കാളവണ്ടിക്കാലം

https://www.freeimages.com/photo/bullock-cart-1575763 
ഇന്നത്തെ കുട്ടികൾ ആണ് നാളത്തെ പൗരന്മാർ.
സർവ്വ മേഖലകളിലും ഭാരതത്തെ ലോകത്തിനു മുൻപിൽ കൊണ്ടെത്തിക്കേണ്ടവർ.
മലയാളത്തിൽ ഒരു പഴംചൊല്ലുണ്ടു.
“കതിരിൽ വെച്ചിട്ടു കാര്യമില്ല “
ശരിയാണത്.
 മുളപൊട്ടി തളിരായി പടർന്നു പന്തലിക്കുന്ന നേരങ്ങളിൽ ആണ് വെള്ളവും വളവും നൽകി ,തുള്ളനും വണ്ടും കരളാതെ പരിചരിക്കേണ്ടത് . ഒടുവിൽ പറഞ്ഞ വാക്കു ശ്രദ്ധിച്ചോ ? ശരിയായ വളവും പരിചരണവും ഏറ്റുവാങ്ങി പച്ചപ്പോടെ വളരുമ്പോ ഇലകളിൽ പുഴുക്കുത്തേൽക്കുന്ന അവസ്ഥ..ശരിയല്ലാത്ത അറിവുകൾ അതുപോലെ ആണ് . ശരിയായ നേരത്തു തന്നെ ഇത്തരം വികല ധാരണകളെ പിഴുതെറിയണം .ശരിയായ വളർച്ചക്കും വികാസത്തിനും ആകാശം മുട്ടെ പടർന്നു പന്തലിക്കാൻ .
ഈ തലമുറയിലെ ഉണ്ണികൾക്കു അറിവിന്റെ മിട്ടായികൾ നൽകി തെറ്റുകൾ തിരുത്തി വളർന്നു വരാൻ വിരൽത്തുമ്പു നൽകി ഒപ്പം നിൽക്കണം നമ്മൾ.
ഒരഞ്ചു പതിറ്റാണ്ടു മുൻപ് കേരളത്തിലെ സ്ഥിതി ഇന്നത്തെ പോലെ ആയിരുന്നില്ല ആരോഗ്യ മേഖലയിലെ എന്നല്ല മറ്റെല്ലാ മേഖലകളിലും നിലനിന്നിരുന്ന അന്ധ വിശ്വാസങ്ങൾ ഒരു പാട് ഉണ്ടായിരുന്നു അന്ന്. ആരോഗ്യത്തെ കുറിച്ചും രോഗങ്ങളെ കുറിച്ചും ഒക്കെ വ്യക്തമായ അറിവുകൾ ഇല്ലാത്ത കാര്യങ്ങളിൽ ആയിരുന്നു അന്ധവിശ്വാസങ്ങൾ ഏറെയും.
കാലം മാറിയപ്പോ രോഗങ്ങളെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ഒക്കെ അറിവില്ലാതിരുന പല കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണകൾ ഉണ്ടായി . ഈ അറിവുകൾ ശരിയായ രീതികൾ പ്രയോഗത്തിൽ വരാനും അത് കൊണ്ട് തന്നെ ഈ മേഖലയിൽ ഒരു പാട് നേട്ടങ്ങൾ ഉണ്ടാവാനും സഹായകമായി.
ശാസ്ത്രം ഇത്രയേറെ വികാസം പ്രാപിച്ചപ്പോ എന്തെന്നും എന്തുകൊണ്ടെന്നും ഒക്കെ പണ്ട് അറിവില്ലാതിരുന്ന പല കാര്യങ്ങളും നമ്മൾക്കറിയാം.
എന്നാൽ ഇന്ന് അന്ധവിശ്വാസങ്ങൾ മറ്റൊരു തരത്തിൽ ആണ്.ശരിയായ അറിവുകൾ മറച്ചു വെച്ച് കൊണ്ടും വികലമാക്കി അവതരിപ്പിച്ചും കരുതിക്കൂട്ടി ജനങ്ങളെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി ആണിന്.
ശരികൾ പറഞ്ഞു കൊടുക്കാൻ ഏറ്റവും ഫലപ്രദമായ മാധ്യമങ്ങളിലൂടെ തന്നെ തെറ്റായ അറിവുകൾ ജനങ്ങളെ വഴിതെറ്റിപ്പിക്കുന്ന കാഴ്ച ആണ് ചുറ്റും.
നമ്മൾ മലയാളികളുടെ ഇടയിലുള്ള അന്ധ വിശ്വാസങ്ങളെയും തെറ്റിദ്ധാരണകളെയും എല്ലാം എടുത്തു കാട്ടി അതിലെ ശരി എന്താണെന്ന് പറയുക ഏറെ ശ്രമകരം ആവും .എങ്കിലും . ആരോഗ്യ മേഖലയിലെ തെറ്റിദ്ധാരണകളിൽ ഇത്തിരി എണ്ണം മാത്രം തെരഞ്ഞെടുത്തു പറയാനുള്ള ഒരു ശ്രമം ആണിത്.
എഴുതുന്ന ആളിന്റെ ഓർമ്മച്ചെപ്പിൽ കയ്യിട്ടു വാരിയപ്പോ കിട്ടിയതൊക്കെ നിങ്ങളുടെ മുന്നിൽ വിതറിയിടുകയാണ്. പത്തറുപതു വർഷങ്ങൾ ഓർമ്മപ്പാത്രത്തിൽ അറിയാതെ അടിഞ്ഞു കൂടിയവയിൽ നിന്ന്.ഒരു കുഴപ്പം ഉണ്ട് ഈ രീതിക്കു . പ്രാധാന്യം ഉള്ളതേതു ഇല്ലാത്തതേത് എന്ന് അടുക്കി പെറുക്കി ഒന്നും ആവില്ല. കയ്യിൽ കിട്ടുന്നത് ചിലപ്പോ നിറമുള്ളതും കനമുള്ളതും വിലപ്പെട്ടതും ആയ രത്നങ്ങൾ ആവാം. ചെലപ്പോ വെള്ളാരം കല്ല് പോലെ ഭംഗിയുള്ളതെങ്കിലും വിലയില്ലാത്തതാവാം കടുകുമണി പോലെ ഇത്തിരിക്കുഞ്ഞന്മാർ ആവാം.

മന്ത്രിച്ചൂതലും ചരട് കെട്ടലും 

ഒരമ്പത് വർഷം മുൻപ് എന്റെ കുട്ടിക്കാലത്തു പനി ആയാലും അത് പോലെ ചെറിയ ചെറിയ അസുഖങ്ങൾ ആയാലും ആദ്യം ചെറിയ നുറുങ്ങു വിദ്യകൾ ഒക്കെ പ്രയോഗിക്കും .കാര്യങ്ങൾ ഇത്തിരി കൂടി ഗൗരവം ആവുമ്പോഴേ ആശുപത്രിയിലേക്കു കൊണ്ട് പോവൂ. ഒരു കാര്യം അന്ന് ഒരു എം ബി ബി എസ ഡോക്ടറെ കാണാൻ ഒരു പത്തിരുപതു കിലോമീറ്റർ ദൂരം താണ്ടണം. ഒരു പാട് കാത്തിരിപ്പ് വേണം. അപ്പൊ സ്ഥിരമായി പ്രയോഗത്തിൽ ഇരുന്ന കാര്യം ആണ് “മന്ത്രിച്ചു ഊതൽ “.കട്ടിലിൽ കിടത്തി തല മുതൽ കാലിലെ വിരല് വരെ ഭസ്മം വിതറി മന്ത്രിച്ചു അവിടവിടെ ഊതും . ഇത്തിരി കൂടി കടന്ന കാര്യം മന്തിച്ചൂതിയ വെള്ളം കുടിക്കും. മറ്റു ചിലയിടങ്ങളിൽ കോപ്പയിൽ മഷികൊണ്ടെഴുതി അതിൽ ഇത്തിരി വെള്ളം ചേർത്ത് കുടിക്കും. ഓർക്കുമ്പോ ചർദ്ധിൽ ഉണ്ടാക്കുന്ന മറ്റൊരു കാര്യം ഉണ്ട്. കോപ്പയിലെ വെള്ളത്തിൽ മന്ത്രവാദി തുപ്പും. അത് ഔഷധം ആയി സേവിക്കും.ഇവയിൽ ചില രീതികൾ ഒക്കെ ഇപ്പോഴും നടപ്പുണ്ട്.
ഇതിന്റെ ശരി തെറ്റുകൾ ഇവിടെ വിശദീകരിക്കേണ്ട  ആവശ്യമേ ഇല്ല.പഴമക്കാരുടെ അനുഭവങ്ങൾ പറഞ്ഞു എന്നെ ഉള്ളൂ. പണ്ടത്തെ സ്ഥിതി അല്ലാലോ ഇപ്പൊ. നടന്നെത്താവുന്ന ദൂരത്തു ഉണ്ട് ഡോക്ടർമാർ. എന്ത് ബുദ്ധിമുട്ടു ഉണ്ടായാലും അത് കാണിച്ചു വിദഗ്ധോപദേശം നേടാൻ ഒരു "പാടും" ഇല്ല. മരുന്നുകൾ ആവശ്യമുണ്ടെങ്കിൽ മതി എങ്കിലും അസുഖം എന്താണെന്നു അതേക്കുറിച്ചറിവുള്ളവർ തന്നെ തീരുമാനിക്കട്ടെ . ചികിത്സ കൊണ്ട് മാറാവുന്ന പല അസുഖങ്ങളും പിടിവിട്ടു പോവുന്നത് സ്വയം തീരുമാനം എടുക്കുന്നത് കൊണ്ടാണ്. ഇത് പോലുള്ള അശാസ്ത്രീയ രീതികളിലേക്ക് ഇനിയൊരു തിരിച്ചു പോക്ക് നമ്മൾക്ക് വേണ്ട.
ഇത്രയും പറഞ്ഞപ്പോ നിങ്ങളുടെ മനസ്സിൽ സ്വാഭാവികമായി സംശയം മുളപൊട്ടും.
“ഇന്നത്തെ പോലെ ആശുപത്രികളും മരുന്നുകളും ഒന്നും ഇല്ലാതിരുന്ന നാളുകളിൽ ഈ ചികിത്സകൾ കൊണ്ട് അസുഖങ്ങൾ മാറിയവരല്ലേ നിങ്ങളൊക്കെ ? ഈ പ്രായം വരെ എത്തിയപ്പോ എന്തെ പഴയതൊക്കെ തള്ളിപ്പറയുന്നു?
നമ്മുടെ നാട്ടിൽ എന്തൊക്ക തരത്തിൽ ഉള്ള അസുഖങ്ങൾ ആണെന്ന് ഒന്ന് നോക്കൂ .അത് പണ്ടത്തെ കാലത്തെ മാത്രമല്ല ഇന്നത്തെ നാളുകളിലും പ്രസക്തം ആണ്


1 പകർച്ച വ്യാധികൾ


2 പോഷകാഹാര കുറവുകൾ


3 അപകടങ്ങൾ


4 ജീവിത ശൈലീ രോഗങ്ങൾ


ഇതൊക്കെ ആണ് മിക്കപ്പോഴും.മറ്റസുഖങ്ങൾ എല്ലാം വളരെ വിരളം.
ഈ പകർച്ച വ്യാധികൾ തൊണ്ണൂറു ശതമാനവും വൈറസ് കൊണ്ടുള്ളവ ആണ് .നമ്മൾക്ക് കൊല്ലത്തിൽ അഞ്ചാറ് തവണ വരുന്ന ജലദോഷം. മഴക്കാലത്ത് നാലഞ്ചു ദിവസം പനിപിടിച്ചു കിടപ്പാകുന്നതും ഒക്കെ ഓർക്കുന്നില്ലേ . മഴക്കാലം തുടങുമ്പോഴേക്കും ടീവിയിൽ ആകെ ഡെങ്കി ചിക്കൻഗുനിയ വാർത്തകൾ മാത്രമാവും. അവയൊക്കെ വൈറസുകൾ ആണ്.അവ ദേഹത്ത് കടന്നു കൂടിയാൽ അതിനെതിരെ മരുന്നില്ല .മിക്കപ്പോഴും മരുന്നില്ലാതെ മാറും.ജലദോഷം ആയി ആരെങ്കിലും മരിച്ചു പോകാറുണ്ടോ ?വൈറസ് രോഗങ്ങളിൽ തന്നെ ഗൗരവം എറിയവ ആണ് "ഡെങ്കു". അത് പോലുള്ള വൈറസ് രോഗങ്ങൾ കൊണ്ട് ചിലപ്പോ മരണം വരെ സംഭവിക്കാം.പറഞ്ഞു വന്നത് വൈറസ് കൊണ്ടുണ്ടാക്കുന്ന രോഗങ്ങൾ തൊണ്ണൂറു ശതമാനവും ഏതാനും ദിവസങ്ങൾ കൊണ്ട് താനേ മാറുന്നതാണ്. അതിനു നേരെ നിങ്ങൾ എന്ത് മരുന്ന് പ്രയോഗിച്ചാലും ,ഒന്നും കഴിച്ചില്ല എങ്കിലും അത് മാറും.
“എന്റെ ചികിത്സ കൊണ്ട് നിങ്ങളുടെ അസുഖം മാറി “എന്ന് ആധുനിക വൈദ്യ ശാസ്ത്രത്തിലെ ഒരു ഡോക്ടർക്കോ മറ്റേതെങ്കിലും വിഭാഗത്തിലെ ചികിത്സകനോ അതുമല്ല എങ്കിൽ ഒരു മന്ത്രവാദിക്കോ ഒക്കെ നമ്മെ വിശ്വസിപ്പിക്കാം.

വസൂരി

ഒരു കാര്യം കൂടി പറയട്ടെ ,ആ കാലഘട്ടങ്ങളിൽ ഒക്കെ പിടിപെട്ടാൽ മരണ സാധ്യത നാല്പതു ശതമാനം ആയിരുന്ന വസൂരി രോഗം ,അത് അക്കാലത്തെ വൈറസ് രോഗങ്ങളിൽ അതീവ ഗുരുതരം ആയ ഒന്നാണ്. ചികിത്സ ഇല്ലാത്ത ഒന്ന്.
അപൂർവ്വമെങ്കിലും ഇന്നത്തെ പ്രായമുള്ളവരുടെ മുഖത്ത് നോക്കിയാൽ കാണാം ആഴത്തിലുള്ള കുഴികൾ .വസൂരിയുടെ വലിയ പൊളങ്ങൾ വന്നു മാറിയ വടുക്കൽ .കണ്ണുകൾ നഷ്ടപ്പെട്ടവർ ഒരു പാട്.എന്റെ കുട്ടിക്കാലം ഒക്കെ വസൂരി ഇവിടെ നടമാടിയിരുന്ന കാലം ആയിരുന്നു .ഭാഗ്യം. ഇവിടെ വസൂരിയുടെ കുത്തിവെപ്പുകൾ ലോകമെമ്പാടും ഊർജ്ജിതമായി കൊടുത്തുകൊണ്ടിരുന്ന നാളുകൾ ആയിരുന്നു അറുപതുകൾ . ആ കുത്തിവെപ്പുകൾ കൊണ്ട് മാത്രം തൊള്ളായിരത്തി എൺപതിൽ ആ രോഗം ലോകത്തു നിന്ന് നിർമ്മാർജ്ജനം ചെയ്തതായി പ്രഖ്യാപിക്കപ്പെട്ടു .ആ നാളുകളിൽ ഒക്കെ വസൂരിയെക്കുറിച്ചു എന്തൊക്കെ അന്ധ വിശ്വാസങ്ങൾ ആയിരുന്നുവെന്നോ.
“.അങ്ങേ പറമ്പത് താമസിക്കുന്നയാളിൽ നിന്ന് കാറ്റിൽ പറന്നു വന്നു പകരും എന്ന് . എണ്ണയിൽ കടുക് വറുത്തിടാതെ ഇരുന്നാൽ ഇതിന്റെ പകർച്ച തടയാൻ പറ്റും എന്ന് കേട്ടിട്ടുണ്ട്.
മലബാറിലെ ഒരു പാട് തെയ്യക്കോലങ്ങൾ കെട്ടിയാടപ്പെടുന്നത് ഈ രോഗത്തിന്റെ പേരിൽ ആണ് .” ദേവീ കോപം കൊണ്ട് ആണത്രേ വസൂരി വരുന്നത്.അമ്മവിളയാട്ടം എന്ന് പറയും. അത് തടയാൻ തെയ്യക്കോലങ്ങൾ .
സമാനമായ പല ആചാരങ്ങളും ലോകത്തെമ്പാടും ഉണ്ടായിരുന്നു
https://upload.wikimedia.org/wikipedia/commons/1/14/Theyyam_Thai_Paradevatha_Valliyottu.jpg

വസൂരിയെ ഭയന്ന് അത് പോലെ പല പകർച്ചവ്യാധികൾ ഭയന്ന്. അന്നൊക്കെ ഓരോ പകർച്ച വ്യാധികളും കൊടുംകാറ്റടിക്കുന്ന പോലെ ആണ്. വീശിയടിച്ചു കഴിയുമ്പോൾ കോടിക്കണക്കിനു ശവങ്ങൾ ആവും.ആരും മറവു ചെയ്യാതെ കഴുകനും മൃഗങ്ങളും മൃഷ്ട്ടാണ്ണം ഭക്ഷിച്ചു വിശപ്പടക്കാൻ.
നാട്ടുമ്പുറത്തു രണ്ടു വീടുകൾ തമ്മിൽ ഒന്ന് നീട്ടി കൂവിയാൽ കേൾക്കുന്ന അത്ര ദൂരം കാണും.ഇന്നത്തെ പോലെ ഒന്ന് നീട്ടിതുപ്പിയാൽ അയലത്തെ മതിലും കടന്നു അവരുടെ മുറ്റത്തു വീഴും എന്ന അവസ്ഥയല്ല.

വിഷാരി 

എന്റെ കുട്ടിക്കാലത്തു വടക്കേ വീട്ടിലെ കാരണവർ നാടാകെ അറിയപ്പെടുന്ന വിഷാരി (വിഷഹാരി ) ആയിരുന്നു. മറ്റു വൈദ്യങ്ങൾ ഒന്നുമില്ല. എങ്ങനെയോ പാമ്പ് ചികിത്സയിൽ പേരായി. ഒരുറക്കം കഴിഞ്ഞു പാതിരാത്രിയിൽ മൂത്രമൊഴിക്കാൻ എണീറ്റ് വടക്കേ പറമ്പ ത്തേക്ക് നോക്കുമ്പോ ചില ദിവസങ്ങളിൽ ഒരാൾക്കൂട്ടം കാണും.അവിടെ ആകെ വെളിച്ചം പകരുന്ന പെട്രോമാക്സ് ,ആരൊക്കെയോ രാത്രിയിൽ പറിച്ചു കൊണ്ടുവരുന്ന പച്ചമരുന്നുകൾ ഇടിക്കുന്ന ശബ്ദം. അത് കഴിഞ്ഞു ധാരയും കല്ലുവെക്കലും ഒക്കെ. പാമ്പ് കടിയേറ്റ സ്ഥലത്തു ഒരു പ്രത്യേക കല്ല് വെക്കും “അത് വിഷം വലിച്ചെടുക്കും .വിഷം മുഴുവൻ വലിച്ചെടുത്തു കഴിഞ്ഞാൽ മുറിവായിൽ നിന്ന് താനേ കല്ല് താഴെ വീഴും “എന്നാണ് വിശ്വാസം.എല്ലാം കഴിഞ്ഞു നേരം പുലരുമ്പോഴേക്കും  വിഷം തീണ്ടിയ ആൾ ഒരു കുഴപ്പവും ഇല്ലാതെ നടന്നു പോവും.ഇത് പോലുള്ള തൊണ്ണൂറു അനുഭവങ്ങൾ ആവുമ്പൊ നാട്ടുകാരുടെ വിശ്വാസം കൂടി വരും. ഈ വിജയങ്ങൾക്കിടയിൽ ഇടക്കൊരു പത്തു പേരെ കാലത്തു തണ്ടിലേറ്റി തിരിയെ കൊണ്ട് പോവുന്ന കാര്യം ആരുംകാണാറും ഇല്ല ഓർക്കാറും ഇല്ല.
ലോകമെമ്പാടും ഒരു പാട് തരം പാമ്പുകൾ ഉണ്ട് .ഇന്ത്യയിൽ മാത്രം ഇരുന്നൂറിലേറെ ഇനങ്ങൾ. അവയിൽ കേവലം പതിമൂന്നെണ്ണം മാത്രമാണ് വിഷമുള്ളതു. കേരളത്തിൽ പ്രധാനമായും നാലെണ്ണം ആണ് മൂർഖൻ ശംഖുവരയൻ അണലിയുടെ രണ്ടു വകഭേദങ്ങൾ. അപ്പൊ മനസ്സിലായോ വിഷക്കല്ലു മുറിവായിലെ വിഷം വലിച്ചെടുത്തു ആളെ രക്ഷപ്പെടുത്തുന്നതല്ല . വിഷമില്ലാത്ത പാമ്പുകടികൾ ആയതു കൊണ്ട് ആൾക്ക് കുഴപ്പം ഇല്ലാതെ രക്ഷപ്പെടുന്നതാണ്. വിഷമുള്ള പാമ്പുകൾ കടിച്ചവർ മരണപ്പെടുന്നു. അതിനുള്ള സാധ്യത പത്തു ശതമാനമോ അതിൽ കുറവോ മാത്രം. ഇന്ന് പാമ്പ് വിഷത്തിനു ശരിയായ ചികിത്സ ഉണ്ട്. കേട്ടിട്ടില്ലേ ആന്റിവെനിൻ . മേലെ പറഞ്ഞ നാല് തരം വിഷപ്പാമ്പുകൾക്കെതിരെ പ്രതിവിഷം. കൃത്യ സമയത്തു അത് കൊടുക്കാൻ പറ്റിയാൽ ജീവൻ രക്ഷിക്കാൻ ആവും. പലപ്പോഴും നേരത്തെ പറഞ്ഞ പോലെ ഉള്ളവരുടെ കൈകളിൽ എത്തും.അവിടെ വരുന്ന കാലതാമസം കൊണ്ട് തന്നെ ജീവൻ രക്ഷിക്കാൻ ആവാതെ പോവും.

ദൈവങ്ങൾ 

മിക്ക അന്ധ വിശ്വാസങ്ങളും ദൈവങ്ങളെ കൂട്ടുപിടിച്ചായിരുന്നു.തെറ്റ് പറഞ്ഞുകൂടാ.ശാസ്ത്രം വികസിച്ചിട്ടില്ലാത്ത നാളുകളിൽ പ്രകൃതി ക്ഷോഭങ്ങൾക്കു അടിപ്പെടുമ്പോൾ ആരോട് പറയാൻ .ഏതൊക്കെയോ ശക്തിയിൽ വിശ്വസിക്കുകയും രക്ഷക്ക് വേണ്ടി അതിനോട് പ്രാർത്ഥിക്കുകയും ചെയ്യുകയല്ലാതെ. അങ്ങനെ സൂര്യനും ചന്ദ്രനും എന്ന് വേണ്ട എല്ലാ ശക്തികളെയും പ്രാർത്ഥിച്ചു അവരെ പ്രീതിപ്പെടുത്തി ഉദ്ധിഷ്ട കാര്യം നേടാമെന്ന് വന്നു. ഇത് ആരോഗ്യത്തിന്റെയും അസുഖത്തിന്റെയും ആയുസ്സിന്റെയും കാര്യത്തിൽ മാത്രമല്ല, മറ്റെല്ലാ മേഖലയിലെയും വിജയത്തിന് . എണ്ണമറ്റ ആചാരങ്ങളും വിശ്വാസങ്ങളും ദൈവങ്ങളും അമ്പലങ്ങളുമായി ബന്ധപ്പെട്ടു കേരളത്തിലും ഉണ്ടായിരുന്നു.
നമ്മൾ ഒക്കെ ജനിക്കുന്നതിനു കാരണഭൂതരായ അച്ഛനും അമ്മയും തമ്മിൽ ചേരുന്ന നിമിഷങ്ങളിൽ തൊട്ടു തുടങ്ങാം ആചാരങ്ങളുടെ ശരിയും തെറ്റും.

ജാതകപ്പൊരുത്തം

പണ്ട് മാത്രമല്ല ഇന്നും കേരളത്തിൽ ജാതകപ്പൊരുത്തം നോക്കിയാണ് കല്യാണം . നിങ്ങൾ കേട്ടിട്ടുണ്ടാവും ചൊവ്വാ ദോഷം എന്ന്. നമ്മളുടെ ഒക്കെ വീട്ടിൽ കൂട്ട് കുടുംബം ആണെങ്കിൽ പ്രത്യേകിച്ചും ഏതെങ്കിലും ഒരു ആന്റി ഉണ്ടാവും വീട്ടിൽ കല്യാണം ആവാതെ .അന്വേഷിച്ചു നോക്കിയിട്ടുണ്ടോ. പലപ്പോഴും ഇത്തരം വിശ്വാസങ്ങൾ ആവും അവർ ഒരു കൂട്ട് കിട്ടാതെ ഒറ്റയായി ജീവിതം നയിക്കേണ്ടി വന്നതിന്റെ പുറകിൽ.
ശാസ്ത്രം ഇത്രയൊക്കെ പുരോഗമിച്ച നാളുകളിൽ നമ്മൾ പറയേണ്ടത് ഇതാണ്.
കല്യാണം കഴിക്കാൻ പോവുന്ന ആണും പെണ്ണും ആദ്യം നോക്കേണ്ടത് അവരുടെ ശാരീരിക മാനസിക ആരോഗ്യ അവസ്ഥകൾ. പരസ്പരം പകരാവുന്നതോ അടുത്ത തലമുറയെ ബാധിക്കാവുന്ന രോഗങ്ങൾക്ക് സാധ്യത ഉണ്ടോ എന്നത്.കേട്ടുകാണും നിങ്ങൾ എച് ഐ വി ,റ്റീബി തുടങ്ങിയ രോഗങ്ങളെ കുറിച്ച്.
രണ്ടു പേരുടെയും രക്ത ഗ്രൂപ്പ് തീർച്ചയായും അറിയണം.
ജാതകത്തോടൊപ്പം ആരോഗ്യ രേഖകളും കൂടി ഒത്തുനോക്കുന്ന ഒരു വ്യവസ്ഥ ഉണ്ടാവണം.

ഉരുളി കമഴ്ത്തൽ 

ഉണ്ണിയുണ്ടാവാൻ അമ്പലങ്ങളിൽ വഴിപാടായി “ഉരുളി കമഴ്ത്തുന്ന ചടങ്ങു “ ഉണ്ണിയുണ്ടാവുന്നതിന്റെപുറകിലെ ശാസ്ത്ര സത്യങ്ങൾ അധികം അറിഞ്ഞിട്ടില്ലാത്ത കാലം. അറിഞ്ഞിട്ടും പരിഹാരങ്ങൾ ഇല്ലാതിരുന്ന കാലം. ഇന്നങ്ങനെ അല്ല. ഈ മേഖലയിൽ ഒരു പാട് പുതിയ രീതികൾ വിജയപ്രദമായി പ്രയോഗത്തിൽ ഉണ്ട്. നിങ്ങളിൽ എത്ര പേർക്കറിയാം പ്രായക്കൂടുതൽ ഉള്ള അമ്മമാർ ഗർഭം ധരിക്കുമ്പോൾ നോർമൽ അല്ലാത്തതും വൈകല്യം ഉള്ളതുമായ കുഞ്ഞുങ്ങൾ ഉണ്ടാവാൻ സാധ്യത കൂടും എന്നത്. ഡൌൺ സിൻഡ്രോം എന്ന അവസ്ഥ ഇവയിൽ ഏറ്റവും പ്രാധാന്യം ഉള്ളതാണ്. കൂടാതെ പ്രസവ സംബന്ധമായ ഒരു പാട് പ്രശ്നങ്ങളും മുപ്പത്തി അഞ്ചു വയസ്സിനു മേലെ ഉള്ള അമ്മമാർക്ക് ഉണ്ടാവാം. പറഞ്ഞു വന്നത് ഇത്രമാത്രം .വിശ്വാസം ഉണ്ടായിക്കോട്ടെ ,പക്ഷെ സാധ്യതകൾ ആരായാതെ ഇത്തരം വിശ്വാസങ്ങൾക്ക് പുറകെ പോയി സമയം വൈകിക്കരുത് എന്നത് അടിവരയിട്ടു പറയാൻ

ആൺ കുഞ്ഞോ പെൺകുഞ്ഞോ 

“ ആദ്യത്തെ കണ്മണി ആണായിരിക്കണം …കേട്ടിട്ടില്ലേ പഴയ പാട്ടു.
ഒരുണ്ണി വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് പലർക്കും ഒന്നുകിൽ ആൺ കുഞ്ഞു വേണം ചിലർക്ക് പെണ്കുഞ്ഞു വേണം.
“അമ്മയെപ്പോലെ വെളുക്കണം എന്റെ മോൾ ആയില്യം നാളിൽ ജനിക്കണം.”
ചിലർ ഇത്തിരി കൂടി മുന്നോട്ടു കടന്നു ചിന്തിക്കും. കുഞ്ഞിന്റെ നിറം വെളുപ്പാവണം.
ആൺകുഞ്ഞാവുമോ പെൺകുഞ്ഞാവുമോ എന്നതിന്റെ ശാസ്ത്രീയ അടിസ്ഥാനം നമ്മൾക്കറിയാം.അതിന്റെ സാധ്യത മാറ്റിമറിക്കാനുള്ള കണ്ടുപിടുത്തങ്ങൾ ഇത് വരെ പ്രയോഗത്തിൽ ആയില്ല.
അല്ലെങ്കിലും അങ്ങനെ ഒരു തെരഞ്ഞെടുപ്പ് വേണോ.
കുഞ്ഞു ആൺകുഞ്ഞായാലെന്താ പെൺകുഞ്ഞായാലെന്താ?അതാണ് ശരി എങ്കിലും പല സ്ഥലങ്ങളിലും പെൺകുഞ്ഞുങ്ങൾ വേണ്ട എന്ന് തീരുമാനിച്ചു ഭ്രൂണഹത്യ നടത്താറുണ്ട് എന്നത് ഒരു സത്യം.
കുഞ്ഞിന്റെ നിറം വെളുപ്പോ കറുപ്പോ എന്നത് രക്ഷിതാക്കളുടെ നിറത്തെ ആശ്രയിച്ചു ആയിരിക്കും. വെളുത്ത ആളിനെ കറുപ്പിക്കാനും തിരിച്ചും മറന്നോ മന്ത്രമോ ഉണ്ടെന്നു ആരെങ്കിലും അവകാശപ്പെടുന്നു എങ്കിൽ അത് തെറ്റ്. ഗർഭിണികൾക്ക്‌ പാലിൽ കലക്കി കൊടുക്കുന്ന ഒന്നാണ് കുങ്കുമപ്പൂവ് ,നമ്മളുടെ അമ്മമാർക്കൊക്കെ ഇത് കിട്ടിയിട്ടുണ്ടാവു. കുങ്കുമ  പൂവ് ഇട്ടായാലും ഇല്ലെങ്കിലും പാല് കിട്ടുന്നു ഗർഭിണികൾക്ക്‌ എന്നത് മാത്രമുണ്ടീ രീതിയിലെ ശരി.

വെളുത്ത കുഞ്ഞു പിറക്കാൻ കുങ്കുമപ്പൂവ് 

ഗർഭിണികൾക്ക്‌ ശരിയായ പോഷകാഹാരങ്ങൾ വേണം ,സാധാരണ അവസ്ഥയിൽ ഉള്ളതിനേക്കാൾ ഇത്തിരി കൂടുതൽ ഊർജ്ജവും മാംസ്യവും ഇരുമ്പും കാൽസ്യവും എല്ലാമുള്ളതു .ആവശ്യത്തിന് വ്യായാമം വേണം .എന്നാൽ പലയിടത്തും ഏതെങ്കിലും ഭക്ഷണങ്ങൾ ദോഷം ചെയ്യും എന്ന് കരുതി പാടെ ഒഴിവാക്കുന്ന പതിവുണ്ട്. മറ്റു ചിലപ്പോ ഒരു പാട് ടോണിക്കുകളും പ്രോടീൻ പൗഡറുകളും വാങ്ങാൻ ചെലവാക്കുന്നതും കാണുന്നുണ്ട്. ഇത് രണ്ടും നിരുത്സാഹപ്പെടുത്തേണ്ടത് ആണ്.
പണ്ട് ആശുപത്രികളും ഡോക്ടർമാരും കുറവായിരുന്ന കാലത്തു പലപ്പോഴും വീട്ടിൽ വെച്ച് പ്രസവം എടുക്കുന്ന പതിവുണ്ടായിരുന്നു. പലപ്പോഴും വേണ്ടത്ര പരിശീലനം കിട്ടിയിട്ടില്ലാത്ത ആളുകൾ ആയിരുന്നത് കൊണ്ട് കുറെ ഏറെ അത്യാഹിതങ്ങൾ ഉണ്ടാവാറുണ്ടായിരുന്നു. ഇന്ന് കേരളത്തിൽ തൊണ്ണൂറ്റി ഒൻപതു ശതമാനം പ്രസവങ്ങളും ആശുപത്രിയിൽ നടക്കുന്നു .അതിനു വേണ്ട ആരോഗ്യ പ്രവർത്തകർ നമ്മൾക്കിന്നുണ്ട്.പ്രകൃതിയിലേക്ക് തിരിച്ചു പോണം .പ്രസവം വീട്ടിൽ തന്നെ മതി എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ അത് തെറ്റാണ്. എന്തെങ്കിലും കോമ്പ്ലികേഷൻ ഉണ്ടാവാൻ ഇടയുണ്ടോ ഇല്ലയോ എന്ന് ഉറപ്പാക്കാൻ വിദഗ്ധരായ ആളുകൾ നമ്മുടെ ആശുപത്രിയിൽ ഉള്ളപ്പോ എന്തിനു റിസ്ക് എടുക്കണം.

തേനും വയമ്പും

പണ്ടൊക്കെ മിക്കപ്പോഴും കുഞ്ഞുങ്ങൾ പിറന്നു വീഴുന്നത് വീടുകളിൽ ആയിരുന്നു എന്ന് പറഞ്ഞു.അന്നൊക്കെ ഒരു പതിവുണ്ടായിരുന്നു. പിറന്നു വീണ കുഞ്ഞിന് തേനും വയമ്പും ,അതുമല്ലെങ്കിൽ ബ്രമ്മി ,ചിലപ്പോ സ്വർണ്ണം ചാലിച്ചു .കൊടുക്കും .ഈ രീതി ഇപ്പോഴും പലയിടത്തും ചെയ്യാറുണ്ട്.. ഇങ്ങനെ ഒരു ചടങ്ങിന്റ ആവശ്യം ഇല്ല. എന്നല്ല ഇത് ദോഷം ചെയ്യും .പലപ്പോഴും രണ്ടു ദിവസം കഴിയുമ്പോ വയറിനു അസുഖം ഉണ്ടാവു.
പാലിന്റെ നിറം എന്താണെന്നു ചോദിക്കേണ്ടതില്ല. വെളുപ്പാണല്ലോ .എന്നാൽ കുഞ്ഞിന് കൊടുക്കുന്ന മുലപ്പാലില് ആദ്യ ദിവസങ്ങളിൽ വെളുത്ത നിറം അല്ല .ഇളം മഞ്ഞ , സ്വർണ്ണ നിറം.മിക്കപ്പോഴും അമ്മൂമ്മമാർ ഈ പാലിന് കുഞ്ഞിന് ദോഷം ചെയ്യും എന്നും പറഞ്ഞു പിഴിഞ്ഞ് കളയും . സത്യത്തിൽ ഈ പാലിൽ ജീവിതകാലം മുഴുവൻ കുഞ്ഞിന് പ്രതിരോധം നൽകുന്ന ഒരു പാട് ഘടകങ്ങൾ അലിഞ്ഞു ചേർന്നിട്ടുണ്ട് .അത് അമ്മൂമ്മമാർക്കറിയില്ല.

Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി