കേറും.
ഈർക്കിൽ കൊണ്ട് കുത്തി പുറത്താക്കി അവയുടെ  പുറകോട്ടു നടത്തം നോക്കി രസിക്കും.
ഉറുമ്പിനെ പിടിച്ചു അവക്കിട്ടു കൊടുക്കും. കര കയറാൻ ആവാതെ അവ കുഴിയിലേക്ക് താണു താണു പോവും.
 
കാറ്റും മഴയും വരുമ്പോ ബഹുരസം. വരാന്തയിൽ വെച്ചിരിക്കുന്ന ഓലക്കുടകൾ ആകെ വട്ടം ചുറ്റും ചിലതു കാറ്റത്തു പറന്നു പോകും.
അവയെ തിരിയെ എടുക്കാൻ പായണം.
കളികളിൽ രസം പിടിച്ചു വരുമ്പോഴേക്കും വിശപ്പാവും മെല്ലെ  വടക്കേപ്പുറതേക്ക്‌ നടക്കും. ഉപ്പുമാവിന്റെ വട്ടപ്പാത്രം അടുപ്പത്തായോ ,"ഈ നാരായണിയേട്ടത്തി എന്താ ഇത്ര വൈകിക്കുന്നതു?" .  കിണറ്റിൻ കരയിൽ വലിയ വട്ടചെമ്പു കഴുകി എടുത്തു അടുപ്പത്തു വെക്കാനാവില്ല നാരാണിയേട്ടത്തിക്ക്.  കിട്ടേട്ടൻ സഹായത്തിനുണ്ടാവും. മൂപ്പർക്ക് ശമ്പളം ഒന്നുമില്ല. വിശപ്പാറ്റാം  ,ബാക്കിയാവുന്നത് കൊണ്ട് ചെലപ്പോ രാത്രിയും കൂടി.
നാരാണിയേട്ടത്തിയുടെ കൂടെ അടുപ്പം കൂടി നിന്നാൽ വല്ലതും ഒക്കെ കൊറിക്കാനും കിട്ടും.
നീണ്ട ബെല്ലടിച്ചു ചേട്ടന്മാരും ചേച്ചിമാരും എത്തുമ്പോഴേക്കും എന്റെ വയറിലെ വിശപ്പടങ്ങും.സാമ്പിൾ നോക്കി നോക്കി  ഉപ്പും എരിവും ഒക്കെ പാകത്തിന് തന്നെ എന്ന് സാക്ഷ്യപ്പെടുത്തുമ്പോഴേക്കും.



വലിയ വട്ടത്തിലുള്ള ഉപ്പിലയിൽ ആവും മിക്കവരും വിളമ്പി വാങ്ങിക്കുന്നത്. ചിലപ്പോ അലൂമിനിയത്തിന്റെ പാത്രങ്ങളും നല്ല ചിരട്ടയും. കഴിച്ചു കഴിഞ്ഞു കഴുകാനെടുക്കുമ്പോ പലപ്പോഴും അതിൽ കുറെ എണ്ണം കിണറ്റിലേക്ക് പോവും.വേനല് തീരാറാവുമ്പോഴേക്കും കിണറ്റിൽ ഒരു പാടുണ്ടാവും പാത്രങ്ങൾ.

അറുപതുകളിൽ നൂൺമീൽ ഉണ്ടായിരുന്നോ ?

അറുപതുകളിൽ ആണ് തമിഴ് നാട്ടിൽ സ്‌കൂൾ ഉച്ചഭക്ഷണം കൊടുത്തു അറുപത്തിമൂന്നിൽ കാമരാജ് എൺപത്തി നാളിൽ എം ജി ആറും .കേരളത്തിൽ  എണ്പത്തിനാലിൽ തുടക്കമിട്ടിരുന്നു. പിന്നീട് തൊണ്ണൂറ്റി അഞ്ചിൽ ദേശീയതലത്തിൽ തുടങ്ങി .രണ്ടായിരത്തി ഒന്ന് മുതൽ അതിനു നിയമപ്രാബല്യം വന്നു.
ഇന്ന് ഇന്ത്യയിൽ പതിനാലു കോടിയോളം കുട്ടികൾ ഇതിന്റെ ഉപഭോക്താക്കൾ ആണ്.
ചെറിയൊരു കാര്യമല്ല കേരളത്തിൽ ഇരുപത്തി ആറു ലക്ഷം കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന പരിപാടിയാണ്.തൃശൂർ   ജില്ലയിൽ പന്ത്രണ്ടു വിദ്യാഭ്യാസ ഉപജില്ലകളിൽഎണ്ണൂറ്റി അറുപതു സ്‌കൂളുകളിൽ .
ഓർമ്മകളിൽ   മായാത്ത  മഞ്ഞ നിറത്തിൽ ഇലയിൽ വിളമ്പി തന്ന റവ ഉപ്പുമാവും പാലും ഈ പദ്ധതികളിൽ ഒന്നും ആയിരുന്നില്ല . "കെയർ " പദ്ധതിയുടെ ഭാഗമായി ആയിരുന്നു. 

ഓർമകളിൽ നിന്ന് തിരിയെ എത്തിയപ്പോ 

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ആഫീസർ കണക്കു പറയുകയായിരുന്നു.
" കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണോ അതോ അവരിലെ വലിപ്പച്ചെറുപ്പം കൂടി കണക്കിലെടുക്കുന്നുണ്ടോ ? ചെറിയ കുട്ടികൾക്ക് നൂറു ഗ്രാം വലിയവർക്കു നൂറ്റി അമ്പതു ഗ്രാം ( മുന്നൂറു നാനൂറു കലോറി ചെറിയവർക്കും വലിയവർക്കു അതിനിരട്ടിയും വേണം.
എന്തൊക്ക ആണ് കൊടുക്കുന്നത് ?
" അരി മാത്രം"
" അത് പോരാ. അരിയോടൊപ്പം പയറുവര്ഗങ്ങള് വേണം.മറ്റേതെങ്കിലും വിധത്തിൽ പച്ചക്കറികളും പഴവര്ഗങ്ങളും."
"അതിനു വകുപ്പില്ല."
ശരിയാണ്.വലിയ പദ്ധതി ആവുമ്പൊ നടപ്പിൽ വരുത്താൻ ഇത്തിരി ഏറെ ബുദ്ധിമുട്ടു കാണും. ശാസ്ത്രീയമായി വേണ്ടത് സമീകൃത ആഹാരം കുട്ടികൾക്ക് വേണ്ടതിന്റെ മൂന്നിലൊന്നു ആയാൽ അത്രയും ആയി.
ദേശീയ തലത്തിൽ മെലിച്ചിലും തൂക്കക്കുറവും അഞ്ചു വയസ്സിൽ താഴെ ഉള്ള കുട്ടികളിൽ നാല്പതു ശതമാനവും ഉയരക്കുറവുള്ളവരും അതില് മേലെ തൂക്കകുറവുള്ളവരും ആണ് 
അച്യുതമേനോൻ സെന്റർ നടത്തിയ പഠനത്തിൽ കേരളത്തിൽ പോഷകാഹാരക്കുറവുള്ള കുട്ടികൾ ഏറെ ഉണ്ട്. ഉച്ചഭക്ഷണ പരിപാടി ശരിയാം വണ്ണം നടത്തിയാൽ ഒരു പരിധി വരെ ഒരു പരിഹാരം ആവും.

കേരളത്തിലെ നടത്തിപ്പ് മാര്ഗ രേഖ.

രണ്ടായിരത്തി പതിനെട്ടിന് നടപ്പിൽ വരുത്തുന്നതിനും സ്‌കൂൾ തലത്തിലും പഞ്ചായത്തു ബ്ളോക് ജില്ലാ തലത്തിൽ ഉണ്ടാവേണ്ട മോണിറ്ററിങ് കമ്മിറ്റിയും അടയ്ക്കാം എല്ലാ കാര്യങ്ങളും വിശദമായി മാർഗനിർദ്ദേശങ്ങൾ ഉണ്ട്.

ചിലതു മാത്രം കൂട്ടി ചേർക്കാൻ തോന്നി.

സത്യത്തിൽ ഉച്ചഭക്ഷണ പരിപാടിയോട് ഭാഗമായി ചേർന്ന് പോകാത്ത ചിലതാണ്,എങ്കിലും 

എങ്കിലും സർക്കാർ മേഖലയിൽ പെടാത്തതായ കുട്ടികളുടെ ഭക്ഷണ ശീലങ്ങളെ ആകെ കുറിച്ച് ഒരു മാർഗ രേഖ വേണ്ടതുണ്ട് എന്നത് കൊണ്ട് 


  1.  കുട്ടികൾക്ക് വെള്ളവും ഭക്ഷണവയും കൊടുത്തയാക്കുന്ന പാത്രങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങൾ ആവരുത്. 
  2. കുട്ടികളുടെ പിറന്നാളോ മറ്റു വിശേഷ ദിവസങ്ങളോ ആഘോഷിക്കുമ്പോ മിട്ടായിയും കേക്കും ഭക്ഷണ പദാർത്ഥങ്ങളും സമ്മാനമായി കൊടുത്തയാക്കുന്നതു നിർത്തണം .ഇത് രണ്ടും സ്വകാര്യ സ്‌കൂളുകളിൽ ആണ് പ്രധാനമായും നടക്കുന്നത് 
  3.  സ്‌കൂളുകളിൽ ഉച്ചഭക്ഷണ പരിപാടിയിൽ നിന്ന് ആരും ഒഴിഞ്ഞു മാറി നിൽക്കരുത്.അധ്യാപകർ അടക്കം ഈ ഭക്ഷണം പങ്കു വെച്ച് കഴിക്കണം 
  4. കുടിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കണം. കിണറുകൾ ശുചിയാക്കുന്നതിനു ഒട്ടും വൈകരുത്.




















Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി