ഉപ്പുമാവും പാലും

തൃശൂർ ജില്ലയിലെ സർക്കാർ- എയ്ഡഡ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെ കുറിച്ചൊരു ചർച്ചആയിരുന്നു. ബഹുമാനപ്പെട്ട എം പി ശ്രീ പി കെ ബിജുവിന്റെ അദ്ധ്യക്ഷതയിൽ കലക്ടറുടെ ചേമ്പറിൽ വിളിച്ചുകൂട്ടിയ യോഗം. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെയും സപ്ലൈകോ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പഞ്ചായത്തു അധികൃതരും പങ്കെടുത്ത ചർച്ച. കുട്ടികളുടെ പോഷകാഹാരത്തെ കുറിച്ചുള്ള സാങ്കേതിക ഉപദേശങ്ങൾക്കു വേണ്ടി എന്നെ വിളിച്ചതായിരുന്നു. പദ്ധതിയുടെ അടിസ്ഥാന തത്വം "അറിവ് നൽകും മുൻപ് വിശപ്പകറ്റണം " എന്നത് . വിശപ്പ് ആറ്റുന്ന എന്ത് കൊടുത്താലും അറിവ് നേടാനായി സ്‌കൂളുകളിലേക്ക് കുട്ടികൾ എത്തും. ഇപ്പറഞ്ഞത് എഴുതി വായിച്ച അക്ഷരങ്ങൾ ആയിരുന്നില്ല.അനുഭവിച്ചറിഞ്ഞത്. പദ്ധതികളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുമ്പോൾ മനസ്സ് തെന്നി തെന്നി അൻപത്തി അഞ്ചു വർഷങ്ങൾ പുറകോട്ടു പോയി. ഒന്നാം ക്ലാസ്സു തൊട്ടു മേലോട്ടുള്ള ഓരോ ക്ലാസ്സുകളിലും ഉള്ള നാല് ചേച്ചിമാർ . അവരുടെ വിരൽ പിടിച്ചു സ്‌കൂളിൽ എത്തിയത് അക്ഷരം അറിയാനുള്ള ദാഹവും വിശപ്പുമായിരുന്നില്ല. ഉപ്പുമാവിന് വേണ്ടിയുള്ള വിശപ്പു. മൂന്നു വയസ്സുകാരന് ക്ലാസ് മുറ...