പ്രതിരോധ കുത്തിവെപ്പുകൾ വലിയവരിൽ

വരും നാളുകളിൽ  നാടിന്റെ ആരോഗ്യത്തിനു ഏറ്റവും വലിയ ഭീഷണി ആവുക എന്താവും എന്ന ചോദ്യത്തിന് 'ജീവിതശൈലീരോഗങ്ങൾ'  എന്ന് ആവും ഉത്തരം. നാല് പതിറ്റാണ്ടുകൾ മുൻപ് പകർച്ചവ്യാധികൾക്കായിരുന്നു ഈ സ്ഥാനം.   ഇന്ന് പകർച്ചേതര വ്യാധികൾ എത്രയോ കൂടിയിരിക്കുന്നു എന്നത് സത്യം. പക്ഷെ ഈ രണ്ടാം സ്ഥാനക്കാരനെ  അങ്ങനെ നിസ്സാരവൽക്കരിക്കാൻ വരട്ടെ.പ്രായമായവരുടെ മരണത്തിൽ ഇരുപത്തി അഞ്ചു ശതമാനം  കേസുകളിലും  പകർച്ചവ്യാധികൾ നേരിട്ടോ അല്ലാതെയോ കാരണമാവുന്നു .കേട്ട് കേട്ട് പേര് മനസ്സിൽ പതിഞ്ഞ പല പകർച്ചവ്യാധികളും പഴംകഥയായപ്പോൾ വെല്ലുവിളികൾ ഉയർത്തിക്കൊണ്ടു പുതിയവ എത്തുന്നു.പഴയ ചിലതു  കളംമാറി ചവിട്ടി പുതിയ രീതിയിൽ ഇവിടെ നിലയുറപ്പിക്കാൻ ശ്രമിക്കുന്നു.

പകർച്ച വ്യാധികൾക്കു എങ്ങിനെ തടയിടണം ?

പരിസര ശുചിത്വം, ശുദ്ധ ജലം ആഹാരം, കൊതുകും എലിയും പോലെ രോഗപകർച്ചക്കു ഇടയാക്കുന്ന ഘടകങ്ങളെ നിയന്ത്രിക്കുക എന്നതൊക്കെ ആണ്  ശരിയായ  പ്രതിവിധി.എങ്കിലും  'സുരക്ഷിതമായ  കുടിവെള്ളവും ആഹാരവും' പരിസര ശുചിത്വവും നേടുന്നതിൽ നമ്മൾ വിജയിച്ചില്ല. ഇനിയങ്ങോട്ട് അതങ്ങനെ ഉണ്ടാവും എന്ന് വിശ്വസിക്കാനും വയ്യ.ആരോഗ്യ രംഗത്ത് ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും ഫലപ്രദമായ ഇടപെടലുകളിൽ ഏറ്റവും ആദ്യം എടുത്തു പറയേണ്ട ഒന്നാണ് പ്രതിരോധ കുത്തിവെപ്പുകൾ.
മേൽപ്പറഞ്ഞ പല അസുഖങ്ങൾക്കും ഇന്ന് പ്രതിരോധ കുത്തിവെപ്പുകൾ ഉണ്ട്. ദേശീയ രോഗപ്രതിരോധ പട്ടികയിൽ ഉള്ളവയും ഇത് വരെ ഉൾപ്പെട്ടിട്ടില്ലാത്തവയും. അവയിൽ ചിലതിനു  വില കൂടുതൽ ആണെന്നത് സത്യം. പക്ഷെ ഒരു പരിധി വരെ ഈ രോഗങ്ങൾ വരുത്തി വെക്കുന്ന കെടുതികളും മനുഷ്യ വിഭവ ശേഷിയുടെ നഷ്ട്ടവും കൂടിയ ചികിത്സാ ചെലവും കണക്കിലെടുക്കുമ്പോൾ ഇവയുടെ ഉപയോഗത്തിന് ന്യായീകരണം ഉണ്ട്.
വാക്സിൻ എന്ന വാക്കു കേൾക്കുമ്പോഴേ നമ്മുടെ മനസ്സിൽ എത്തുന്നത് ഒരു  കുഞ്ഞിന്റെ മുഖമാണ്. ഈ രാജ്യത്തെ പ്രതിരോധ കുത്തിവെപ്പുകൾ ഇത്രയും നാൾ പതിനാറു വയസ്സിനു താഴെ ഉള്ള കുട്ടികളെ മാത്രം ലക്ഷ്യമിട്ടായിരുന്നു.  പ്രായമെത്തിയവരിൽ ആകെ ഗർഭിണികൾക്ക്‌ വേണ്ടി കൊടുക്കുന്ന ടെറ്റനസ് വാക്സിൻ മാത്രം ആണ്  ദേശീയ പ്രതിരോധ പട്ടികയിൽ സ്ഥാനം ഉള്ളത്.
വരും നാളുകളിൽ ഈ നിലപാട് ആവുമോ ശരി? 
" അല്ല".
പ്രായമായവരിലും പകർച്ചവ്യാധികൾ ഇത്രയേറെ മരണങ്ങൾക്ക് കാരണമാവുമ്പോ, മറ്റു പ്രതിവിധികൾ എളുപ്പം ആവില്ല എന്ന് മനസ്സിലാവുമ്പോൾ വലിയവരിലും  പ്രതിരോധ കുത്തിവെപ്പുകളുടെ   സാധ്യതയെ കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു

മാറി ചിന്തിക്കേണ്ടത് എന്ത് കൊണ്ട് ?

പ്രായപൂർത്തിയായവരുടെ മരണകാരണങ്ങളിൽ ഇരുപത്തി അഞ്ചു ശതമാനം കേസുകളിലും പകർച്ച വ്യാധികൾ പ്രത്യക്ഷമായോ പരോക്ഷമായോ കാരണം ആവുന്നുണ്ട്.അത് കൊണ്ട് തന്നെ പ്രായപൂർത്തിയായവരുടെ പ്രതിരോധത്തിന് സമഗ്രമായ ഒരു നയം ദേശീയ തലത്തിൽ ഉണ്ടാവണം.
പറയാൻ എളുപ്പമാണ്.
ഇത് പ്രയോഗത്തിൽ വരുത്താൻ ഒരു പാട് ഘടകങ്ങൾ കണക്കിലെടുക്കേണ്ടി വരും.

  • മാറിയ പരിതസ്ഥിതിയിൽ ഇവിടത്തെ പകർച്ചവ്യാധികളെ  കുറിച്ചുള്ള ശരിയായ കണക്കു,    
  • രാജ്യത്തെ വ്യത്യസ്ത മേഖലകളിൽ അവയുടെ  ഏറ്റക്കുറച്ചിലുകൾ, 
  • ഓരോയിടത്തെയും അടിസ്ഥാന കാരണങ്ങളിലെ വ്യത്യസ്തത 
  • ജനങ്ങളുടെ ഇടയിൽ ഇതേക്കുറിച്ചു അവബോധം വളർത്തണം. 
  •   ഇതിനെല്ലാം പുറമെ വമ്പിച്ച സാമ്പത്തിക ചെലവ്. 
ഇത് പ്രവൃത്തി പഥത്തിൽ എത്താൻ ഭഗീരഥ പ്രയത്നം തന്നെ വേണം. ഇതിനു വേണ്ട വിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും നടപ്പിലാക്കാനുള്ള തന്ത്രങ്ങളും എളുപ്പമാവില്ല എന്നത് കൊണ്ട് തന്നെ ആവും ദേശീയ തലത്തിൽ ഒരു വാക്സിൻ പോളിസി വന്നപ്പോഴും അഡൽറ്റ് വാക്സിനേഷൻ എന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യഞ്ഞത്.

നാൾവഴികളിലൂടെ 

(ദേശീയ പ്രതിരോധ പട്ടികയിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്ന കാര്യമാണ് ഇവിടെ പറയുന്നത്. പുതിയ വാക്സിനുകളിൽ പലതും മുൻപേ തന്നെ ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് പ്രകാരം ഉള്ള പട്ടികയിൽ ഉണ്ട്. അത് പക്ഷെ സൗജന്യമായി കൊടുക്കുന്നതല്ല )

 പ്രതിരോധ കുത്തിവെപ്പു കൊണ്ട് മാത്രം വസൂരി എന്ന മഹാമാരിയുടെ മേൽ വരിച്ച വിജയം പ്രചോദനമായി നമ്മുടെ രാജ്യം തൊള്ളായിരത്തി എഴുപത്തി എട്ടിൽ പ്രതിരോധ പട്ടിക തയ്യാറാക്കുമ്പോൾ ഇവിടെ ഏറ്റവും പ്രസക്തിയുള്ള പകർച്ചവ്യാധികളെ  ആണ് ലക്ഷ്യമിട്ടതു.
"ക്ഷയം ,പിള്ളവാതം ,കൊക്കക്കൊര ,കുതിരസന്നി ,തൊണ്ടമുള്ള് ടൈഫോയിഡ്" എന്നീ ആറു കേമന്മാരെ.
എൺപത്തി അഞ്ചിൽ ടൈഫോയിഡിന് പകരം അഞ്ചാം പനിയുടെ കുത്തിവെപ്പ് ചേർത്തു.
രണ്ടായിരത്തി ആറു മുതൽ ഏതാനും ജില്ലകളിൽ തുടങ്ങിയ  ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ ഉള്ള പ്രതിരോധ കുത്തിവെപ്പ് ഇന്ന് ദേശീയ പദ്ധതി പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും കൊടുക്കുന്നു.
രണ്ടായിരത്തി എട്ടു മുതൽ ജപ്പാൻ ജ്വരത്തിനെതിരെ  വാക്സിൻ,തെരഞ്ഞെടുക്കപ്പെട്ട ഏതാനും  ജില്ലകളിൽ മാത്രമാണ് കൊടുത്തു തുടങ്ങിയത്. കേരളത്തിൽ ആലപ്പുഴയും തിരുവനന്തപുരത്തും.  ഈയടുത്തു രണ്ടായിരത്തി പതിനാറിൽ ആസ്സാം ഉത്തര്പ്രദേശ് ബംഗാൾ സംസ്ഥാനങ്ങളിലെ ഇരുപത്തി ഒന്ന് ജില്ലകളിൽ ആദ്യമായി പ്രായപൂർത്തി ആയവരിൽ ജപ്പാൻ ജ്വരത്തിനെതിരെ കുത്തിവെപ്പ് നൽകി. ജപ്പാൻ ജ്വരം ഇത്രയും നാൾ പ്രധാനമായും കുട്ടികളിൽ ആണ് കണ്ടിരുന്നതെങ്കിലും കുറെ ഏറെ കേസുകൾ പ്രായപൂർത്തി ആയവരിൽ കണ്ടതിനെ തുടർന്നാണ് ഈ തീരുമാനം.
രണ്ടായിരത്തി പതിനൊന്നിൽ കേരളത്തിലും തമിഴ്‌നാട്ടിലും തുടങ്ങി വെച്ച പെന്റാവാലന്റ് വാക്സിൻ രണ്ടായിരത്തി പതിനഞ്ചു ആയപ്പോഴേക്കും  എല്ലാ സംസ്ഥാനങ്ങളിലും എത്തി.
രണ്ടായിരത്തി പതിനാറു തൊട്ടു   injectable Polio രണ്ടു ഡോസ് ഓറൽ പോളിയോ വാൿസിനോടൊപ്പം കൊടുക്കുന്ന രീതി തുടങ്ങി . കഴിഞ്ഞ വര്ഷം തൊട്ടു injectable polio ആറു പതിനാലു ആഴ്ചകൾക്ക് ശേഷം ഒൻപതു മാസം തികയുമ്പോ ഒരു ഡോസ് കൂടി നൽകുന്നു 
വളരെ ഏറെ വില കൂടുതൽ ഉണ്ടായിരുന്ന ന്യുമോകോക്കൽ വാക്സിൻ മൂന്നു ഡോസ് ഒരു വർഷത്തിന് മുൻപ് നൽകുന്നു. സീറം ഇൻസ്റ്റിറ്റിയൂട്ടിന്റെ ഈ വാക്സിൻ ഈ രോഗാണുവിന്റെ പത്തു വകഭേദങ്ങൾക്കെതിരെ ഫലപ്രദം ആണ് 


പ്രതിരോധ പട്ടിക 





*എം ആർ വാക്സിൻ തുടങ്ങിയ ശേഷം. കേരളത്തിൽ ഒന്നര വയസ്സിൽ എം ആർ വാക്സിന് പകരം എം എം ആർ കുറച്ചു കാലം കൊടുത്തിരുന്നു. പക്ഷെ അത് തുടരാൻ ആയില്ല 
അതേക്കുറിച്ചു ഒരു പുനരാലോചന വേണ്ടതാണ്. മുണ്ടി നീര് മുൻപത്തെ കാൾ ഒരു പാട് കേസുകൾ നമ്മൾ കാണുന്നുണ്ട് ഇന്ന്. വരും നാളുകളിൽ അതൊരു പ്രശ്നം അവൻ ഇടയുണ്ട് 

.ഇത്രയും നാൾ നമ്മൾ പതിനഞ്ചു വയസ്സുള്ള കുട്ടികളെ ആണ് ലക്ഷ്യമിട്ടതു. പതിനഞ്ചു വയസ്സിനു മേലെ പ്രതിരോധ കുത്തിവെപ്പുകൾ ഗർഭിണികൾക്ക്‌ മാത്രം.ആ നിലപാട് ശരിയായിരുന്നു ആ കാലഘട്ടത്തിൽ ശരിയായ തീരുമാനം . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു രാജ്യം ആരോഗ്യത്തിനു വേണ്ടി ചിലവഴിക്കുന്ന ഓരോ തുട്ടും 'നോക്കിയുംകണ്ടും' വേണം ചെലവഴിക്കാൻ.പകർച്ചവ്യാധികളുടെ കൊലവിളിക്കു നേരെ പ്രതിരോധിക്കാൻ ഏറ്റവും നല്ലതു ഇളം തലമുറയുടെ സുരക്ഷ, ആ പ്രായം കവച്ചു വെച്ച് പോന്നവരിൽ മിക്കവരിലും പ്രതിരോധം സ്വാഭാവികമായി ഉണ്ടായിക്കാണും എന്ന നിഗമനം. അത് ശരിയായി എന്നത് പിന്നീട് വന്ന രണ്ടു പതിറ്റാണ്ടുകൾ തെളിയിച്ചു.ആ കാലഘട്ടത്തിൽ പ്രസക്തി ഉണ്ടായിരുന്ന മിക്ക പകർച്ചവ്യാധികളും കെട്ടടങ്ങി. പിള്ളവാതം എന്നത് കഥയായി.ഡിഫ്ത്തീരിയയും അഞ്ചാം പനിയും കുതിര സന്നിയും കൊക്കക്കൊരയും ഒക്കെ നാമമാത്രമായി. ഇത്തിരി കൂടി ഒന്നാഞ്ഞു പിടിച്ചാൽ വരും നാളുകളിൽ ഇവയെല്ലാം പിള്ളാർക്ക് പറഞ്ഞു കൊടുക്കാവുന്ന രാക്കഥ മാത്രമാവും.

പ്രായപൂർത്തിയായ ഒരു സമൂഹത്തിൽ പ്രതിരോധ വാക്സിനുകളുടെ പ്രസക്തി എന്ത് ?

1 കുറഞ്ഞു വരുന്ന പ്രതിരോധം.  വേണ്ട സമയത്തു എല്ലാ പ്രതിരോധ കുത്തിവെപ്പുകളും എടുത്ത ആളുകളിലെ പ്രതിരോധം വർഷങ്ങൾ കഴിയുമ്പോൾ കുറേശ്ശെ ആയി കുറഞ്ഞു വരുന്നുണ്ടു .
"ഇതെന്തു കൊണ്ട്? ഇങ്ങനെ ഒരു സാധ്യതയെ കുറിച്ച് മുൻപ് പറഞ്ഞു കേട്ടിട്ടില്ലലോ?"
കുട്ടിക്കാലത്തു പ്രതിരോധ കുത്തിവെപ്പുകൾ എടുത്തു കഴിഞ്ഞവരിൽ പ്രതിരോധം കാലങ്ങളോളം നിലനിൽക്കുന്നതിനു  കാരണം ചുറ്റുപാടിൽ ആ രോഗാണുവിന്റെ സാന്നിധ്യം ആണ്.നമ്മൾ അറിയാതെ നമ്മുടെ പ്രതിരോധ വ്യവസ്ഥ ഉത്തേജിക്കപ്പെട്ടുകൊണ്ടേയിരിക്കും. എൺപതുകളുടെ അവസാനം ആവുമ്പോഴേക്കും പകർച്ചവ്യാധികളിൽ പലതും ഇവിടെ തീരെ ഇല്ലാത്ത അവസ്ഥ ആയി.  ഉദാഹരണത്തിന്  ഡിഫ്ത്തീരിയ കേസുകൾ വർഷത്തിൽ നാലോ അഞ്ചോ എണ്ണം മാത്രംആയിരുന്നു തൊണ്ണൂറ്റി ഒൻപതിന് ശേഷം രണ്ടായിരത്തി പതിനഞ്ചു വരെ. രണ്ടായിരത്തി പതിനഞ്ചിൽ മലപ്പുറത്ത് വീണ്ടും തലപൊക്കിയതിന ശേഷം തൊട്ടിങ്ങോട്ടു ഉണ്ടായ ഡിഫ്ത്തീരിയ കേസുകളിൽ നല്ലൊരു ശതമാനവും ഉണ്ടായതു പതിനെട്ടു വയസ്സിനു മേലെ ഉള്ളവരിൽ  ആയിരുന്നു. ഡിഫ്തീരിയ  പിടിപെട്ടവരിൽ പലരും ചെറുപ്പകാലത്തെ കുത്തിവെപ്പ് എടുത്തവർ.
കുഞ്ഞുങ്ങളിൽ മാത്രമായി ഉണ്ടായിരുന്ന പല രോഗങ്ങളും പുതിയ താവളങ്ങൾ തേടി, പ്രായത്തിന്റെ പടികൾ കയറുന്നുണ്ടോ ?
കൗമാരക്കാരിലും യുവാക്കളിലും കൂടിക്കൂടിവരുന്ന അഞ്ചാംപനിയും  ചിക്കൻപോക്‌സും കൊക്കക്കൊരയും അത് ശരി വെക്കുന്നു.
പ്രതിരോധ കുത്തിവെപ്പുകളിൽ ചിലതിൽ (ഉദാ:ഡിഫ്ത്തീരിയ,കൊക്കക്കൊര ) പ്രതിരോധം ഏതാണ്ട് ആറോ ഏഴോ വർഷം കഴിയുമ്പോൾ കുറഞ്ഞു വരും ചുറ്റുപാടും ഈ രോഗാണുക്കളുടെ സാന്നിദ്ധ്യം തീരെ ഇല്ലാതെ ആവുമ്പോൾ. 'Killed vaccines and toxoids ' എന്ന തരം വാക്സിനുകൾ ഉപയോഗിക്കുമ്പോ ഇതിനു സാധ്യത കൂടും.. 'Live attenuated vaccines' ഉപയോഗിക്കുന്ന അസുഖങ്ങളിൽ  പ്രതിരോധം കൂടുതൽ നാളുകൾ നിലനിൽക്കും.ഉദാഹരണത്തിന് അഞ്ചാം പനി ,റൂബെല്ല തുടങ്ങിയവ.
2 ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം കൂടുന്നു.എഴുപത്തി എട്ടിൽ ആയുർ ദൈർഘ്യം അമ്പതു ആയിരുന്നു ഇന്ന് എഴുപത്തി അഞ്ചാണ്.അറുപതുവയസ്സിനു മേൽ പ്രായമുള്ളവരുടെ എണ്ണം  ഇന്ന് പതിനാലു  ശതമാനം.വരും നാളുകളിൽ ആരോഗ്യമേഖലയിലെ ഇടപെടലുകൾ ഇക്കാര്യം കണക്കിലെടുക്കേണ്ടിയിരിക്കുന്നു.
3  തിരക്കുള്ള പുതിയ ജീവിത ശൈലി ആഹാരത്തിലൂടെ പകരുന്ന പല അസുഖങ്ങളുടെയും എണ്ണം പണ്ടത്തേതിനേക്കാൾ ഈ പ്രായത്തിൽ ഉള്ളവരിൽ കൂടാൻ കാരണമാവുന്നു. ഉദാഹരണം Hepatitis A ,Hepatitis E,Typhoid.
4 പകർച്ച വ്യാധികളുടെ  പുതിയ മുഖങ്ങൾ, പഴയവരുടെ രീതി മാറ്റം.
വായുവിലൂടെ വെള്ളത്തിലൂടെ ആഹാരത്തിലൂടെ മാത്രമല്ല കൊതുകും ചെള്ളും  വണ്ടും ഒക്കെ ആയിരുന്നു പകർച്ച വ്യാധിയുടെ പ്രധാന കാരണങ്ങൾ. ചിലപ്പോഴൊക്കെ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പകർന്നിരുന്ന വ്യാധികൾ.ചിലതൊക്കെ നിയന്ത്രണത്തിൽ ആവുമ്പൊ മറ്റു ചിലവ തലപൊക്കുന്നു.ഇവയിൽ അന്നും ഇന്നും റ്റീബിയും  മലേറിയയും  ഒരു തുടർക്കഥയായ നിൽക്കുന്നു. രണ്ടു പതിറ്റാണ്ടിനിപ്പുറം ഡെങ്കിയും ഇൻഫ്ലുൻസ വൈറസുകളുടെ വകഭേദങ്ങളും പുതിയ വില്ലന്മാരായ കടന്നു വന്നിരിക്കുന്നു. പണ്ടില്ലാത്ത രീതിയിൽ എലിപ്പനിയും സ്‌ക്രബ് ടൈഫസ് (Leptospirosis &Scrub typhus) പോലുള്ള അപൂർവ രോഗങ്ങളുടെയും എണ്ണം കൂടിയിരിക്കുന്നു.  
5 പ്രായമായവരിൽ  കൂടി വരുന്ന പകർച്ചേതര വ്യാധികൾ ആയ പ്രമേഹം വിവിധ അർബുധങ്ങൾ കിഡ്‌നി രോഗങ്ങൾ എന്നിവയോടൊപ്പം  പകർച്ച വ്യാധികൾ ഉണ്ടാവുമ്പോ  മരണ നിരക്ക് കൂട്ടുന്നു.
6 വിദ്യാഭ്യാസ സംബന്ധമായും ജോലിസംബന്ധമായും രാജ്യത്തിനകത്തും പുറത്തേക്കും ഉള്ള യാത്രകൾ.
പടിഞ്ഞാറൻ രാജ്യങ്ങളിൽ പ്രായമുള്ളവരിലെ പ്രതിരോധ രീതികളെ കുറിച്ചുള്ള മാർഗരേഖകൾ നേരത്തെ തന്നെ നടപ്പിലായിരുന്നു. ഇന്ത്യയിൽ രണ്ടായിരത്തി എട്ടിൽ തന്നെ ഈ വിഷയത്തിലെ വിദഗ്ധ സംഘം    മാർഗ രേഖ തയ്യാറാക്കിയിട്ടുണ്ട് . പകർച്ചവ്യാധികളുടെ മാറ്റങ്ങളും ജനങ്ങളുടെ ജീവിത ചുറ്റുപാടുകളിൽ വന്ന മാറ്റങ്ങളും കണക്കിലെടുത്തു പ്രതിരോധ രീതികളിലും കുത്തിവെപ്പ് പട്ടികകളിലും കാലാനുസൃതമായി വരുത്തേണ്ട മാറ്റങ്ങൾ ഇതിൽ പറയുന്നുണ്ട് എങ്കിലും  എങ്കിലും അത് നടപ്പിൽ ആയിട്ടില്ല.

പ്രായമുള്ളവരിൽ പ്രതിരോധ കുത്തിവെപ്പുകൾ എങ്ങനെ 

കുട്ടികളിൽ പ്രതിരോധ പട്ടിക തയ്യാറാക്കുമ്പോൾ പതിനഞ്ചു വയസ്സിനു താഴെ ഉള്ളവർക്കെല്ലാം പാകമാവുന്ന ഒരൊറ്റ പട്ടിക മാത്രമേ വേണ്ടൂ. എന്നാൽ പ്രായപൂർത്തിയായവർക്കു കൊടുക്കേണ്ട  പ്രതിരോധ കുത്തിവെപ്പുകൾ സാഹചര്യമനുസരിച്ചു വ്യത്യസ്തം ആയിരിക്കും. എല്ലാവര്ക്കും പാകമാവുന്ന രീതിയിൽ ഒരു പട്ടിക ശരിയാവില്ല.
അവിടെ കണക്കിലെടുക്കേണ്ട പ്രധാന ഘടകങ്ങൾ ഇവയാണ് 
1 പ്രായം.എ പതിനഞ്ചു വയസ്സ് മുതൽ അമ്പതോ അറുപതോ വയസ്സ് വരെ 
   ബി അറുപതു വയസ്സിനു മേലെ. 
2.നേരത്തെ കിട്ടിയ പ്രതിരോധ കുത്തിവെപ്പുകൾ.
നേരത്തെ എടുക്കേണ്ട കുത്തിവെപ്പുകൾ ഏതൊക്കെ എടുത്തു എന്നും ,അവസാനം എടുത്ത കുത്തിവെപ്പ് എപ്പോഴെന്നും കണക്കിൽ എടുത്താണ് പ്രായമായവരിൽ ചെയ്യേണ്ട കുത്തിവെപ്പുകൾ ഏതു രീതിയിൽ എന്ന് തീരുമാനിക്കുന്നത്.ഉദാഹരണത്തിന് ഡിഫ്ത്തീരിയക്കെതിരെ മുഴുവൻ പ്രതിരോധ കുത്തിവെപ്പും എടുത്ത ഒരാൾ അവസാനമായി ഡിഫ്ത്തീരിയക്കെതിരെ കുത്തിവെപ്പ് കിട്ടുന്നത് അഞ്ചു വയസ്സിൽ ആണ്.ഏതാണ്ട് പത്രണ്ടു് വയസ്സ് ആവുമ്പോഴേക്കും പ്രതിരോധം കുറഞ്ഞിരിക്കും.ഇവിടെ ഒരൊറ്റ ഡോസ് Td (റ്റീഡി) വാക്സിൻ മതിയാവും,അത് ഓരോ പത്തു വര്ഷം കൂടുമ്പോഴും വേണം.ഇതേ പോലെ തന്നെ കൊക്കക്കൊരയുടെ കാര്യത്തിലും.ഇവ രണ്ടിനും എതിരെ പ്രതിരോധം കിട്ടാൻ മേലെ പറഞ്ഞ രീതിയിൽ ചെറിയൊരു മാറ്റം, മതി.മേലെ പറഞ്ഞ റ്റീഡി വാക്സിനിൽ ആദ്യത്തേത് Tdap എന്ന വാക്സിൻ എടുക്കുക.
നേരത്തെ ഒരു കുത്തിവെപ്പും എടുക്കാത്ത ഒരാൾ ആൾ ആണെങ്കിൽ ഒരൊറ്റ ഡോസ് മതിയാവില്ല. ഇടവിട്ട് മൂന്നു കുത്തിവെപ്പുകൾ വേണ്ടിവരും ( 0   1   6 )
3.ഓരോരുത്തരുടെ ജീവിത സാഹചര്യങ്ങൾ,തൊഴിൽ,ദേശീയ അന്തർദേശീയ യാത്രകൾ.
ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പകർന്നു കിട്ടാൻ സാധ്യതയുള്ളവർ  ഹെപ്പറ്റെറ്റിസ് എ ,ടൈഫോയിഡ് എന്നിവക്കെതിരെ കുത്തിവെപ്പെടുക്കുന്നതു നന്നാവും. 
4 മറ്റസുഖങ്ങൾ .പ്രമേഹം ,കരൾ രോഗങ്ങൾ ,കിഡ്നിയുടെ തകരാറുകൾ വിവിധ തരാം കാൻസറുകൾ എന്നിവയിൽ എല്ലാം പകർച്ച വ്യാധികൾ ഗൗരവം കൂടിയ രീതിയിൽ ആവാനിടയുണ്ട്.ഇവർക്ക് ചിക്കൻപോക്സ് ന്യൂമോകോക്കൽ വാക്സിൻ , എച്ച് ഇൻഫ്ലുൻസ ,മെനിഞ്ചോകോക്കൽ വാക്സിൻ എന്നിവ എടുക്കുന്നതാവും നല്ലതു


*രണ്ടു ഡോസ് ചിക്കൻപോക്സ് വാക്സിൻ എടുത്തവർക്കു പ്രതിരോധം പതിനഞ്ചു ഇരുപതു വർഷം വരെ ഉണ്ടാവും. ഡോസുകൾ അഞ്ചു വയസ്സോടെ എടുത്തു കഴിഞ്ഞവർക്ക് ഒരു ഡോസ് എടുക്കുന്നത് അഭികാമ്യം.
*ഹ്യൂമൻ പാപ്പിലോമാ വൈറസ് വാക്സിൻ പകർച്ച വ്യാധിക്കെതിരെ എന്നതിനേക്കാൾ കാൻസർ പ്രതിരോധത്തിന് ഉദ്ദേശിച്ചതാണ്

മുതിർന്ന പൗരൻമാർ കരുതിയിരിക്കുക,  അൻപതാവുമ്പോ തൊട്ടു തന്നെ 

1.ഇൻഫ്ലുൻസ വാക്സിൻ. നമ്മൾ ഫ്ലൂ എന്ന് പറയുന്ന ഈ വൈറസ് പ്രായമുള്ളവരിൽ പലപ്പോഴും വലിയ പ്രശ്നങ്ങൾ ഉടക്കാറുണ്ട്. ഓരോ കൊല്ലവും ഇതിന്റെ രോഗാണു മാറിക്കൊണ്ടേ ഇരിക്കും. ഓരോ വർഷവും ഓരോ വേഷത്തിൽ ആവും മൂപ്പർ എത്തുന്നത്.അത് കൊണ്ട് തന്നെ ഇതിനെതിരെ ഉള്ള വാക്സിൻ ഓരോ വർഷവും വേണം 
2 ന്യുമോകോക്കൽ വാക്സിൻ. പ്രായമുള്ളവരിൽ ഏറെ മരണകാരണം ആയ ന്യുമോണിയ പലപ്പോഴും 'ന്യുമോകോക്കസ്'  എന്ന രോഗാണു ബാധ കൊണ്ടാണ്. അത് തടയാൻ രണ്ടു തരം വാക്സിനുകൾ ഉണ്ട്. അറുപത്തി അഞ്ചു വയസ്സിനു താഴെ ഉള്ളവർക്ക് ഈ വാക്സിനുകളിൽ ഒരു തരം മാത്രം എടുത്താൽ മതിയാവും (പോളിസാക്കറൈഡ് വാക്സിൻ). അറുപത്തി അഞ്ചിന് മേലെ ഉള്ളവർ ഈ വാക്സിനും ഒപ്പം 'കോഞ്ചുഗേറ്റ് വാക്സിൻ' എന്ന രണ്ടാമത്തെ വാക്സിനും കൂടി എടുക്കണം. ഇപ്രായക്കാർക്കു രണ്ടു വാക്സിനും ഓരോ ഡോസ് എങ്കിലും എടുത്തിരിക്കണം.
3 ഹെർപിസ് സോസ്റ്റർ വാക്സിൻ.ഇതിലെ റീകോമ്പിനേണ്ട് എന്ന തരം വാക്സിൻ ആണ് മെച്ചപ്പെട്ടത്.അമ്പതു വയസ്സിനു മേലെ ഉള്ളവർ ഒരു ഡോസ് എടുക്കുന്നത് നന്ന്.ലൈവ് വാക്സിൻ ഒരു ഡോസ് മതി എന്നുള്ളിടത്തു ഇത് ഒരു ഡോസ് മതിയാവും. 
4 ഹീമോഫിലസ് ഇൻഫ്ലുൻസ വാക്സിൻ ,മെനിഞ്ചോകോക്കൽ വാക്സിൻ എന്നിവയും എടുക്കുന്നത് നന്നാവും.

ആരോഗ്യപ്രവർത്തകർ മറന്നുപോവുന്നതു. 

ആരോഗ്യപ്രവർത്തകരും മറ്റേതെങ്കിലും തരത്തിൽ രോഗം പകർന്നു കിട്ടാൻ സാധ്യത കൂടുതൽ ഉള്ളവരും അവരവർക്കു പകർന്നു കിട്ടാൻ സാധ്യത ഉള്ള രോഗങ്ങൾക്കെതിരെ പ്രതിരോധം നേടുന്നത് നന്ന്.



( ഈ ലേഖനത്തിൽ പറഞ്ഞിട്ടുള്ള പല വാക്സിനുകളെക്കുറിച്ചും ഇവിടെ വിശദീകരിക്കാൻ ആവില്ല. അവയോരോന്നിനെ കുറിച്ചും കൊച്ചു ലേഖനങ്ങൾ ആയി വിശദീകരിക്കാം.വഴിയേ )
































Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി