Yellow Fever vaccine
ജീവിത കാലം മുഴുവൻ ‘ ഇല്ലായ്മയെ കുറിച്ച് മാത്രം വേവലാതിപ്പെട്ടും പരാതി പറഞ്ഞും കലഹിച്ചും ഒക്കെ മുൻപോട്ടു പോവാനേ പറ്റിയുള്ളൂ. സ്വന്തം കാര്യമല്ല പറഞ്ഞത്. എന്നെ പോലെ ,പരിമിത സാഹചര്യങ്ങളിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഒരു പാട് ആരോഗ്യ പ്രവർത്തകരുടെ കാര്യം. പല കാര്യങ്ങളെ കുറിച്ചും പഠിക്കും,പഠിപ്പിക്കും , അതേക്കുറിച്ചു വിദ്യാർത്ഥികളോട് ചോദ്യം ചോദിക്കും, ഉത്തരം പറയാത്ത ആളെ തോൽപ്പിക്കും. എന്നാൽ പറയുന്ന ഇക്കാര്യം ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, ഉപയോഗിച്ചിട്ടില്ലാത്ത ആൾ ഇങ്ങനെ ചെയ്യുന്നതിന്റെ ശരികേട് ചിലപ്പോഴെങ്കിലും കുത്തി നോവിക്കും. അത്തരത്തിൽ ഉള്ള കാര്യങ്ങൾ ആണ് പുതിയ വാക്സിനുകളിൽ പലതും. ഇതേക്കുറിച്ചുള്ള വായിച്ചറിവ് ഏറെ ഉണ്ടെങ്കിലും പലതും ഉപയോഗിച്ചിട്ടില്ല. കണ്ടിട്ട് പോലുമില്ല. ഒരു വര്ഷം മുൻപ് എന്റെ സുഹൃത്തു ഡോക്ടർ ബാബു വിളിച്ചു ചോദിച്ചപ്പോ ആണ് മെനിഞ്ചോകോക്കൽ ബി (MENINGOCOCAL B ) വാക്സിനെക്കുറിച്ചു ആലോചിച്ചത് തന്നെ. മോന് അമേരിക്കയിലേക്ക് പഠനാവശ്യത്തിനു പോകും മുൻപ് വാക്സിൻ വേണ്ടിയിരുന്നു.എവിടെ കിട്ടുമെന്ന് ചോദിച്ചു വിളിച്ചതാണ്.അതിനു ശേഷം അദ്ദേഹം തന്നെ അത് അന്വേഷിച...