വരട്ടു ചൊറി


പരീക്ഷാ നാളുകളിൽ വായനയും ചർച്ചയും കൊണ്ട് തല പെരുക്കുമ്പോ നമ്മൾ മെല്ലെ പാട്ടിലേക്കോ കഥയിലേക്കോ വഴി മാറും.
പതിയെ തലയണയിലേക്ക് ചാരി കണ്ണടച്ചൊരു പാട്ടിന്റെ വരികൾ ആസ്വദിക്കും . ഇഷ്ട്ടപ്പെട്ട പുസ്തകത്തിന്റെ താളുകൾ ആവും ചിലർക്ക് ബാറ്ററി റീചാർജ്ജിങ്ങിനുള്ള വഴി.
അത്തരത്തിൽ ഒരു പഴം കഥ ആവാം ഇന്ന്.
ഇതൊരു പഴം കഥ. കെട്ടു കഥയല്ല.

സ്വന്തം അനുഭവകഥ.


പടിഞ്ഞാറ്റയിൽ നിലവിളക്കും കൊളുത്തി ,വെറ്റിലയും അടക്കയും വെച്ച് കാരണവന്മാരുടെ കാലും പിടിച്ചു തലയിൽ കൈവെച്ചു അനുഗ്രഹവും വാങ്ങി ഒരു സ്വപ്നവഴിയിലേക്കു കാലെടുത്തു വെച്ച ദിവസം.
എഴുപത്തി ആറു ഒക്ടോബർ മാസം മൂന്നാം തീയതി വൈകീട്ട് ദേവഗിരി ബസ്സിറങ്ങി. കയ്യിൽ വലിയൊരു തകര പെട്ടി ആയിരുന്നു. .സൂട്ട്കേസ് എന്നൊന്നും പറയണ്ട ,സ്റ്റൈലൻ തകരപ്പെട്ടി തന്നെ. നല്ലൊരു കൈപ്പിടിയും.പച്ച നിറത്തിൽ. അത്യാവശ്യത്തിനുള്ളതൊക്കെ അതിൽ . പെട്ടിക്കു പുറത്തു ഒരു കോസടി മാത്രം . 
ദേവഗിരിയിൽ ബസ്സിറങ്ങി കാക്കകൾ കലപില കൂട്ടുന്ന ഒരു സന്ധ്യക്ക്‌ ലേഡീസ് ഹോസ്റ്റലിന്റെ മുന്നിലൂടെ വിടർന്ന കണ്ണുകളോടെ നടന്നു. കണ്ടതെല്ലാം പുതുമകൾ. മൂന്നാം ബ്ലോക്കിൽ കൊണ്ട് ചെന്നെത്തിച്ചു ഒപ്പമുള്ളയാൾ തിരിയെ പോയി. മൂന്നാം ബ്ലോക്കിലെ മൂന്നാം നിലയിൽ.
അലോട്ട് ചെയ്യപ്പെട്ട മുറിയിൽ എത്തിയില്ല.
വഴിയിൽ തടയപ്പെട്ടു.
പിന്നെയെല്ലാം പുത്തൻ കാഴ്ചകൾ, പുതിയ പാട്ടുകൾ, അത് വരെ പഠിച്ച വ്യാകരണത്തിലൊന്നും കേൾക്കാത്ത വാക്കുകൾ.തീരെ എല്ന്ത് ചെക്കൻ ആയതു കൊണ്ട് ദേഹോപദ്രവം ഉണ്ടായില്ല. മേലാസകലം ചൊറിഞ്ഞു മാന്തിയ പാട് അപ്പോഴാണ് ഒരു ചേട്ടന്റെ കണ്ണിൽ പെട്ടത്.മൂപ്പർ ചെലപ്പോ സ്കിൻ പോസ്റ്റിങ്ങ് ആയിരുന്നോ ആവോ. 
എന്തായാലും ഞാൻ മറ്റൊരു മുറിയിലേക്ക് , ആനയിക്കപ്പെട്ടു. 
പിറന്ന പടി നിർത്തി മുൻവശവും പിൻവശവും അവലോകനം ചെയ്യപ്പെട്ടു.
മൂപ്പർ അവസാന വിധി പറഞ്ഞു.
"ഇതത് തന്നെ.സംശയിക്കണ്ട. ,       സ്കാബീസ് .           ചെക്കനെ തൊടണ്ട. പകരും."
"ഇനി അഥവാ അറിയാതെ മറ്റുള്ളോരു ആരെങ്കിലും കൈ വെച്ചാലോ.ഒരു കാര്യം ചെയ്യൂ " ഒരു ബോർഡ് വെച്ചെക്കു." 
ബോർഡ് വെച്ചത് നെറ്റിയിൽ. കൃത്യ അളവിൽ നെറ്റിയിൽ എഴുതി ഒട്ടിച്ചു.
" ബി വെയർ ഓഫ് സ്കാബീസ് ." . 
"ഇതില്ലാതെ നിന്നെ കാണരുത്" .അതൊരാജ്ഞ ആയിരുന്നു .അക്ഷരം പ്രതി അത് പാലിച്ചു. 
മെസ് കഴിക്കാനുള്ള ക്യൂ ആയാലും , പ്രണയ ലേഖനം എഴുതുമ്പോഴായാലും , റോഡിൽ പോകുന്ന പെണ്ണിന്റെ പേര് ചോദിക്കാൻ ആയാലും നെറ്റിയിലെ ബോർഡ് മാത്രം മാഞ്ഞില്ല . 
ക്ലാസ്സിൽ പോകുമ്പോ മാത്രം എടുത്തു മാറ്റാൻ പ്രത്യേക അനുവാദം കിട്ടി.

( നന്ദിയോടെ ഓർക്കുന്ന ഒരു കാര്യം. ഒരു ചേട്ടൻ പിറ്റേന്ന് എന്നെ കൂടെ കൊണ്ട് പോയി ഡെര്മറ്റോളജിയിലെ സുഗതൻ സാറിനെ കാണിച്ചു , ബെൻസോയ്‌ൽ ബെൻസോയേറ്റ് വാങ്ങി . രണ്ടു ദിവസം ശരിക്കു തേച്ചു കുളിച്ചെന്നുറപ്പ് വരുത്തി.
സീനിയർ ചേട്ടൻമ്മാരുടെ ആ കരുതലും സ്നേഹവും ഓർക്കുന്നു. ഇപ്പോഴും).
ഇന്നലെ കഴിഞ്ഞ പോലെ.

നാൽപ്പത്തി രണ്ടു വർഷം മുൻപത്തെ കഥയാണിത്.


കഴിഞ്ഞ ദിവസം ഒപിയിൽ ഒരു കുഞ്ഞിനെ കൊണ്ട് വന്നു.ഒരു മാസം പ്രായം ആവുന്നേ ഉള്ളൂ.മേലാകെ ചെറിയ പൊങ്ങലുകൾ. 





ആ പ്രായത്തിൽ ഉണ്ടാവാറുള്ള ഇത്തരം തരികൾ പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാറുണ്ട്.
അവയിൽ ചിലതു ഇത്തിരി നാളുകൾ കൊണ്ട് താനേ മാറും.ഇതെന്തോ അങ്ങനെ ആയി തോന്നിയില്ല.എന്തായാലും ഒരിത്തിരി നാൾ കാത്തിരിക്കാം എന്ന് കരുതി അവരെ തിരിയെ വിടാൻ പോവുമ്പോഴാണ് ആ അമ്മയുടെ കൈകൾ ശ്രദ്ധിച്ചത്.

വീട്ടിലെ മറ്റെല്ലാർക്കും കുറച്ചു നാളായി ചൊരിയുണ്ട്.വിരലുകൾക്കിടയിൽ ഇത്തിരി തരികൾ ശ്രദ്ധയോടെ നോക്കിയപ്പോ  ഉറപ്പായി സ്കാബീസ് തന്നെ.

ഡയഗ്നോസിസ് 

നവജാത ശിശുക്കളിൽ ഇമ്മാതിരി കൊച്ചു തരികൾ ഒരു പാട് കാരണങ്ങൾ കൊണ്ട് ഉണ്ടാവാം.ചിലതൊക്കെ കുഴപ്പം ഉള്ളത് ഉണ്ട് എങ്കിലും പൊതുവെ മിക്കതും താനേ മാറിപ്പോവുന്നതു ഇത്തിരി ദിവസം ക്ഷമയോടെ കാത്തിരുന്നാൽ മതി .
 ഈ കുഞ്ഞും അങ്ങനെ തന്നെ.
    പാല് കുടിക്കുന്നു, കരയുന്നു, അപ്പിയിടുന്നു മുഖത്തേക്ക് നല്ലോണം നോക്കുന്നു.
 ,ഒരു ചിരിയുടെ പൊട്ടും പൊടിയും ചുണ്ടുകളിൽ മൊട്ടിട്ടു വരുന്നു.
അത് കൊണ്ട് വെറുതെ വിടാമെന്ന് കരുതിയപ്പോഴാണ് ഈ വഴിത്തിരിവ്.
ഒരു വീട്ടിൽ എല്ലാര്ക്കും ചൊറിച്ചിൽ ഉള്ളപ്പോ അമ്മയുടെ കൈവിരലുകൾക്കിടയിൽ ഇങ്ങനെ ഉണ്ടാവുമ്പോ ഏതാണ്ട് നൂറു ശതമാനം ഈ സാധ്യത ഉറപ്പിക്കാം.
അപ്പൊ ചോദ്യം സ്കാബീസ് എന്ന് കേട്ടാൽ ആദ്യം മനസ്സിൽ തെളിയുന്ന ചിത്രം ചൊറിയൽ ആണ്.ടീവിയിലെ വിയർപ്പു പൊടിയുടെ പരസ്യം കണ്ടിട്ടില്ലേ എന്തോ ഒരു മുള്ളുള്ള കമ്പു കൊണ്ട് പുറത്തു കുത്തുന്നത്.അത് പോലൊരു ചിത്രം തെളിയും. ഈ കുഞ്ഞു അങ്ങനെ ചൊറിയുന്നില്ലലോ ? നല്ല ചോദ്യം.പക്ഷെ ഈ കുഞ്ഞിന് ചൊറിച്ചിൽ ഇല്ലാഞ്ഞിട്ടല്ല. പാവത്തിന് ചൊറിയാൻ അറിയില്ല.അതിനു ഞരമ്പുകൾ ഇത്തിരി കൂടി വികസിക്കണം ഇത്തിരി കൂടി വലുതാകണം.ഈ പ്രായക്കാര് മാന്തില്ല വെറുതെ കരയും.
എന്താണ് സ്കാബീസ്.
ചൊരിയും ചിരങ്ങും എന്ന വാക്കു പലപ്പോഴും വൃത്തിയും വെടിപ്പും ഇല്ലാത്ത വ്യക്തികളെയോ ചുറ്റുപാടുകളെയോ കുറിച്ച് പറയുമ്പോഴാണ്.ശരിയാണത് വൃത്തിയില്ലായ്മ ഒരു പരിധി വരെ ഇതിനു ആക്കം കൂട്ടുന്നു .എന്ന് വെച്ച് അതൊരു കാരണം അല്ല.ഈ ചുറ്റുപാടുകളിൽ സുഖിച്ചു ജീവിക്കുന്ന കൊച്ചു ജീവിയാണ് ഇത് ഉണ്ടാക്കുന്നത്.സാർകോപ്റ്റിസ് സ്കാബി എന്ന കൊച്ചു പേൻ .ഞാൻ തൽക്കാലം ഇതിനെ കൊച്ചു പേൻ എന്ന് പറയുന്നേ ഉള്ളൂ കാരണം ശരീരത്തിൽ ജീവിക്കുന്ന മറ്റൊരു പേൻ ഉണ്ട് പ്യൂബിക് ലൗസ.
തൊലിക്കിടയിൽ തീറ്റയും കുടിയും പ്രജനനവും സമൃദ്ധിയായി അപ്പിയിടലും ഒക്കെ ആയി അടിച്ചു പൊളിച്ചു ജീവിക്കുന്ന ഒരൂട്ടം. കണ്ടാലും ഒരു ഭീകര ലൂക്കും. അവര് തോളിക്കിടയിലൂടെ ടണലുകൾ ഉണ്ടാക്കി മുന്നോട്ടു പോവും.   ,പോവും വഴിക്കു അപ്പിയിടും.  അത് നമ്മൾക്ക് ചൊറിച്ചിൽ ഉണ്ടാക്കും. കൈവിരലുകൾക്കിടയിലുള്ള ഭാഗം, ജനനേന്ദ്രിയങ്ങൾ  തൊലി ഇത്തിരി കൂടി നേർത്ത തോൾഭാഗം, കൈകാൽ മുട്ടുകളുടെ പിൻഭാഗം ഒക്കെ ആണ് ഇവർക്ക് ഇഷ്ട്ട താവളങ്ങൾ

പകരുന്നതെങ്ങിനെ 

അടുത്ത സംസർഗം ഉണ്ടാവുമ്പോ.പേനുകളെ പോലെ അത്രയും സാമർഥ്യം ഇവർക്കില്ല.ഇത്തിരി മന്ദഗതിയിൽ ആണ് ചലനം.എങ്കിലും അധിക നേരം തൊട്ടും പിടിച്ചും ഒക്കെ അടുത്ത് സഹവസിച്ചാൽ പുതിയ ഇരയിലേക്കു കയറിപ്പറ്റും.കിടക്ക പങ്കിട്ടാൽ ലൈംഗിക വേഴ്ചയിലൂടെ അപൂർവ്വം ചിലപ്പോ പുതപ്പിലൂടെയും ബെഡ്ഷീറ്റിലൂടെയും.പുറത്തു ഇവർക്ക് അധിക നേരം നിലനിൽപ്പില്ല ഒരു ഇരുപത്തിനാലു മണിക്കൂർ.എളുപ്പം ഇവരെ കൊല്ലാം .നല്ല ചൂടുള്ള വെള്ളത്തിൽ വസ്ത്രങ്ങൾ കഴുകുമ്പോഴോ ഇസ്തിരി ഇടുമ്പോഴോ ഇവ ചത്തുപോകും.

എന്താണ് കോമ്പ്ലികേഷൻ 

സത്യം പറഞ്ഞാൽ ഇത് കൊണ്ട് മാത്രം വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നില്ല.  ബേപ്പൂർ സുൽത്താൻ പറഞ്ഞ പോലെ നല്ല മനുഷ്യർ ആവാൻ ഇത്തിരി വരട്ടു ചൊറി നല്ലതാണു.  വേറെ കുതന്ത്രങ്ങൾ ഒന്നും ഒപ്പിക്കാതെ അത് ചൊറിഞ്ഞും മാന്തിയും കഴിഞ്ഞോളും.  ഇത്തിരി ചൊറിച്ചിൽ ഒരു സുഖം ആണ്.  അതങ്ങനെ വര്ഷങ്ങളോളം നിന്നോളും.എങ്കിലും എല്ലാരുടെയും മുൻപിൽ വെച്ച് ട്രൗസറും പൊക്കി നമ്മൾക്ക് ചൊറിയാൻ ആവില്ലാലോ.
പ്രധാന പ്രശ്നം നമ്മൾ മാന്തി മാന്തി ഉണ്ടാക്കുന്നതാണ്.  അണുബാധ കൊണ്ടത് ചിരങ്ങായി മാറും.  പണ്ടൊക്കെ പാണപ്പഴം പോലെ ഉള്ള കുരു കൈകളിലും ചോരയൊലിക്കുന്ന ചിരങ്ങുകൾ കാലുകളിലും ഇല്ലാത്ത കുട്ടികളെ കാണില്ല. ഇപ്പൊ ഒന്ന് രണ്ടെണ്ണം കാണുമ്പോഴേക്കും മരുന്നായി മന്ത്രമായി അതിനെ ഒതുക്കും.
ഈ പഴുപ്പുകൾ അപൂർവമായി കിഡ്നിയെ ബാധിച്ചു അക്യൂട്ട് നെഫ്രയ്റ്റിസ് എന്ന അസുഖം ഉണ്ടാക്കാം.  അതും അത്ര ഭീകര പ്രശ്നം ഒന്നുമല്ല.  മൂത്രത്തിന്റെ അളവ് കുറഞ്ഞു നിറം ചോപ്പായി ഇത്തിരി നീര് വന്നു കുറച്ചു ആഴ്ചകൾ കൊണ്ട് മാറും.  ചിലപ്പോ മാത്രം ബ്ളഡ് പ്രഷർ കൂടി പ്രശ്നം ആവും.എന്തായാലും സ്കബീസ് ചികിൽസിച്ചാൽ ഇക്കാര്യങ്ങൾ കുറിച്ച് ഒന്നും വേവലാതിപ്പെടണ്ടല്ലോ.

ചികിത്സ  

അടിസ്ഥാന തത്വങ്ങൾ 

1.ഒരൊറ്റ ആളെ മാത്രമായി ചികിൽസിച്ചാൽ ഇത് ഒരിക്കലും മാറില്ല.കുടുംബത്തിലെ ഓരോ അംഗങ്ങളെയും ഒരുമിച്ചു ചികിൽസിക്കണം. ഈ രണ്ടു വാക്കും ഒരു പോലെ പ്രാധാന്യ ഉള്ളത്.ഒരാളെയും ബാക്കി വെക്കരുത്.പല സമയങ്ങൾ ആയി ചികില്സിക്കരുത്.കാര്യം ചൊറിയാത്തവർ ആയാലും അവരുടെ ദേഹത്തും ഈ ജീവി ഉണ്ടാവും.ചൊറിച്ചിൽ വരാൻ ഇത്തിരി ദിവസം എടുക്കും.ഓരോ ആളെ ഓരോ തവണ ചികില്സിക്കുമ്പോ ആരുടെ എങ്കിലും ദേഹത്ത് അവൻ കയറി രക്ഷ നേടും. ഒടുവിൽ അവൻ വിജയിക്കും നമ്മളെ "സസി "യാക്കി നോക്കി ചിരിക്കും.
2 പണ്ട് പല മരുന്നുകളും ഉണ്ടായിരുന്നു.പുരട്ടാൻ ഏറെ അസഖിത ഉണ്ടാക്കുന്ന ബെൻസോയിൽ ബെൻസോയേറ്റ് ക്രൊട്ടാമിന്റൺ  പോലുള്ളവ. ഇപ്പൊ നല്ല സുഖമുള്ള മരുന്നുകൾ ആണ്.ഒരു കുളിയും കഴിഞ്ഞു കഴുത്തിന് താഴെ മുഴുവൻ പുരട്ടിയിടുക.എട്ടു മണിക്കൂർ കഴിഞ്ഞു കുളിക്കുക.ചിലപ്പോ ഒരാഴ്ച കഴിഞ്ഞു ഒരിക്കൽ കൂടി.ഇപ്പൊ ഗാമ ബെൻസീൻ ഹെക്സ ക്ളോറൈഡ് ,പെർമെത്രിൻ 5% എന്നിവ ആണ് കൂടുതൽ ഉപയോഗിക്കാറ്. സൂക്ഷിക്കണം ,കുട്ടികൾക്ക് കിട്ടുന്ന ഇടത്തു ഇവ വെക്കരുത്.
3.പഴുപ്പുണ്ടെങ്കിൽ പഴുപ്പുണങ്ങുന്നതു വരെ മരുന്ന് പുരട്ടരുത്.  അതിനു വേറെ മരുന്ന് വേണം.
4.തീരെ ചെറിയ കുഞ്ഞുങ്ങൾക്ക് ഈ മരുന്നുകൾ പുരട്ടുമ്പോ തൊലിയിലൂടെ ഉള്ളിൽ കയറി ചില പ്രശ്നങ്ങൾ ഉണ്ടാവും.  അത് കൊണ്ട് ഒരു വിദഗ്ധന്റെ നിർദ്ദേശത്തോടെ മാത്രം ചികില്സിക്കുക.പ്രത്യേകിച്ച് നവജാത ശിശുക്കളെ.
5 ഈ ജീവികൾ ചത്ത് പോയാലും ആഴ്ചകളൊലോം ചൊറിച്ചിൽ ഉണ്ടാവും.മാറിയില്ല എന്ന് പറയാൻ വരട്ടെ.
6 .ചൊറിച്ചിൽ അസഹനീയമായി ഉറങ്ങാൻ ആവുന്നില്ല എങ്കിൽ അതിനുള്ള മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാം.





https://www.youtube.com/watch?v=rZB0fvsV6Xg

Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി