spanish fly



മർമ്മം അറിയുന്നൊരു നമ്പൂരിയുടെ കഥ കേട്ടിട്ടുണ്ട് പണ്ട്. 
വേലി ചാടി ഇല്ലത്തെ തൊടിയിലേക്കു വന്നു, തിന്നു മുടിക്കുന്ന പയ്യിനെ ഓടിക്കാൻ നോക്കിയപ്പോ കാര്യസ്ഥൻ രാമൻ സ്ഥലത്തില്ല.
പാവം നമ്പൂരിശ്ശൻ തന്നെ ഒരു വടിയുമായി പയ്യിന്റെ പുറകിൽ എത്തി അടിക്കാൻ ഓങ്ങി. 
“എവിടെ അടിക്കും? .നോക്കുന്നിടത്തൊക്കെ മർമ്മം.
”ഇനി അതിന്റെ പാപം കൂടി വേണ്ടാന്ന് “ കരുതി തിരിയെ പോരുമ്പോഴേക്കും രാമൻ എത്തി.പയ്യെ പൊതിരെ തല്ലി വേലിയും കടത്തി ഓടിച്ചു വിട്ട കഥ.
അത് പോലെ ഇത്തിരി ഒക്കെ അറിയുന്ന ആൾ ആയതു കൊണ്ട് മാത്രം മനസ്സിലെ ചിന്തകൾ വേലിയും പൊളിച്ചു പോയ കാര്യം പറയാം.
അടുക്കളയിലേക്കു വേണ്ട ഇത്തിരി കാര്യങ്ങൾ വാങ്ങി സാവകാശം ആണ് വൈകീട്ടത്തെ നടത്തം പതിവ്.
ഇത്ര മിനുട്ടിൽ ഇത്ര കിലോമീറ്റർ എന്ന രീതിയിൽ ആകണം എന്നൊരു നിയമം അങ്ങ് മറക്കും.വഴിയിലെ കായും പൂവും ഒക്കെ നോക്കി പക്ഷികളുടെ കൂവൽ കേട്ടൊരു യാത്ര. 
എന്തൊക്കെയോ തിരക്കുകൾ വന്നു പെട്ടത് കൊണ്ട് ഇന്ന് നടത്തം മുടങ്ങി. എന്നാൽ വീട്ടു സാമാനങ്ങൾ വാങ്ങണം താനും. വൈകീട്ടത്തെ നടത്തം ഇന്ന് സ്‌കൂട്ടറിൽ ആയി.
തിരിയെ വരുമ്പോ സന്ധ്യ കഴിഞ്ഞു ഇരുട്ട് പടർന്നിരുന്നു. .വഴിയോരത്തെ മഞ്ഞ വിളക്കുകൾക്കു ചുറ്റിലും ചെറിയ ഒരു ജാതി ഈച്ചകൾ .ആ നേരം കണ്ണട ഇല്ലാതെ ഇരുചക്ര വാഹനങ്ങളിൽ പോയപ്പോളൊക്കെ ഇവ കണ്ണിൽ പെട്ടിട്ടുണ്ട്. ചിലപ്പോ മൂക്കിലും. 
ആ നേരം .പുറകിൽ ഇരിക്കുന്നയാളോട് ഇത്തിരി ഉച്ചത്തിൽ പറയാൻ വായ തുറന്നതും തൊണ്ടയിൽ ശ്വാസനാളത്തിലേക്കു നേരെ ഒരാൾ ഊളിയിട്ടിറങ്ങിയതും നൊടിയിടയിൽ.
ഒന്ന് ചുമച്ചു ഭാഗ്യത്തിന് അത് തിരിയെ പൊന്നു. വായിലേക്കും പിന്നെ അതെ പടി ഇറങ്ങി വയറിലേക്കും പോയി.ഇത്തിരി കയ്പ്പ് ബാക്കിയായി.
അതൊരു വലിയ സംഭവം ആകേണ്ടതില്ല.എന്നാൽ അതല്ല.ഇത്തിരി കൂടുതൽ അറിയുന്നത് കൊണ്ടൊരു സംശയം,
"ഈ മിണുങ്ങി പോയ ആൾ എന്തെങ്കിലും കുഴപ്പം ഉണ്ടാക്കുവോ?"
“അയ്യേ ,എന്തായീ പറയുന്നേ.കഞ്ഞിയിൽ വീണ എത്ര പാറ്റയും തുള്ളനും ഒക്കെ അറിയാതെ കോരി കുടിച്ചു പോയിട്ടുണ്ട്.
പണ്ടത്തെ പേര് കേട്ട കള്ളുകുടിയന്മാർ ആരും കേൾക്കണ്ട ഈ സംശയം. ഈച്ചയെയും വണ്ടിനേയും അരിച്ചെടുത്തു കള്ളു മാത്രം വായിലേക്ക് പോവുന്ന "അരിപ്പ മീശ" തന്നെ ഉണ്ടായിരുന്നു ചിലർക്ക്.
കടന്നലുകളും തേനീച്ചയും ഒക്കെ കുത്തും.ഇത്തിരി വിഷം കുത്തിവെക്കും.
ചില വലിയ വണ്ടുകൾ വണ്ടുകൾ വെറുതെ കടിച്ചു വേദനിപ്പിക്കും.
ഉറുമ്പുകൾ കടിച്ചാൽ ഇത്തിരി ചൊറിയും. 
എന്നാൽ ഇവയിൽ ഏതെങ്കിലും ഒന്ന് അറിയാതെ വയറ്റിൽ എത്തിയിട്ട് ആർക്കും വിഷബാധ ഉണ്ടായി കേട്ടിട്ടില്ല.
പക്ഷെ ഞാൻ മർമ്മം അറിയുന്ന നമ്പൂരി ആയിപ്പോയില്ലേ.അത് കൊണ്ട് തന്നെ ശങ്കയും കൂടും.
വളരെ പഴയൊരു ഓർമ്മ മനസ്സിൽ എത്തിയത് കൊണ്ടാണ് ഇക്കുറി ഈ ചെറിയ കാര്യത്തിൽ മനസ്സിൽ ലേശം പേടി തോന്നിയത്.
പറയുന്ന കാര്യം കഥയല്ല. നടന്ന കാര്യം. 
അത് കൊണ്ട് തന്നെ പറയുന്ന കഥാപാത്രത്തെ ഓർക്കുന്നവർ പൊതു വേദിയിൽ വെളിപ്പെടുത്താതിരിക്കാൻ അപേക്ഷ.
എഴുപത്തി ആറിൽ ആണ് സംഭവം നടക്കുന്നത്.
ആ നാളുകളിൽ ഒരധ്യാപകൻ ആൽമഹത്യാ ശ്രമം നടത്തിയിരിക്കുന്നു.
പതിവ് രീതിയിൽ ഒന്നുമല്ല. 
ആരും അന്ന് വരെ കേട്ടിട്ടില്ലാത്ത ഒരു രീതിയിൽ.
അന്ന് കമ്യൂണിറ്റി മെഡിസിനിൽ എന്റമോളജി പഠിക്കണം.അതിനു മാത്രമായി സാറുണ്ട്. വേണ്ടത് തന്നെ.ഒരു പാട് രോഗങ്ങൾ പകർത്തുന്ന പ്രാണികളെക്കുറിച്ചു അറിവ് വേണം.
അതിനു അവിടെ ലാബിൽ ഇവയുടെ ഒക്കെ നല്ലൊരു ശേഖരം ഉണ്ട്.
സാർ ,ആ മ്യൂസിയത്തിലെ ഒരു പ്രാണിയുടെ സ്പെസിമെൻ എടുത്തു പൊടിച്ചു കലക്കി കുടിച്ചു.
,”ബ്ലിസ്റ്റർ ബീറ്റിൽ എന്ന് വിളിക്കുന്ന സ്പാനിഷ് ഫ്ലൈ.”
രണ്ടാം ദിവസം കിഡ്‌നി പ്രവർത്തനരഹിതമായി.അദ്ദേഹം മരണപ്പെട്ടു.
അങ്ങനെ ഒരു രീതി ആരെങ്കിലും പ്രയോഗിക്കും എന്ന് ആര് കരുതി?
അതിത്രക്കു ഭീകരൻ ആയിരുന്നു എന്ന് ആരറിഞ്ഞു?

അക്കാര്യം മറവിയിലേക്കു പോയി.

ഏറെ നാൾ കഴിഞ്ഞു പിന്നെയും കേട്ടു ബ്ലിസ്റ്റർ ബീറ്റിലിനെ കുറിച്ച്. ആഞ്ഞു പഠിച്ചു തലപെരുത്തു കഴിയുമ്പോ ഒരു വീക്കെൻഡ് .ശനിയാഴ്ചകളിൽ അല്ലെങ്കിൽ ഒരു പരീക്ഷ ഒക്കെ കഴിയുമ്പോ രാവേറെ ചെല്ലും വരെ ഹോസ്റ്റലിൽ ടെറസ്സിൽ പാട്ടും ബഹളവും ആവും.ചിലപ്പോ അവിടെ തന്നെ തല ചായ്ക്കും.
കാലത്തെണീറ്റു കോളേജിൽ എത്തുമ്പോ ആവും മേലൊരു ചൊറിച്ചിലും വേദനയും.ഷർട്ട് അഴിച്ചു നോക്കുമ്പോ തീപ്പൊരി തെറിച്ചു വീണ പോലെ ആകെ പൊള്ളച്ചിരിക്കുന്നു.കാര്യമറിയാതെ ഡെര്മറ്റോളജി സാറിനെ കാട്ടാൻ ചെല്ലുമ്പോ ആണ് കാര്യം അറിയുന്നത്.
എന്തായാലും ഒരാഴ്ചത്തേക്ക് പണിയായി.
അതീ പ്രാണി കടിക്കുന്നതല്ല.
ഇതിന്റെ ദേഹത്തെ നീര് മേല് കൊണ്ടാൽ അവിടം പോളച്ചു വരും.കേന്തറിഡിൻ (Cantharidin ) എന്ന കൊടിയ വിഷം ആണിത്.
ഒരു ഭീകരനെ കുറിച്ചാണ് പറഞ്ഞു വന്നത്.എന്നാലോ ആളെ കണ്ടാൽ വെറും പാവം.
ഇവയിൽ ഒരു പാട് വകഭേദങ്ങൾ ഉണ്ട്.കുതിരകളുടെ തീറ്റയിൽ അറിയാതെ പെട്ട് പോയി കുതിരകളുടെ മരണത്തിനു കാരണം ആവുന്നത് കൊണ്ട് ഇതിനെ മൃഗ ചികിത്സകർക്കു നേരത്തെ അറിയാം.
പണ്ടത്തെ നാട്ടു വൈദ്യത്തിലും ഇതുപയോഗിച്ചിരുന്നു. എന്തിനെന്നോ ?
അതത്ര ഒച്ചത്തിൽ പറയാൻ ആവില്ല. ചെവിയിൽ പറയാം. 
ഉണക്കി പൊടിച്ചു ലേശമെടുത്തു സേവിച്ചാൽ ലൈംഗിക ഉത്തേജനത്തിനു ബഹു കേമം. ആർത്തി പിടിച്ചു ഇത്തിരി അധികമായി പോയാൽ ആള് വടിയാകും എന്നോർമ്മ വേണം.
ഒരൊറ്റ വണ്ട് മുഴുവൻ അകത്തു ചെന്നാൽ പിന്നെ ഇങ്ങോട്ടു തിരിയെ പോരില്ല.കാലപുരി പൂകും നിശ്ചയം

Comments

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി